കുശലം പറഞ്ഞും സൈക്കിള്‍ ചവിട്ടിയും വിശ്രമജീവിതം ആസ്വദിച്ച് സോണിയ
ന്യൂഡല്‍ഹി: പത്തൊമ്പതാണ്ട് നീണ്ട തിരക്കുകള്‍ മാറ്റിവെച്ച് ജീവിതം ആസ്വദിക്കുകയാണ് രാജ്യത്തെ ഏറ്റവും കരുത്തയായ വനിതയെന്ന ഖ്യാതിയുള്ള സോണിയാ ഗാന്ധി. ഒരാഴ്ചത്തെ വിശ്രമത്തിനായി ഗോവയിലെത്തിയതാണവര്‍. റിസോട്ടിലെ നടപ്പാതയിലൂടെ സൈക്കിള്‍ ചവിട്ടിയും വഴിയരികില്‍ കാണുന്ന വിനോദസഞ്ചാരികളോടും കുശലം പറഞ്ഞും വീണുകിട്ടിയ ദിവസങ്ങളെ ആഘോഷമാക്കുകയാണ് സോണിയ.
ദക്ഷിണ ഗോവയിലെ കടലോര റിസോര്‍ട്ടിനു സമീപമുള്ള നടപ്പാതയിലൂടെ സൈക്കിളില്‍ നീങ്ങുന്ന സോണിയയെ കണ്ട് അമ്പരപ്പോടെ ഓടിക്കൂടുന്നവര്‍ക്കൊപ്പം സെല്‍ഫിയെടുക്കാനും മടിക്കുന്നില്ല അവര്‍. ഇഷ്ടപ്പെട്ട ദക്ഷിണേന്ത്യന്‍ വിഭവമായ മസാല ദോശ ഓര്‍ഡര്‍ ചെയ്ത് ഭക്ഷണമേശയില്‍ ക്ഷമയോടെയുള്ള കാത്തിരിപ്പും അവര്‍ ഏറെ ആസ്വദിക്കുന്നു.
പുതിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഗുജറാത്ത് തെരഞ്ഞെടുപ്പിന്റെ വിലയിരുത്തലുകളും മീറ്റിങ്ങുകളുമായി തിരക്കിട്ട ചുമതലകളില്‍ വ്യാപൃതനായിരിക്കുമ്പോള്‍ സോണിയ ഗാന്ധി തിരക്കേറിയ ഔദ്യോഗിക ജീവിതത്തില്‍നിന്ന് പിന്‍വാങ്ങി ഗോവയില്‍ ഒഴിവുദിനങ്ങള്‍ ആസ്വദിക്കുകയാണ്. ദക്ഷിണ ഗോവയിലെ ലീല ഹോട്ടലില്‍ ചൊവ്വാഴ്ചയാണ് സോണിയാ ഗാന്ധി എത്തിയത്. ജനുവരി ആദ്യ ആഴ്ചവരെ അവര്‍ ഗോവയിലുണ്ടാകും.
അടുത്ത ഏതാനും സുഹൃത്തുക്കള്‍ക്കൊപ്പമാണ് സോണിയ ഗാന്ധി ഗോവയില്‍ ഒഴിവുദിവസങ്ങള്‍ ചെലവഴിക്കാനെത്തിയത്. വാര്‍ത്തകള്‍ അറിയുകയോ ടിവി കാണുകയോ ചെയ്യാതെ, യോഗ ചെയ്തും പുസ്തകങ്ങള്‍ വായിച്ചുമാണ് സോണിയ സമയം ചിലവഴിക്കുന്നതെന്ന് അവരോട് അടുത്ത വൃത്തങ്ങള്‍ പറയുന്നു.
നേരത്തെയും സോണിയ ഗാന്ധി ഗോവയില്‍ ലീല റിസോര്‍ട്ടിലെത്തിയിട്ടുണ്ട്. ഏതാനും മാസങ്ങള്‍ക്കു മുമ്പ് ഡല്‍ഹി അന്തരീക്ഷ മലിനീകരണം കൊണ്ട് ബുദ്ധിമുട്ടിയപ്പോള്‍ ആസ്തമ രോഗിയായ സോണിയ ഗാന്ധി ഇവിടെ ദിവസങ്ങളോളം ചിലവഴിച്ചിരുന്നു. ഡല്‍ഹിയില്‍ നിന്ന് മാറിനില്‍ക്കണമെന്ന ഡോക്ടര്‍മാരുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നായിരുന്നു ഇത്.
കോണ്‍ഗ്രസിന്റെ അധ്യക്ഷസ്ഥാനം ഏറ്റവും കൂടുതല്‍ കാലം വഹിച്ചിട്ടുള്ളയാളാണ് സോണിയാ ഗാന്ധി. ഈ മാസം ആദ്യമാണ് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാഹുല്‍ ഗാന്ധി ഏറ്റെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."