ബശ്ശാറുല്‍ അസദ് ഭീകരവാദിയെന്ന് തുര്‍ക്കി
തൂനിസ്: സിറിയന്‍ പ്രസിഡന്റ് ബശ്ശാറുല്‍ അസദ് ഭീകരവാദിയാണെന്ന് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍. അയാള്‍ കക്ഷിയായി സിറിയന്‍ സമാധാന ചര്‍ച്ച മുന്നോട്ടുപോകുക അസാധ്യമാണെന്നും അദ്ദേഹം പറഞ്ഞു.
തുനീസ്യന്‍ പ്രസിഡന്റ് മുഹമ്മദ് അല്‍ ബാജി ഖാഇദ് അസ്സബ്‌സിയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഉര്‍ദുഗാന്‍.
സ്വന്തം രാജ്യത്ത് ഭരണകൂട ഭീകരത നടപ്പാക്കിയ വ്യക്തിയാണ് അസദ്. അദ്ദേഹത്തെ മാറ്റിനിര്‍ത്താതെ സിറിയന്‍ സമാധാന ചര്‍ച്ച ഫലം കാണില്ല. ലക്ഷക്കണക്കിനു വരുന്ന സ്വന്തം ജനതയെ കൊന്നൊടുക്കിയ സിറിയന്‍ പ്രസിഡന്റുമായി ചേര്‍ന്ന് എങ്ങനെയാണ് ഭാവിയെ നേരിടാനാകുക-ഉര്‍ദുഗാന്‍ ചോദിച്ചു.
തുര്‍ക്കിയുടെ വിമര്‍ശനത്തിനു തക്ക മറുപടിയുമായി സിറിയയും രംഗത്തെത്തി. സിറിയന്‍ ആഭ്യന്തരയുദ്ധത്തില്‍ അസദിനെതിരേ പോരാടുന്ന ഭീകരസംഘങ്ങളെ സഹായിക്കുന്നത് ഉര്‍ദുഗാനാണെന്ന് സിറിയന്‍ വിദേശകാര്യ മന്ത്രാലയം ആരോപിച്ചു. അസദിനെ ഭരണത്തില്‍നിന്ന് താഴെയിറക്കണമെന്ന ആവശ്യക്കാരാണ് തുര്‍ക്കി. ഇതിനായി സിറിയയിലെ വിമതസൈന്യത്തെ തുര്‍ക്കി പിന്തുണക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."