മലമ്പുഴ ഡാമില്‍ നിന്ന് കിന്‍ഫ്രക്ക് വെളളം നല്‍കാന്‍ തീരുമാനിച്ചത് മുന്‍സര്‍ക്കാരിന്റെ കാലത്ത്
പാലക്കാട്: കാര്‍ഷിക, കുടിവെള്ള ആവശ്യങ്ങള്‍ക്ക് മാത്രം ഉപയോഗിക്കേണ്ട മലമ്പുഴ ഡാമിലെ വെള്ളം കഞ്ചിക്കോട്ടെ കിന്‍ഫ്ര വ്യവസായ പാര്‍ക്കിന് നല്‍കാനുള്ള തീരുമാനമെടുത്തത് കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്തെന്ന് വിവരാവകാശ രേഖ. 2011ല്‍ ജലസേചനവകുപ്പാണ് കിന്‍ഫ്രക്ക് ഒരു ദിവസം 10 ദശലക്ഷം ലിറ്റര്‍ വെള്ളം നല്‍കാന്‍ തീരുമാനിച്ചത്. വാട്ടര്‍ അതോറിറ്റി നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ 2011 സെപ്റ്റംബര്‍ 15ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം ചേരുകയും കിന്‍ഫ്രക്ക് വെള്ളം നല്‍കാന്‍ ജലസേചനവകുപ്പ് തീരുമാനിക്കുകയുമായിരുന്നു.
96 ദശലക്ഷം ലിറ്റര്‍ വെള്ളം ഒരുദിവസം മലമ്പുഴ ഡാമില്‍ നിന്ന് കുടിവെള്ളത്തിനും കഞ്ചിക്കോട് മേഖലയിലെ ചില കമ്പനികള്‍ക്കുമായി എടുക്കുന്നുണ്ടെന്നും, കിന്‍ഫ്രക്ക് 10 ദശലക്ഷം ലിറ്റര്‍ വെള്ളം നല്‍കുന്നത് ബുദ്ധിമുട്ടാവില്ലെന്നും വാട്ടര്‍ അതോറിറ്റി മാനേജിങ് ഡയറക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയതിനെ തുടര്‍ന്നാണ് യു.ഡി.എഫ് സര്‍ക്കാര്‍ വ്യവസായത്തിന് വെള്ളം നല്‍കാന്‍ തീരുമാനിച്ചതെന്ന് ജലസേചനവകുപ്പില്‍ നിന്ന് വിവരാവകാശപ്രകാരം നല്‍കിയ രേഖ വ്യക്തമാക്കുന്നു
എന്നാല്‍, പാലക്കാട് പി.എച്ച് ഡിവിഷനു കീഴില്‍ 102 വ്യവസായിക സ്ഥാപനങ്ങള്‍ക്ക് നിലവില്‍ ഡാമിലെ ജലം നല്‍കിവരുന്നുണ്ടെങ്കിലും വാട്ടര്‍ അതോറിറ്റിക്ക് കിന്‍ഫ്ര ഇതുവരെ മലമ്പുഴ ഡാമില്‍ നിന്ന് വെള്ളം ആവശ്യപ്പെട്ട് അപേക്ഷ നല്‍കിയിട്ടില്ലെന്നും പാലക്കാട് ഡിവിഷനു കീഴില്‍ കിന്‍ഫ്രക്ക് പൈപ്പ്‌ലൈന്‍ സ്ഥാപിക്കാന്‍ അനുമതി നല്‍കിയിട്ടില്ലെന്നുമാണ് വാട്ടര്‍ അതോറിറ്റി മേധാവികള്‍ പറയുന്നത്.
രണ്ടാം ലോക മഹായുദ്ധാനന്തരം ദാരിദ്ര്യം കൊടുമ്പിരിക്കൊണ്ടപ്പോഴാണ് കാര്‍ഷിക ജലസേചനത്തിനായി മലമ്പുഴയില്‍ ഡാം എന്ന ആശയം ഉടലെടുത്തതും മദിരാശി സര്‍ക്കാര്‍ യാഥാര്‍ഥ്യമാക്കിയതും. മലമ്പുഴ പദ്ധതിയുടെ ജലവിതരണ മേഖലയായ 21,165 ഹെക്ടര്‍ കാര്‍ഷികാവശ്യത്തിന് പര്യാപ്തമായ തോതില്‍ ജലം ലഭിക്കാറില്ലെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. 2006- 07ല്‍ 102 ദിവസമാണ് ജലം തുറന്നു വിട്ടതെങ്കില്‍ 2015-2016 ല്‍ 64 ദിവസവും 2016-2017ല്‍ 27 ദിവസവുമായി ചുരുങ്ങി. ഈ സാഹചര്യത്തില്‍ കൃഷിക്കും കുടിവെള്ളവശ്യത്തിനും മാത്രമേ മലമ്പുഴയിലെ വെള്ളം ഉപയോഗിക്കാന്‍ പാടുള്ളൂവെന്നും വ്യാവസായിക ആവശ്യത്തിന് വെള്ളം നല്‍കരുതെന്നും ആവശ്യപ്പെട്ട് കര്‍ഷകരും കര്‍ഷക സംഘടനകളും പ്രക്ഷോഭരംഗത്താണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."