വസ്തുക്കളുടെ വിദേശ ഉടമവകാശവും ഉപയോഗവും നിയന്ത്രിക്കുന്ന നിയമത്തിനു ഖത്തറില്‍ അഗീകാരം
ദോഹ: വസ്തുക്കളുടെ വിദേശ ഉടമസ്ഥാവകാശവും ഉപയോഗവും നിയന്ത്രിക്കുന്ന നിയമത്തിന് മന്ത്രിസഭയുടെ അംഗീകാരം. പ്രധാനമന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ ആല്‍ താനിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പ്രതിവാര മന്ത്രിസഭാ യോഗമാണ് നിയമത്തിന്റെ കരടിന് അംഗീകാരം നല്‍കിയത്.
സ്വദേശികള്‍ വ്യവസ്ഥകളോടെ നിശ്ചിത മേഖലകളില്‍ വസ്തുക്കള്‍ ഉപയോഗിക്കുന്നതിനും ഉടമസ്ഥാവകാശത്തിനും സാധുത നല്‍കുന്നതാണ് നിയമം. വസ്തുക്കളുടെ വിദേശ ഉടമവസ്ഥാവകാശവും ഉപയോഗവും നിയന്ത്രിക്കുന്ന കമ്മീഷന്റെ നിര്‍ദേശങ്ങളുടേയും മന്ത്രിസഭയുടേയും തീരുമാനങ്ങള്‍ക്ക് അനുസൃതമായിട്ടായിരിക്കും വിദേശികള്‍ക്ക് വസ്തുക്കളുടെ ഉടമസ്ഥാവകാശവും ഉപയോഗാനുമതിയും നല്‍കുക. ഭൂമി, കെട്ടിടങ്ങള്‍, പാര്‍പ്പിട യൂനിറ്റുകള്‍, പാര്‍പ്പിട സമുച്ചയങ്ങളിലെ ഡിറ്റാച്ച്‌മെന്റ് യൂനിറ്റ് എന്നിവയിലാണ് നിയമം വിദേശികള്‍ക്ക് ഉടമസ്ഥാവകാശം അനുവദിക്കുന്നത്.
ദേശീയ ഗതാഗത സുരക്ഷാ സമിതിയുടെ വാര്‍ഷിക റിപ്പോര്‍ട്ടും റിപ്പോര്‍ട്ടിലെ ശിപാര്‍ശകളും മന്ത്രിസഭായോഗം വിലയിരുത്തി. ഗതാഗത മേഖലയിലെ നയരൂപവത്കരണത്തിനും വികസനത്തിനുമായി ആഭ്യന്തര മന്ത്രാലയമാണ് ദേശീയ സമിതിക്ക് രൂപം നല്‍കിയത്. രാജ്യത്തെ ഗതാഗത പ്രശ്‌നങ്ങള്‍ പഠിച്ച് ഉചിതമായ പരിഹാര നിര്‍ദേശങ്ങളും സമിതി സമര്‍പ്പിച്ചിട്ടുണ്ട്. അന്താരാഷ്ട്ര വ്യവസ്ഥകള്‍ക്കനുസൃതമായി ഗതാഗതം, റോഡ്, യാത്രാ എന്‍ജിനീയറിംഗില്‍ നിയമനിര്‍മാണത്തിനും കമ്മിറ്റി ശിപാര്‍ശ ചെയ്തിട്ടുണ്ട്. ഗതാഗതസുരക്ഷക്കായുള്ള ദേശീയ പദ്ധതി 2013 -22ന്റെ തയ്യാറെടുപ്പുകളും റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടുണ്ട്. ഗതാഗത സുരക്ഷക്കായും ഓഹരി പങ്കാളികളെ പിന്തുണക്കാനുമായി ദേശീയ ഓഫിസ് തുടങ്ങാനും റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നു. ഖത്തര്‍ ഫിനാന്‍ഷ്യല്‍ സെന്ററിലെ നിശ്ചിത കമ്പനികള്‍ക്ക് രാജ്യത്തെ ലേല നടപടികളില്‍ പങ്കെടുക്കാനുള്ള അനുമതി സംബന്ധിച്ച് ധനമന്ത്രി നല്‍കിയ നിവേദനത്തില്‍ ഉചിതമായ നടപടികളും സ്വീകരിച്ചു. കിഴക്കന്‍ ജെറുസലേമിനെ പിന്തുണച്ചുകൊണ്ടുള്ള വിദേശകാര്യമന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടിന്മേലും ഉചിതമായ നടപടികള്‍ സ്വീകരിച്ചു.
വിശുദ്ധ നഗരമായ ജെറുസലേമുമായി ബന്ധപ്പെട്ടുള്ള സുരക്ഷാ കൗണ്‍സിലിന്റെ നിര്‍ദേശങ്ങള്‍ എല്ലാ രാജ്യങ്ങളും പാലിക്കണമെന്നാവശ്യപ്പെട്ട് ഡിസംബര്‍ 21ന് യു എന്‍ പൊതുസഭ പുറപ്പെടുവിച്ച നിര്‍ദേശത്തെ മന്ത്രിസഭ സ്വാഗതം ചെയ്തു. സുരക്ഷാ കൗണ്‍സിലിന്റെ നിര്‍ദേശങ്ങള്‍ക്ക് വിപരീതമായി ഒരു രാജ്യവും ഒരു നടപടികളും സ്വീകരിക്കരുതെന്നും നയതന്ത്ര ദൗത്യങ്ങള്‍ ജെറുസലേമില്‍ നടപ്പാക്കുന്നതില്‍ നിന്നും എല്ലാ രാജ്യങ്ങളും വിട്ടുനില്‍ക്കണമെന്നുമാണ് കൗണ്‍സില്‍ നിര്‍ദേശിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."