ഗതാഗത നിയമങ്ങള്‍ പാലിച്ചാല്‍ ഇന്‍ഷുറന്‍സില്‍ ഇളവ്
ജിദ്ദ: സഊദിയില്‍ ട്രാഫിക് നിയമങ്ങള്‍ ലംഘിക്കാതെ സുരക്ഷിതമായി വാഹനം ഓടിക്കുന്ന ഡ്രൈവര്‍മാര്‍ക്ക് വാഹന ഇന്‍ഷുറന്‍സ് പോളിസിയില്‍ ഇളവ് ലഭിക്കും. സഊദി മോണിട്ടറി ഏജന്‍സിയാണ് ഇക്കാര്യം അറിയിച്ചത്. ഇതു സംബന്ധിച്ച വിശദമായ നിര്‍ദ്ദേശം ഇന്‍ഷുറന്‍സ് കമ്പനികള്‍ക്കും നല്‍കിയിട്ടുണ്ട്.
രാജ്യത്തെ മുഴുവന്‍ വാഹനങ്ങളും ഇന്‍ഷുറന്‍സ് പരിരക്ഷയുളളതാക്കുന്നതിന് സഊദി അറേബ്യന്‍ മോണിട്ടറി ഏജന്‍സിയും ട്രാഫിക് ഡയറക്ടറേറ്റും കരാര്‍ ഒപ്പുവെച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് ഇന്‍ഷുറന്‍സ് പോളിസി നിരക്കില്‍ ഇളവ് അനുവദിക്കുന്നത്.
ശ്രദ്ധിച്ച് വാഹനം ഓടിക്കുകയും അപകടം ഒഴിവാക്കുകയും ചെയ്യുന്ന ഡ്രൈവര്‍മാര്‍ക്കായിരിക്കും പോളിസിയില്‍ ഇളവു ലഭിക്കുക. 2018 ജൂണ്‍ മാസം വരെയാണ് ഇളവാനുകൂല്യം ലഭിക്കുന്നത്. ഈ പദ്ധതി പ്രകാരം, ഒരു വര്‍ഷം ഇന്‍ഷുറന്‍സ് ക്ലൈം ചെയ്യാത്ത ഉടമകള്‍ക്ക് പോളിസി നിരക്കില്‍ 15 ശതമാനം ഇളവായിരിക്കും ലഭിക്കുക. രണ്ടു വര്‍ഷം ക്ലൈം ചെയ്യാത്തവര്‍ക്ക് 25 ശതമാനം ഇളവാനുകൂല്യവും ലഭിക്കും. മൂന്നുവര്‍ഷം അപകടങ്ങള്‍ ഒന്നും സംഭവിക്കാതെ വാഹനം ഓടിക്കുന്നവര്‍ക്ക് 30 ശതമാനമായിരിക്കും ഇളവ് ലഭിക്കുക.
ഇന്‍ഷുറന്‍സ് പോളിസി ഇല്ലാതെ വാഹനമോടിക്കുന്നവരില്‍ നിന്നും പിഴ ചുമത്തുമെന്നു ഗതാഗത വകുപ്പ് നേരത്തെ അറിയിച്ചിരുന്നു. സഊദിയിലെ എല്ലാ വാഹനങ്ങളെയും ഇന്‍ഷുറന്‍സ് പരിരക്ഷയില്‍ ഉള്‍പ്പെടുത്തുന്നതിന്റെ ഭാഗമായാണ് പോളിസി നിരക്കില്‍ ഇളവനുവദിച്ചിരിക്കുന്നത്. പദ്ധതിയുടെ ഫലമായി ഗതാഗത നിയമലംഘനങ്ങള്‍ ഒരു പരിധിവരെ കുറയ്ക്കാനും സാധിക്കും. വാഹന ഇന്‍ഷുറന്‍സ് പോളിസി കാലാവധി കഴിഞ്ഞവര്‍ക്കും പോളിസി എടുക്കാത്തവര്‍ക്കും ഇന്‍ഷുറന്‍സ് പോളിസ് എടുക്കാന്‍ പുതിയ പദ്ധതി പ്രചോദനം നല്‍കുമെന്നാണ് അധികൃതരുടെ കണ്ടെത്തല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."