മാധ്യമങ്ങള്‍ നാടിനാപത്താകരുത്
ജനാധിപത്യത്തിന്റെ നാലാം തൂണാണു മാധ്യമങ്ങള്‍. എന്നാല്‍, ഇന്നു ലോകത്ത് ഏറ്റവും കൂടുതല്‍ ഭീഷണി നേരിടുന്നതും ഇവ തന്നെ. രാജ്യത്തു നടക്കുന്ന സംഭവങ്ങളും രാഷ്ട്രീയക്കാരുടെ അഴിമതികളും തെറ്റുകളും പുറത്തു കൊണ്ടുവരുന്നതില്‍ ഇവര്‍ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. അവരുടെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ ജനങ്ങള്‍ക്കാശ്വാസകരവും ഭരണപരമായ അവകാശങ്ങള്‍ ജനങ്ങള്‍ക്കു തുറന്നു കാട്ടുന്നതുമാണ്.
കഴിഞ്ഞ ഒക്ടോബറില്‍ അമിത്ഷായുടെ മകന്‍ ജയ്ഷായുടെ പേരിലുള്ള അഴിമതി വെളിപ്പെടുത്തിയ ദി വയര്‍ എന്ന ചാനലിനെതിരേ മാനനഷ്ടത്തിനു കേസ് കൊടുക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതു ഫാസിസത്തിന്റെ പിന്‍മുറക്കാരാണ്. ഇവര്‍ യു.പി.എ സര്‍ക്കാരിന്റെ കാലത്ത് അഴിമതി വെളിപ്പെടുത്തിയപ്പോള്‍ പ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ല.
ആര്‍.എസ്.എഫിന്റെ റിപ്പോര്‍ട്ട് പ്രകാരം ലോകത്തിന്റെ പല ഭാഗത്തായി അറുപത്തിയെട്ടു പത്രപ്രവര്‍ത്തകരാണ് ഈയടുത്തു കൊല്ലപ്പെട്ടത്. 1992 നു ശേഷമുള്ള കാല്‍ നൂറ്റാണ്ടിനിടയില്‍ ഏകദേശം 2000 ത്തോളം മാധ്യമപ്രവര്‍ത്തകരുടെ ജീവനാണു പൊലിഞ്ഞത്. ഇവര്‍ക്കെതിരേയുള്ള ആക്രമണങ്ങളും കുറവല്ല. കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ 787 ആക്രമണങ്ങളാണു റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. എന്നാല്‍, 13 കേസില്‍ മാത്രമേ അന്വേഷണം നടത്തി നിയമനടപടികള്‍ സ്വീകരിച്ചുള്ളൂ.
ഇവര്‍ക്കുള്ള സുരക്ഷിതത്വവും സ്വാതന്ത്ര്യവും നമ്മുടെ ഭരണാധികാരികള്‍ നല്‍കേണ്ടതുണ്ട്. കൃത്യമായ സുരക്ഷിതത്വമില്ലായ്മയാണു കല്‍ബുര്‍ഗി വധം, ഗൗരി വധം തുടങ്ങിയവ ജനാധിപത്യ ഇന്ത്യയില്‍ ഉണ്ടാക്കിവച്ചത്. ഗവണ്‍മെന്റുകള്‍ മാധ്യമങ്ങള്‍ക്കു തടയിടാതെ അവരുടെ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നുപോവാനുള്ള സാഹചര്യങ്ങള്‍ സൃഷ്ടിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."