ഹസന്റെ വെളിപ്പെടുത്തല്‍ കോണ്‍ഗ്രസില്‍ പുകയുന്നു; മുരളീധരനെതിരേ ഐ ഗ്രൂപ്പ്
തിരുവനന്തപുരം: ഐ.എസ്.ആര്‍.ഒ ചാരക്കേസിന്റെ പേരില്‍ കെ.കരുണാകരനെ മുഖ്യമന്ത്രി സ്ഥാനത്തു നിന്ന് നീക്കിയതുമായി ബന്ധപ്പെട്ട് കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസന്‍ തുടക്കമിട്ട വിവാദം കോണ്‍ഗ്രസില്‍ പുകയുന്നു. ഹസന്റെ പ്രസ്താവനയോടുള്ള പ്രതികരണത്തില്‍ ഉമ്മന്‍ ചാണ്ടിയെ പിന്തുണയ്ക്കുന്ന തരത്തില്‍ പരാമര്‍ശം നടത്തിയ കെ.മുരളീധരനെതിരേ ഐ ഗ്രൂപ്പ് നീക്കമാരംഭിച്ചിട്ടുണ്ട്.
കരുണാകരനെതിരേ കരുക്കള്‍ നീക്കിയതില്‍ തനിക്കിപ്പോള്‍ കുറ്റബോധമുണ്ടെന്നും ആ നീക്കത്തില്‍ നിന്ന് പിന്മാറാന്‍ എ.കെ ആന്റണി തന്നോടും ഉമ്മന്‍ ചാണ്ടിയോടും പറഞ്ഞിരുന്നെന്നുമായിരുന്നു ഹസന്റെ പരാമര്‍ശം. കഴിഞ്ഞ ദിവസം കോഴിക്കോട്ടു നടന്ന കരുണാകരന്‍ അനുസ്മരണ പരിപാടിയിലാണ് ഹസന്‍ ഇതു പറഞ്ഞത്. ഉമ്മന്‍ ചാണ്ടിയെ പ്രതിരോധത്തിലാക്കിയ ഈ പരാമര്‍ശത്തോട് ഉമ്മന്‍ ചാണ്ടിക്കു പരോക്ഷ പിന്തുണ നല്‍കുന്ന രീതിയിലാണ് മുരളീധരന്‍ പ്രതികരിച്ചത്.
കരുണാകരനെതിരേ ഗൂഢാലോചന നടത്തിയത് ഒരേ ഇലയില്‍ ഭക്ഷണം കഴിച്ചവര്‍ തന്നെയാണെന്നായിരുന്നു മുരളീധരന്റെ പ്രതികരണം. രമേശ് ചെന്നിത്തല ഉള്‍പെടെയുള്ള പഴയ ഐ ഗ്രൂപ്പ്,തിരുത്തല്‍വാദി നേതാക്കളെയാണ് മുരളീധരന്‍ ലക്ഷ്യംവച്ചതെന്നാണ് ഐ ഗ്രൂപ്പിന്റെ വിലയിരുത്തല്‍. ഇതോടെയാണ് അദ്ദേഹത്തിനെതിരേ ഐ ഗ്രൂപ്പ് നീക്കമാരംഭിച്ചത്.
മുരളീധരനു പരസ്യ മറുപടിയുമായി ജോസഫ് വാഴയ്ക്കന്‍ ഇന്നലെ രംഗത്തുവന്നിട്ടുണ്ട്. കരുണാകരനെ ഏറ്റവുമധികം വേദനിപ്പിച്ചത് മുരളീധരനാണെന്നതടക്കം രൂക്ഷമായ ആരോപണമാണ് വാഴയ്ക്കന്‍ ഉന്നയിച്ചത്. ഐ ഗ്രൂപ്പിലുണ്ടായ ധാരണയുടെ അടിസ്ഥാനത്തിലാണ് വാഴയ്ക്കന്റെ പ്രസ്താവനയെന്നാണ് വിലയിരുത്തപ്പെടുന്നത്.
ഹസനും ഐ ഗ്രൂപ്പും ചേര്‍ന്ന് പാര്‍ട്ടിക്കുള്ളില്‍ പുതിയ ചേരി രൂപം കൊള്ളുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് ഹസന്റെ പ്രസ്താവനയെന്നാണ് ഉമ്മന്‍ ചാണ്ടി പക്ഷത്തുള്ള നേതാക്കള്‍ കരുതുന്നത്. ഇതിനോടുള്ള പ്രതികരണം വഴി താന്‍ ഉമ്മന്‍ ചാണ്ടിക്കൊപ്പമാണെന്ന് വ്യക്തമാക്കുകയാണ് മുരളീധരന്‍ ചെയ്തതെന്ന് ഐ ഗ്രൂപ്പ് നേതാക്കള്‍ പറയുന്നു.അതിനുള്ള മറുപടിയാണ് വാഴയ്ക്കനിലൂടെ ഗ്രൂപ്പ് നല്‍കിയിരിക്കുന്നത്. വരും ദിനങ്ങളില്‍ ഈ ചേരിതിരിവ് കൂടുതല്‍ പ്രകടമാവുമെന്നാണ് സൂചന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."