പാചകവാതകത്തിന്റെ പ്രതിമാസ വില വര്‍ധന ഒഴിവാക്കിയേക്കും
ന്യൂഡല്‍ഹി: പാചകവാതകത്തിന്റെ പ്രതിമാസ വിലവര്‍ധന കേന്ദ്ര സര്‍ക്കാര്‍ വേണ്ടെന്ന് വയ്ക്കുന്നു. മുന്‍മാസത്തെ എണ്ണവിലയും വിനിമയ മൂല്യവും കണക്കിലെടുത്താണ് പ്രതിമാസം വര്‍ധനവരുത്തിയിരുന്നത്. കഴിഞ്ഞ മെയ് മാസംവരെ രണ്ടുരൂപയാണ് വര്‍ധിപ്പിച്ചിരുന്നത്. എന്നാല്‍ നവംബര്‍ മുതല്‍ ഇത് നാലുരൂപയായി വര്‍ധിപ്പിച്ചിരുന്നു. ഇതിന് സമാന്തരമായി. 2013 ഡിസംബര്‍ മുതല്‍ സബ്സിഡിയില്ലാത്ത പാചകവാതകത്തിന്റെ വിലയും വര്‍ധിപ്പിച്ചിരുന്നു.
നിലവില്‍ സബ്സിഡി നിരക്കിലുള്ള പാചകവാതകം ഉപയോഗിക്കുന്ന 18.11 കോടിപേരാണ് രാജ്യത്തുള്ളത്. ഇതില്‍ പ്രധാന്‍മന്ത്രി ഉജ്ജ്വല്‍ യോജന പ്രകാരം നല്കിയ മൂന്നുകോടതി സൗജന്യ കണക്ഷനുകളും ഉള്‍പ്പെടും. നേരത്തെ 2018 മാര്‍ച്ചോടെ സബ്സിഡി ഒഴിവാക്കുന്നതിന് മാസം തോറും എല്‍.പി.ജി വില ഉയര്‍ത്താന്‍ എണ്ണക്കമ്പനികളോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. ഇതുപ്രകാരം കഴിഞ്ഞവര്‍ഷം ജൂലൈ മുതലാണ് വിലവര്‍ധിപ്പിക്കാന്‍ തുടങ്ങിയത്. ഇതുവരെ 76.51 രൂപയാണ് വര്‍ധിപ്പിച്ചത്. സിലിണ്ടറിന് മാസം തോറും വിലവര്‍ധിപ്പിക്കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും ഐ.ഒ.സി, ഭാരത് പെട്രോളിയം കോര്പ്പറേഷന്, ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്പ്പറേഷന് എന്നീ കമ്പനികള്‍ നിരക്ക് ഉയര്‍ത്തിയിരുന്നില്ല.
അതേസമയം പാവപ്പെട്ടവര്‍ക്ക് സൗജന്യ ഗ്യാസ് കണക്ഷന് നല്‍കുമെന്നും എന്നാല്‍ നിരക്ക് കുറയ്ക്കാന്‍ തയാറാവാതിരിക്കുകയും ചെയ്യുന്ന സര്‍ക്കാര്‍ നടപടിക്കെതിരേ വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനമെന്ന് പ്രധാനമന്ത്രിയുടെ ഓഫിസുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ സൂചിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."