സഊദിയില്‍ പുതിയ ലെവി തിങ്കളാഴ്ച മുതല്‍: പ്രവാസികള്‍ക്ക് ഇരുട്ടടിയാകും
റിയാദ്: സ്വകാര്യ മേഖലയിലെ വിദേശികള്‍ക്ക് ഏര്‍പ്പെടുത്തിയ പുതിയ ലെവി ജനുവരി തുടക്കത്തില്‍ തന്നെ സഊദിയില്‍ നിലവില്‍ വരുന്നു. നേരത്തേയുണ്ടായിരുന്നതിനേക്കാളും ഇരട്ടിയായി ഉയര്‍ത്തിയ പുതിയ ലെവിയാണ് തിങ്കളാഴ്ച മുതല്‍ നിലവില്‍ വരിക. ഇഖാമ പുതുക്കുന്നതിന്റെ ഭാഗമായുള്ള വര്‍ക്ക് പെര്‍മിറ്റ് പുതുക്കുമ്പോഴാണ് ലെവി അടക്കേണ്ടത്. ഇഖാമ പുതുക്കിയവരടക്കം ആരും തന്നെ ലെവിയില്‍ നിന്ന് ഒഴിവാകില്ലെന്ന് തൊഴില്‍ മന്ത്രാലയം വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി .
ഇതുവരെ പ്രതിമാസം വിദേശ തൊഴിലാളികള്‍ നല്‍കേണ്ടിയിരുന്ന 200 റിയാല്‍ 400 റിയാലായാണ് ഉയര്‍ത്തിയത്. വര്‍ഷത്തില്‍ 2400 റിയാലിന് പകരം 4800 ലെവി മാത്രമായി അടക്കേണ്ടി വരും. വിദേശികളേക്കാള്‍ കൂടുതല്‍ സ്വദേശികളുള്ള സ്ഥാപനങ്ങള്‍ക്ക് പ്രതിമാസ ലെവിയില്‍ നിന്ന് 100 റിയാല്‍ വീതം ഇളവ് ലഭിക്കും. 2019 ല്‍ പ്രതിമാസ ലെവി 600 റിയാലും 2020 ല്‍ ഇത് 800 ആയുംവര്‍ധിക്കും.
ഇതിനു പുറമെ ഇഖാമ ഫീസ് വേറെയുമുണ്ട് . ജനുവരിക്ക് മുന്‍പ് വര്‍ക്ക് പെര്‍മിറ്റ് എടുത്തവര്‍ക്ക് 2018ല്‍ അവര്‍ എത്ര ദിവസ കാലാവധി വര്‍ക്ക് പെര്‍മിറ്റില്‍ ഉണ്ടോ അത്രയും ദിവസത്തേക്കുള്ള ലെവി അടക്കണമെന്നും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 2018 ഏപ്രിലിന് മുന്‍പായി സ്ഥാപനങ്ങള്‍ ലെവി അടക്കണം.
അല്ലാത്ത സ്ഥാപനങ്ങള്‍ക്ക് തൊഴില്‍ മന്ത്രാലയങ്ങളുടെ സേവനങ്ങള്‍ നിര്‍ത്തി വെക്കുമെന്നും മുന്നറിയിപ്പുണ്ട് .
ഇതോടൊപ്പം വിദേശികളുടെ ആശ്രിതര്‍ക്കുള്ള ഫീസുകളിലും ജനുവരി മുതല്‍ വന്‍ വര്‍ധനവാണ് ഉണ്ടാവുക. വിവിധ ഇനങ്ങള്‍ക്കുള്ള സബ്‌സിഡികള്‍ എടുത്തു കളയുന്നതോടെ സഊദിയില്‍ വൈദ്യുതി,വെള്ളം എന്നിവക്കും വില വര്‍ധിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."