സഊദിയിലെ പുതിയ ലെവിയില്‍ നിന്നും എട്ടു വിഭാഗങ്ങളെ ഒഴിവാക്കി
ജിദ്ദ: സഊദിയില്‍ തിങ്കളാഴ്ച പ്രാബല്യത്തില്‍ വരുന്ന പുതിയ ലെവിയില്‍ നിന്നും എട്ടു വിഭാഗങ്ങളെ ഒഴിവാക്കി. ജി.സി.സി പൗരന്മാര്‍ക്കും നാടു കടത്തലില്‍ ഇളവ് ലഭിച്ചവര്‍ക്കും ലെവി അടയ്‌ക്കേണ്ടതില്ലെന്നു തൊഴില്‍ മന്ത്രാലയം അറിയിച്ചു. ജനുവരി ഒന്ന് മുതലാണ് സഊദിയില്‍ വിദേശ തൊഴിലാളികള്‍ക്ക് പുതിയ ലെവി പ്രാബല്യത്തില്‍ വരുന്നത്. എട്ടു വിഭാഗങ്ങളില്‍പെട്ട വിദേശ തൊഴിലാളികളെ ലെവിയില്‍ നിന്നും ഒഴിവാക്കിയതായി സഊദി തൊഴില്‍ സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു.
സഊദി പൗരത്വം ഉള്ളവരുടെ വിദേശിയായ ഭര്‍ത്താവ്, ഭാര്യ, സഊദി വനിതകള്‍ക്ക് വിദേശിയായ ഭര്‍ത്താവില്‍ ജനിച്ച കുട്ടികള്‍, നാടു കടത്തലില്‍ പ്രത്യേക ഇളവ് ലഭിച്ച രാജ്യങ്ങളിലെ തൊഴിലാളികള്‍, ഒന്ന് മുതല്‍ അഞ്ച് വരെ തൊഴിലാളികള്‍ മാത്രം ജോലി ചെയ്യുന്ന സ്ഥാപനങ്ങളിലെ വിദേശ തൊഴിലാളികള്‍, ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്ന സ്ഥാപനങ്ങളിലെ തൊഴിലാളികള്‍, ജി.സി.സി രാജ്യങ്ങളിലെ പൗരന്മാര്‍, ജോലി ഇല്ലാത്ത സഊദികളുടെ ഉടമസ്ഥതയില്‍ ഉള്ള, പത്തില്‍ താഴെ തൊഴിലാളികള്‍ മാത്രമുള്ള സ്ഥാപനങ്ങളിലെ നാലു തൊഴിലാളികള്‍ എന്നിവര്‍ക്ക് ലെവി ബാധകമല്ല. പലസ്തീനികള്‍, ബര്‍മക്കാര്‍, ബലൂചിസ്ഥാനികള്‍ തുടങ്ങിയവര്‍ നാടു കടത്തലില്‍ ഇളവ് ലഭിച്ച രാജ്യക്കാരുടെ ഗണത്തില്‍ പെടും. സഊദികളെക്കാള്‍ കൂടുതല്‍ വിദേശികള്‍ ഉള്ള സ്ഥാപനങ്ങളിലെ വിദേശ തൊഴിലാളികള്‍ പ്രതിമാസം നാനൂറ് റിയാലും സഊദികള്‍ കൂടുതലുള്ള സ്ഥാപനങ്ങളിലെ തൊഴിലാളികള്‍ മുന്നൂറു റിയാലുമാണ് ലെവി അടയ്‌ക്കേണ്ടത്. താമസ തൊഴില്‍ രേഖകള്‍ പുതുക്കുമ്പോഴാണ് ലെവി ഈടാക്കുക . ലെവി അടയ്ക്കാതെ ഇതിനകം പുതുക്കിയവരും ജനുവരി മുതലുള്ള ലെവി മൂന്നു മാസത്തിനകം അടയ്‌ക്കേണ്ടി വരും. 2019 ആദ്യത്തിലും 2020 ആദ്യത്തിലും ലെവി ഇരുനൂറ് റിയാല്‍ വീതം വര്‍ധിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."