വയലില്‍ 'കാര്‍ഡ് ബോര്‍ഡ്' നെല്‍കൃഷിയുമായി പട്ടാമ്പി നെല്ല് ഗവേഷണ കേന്ദ്രം
തൃശൂര്‍: നെല്‍കൃഷിയും കാര്‍ബോര്‍ഡ് ഷീറ്റും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ? ഉണ്ടെന്നാണ് പട്ടാമ്പി നെല്ല് ഗവേഷണ കേന്ദ്രത്തില്‍ നിന്ന് പുറത്ത് വരുന്ന വാര്‍ത്തകള്‍. നഷ്ടത്തില്‍ നിന്ന് നഷ്ടത്തിലേക്ക് കൂപ്പുകുത്തുന്ന നെല്‍കര്‍ഷകര്‍ക്ക് ഏറെ പ്രതീക്ഷ നല്‍കുന്നതാണ് ഗവേഷണ കേന്ദ്രത്തിന്റെ പുതിയ പദ്ധതിയായ 'ഓര്‍ഗാനിക് ഷീറ്റ് കള്‍ട്ടിവേഷന്‍'. ജൈവ രീതിയില്‍ തയാറാക്കിയ രണ്ട് നെല്‍വിത്തുകള്‍ നിശ്ചിത അകലത്തില്‍ കാര്‍ബോര്‍ഡ് ഷീറ്റില്‍ ഉറപ്പിച്ച് വയലില്‍ വിരിച്ച് നടത്തുന്ന കൃഷിയാണ് ഓര്‍ഗാനിക് ഷീറ്റ് കള്‍ട്ടിവേഷന്‍.
ഞാറ്റടി തയാറാക്കല്‍, വിത്തെറിയല്‍, ഞാറ് പറിച്ച് നടല്‍ തുടങ്ങിയ പാരമ്പര്യ കൃഷിരീതികളൊന്നും ഓര്‍ഗാനിക് ഷീറ്റ് ഉപയോഗിച്ചുള്ള നെല്‍കൃഷിയില്‍ ആവശ്യമില്ല. അതുകൊണ്ട് തന്നെ കര്‍ഷകന് തൊഴില്‍ എണ്ണവും സമയവും കുറയ്ക്കാന്‍ കഴിയും. പാരമ്പര്യ കൃഷി രീതികളേക്കാള്‍ മുപ്പത് ശതമാനത്തിലധികം അധിക വിളയും ഓര്‍ഗാനിക് ഷീറ്റ് കൃഷി നല്‍കും. 120 ജി.എസ്.എം കട്ടിയുള്ള കാര്‍ബോര്‍ഡ് ഷീറ്റുകള്‍ മള്‍ച്ചിങ് രീതിയില്‍ പ്രതിരോധം തീര്‍ക്കുന്നതിനാല്‍ കൃഷിയിടത്തില്‍ കള വളരില്ലെന്നതും ഈ കൃഷിയുടെ പ്രത്യേകതയാണ്.
കൃഷിയിടത്തില്‍ വിരിക്കുന്ന കാര്‍ബോര്‍ഡ് ഷീറ്റുകളിലെ വിത്തുകള്‍ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ നല്ല ആരോഗ്യത്തോടെ തഴച്ച് വളരും. നിശ്ചിത അകലത്തില്‍ നില്‍ക്കുന്നതിനാലും ജൈവരീതിയില്‍ തയാറക്കുന്ന വിത്തിനങ്ങളായതിനാലും കീടങ്ങളെ അകറ്റാനുള്ള ശേഷിയും ചെടികള്‍ക്കുണ്ടാകും. പട്ടാമ്പി നെല്ല് ഗവേഷണ കേന്ദ്രത്തിലെ ഗവേഷകനും അസിസ്റ്റന്റ് പ്രൊഫസറുമായ ഡോ.പി.പി മൂസയാണ് ഈ കൃഷിരീതിയുടെ ഉപജ്ഞാതാവ്. മൂന്ന് വര്‍ഷം മുമ്പാണ് അദ്ദേഹത്തിന്റെ നേതൃത്തില്‍ ഗവേഷണം ആരംഭിക്കുന്നത്.
പരീക്ഷണാടിസ്ഥാനത്തില്‍ ഗവേഷണ കേന്ദ്രത്തിലെ രണ്ടര ഏക്കര്‍ സ്ഥലത്ത് നടത്തിയ കൃഷി വന്‍വിജയമായിരുന്നു. മെഷിനറി ഉപയോഗിച്ച് ഓര്‍ഗാനിക് ഷീറ്റ് നിര്‍മിക്കാനുള്ള യജ്ഞം പൂര്‍ത്തിയാകുന്നതോടെ ഷീറ്റുകള്‍ കര്‍ഷകര്‍ക്ക് വിതരണം ചെയ്യാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ഗവേഷണ കേന്ദ്രം. പദ്ധതി വ്യാപിക്കുന്നതോടെ ഓര്‍ഗാനിക് ഷീറ്റ് നിര്‍മാണ വ്യവസായവും അനുബന്ധമായി വളര്‍ന്ന് വരുമെന്ന് ഡോ.പി.പി മൂസ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."