ചങ്ങരംകുളം ദുരന്തം: ആറു കുട്ടികള്‍ക്ക് നാടിന്റെ അന്ത്യാഞ്ജലി
ചങ്ങരംകുളം(മലപ്പുറം): ദുരന്തമുഖത്തെ ഞെട്ടലില്‍ നിന്ന് മുക്തമാകാതെ മരണമടഞ്ഞ ആറുകുട്ടികള്‍ക്കും നാടിന്റെ അന്ത്യാഞ്ജലി. നരണിപ്പുഴയില്‍ തോണി മറിഞ്ഞു മരിച്ച ആറു പേരുടേയും സംസ്‌കാര ചടങ്ങാണ് വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍ ഇന്നലെ നടന്നത്.
രാവിലെ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്കു വിട്ടുനല്‍കി. സര്‍ക്കാരിന്റെ പ്രത്യേക ഉത്തരവിലൂടെ പോസ്റ്റ്‌മോര്‍ട്ടം ഒഴിവാക്കിയാണ് മൃതദേഹങ്ങള്‍ വിട്ടുനല്‍കിയത്. അപകടം നടന്ന നരണിപ്പുഴയുടെ തീരത്താണ് മൃതദേഹങ്ങള്‍ പൊതുദര്‍ശനത്തിനു വച്ചത്. മന്ത്രിമാര്‍, എം.എല്‍.എമാര്‍, മറ്റുജനപ്രതിനിധികള്‍ തുടങ്ങി ആയിരങ്ങളാണ് അന്ത്യോപചാരം അര്‍പ്പിക്കാന്‍ എത്തിയത്.
ചൊവ്വാഴ്ച വൈകിട്ട് അഞ്ചരയോടെയാണു നാടിനെ നടുക്കിയ അപകടമുണ്ടായത്. ദുരന്തത്തില്‍ നരണിപ്പുഴ മാപ്പലക്കല്‍ വേലായുധന്റെ മകള്‍ വൈഷ്ണ(20), മാപ്പലക്കല്‍ ജയന്റെ മക്കളായ പൂജ (13), ജനീഷ(എട്ട്), മാപ്പലക്കല്‍ പ്രകാശന്റെ മകള്‍ പ്രസീന (12), നരണിപ്പുഴ മാച്ചേരിയത്ത് അനിലിന്റെ മകന്‍ ആദിദേവ്(എട്ട്), പനമ്പാട് വിളക്കത്തേരി ശ്രീനിവാസന്റെ മകന്‍ ആദിനാഥ്(14) എന്നിവരാണ് മരിച്ചത്. സഹോദരങ്ങളുടെ മക്കളായ പ്രസീന, വൈഷ്ണ, പൂജ, ജനിഷ എന്നിവരുടെ മൃതദേഹങ്ങള്‍ പൊന്നാനി ഈശ്വരമംഗലം പൊതുശ്മശാനത്തിലും, പനമ്പാട് സ്വദേശിയായ ആദിനാഥിന്റെയും, പെരുമുക്ക് സ്വദേശി ആദിദേവിന്റെയും മൃതദേഹങ്ങള്‍ ഉച്ചയോടെ വീട്ടുവളപ്പിലുമാണ് സംസ്‌കരിച്ചത്.
സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍, മന്ത്രിമാരായ കെ.ടി ജലീല്‍, പി. തിലോത്തമന്‍, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, എം.എല്‍.മാരായ വി.ടി ബല്‍റാം,അനില്‍ അക്കര തുടങ്ങിയവര്‍ അന്ത്യോപചാരം അര്‍പ്പിക്കാന്‍ എത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."