കുല്‍ഭൂഷന്‍ ജാദവിന്റെ കുടുംബത്തോട് മനുഷ്യാവകാശ ലംഘനം നടത്തി: സുഷമ
ന്യൂഡല്‍ഹി: ഇന്ത്യക്ക് വേണ്ടി ചാരപ്രവര്‍ത്തനം നടത്തി എന്ന് ആരോപിച്ച് പാകിസ്താനില്‍ ജയിലിലായ കുല്‍ഭൂഷന്‍ ജാദവിന്റെ അമ്മയോടും ഭാര്യയോടും കടുത്ത മനുഷ്യാവകാശ ലംഘനമാണു പാകിസ്താന്‍ നടത്തിയതെന്ന് കേന്ദ്ര മന്ത്രി സുഷമാ സ്വരാജ്.കുല്‍ഭൂഷന്റെ അമ്മയുടെയും ഭാര്യയുടെയും മനുഷ്യാവകാശങ്ങള്‍ പലതവണ പാകിസ്താനില്‍ ലംഘിക്കപ്പെട്ടുവെന്നും പാര്‍ലമെന്റിന്റെ ഇരുസഭകളിലും സുഷമാ സ്വരാജ് വ്യക്തമാക്കി.
22 മാസം തടവില്‍ കഴിയുന്ന ഒരാള്‍ തന്റെ അമ്മയും ഭാര്യയുമായും നടത്തിയ കൂടിക്കാഴ്ച പാകിസ്താന്‍ തന്ത്രപൂര്‍വം പ്രചാരണ ആയുധമാക്കി മാറ്റുകയായിരുന്നെന്നും സുഷമ ആരോപിച്ചു. രാജ്യസഭയില്‍ പ്രതിപക്ഷ പാര്‍ട്ടികളും സുഷമയുടെ പ്രസ്താവനയെ പിന്തുണച്ചു. ലോക്‌സഭയില്‍ സുഷമയുടെ സംസാരത്തിനിടെ പാകിസ്താന്‍ മൂര്‍ദാബാദ് എന്ന മുദ്രാവാക്യങ്ങളും ഉയര്‍ന്നു.130 കോടി ഇന്ത്യക്കാരെ പാകിസ്താന്‍ അപമാനിച്ചുവെന്ന് രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ് പറഞ്ഞു.
പാകിസ്താനില്‍ കുല്‍ഭൂഷന്റെ ഭാര്യക്കും അമ്മക്കും നേരിടേണ്ടി വന്ന അപമാനത്തില്‍ പ്രതിപക്ഷ, ഭരണപക്ഷ കക്ഷികള്‍ ഒന്നടങ്കം പ്രതിഷേധം ഉയര്‍ത്തിയതോടെയാണ് ഇന്നലെ സുഷമാ സ്വരാജ് രാജ്യസഭയിവും ലോക്‌സഭയിലും പ്രസ്താവന നടത്തിയത്. കൂടിക്കാഴ്ചയ്ക്കു ശേഷം മടങ്ങിയെത്തിയ കുല്‍ഭൂഷന്റെ ബന്ധുക്കളുമായി സംസാരിച്ചതിനു പിന്നാലെ ഇന്നലെ രാവിലെയും കുല്‍ഭൂഷന്റെ മാതാവുമായി ഫോണില്‍ സംസാരിച്ചിരുന്നുവെന്നും സുഷമ വ്യക്തമാക്കി. മാതാവിന്റെയും ഭാര്യയുടെയും സിന്ദൂരം നീക്കം ചെയ്തു. വളകള്‍ ഊരിമാറ്റി. ഇരുവരുടെയും താലി അഴിപ്പിച്ചു. വിവാഹിതരായ ഇരുവരെയും വിധവകളെകപ്പോലെയാക്കി. മംഗല്യസൂത്രമില്ലാതെ തന്റെ മാതാവിനെക്കണ്ട കുല്‍ഭൂഷന്‍ താന്‍ അടുത്തില്ലാത്ത സമയത്ത് കുടുംബത്തിന് എന്തോ ആപത്ത് പറ്റിയെന്നാണ് ധരിച്ചത്. അതു കൊണ്ടാണ് അമ്മയെ കണ്ടയുടന്‍ അച്ഛന് എന്തു പറ്റിയെന്ന് ചോദിച്ചത്. പിന്നീട് ഭാര്യയെയും മാതാവിന്റെ അതേ രൂപഭാവത്തില്‍ കണ്ടതോടെയാണ് കുല്‍ഭൂഷന് കാര്യം വ്യക്തമായതെന്നും മന്ത്രി പറഞ്ഞു.
കൂടിക്കാഴ്ചയ്ക്കിടെ മാതാവുമായി മാതൃഭാഷയില്‍ സംസാരിക്കാനുള്ള അവസരവും നിഷേധിച്ചു. കുല്‍ഭൂഷന്റെ അമ്മ അവന്ത മറാഠിയില്‍ സംസാരിക്കാന്‍ ശ്രമിച്ചപ്പോഴൊക്കെ ഒപ്പമുണ്ടായിരുന്ന രണ്ടു പാകിസ്താന്‍ ഉദ്യോഗസ്ഥര്‍ ആവര്‍ത്തിച്ചു തടസപ്പെടുത്തി. വീണ്ടും മറാഠിയില്‍ സംസാരിച്ചപ്പോള്‍ ഇന്റര്‍കോം തടസപ്പെടുത്തി. കുല്‍ഭൂഷന്റെ ഭാര്യ ചേതന്‍ കൗളിന്റെ ഷൂസ് സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി അഴിച്ചു വാങ്ങിയത് അങ്ങേയറ്റം യുക്തി രഹിതമായ നടപടിയാണ്. ഷൂസിനുള്ളില്‍ കാമറ ഉള്‍പ്പടെയുള്ളവ ഘടിപ്പിച്ചു എന്നാണു പാകിസ്താന്റെ ആരോപണം. എന്നാല്‍, രണ്ടു വിമാനങ്ങള്‍ മാറിക്കയറിയാണ് ചേതന കൗള്‍ പാകിസ്താനില്‍ എത്തിയത്. ഇവിടെയൊന്നും നടന്ന സുരക്ഷാ പരിശോധനയില്‍ ഇങ്ങനെയൊരു കാര്യം ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്നും സുഷമ വ്യക്തമാക്കി.
കുല്‍ഭൂഷന്റെ വിഷയത്തില്‍ കഴിഞ്ഞ ഏപ്രിലില്‍ സഭയില്‍ വിശദീകരണം നല്‍കിയതാണ്. അദ്ദേഹത്തിന്റെ മോചനത്തിനു വേണ്ടി എല്ലാ നടപടികളും ചെയ്യുമെന്നും ഉറപ്പു നല്‍കിയതാണ്. തുടര്‍ന്നാണ് കുല്‍ഭൂഷന്റെ വധശിക്ഷ ഒഴിവാക്കുന്നതിനായി അന്താരാഷ്ട്ര കോടതിയെ സമീപിച്ചത്. നിലവില്‍ കുല്‍ഭൂഷന്റെ മോചനത്തിനായി എല്ലാ ശ്രമങ്ങളും നടത്തി വരികയാണെന്നും സുഷമ പറഞ്ഞു. നയതന്ത്ര തലത്തില്‍ ഇന്ത്യ നിരന്തരം ആവശ്യമുന്നയിച്ചതിന്റെ അടിസ്ഥാനത്തിലാണ് കുല്‍ഭൂഷന്റെ അമ്മയ്ക്കും ഭാര്യക്കും കൂടിക്കാഴ്ചയ്ക്കുള്ള അവസരം ലഭിച്ചത്. എന്നാല്‍, എല്ലാ മുന്‍ധാരണകളെയും തെറ്റിച്ചു കൊണ്ട് ഈ കൂടിക്കാഴ്ചയെ പാകിസ്താന്‍ ദുരുപയോഗം ചെയ്തു. ഈ വിവരം നയതന്ത്ര തലത്തില്‍ പാകിസ്താനെ അറിയിക്കുകയും ചെയ്തിട്ടുണ്ട്.
അമ്മയും ഭാര്യയും കുല്‍ഭൂഷനുമായി കൂടിക്കാഴ്ച നടത്തുമ്പോള്‍ മാധ്യങ്ങളെ അനുവദിക്കരുതെന്ന് പ്രത്യേകം ആവശ്യപ്പെട്ടിരുന്നതാണ്. എന്നാല്‍, ഇത് പാകിസ്താന്‍ ലംഘിച്ചു. പാകിസ്താനിലെ മാധ്യമങ്ങളുടെ നിന്ദ്യമായ ചോദ്യങ്ങളാല്‍ കുല്‍ഭൂഷന്റെ അമ്മയും ഭാര്യയും ദുഃഖിതരും അപമാനിതരുമായി. ഇവരെ അനുഗമിച്ചിരുന്ന ഇന്ത്യന്‍ ഹൈക്കമ്മീഷണറോടു പറയാതെ മറ്റൊരു വാതിലിലൂടെയാണ് കുടുംബാംഗങ്ങളെ കുല്‍ഭൂഷനുമായുള്ള കൂടിക്കാഴ്ചയ്ക്ക് കൊണ്ടുപോയത്. കൂടിക്കാഴ്ചയ്ക്കു ശേഷം ഇവര്‍ക്കു പുറപ്പെടാനുള്ള കാര്‍ വൈകിയതിനാല്‍ പാകിസ്താനി മാധ്യമങ്ങള്‍ മോശം ചോദ്യങ്ങളുമായി വളയാന്‍ ഇടയാക്കി.
കൂടിക്കാഴ്ചയ്ക്കു ശേഷം തന്നോടു സംസാരിച്ച കുല്‍ഭൂഷന്റെ ബന്ധുക്കള്‍ അദ്ദേഹം കടുത്ത സമ്മര്‍ദത്തിലും നിര്‍ബന്ധത്തിനു വഴങ്ങിയുമാണു സംസാരിച്ചതെന്നു വ്യക്തമാക്കിയിരുന്നു. കുല്‍ഭൂഷന്റെ ആരോഗ്യാവസ്ഥയിലും അവര്‍ കടുത്ത ആശങ്ക പ്രകടിപ്പിച്ചു.
കൂടിക്കാഴ്ചയില്‍ ഉടനീളം പാകിസ്താന്‍ പ്രകടിപ്പിച്ച മനുഷ്യത്വ രഹിതമായ ഇടപെടലുകളില്‍ ഇന്ത്യയിലെ മൊത്തം ജനങ്ങളും കടുത്ത ഭാഷയില്‍ അപലപിക്കുമെന്നും സുഷമ പ്രസ്താവനയില്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."