ഒടുവില്‍ കായല്‍പരുന്ത് കേരളത്തില്‍ വിരുന്നെത്തി
പൊന്നാനി: ഗുരുതരമായ വംശനാശ ഭീഷണി നേരിടുന്ന ദേശാടനക്കിളിയായ കായല്‍പരുന്തിനെ ഇത്തവണ കേരളത്തില്‍ കണ്ടെത്തിയതായി പക്ഷി നിരീക്ഷകനായ ഡോ. ജോര്‍ജ്.
ഇന്റര്‍നാഷനല്‍ യൂനിയന്‍ ഫോര്‍ ദ കണ്‍സര്‍വേഷന്‍ ഓഫ് നേച്ചര്‍ ആന്‍ഡ് നാച്ചുറല്‍ റിസോഴ്‌സിന്റെ വംശനാശ ഭീഷണി നേരിടുന്ന ജീവികളുടെ റെഡ് ലിസ്റ്റില്‍ ഉള്‍പ്പെട്ടവയാണ് കായല്‍ പരുന്ത്. ചില വര്‍ഷങ്ങളില്‍ ഒന്നോ രണ്ടോ എണ്ണം മാത്രമാണ് കേരളത്തില്‍ കാണപ്പെടാറെന്ന് പക്ഷിനിരീക്ഷകര്‍ പറയുന്നു.
2014ല്‍ ഇതിനെ പൊന്നാനി കോള്‍മേഖലയില്‍ കണ്ടെത്തിയിരുന്നു. ഈ വര്‍ഷം നടന്ന വിവിധ പക്ഷി സര്‍വേകളിലൊന്നും കായല്‍ പരുന്തിനെ കണ്ടെത്തിയതായി റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല. ഈ മാസമാണ് കായല്‍പരുന്തിനെ കോട്ടയത്ത് കണ്ടതായി റിപ്പോര്‍ട്ട് ചെയ്തതെന്ന് ഡോ. ജോര്‍ജ് പറഞ്ഞു. ഈ വര്‍ഷം കായല്‍പരുന്ത് കേരളത്തില്‍ വിരുന്നെത്തുമെന്ന പക്ഷിനിരീക്ഷകരുടെയും പക്ഷിശാസ്ത്രജ്ഞരുടെയും പ്രതീക്ഷ ഇതോടെ യാഥാര്‍ഥ്യമായി.
അപൂര്‍വമായി കേരളത്തിലെത്തുന്ന ശൈത്യകാല ദേശാടകനാണ് കായല്‍പരുന്ത്. മറ്റു പരുന്തുകളില്‍ നിന്നും രണ്ടിരട്ടി വലുതാണ് ഈ ദേശാടനപക്ഷി. ചിറകുകള്‍ വിടര്‍ത്തിയാല്‍ ആറോ ഏഴോ അടിയോളം നീളം വരും. മറ്റെല്ലാ പരുന്ത് വംശങ്ങളെയും പോലെ പെണ്ണിന് ആണിനേക്കാള്‍ വലുപ്പം കൂടുതലാണ്. കേരളത്തില്‍ ഇവയെ കണ്ടതായി വളരെ ചുരുക്കം റിപ്പോര്‍ട്ടുകള്‍ മാത്രമേയുള്ളൂവെങ്കിലും, ശൈത്യകാലത്ത് ഉത്തരേന്ത്യയില്‍ ഇവ കൂടുതലായി എത്തും. മാലിന്യങ്ങള്‍ കുന്നുകൂട്ടിയിടുന്ന സ്ഥലങ്ങളിലും അറവുശാലയിലെ മാലിന്യങ്ങള്‍ തള്ളുന്ന സ്ഥലങ്ങളിലും ഇവയെ ധാരാളമായി കാണാറുണ്ട്. പ്രധാന ആഹാരം ചത്ത മൃഗങ്ങളാണ്. എങ്കിലും ജീവനുള്ള എലിയെയും മറ്റും അകത്താക്കാറുണ്ട്.
2002 ഡിസംബറില്‍ എറണാകുളത്തെ ഒരു തുരുത്തിലാണ് കായല്‍പരുന്തിനെ കേരളത്തില്‍ ആദ്യം കണ്ടെത്തിയത്. പിന്നീട് 2003ല്‍ നടത്തിയ പക്ഷി സര്‍വേയിലും ഇതിനെ കണ്ടെത്തുകയുണ്ടായി. 2004ല്‍ കാട്ടംപള്ളിയിലും ഈ പക്ഷിയെ കണ്ടിരുന്നു.
ഖസാക്കിസ്ഥാന്‍, ചൈന, മംഗോളിയ, റഷ്യയുടെ വടക്കുഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നാണ് കായല്‍പരുന്തുകള്‍ ഉലകം ചുറ്റാനിറങ്ങുന്നത്. ശൈത്യകാലം അതിജീവിക്കാനാണ് ആഫ്രിക്കയുടെ കിഴക്കേ ഭാഗങ്ങളിലേക്കും, ഏഷ്യയുടെ മറ്റു ഭാഗങ്ങളിലേക്കും ഇവര്‍ ദേശാടനം നടത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."