ബേനസീര്‍ ഭൂട്ടോ വധം ആസൂത്രണം ചെയ്തത് ബിന്‍ ലാദന്‍?
ഇസ്‌ലാമാബാദ്: പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോയുടെ കൊലപാതകത്തിന്റെ മേല്‍നോട്ടം വഹിച്ചത് അല്‍ഖാഇദ തലവനായിരുന്ന ഉസാമാ ബിന്‍ ലാദനെന്ന് വെളിപ്പെടുത്തല്‍. പാകിസ്താന്‍ മാധ്യമമായ 'ദി ന്യൂസ് ' ആണ് പാക് ഇന്റലിജന്‍സ് വൃത്തങ്ങള്‍ ശേഖരിച്ച വിവരങ്ങളെ ഉദ്ധരിച്ച് വാര്‍ത്ത പുറത്തുവിട്ടത്. ബേനസീര്‍ വധത്തിന് പത്ത് വര്‍ഷം തികയുന്ന പശ്ചാത്തലത്തിലാണു പത്രത്തിന്റെ വെളിപ്പെടുത്തല്‍.
ബേനസീറിനു പുറമെ മുന്‍ പ്രസിഡന്റ് പര്‍വേസ് മുശറഫിനെ വധിക്കാനും ലാദന്‍ പദ്ധതിയിട്ടിരുന്നതായി പത്രം പറയുന്നു. കൊലപാതകം ആസൂത്രണം ചെയ്യാനായി അഫ്ഗാനിലേക്കു താവളം മാറ്റിയ ബിന്‍ ലാദന്‍ മാരകായുധങ്ങള്‍ ഭീകരര്‍ക്ക് കൊറിയര്‍ വഴി അയക്കുകയായിരുന്നുവത്രെ. പാക് സൈന്യവും രഹസ്യാന്വേഷണ ഏജന്‍സിയായ ഐ.എസ്.ഐയും 2007ല്‍ മൂന്ന് റിപ്പോര്‍ട്ടുകളിലായി ആഭ്യന്തര മന്ത്രാലയത്തിനു സമര്‍പ്പിച്ച വിവരങ്ങളെ ആസ്പദമാക്കിയാണ് പത്രം പുതിയ വെളിപ്പെടുത്തല്‍ പുറത്തുവിട്ടത്.
കൊലപാതക പദ്ധതിയുടെ ആസൂത്രണവും നടത്തിപ്പും പൂര്‍ണമായും ബിന്‍ ലാദന്റെ ചുമതലയായിരുന്നെന്നും പത്രം പറയുന്നു. കൊലപാതകത്തിനു രണ്ട് ദിവസങ്ങള്‍ക്ക് ശേഷം എഴുതിയ ഒരു കത്ത് ബിന്‍ ലാദന്റെ വസതിയില്‍നിന്ന് പിന്നീട് കണ്ടെടുത്തിരുന്നുവത്രെ. ജാമിഅ ഹഫ്‌സയിലെയും ലാല്‍ മസ്ജിദിലെയും സഹോദരീസഹോദരന്മാര്‍ക്കായി നമ്മള്‍ പ്രതികാരം ചെയ്തിരിക്കുന്നു എന്നായിരുന്നു കത്തിലെ വാചകമെന്നാണ് റിപ്പോര്‍ട്ടിലുള്ളത്.
പാക് ഭരണകൂടത്തിലെ ചിലര്‍ക്കും ബേനസീര്‍ ഭൂട്ടോ വധത്തില്‍ പങ്കുള്ളതായി കഴിഞ്ഞയാഴ്ച ഒരു അഭിമുഖത്തില്‍ മുശറഫ് വ്യക്തമാക്കിയിരുന്നു. എന്നാല്‍, സംഭവത്തില്‍ മുശറഫിനും പങ്കുണ്ടെന്നാണ് ബേനസീറിന്റെ മകനും പിന്‍ഗാമിയുമായ ബിലാവല്‍ ഭൂട്ടോ മറ്റൊരു അഭിമുഖത്തില്‍ ആവര്‍ത്തിച്ച് ആരോപിച്ചത്. കേസില്‍ പാക് കോടതി മുശറഫിനെ നേരത്തെ പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ചിരുന്നു.
2007 ഡിസംബര്‍ 27നാണ് റാവല്‍പിണ്ടിയിലെ ലിയാഖത്ത് ബാഗില്‍ ബേനസീര്‍ ഭൂട്ടോ വെടിയേറ്റു മരിച്ചത്. ഒരു തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുക്കവെയായിരുന്നു സംഭവം. റാലിക്കിടെയുണ്ടായ മറ്റൊരു ബോംബ് സ്‌ഫോടനത്തില്‍ 21 പേര്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."