കുല്‍ഭൂഷന്‍ ജാദവ് വിഷയം: നയതന്ത്ര രംഗത്ത് സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് പ്രതിപക്ഷം
ന്യൂഡല്‍ഹി: ഇന്ത്യയ്ക്കു വേണ്ടി ചാരപ്പണി ചെയ്‌തെന്ന് ആരോപിച്ച് പാക് ജയിലില്‍ കഴിയുന്ന കുല്‍ഭൂഷന്‍ ജാദവിന്റെ മാതാവും ഭാര്യയും പാകിസ്താനില്‍ അപമാനിക്കപ്പെട്ട സംഭവത്തില്‍ കേന്ദ്ര വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് ഇന്ന് പാര്‍ലമെന്റിന്റെ ഇരുസഭകളിലും പ്രസ്താവന നടത്തും. സംഭവത്തില്‍ പ്രതിപക്ഷ, ഭരണപക്ഷ അംഗങ്ങള്‍ ഇന്നലെ പാര്‍ലമെന്റിന്റെ ഇരുസഭകളിലും പ്രതിഷേധിച്ചു.
മനുഷ്യത്വ രഹിതമായ നടപടികളാണു കുല്‍ഭൂഷന്റെ കുടുംബത്തിന് പാകിസ്താനില്‍ നേരിടേണ്ടി വന്നതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ഇവരുടെ സുരക്ഷയ്ക്കും അന്തസിനുമുള്ള ഏര്‍പ്പാടുകള്‍ വിദേശകാര്യ മന്ത്രാലയം ഉറപ്പുവരുത്തണമായിരുന്നു. നിലവിലെ സംഭവം വിദേശകാര്യ മന്ത്രാലയത്തിന്റെയും രാജ്യത്തിന്റെ തന്നെയും നയതന്ത്ര പരാജയമാണ്. വിഷയം സുഷമ സ്വരാജും പ്രധാനമന്ത്രിയും പാകിസ്താനുമായി സംസാരിക്കണമെന്നും കോണ്‍ഗ്രസ് നേതാവ് വീരപ്പ മൊയ്‌ലി ആവശ്യപ്പെട്ടു.
അതേസമയം, സമാജ് വാദി പാര്‍ട്ടി നേതാവും രാജ്യസഭാ എംപിയുമായ നരേഷ് അഗര്‍വാള്‍ വിഷയത്തില്‍ വ്യത്യസ്തമായ അഭിപ്രായമാണു സഭയില്‍ പ്രകടിപ്പിച്ചത്. ഓരോ രാജ്യത്തിനും ഭീകരവാദം സംബന്ധിച്ച് ഓരോ നയങ്ങളാണുള്ളതെന്ന് അദ്ദേഹം പറഞ്ഞു. കുല്‍ഭൂഷനെ ഭീകരവാദിയായി പ്രഖ്യാപിച്ച പാകിസ്താന്‍ ആ നിലയ്ക്കുള്ള പരിഗണനകളാണു അദ്ദേഹത്തിന് നല്‍കുന്നത്. ഇന്ത്യയും രാജ്യത്തെ തീവ്രവാദികളോട് ഇത്തരത്തില്‍ തന്നെയാണു പെരുമാറുന്നത്. പാകിസ്താനിലെ ജയിലില്‍ കഴിയുന്ന മറ്റു നിരവധി ഇന്ത്യക്കാരെക്കുറിച്ചു മിണ്ടാത്ത മാധ്യമങ്ങള്‍ എന്തുകൊണ്ടാണ് കുല്‍ഭൂഷനെക്കുറിച്ചു മാത്രം പറയുന്നതെന്നും അദ്ദേഹം ചോദിച്ചു.
പ്രധാന പ്രതിക്ഷ കക്ഷിയായ കോണ്‍ഗ്രസിനു പുറമേ, തൃണമൂല്‍ കോണ്‍ഗ്രസ്, എ.ഐ.എ.ഡിഎംകെ, ഭരണപക്ഷത്തുള്ള ശിവസേനയടക്കമുള്ള പാര്‍ട്ടികളും കുല്‍ഭൂഷന്‍ ജാദവിന്റെ കുടുംബം പാകിസ്താനില്‍ നേരിടേണ്ടി വന്ന അപമാനത്തിനെതിരേ ശക്തമായ ഭാഷയിലാണ് പ്രതിഷേധിച്ചത്. ഇതേ തുടര്‍ന്നാണ് വിഷയത്തില്‍ ഇന്നു പാര്‍ലമെന്റില്‍ പ്രസ്താവന നടത്താമെന്നു സുഷമാ സ്വരാജ് വ്യക്തമാക്കിയത്. രാജ്യസഭയില്‍ രാവിലെ പതിനൊന്നിനും ലോക്‌സഭയില്‍ പന്ത്രണ്ടിനുമാകും സുഷമ പ്രസ്താവന നടത്തുക.
ജാദവിന്റെ കുടുംബം അപമാനിക്കപ്പെട്ടതില്‍ ശക്തമായി പ്രതിഷേധിക്കുന്നുവെന്നും കുല്‍ഭൂഷനെ എത്രയും വേഗം ഇന്ത്യയില്‍ തിരിച്ചെത്തിക്കണമെന്നും കോണ്‍ഗ്രസ് സഭാകക്ഷി നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു. ഇന്ത്യ ഈ വിഷയത്തില്‍ മാനം പാലിക്കരുതെന്ന് ശിവസേന എംപി അരവിന്ദ് സാവന്ത് ചൂണ്ടിക്കാട്ടി. പാകിസ്താന്റെ നടപടിയെ വിമര്‍ശിച്ച തൃണമൂല്‍ നേതാവ് സൗഗത റോയ് സഭയില്‍ സുഷമാ സ്വരാജ് ഇതേക്കുറിച്ചു സംസാരിക്കണമെന്ന് ആവശ്യപ്പെട്ടു. ഒരു സ്ത്രീയോടു കെട്ടുതാലി അഴിച്ചു മാറ്റാന്‍ ആവശ്യപ്പെട്ടത് രാജ്യത്തിനു തന്നെ അപമാനമാണെന്ന് എം തമ്പിദുരൈ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."