മാറാവ്രണമാകുന്നൂ, കാറ്റലോണിയന്‍ പ്രശ്‌നം
വളരെക്കാലമായി സ്‌പെയിനില്‍ നിന്ന് നേരിട്ടുകൊണ്ടിരിക്കുന്ന അവജ്ഞയും വിദ്വേഷവുമാണ് ഏകപക്ഷീയമായി സ്വാതന്ത്ര്യപ്രഖ്യാപനം നടത്താന്‍ കാറ്റലോണിയയെ പ്രേരിപ്പിച്ചത്. സ്വാതന്ത്ര്യം പ്രഖ്യാപിച്ച ഉടന്‍ ആ നാട്ടിലെ പ്രധാന നഗരങ്ങളിലെല്ലാം നടന്ന ആഘോഷം അതാണു തെളിയിക്കുന്നത്. അതേസമയം, അതങ്ങനെ സമ്മതിച്ചുകൊടുക്കാന്‍ സ്‌പെയിന്‍ തയാറല്ല. കാറ്റലോണിയന്‍ പാര്‍ലമെന്റ് സ്വാതന്ത്ര്യപ്രഖ്യാപനം നടത്തി ഒരു മണിക്കൂറിനകം സ്പാനിഷ് പ്രധാനമന്ത്രി അസാധാരണ പാര്‍ലമെന്റ് യോഗം വിളിച്ചുകൂട്ടി കാറ്റലോണിയയെ കേന്ദ്രഭരണകൂടത്തിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാക്കിയതു ശ്രദ്ധേയമാണ്.
സ്‌പെയിനിന്റെ വടക്കുകിഴക്കന്‍ സംസ്ഥാനമാണു കാറ്റലോണിയ. സ്വന്തം പാരമ്പര്യത്തില്‍ അഭിമാനിക്കുന്നവരാണു കാറ്റലോണിയക്കാര്‍. 80 ലക്ഷത്തിനടുത്തു ജനസംഖ്യയുണ്ടിവിടെ. സ്‌പെയിനിന്റെ ജനസംഖ്യയുടെ 17 ശതമാനത്തോളം കറ്റാലന്മാരാണ്. രാജ്യത്തിന്റെ ആഭ്യന്തര ഉല്‍പ്പാദനം 21 ശതമാനവും കാറ്റലോണിയയില്‍നിന്നാണ്. സ്‌പെയിനില്‍ ഏറ്റവും കൂടുതല്‍ വ്യവസായങ്ങളുള്ളതു കാറ്റലോണിയയിലാണ്. അതുകൊണ്ടുതന്നെ സ്പാനിഷ് സമ്പദ്‌വ്യവസ്ഥയ്ക്ക് ഏറ്റവും കൂടുതല്‍ സംഭാവന നല്‍കുന്നതും കാറ്റലോണിയന്‍ ജനതയാണ്.
കാറ്റലോണിയ സ്‌പെയിനില്‍നിന്നു വിട്ടുപോകണമെന്നാണ് ഇവിടുത്തെ ബഹുഭൂരിപക്ഷം ജനങ്ങളും ആഗ്രഹിക്കുന്നത്. എന്നാല്‍, സ്വതന്ത്രഭരണകൂടമാണു കാറ്റലോണിയയിലുള്ളതെങ്കിലും സ്വതന്ത്രപദവി സ്പാനിഷ് ഭരണഘടന അനുവദിച്ചിട്ടില്ല. സ്വാതന്ത്ര്യം വേണമെന്നു കുറച്ചുകാലമായി കറ്റാലന്മാര്‍ മുറവിളി ഉയര്‍ത്തുന്നുണ്ട്. ഒരിക്കല്‍ സ്വാതന്ത്ര്യത്തിന് അടുത്തുവരെ എത്തിയിരുന്നു. ആഭ്യന്തരയുദ്ധം മൂലം അതു പാഴായി.
കുറച്ചുനാള്‍ മുമ്പു നടന്ന ഹിതപരിശോധനാഫലത്തില്‍ സ്വാതന്ത്ര്യാനുമതി കിട്ടിയിരുന്നെങ്കിലും ഹിതപരിശോധനാഫലം സ്‌പെയിന്‍ അംഗീകരിച്ചിരുന്നില്ല. ഇതിനെത്തുടര്‍ന്നുണ്ടായ പ്രക്ഷോഭം സ്‌പെയിന്‍ അടിച്ചമര്‍ത്തി. വീണ്ടുമൊരു ഹിതപരിശോധന നടക്കാതിരിക്കാന്‍ സ്‌കൂളുകളും പോളിങ് ബൂത്തുകളും സീല്‍ ചെയ്തു.
കാറ്റലോണിയയിലെ രാഷ്ട്രീയവിഷയം ലോകത്തെ ഫുട്‌ബോള്‍ പ്രേമികളുടെ നെഞ്ചിടിപ്പു കൂട്ടുന്നതാണ്. കാരണം, ലോകഫുട്‌ബോള്‍ സമവാക്യങ്ങളില്‍പ്പോലും അതു മാറ്റമുണ്ടാക്കും. ബാഴ്‌സലോണ ഫുട്‌ബോള്‍ ക്ലബ് കാറ്റലോണിയയുടെ അഭിമാനമാണ്. ദേശീയടൂര്‍ണ്ണമെന്റില്‍ അതിശക്തരായ റയല്‍ മാഡ്രിഡും എഫ്. സി ബാഴ്‌സലോണയും തമ്മില്‍ നടക്കുന്ന മത്സരം എല്‍ ക്ലാസിക്കോ എന്ന പേരിലാണ് അറിയപ്പെടുന്നത്. സാമ്പത്തികകാര്യത്തിലും ഈ ക്ലബുകള്‍ ലോകത്തിലെ ഒന്നാംനിരയിലാണ്. ആയിരം ദശലക്ഷം യൂറോവിനടുത്താണ് ഓരോ ക്ലബിന്റെയും ആസ്തി. കളിക്കാര്‍ക്കു നല്‍കുന്ന ശമ്പളത്തിന്റെ കാര്യത്തിലും ഒന്നും രണ്ടും സ്ഥാനം ഈ ക്ലബുകള്‍ക്കാണ്.
കാറ്റലോണിയ സ്വതന്ത്രമാകുന്നതിന് അനുകൂലമായിട്ടായിരുന്നു ബാഴ്‌സലോണ ഫുട്‌ബോള്‍ ക്ലബ് നിലപാടെടുത്തത്. സ്‌പെയിനില്‍നിന്നുള്ള ടീമുകള്‍ക്കു മാത്രമേ അവിടത്തെ മത്സരത്തില്‍ പങ്കെടുക്കാന്‍ കഴിയുകയുള്ളൂ. കാറ്റലോണിയ വിട്ടുപോയാല്‍ പ്രമുഖക്ലബുകളായ ബാഴ്‌സലോണയും എസ്പാന്യോളും ജിറോണയുമെല്ലാം സ്പാനിഷ് ക്ലബുകളല്ലാതാവും. ലോകഫുട്‌ബോളിന്റെ ഏറ്റവും വലിയ നഷ്ടങ്ങളിലൊന്നാകുമത്. പ്രമുഖ ക്ലബായ ബാഴ്‌സലോണ-റയല്‍ മാഡ്രിഡ് മത്സരം തുടരണമെന്ന് ആഗ്രഹിക്കുന്നവരാണു ഫുട്‌ബോള്‍ പ്രേമികള്‍. ലോകത്തെ മുഴുവന്‍ ഫുട്‌ബോള്‍ പ്രേമികളെയും ആവേശത്തിലാക്കുന്ന ഫുട്‌ബോള്‍ മത്സരമാണു മെസ്സിയും റോണോയും നേര്‍ക്കുനേര്‍ വരുന്നത്.
സ്വാതന്ത്ര്യത്തിനായുള്ള ഹിതപരിശോധന നടത്താന്‍ കാറ്റലോണിയന്‍ പാര്‍ലമെന്റ് തീരുമാനിക്കുകയും ഒക്ടോബര്‍ ഒന്നിന് നടത്തുകയും ചെയ്തു. സ്‌പെയിനിലെ ഭരണഘടനാ കോടതിയുടെ വിലക്കു മറികടന്നുകൊണ്ടാണു ഹിതപരിശോധന നടത്തിയത്. ഹിതപരിശോധനയില്‍ പങ്കെടുത്ത 43 ശതമാനം പേരില്‍ 90 ശതമാനവും സ്വാതന്ത്ര്യപ്രഖ്യാപനത്തെ അംഗീകരിച്ചു. 135 അംഗപാര്‍ലമെന്റില്‍ എഴുപതംഗങ്ങള്‍ സ്വാതന്ത്ര്യപ്രഖ്യാപനത്തെ അനുകൂലിച്ചു. കാറ്റലോണിയയുടെ സ്വയംഭരണാവകാശം റദ്ദാക്കാന്‍ സ്‌പെയിന്‍ നീക്കം നടത്തുന്നതിനിടെയാണു സ്വാതന്ത്ര്യപ്രഖ്യാപനമുണ്ടായത്.
കാറ്റലോണിയയുടെ സ്വാതന്ത്ര്യപ്രഖ്യാപനത്തിനു പിന്നാലെ മുന്‍പ്രസിഡന്റ് കാര്‍ലസ് പൂജമോണ്ടെയും നാലു മുന്‍ മന്ത്രിമാരും ബെല്‍ജിയത്തില്‍വച്ചു കീഴടങ്ങി. കാറ്റലോണിയന്‍ മുന്‍പ്രസിഡന്റ് പൂജമോണ്ടിനെതിരേ അട്ടിമറിക്കുറ്റത്തിനും കലാപമുണ്ടാക്കിയതിനും ഒരുപക്ഷേ ദേശീയ കോടതി കേസെടുത്തേയ്ക്കും. സ്‌പെയിനിലെ നിയമപ്രകാരം മുപ്പതു വര്‍ഷംവരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. എന്നാല്‍, കാറ്റലോണിയയിലെ ജനങ്ങള്‍ സ്‌പെയിനിലെ പ്രധാനമന്ത്രി മരിയാനോ റജോയുടെ നടപടികളില്‍ ക്ഷുഭിതരാണ്.
ജനാധിപത്യപരമായി തെരഞ്ഞെടുത്ത ഗവണ്‍മെന്റിന്റെ അവകാശങ്ങളുടെയും സ്വാതന്ത്ര്യങ്ങളുടെയും മേലുള്ള ഗുരുതരമായ ആക്രമണമെന്നാണ് അവരുടെ വാദം. കാറ്റലോണിയന്‍ സ്വാതന്ത്ര്യപ്രഖ്യാപനത്തെ എതിര്‍ത്തും അനുകൂലിച്ചും ലോകരാഷ്ട്രങ്ങള്‍ രംഗത്തെത്തി. കാറ്റലോണിയ സ്‌പെയിനിന്റെ ഒഴിച്ചുകൂടാനാവാത്ത ഭാഗമാണെന്നും തങ്ങളുടെ നല്ലൊരു സുഹൃദ്‌രാജ്യമാണു സ്‌പെയിനെന്നും അമേരിക്ക വ്യക്തമാക്കിയിട്ടുണ്ട്. ഫ്രാന്‍സും, ജര്‍മ്മനിയുമെല്ലാം സ്‌പെയിന്‍ ഭരണകൂടത്തിന് അനുകൂലമായ നിലപാടാണു കൈക്കൊണ്ടത്.
കാറ്റലോണിയന്‍ പ്രദേശത്തു നേരിട്ടു ഭരിക്കാന്‍ മരിയാനോ ഭരണകൂടം തീരുമാനിച്ചെങ്കിലും അതത്ര എളുപ്പമല്ല. ആരോഗ്യം, വിദ്യാഭ്യാസം, ആഭ്യന്തരം തുടങ്ങിയ പ്രധാനവകുപ്പുകളുടെ നിയന്ത്രണം കറ്റാലന്‍ ഭരണകൂടത്തിനാണ്. സ്വയംഭരണാധികാരം വിട്ടുകൊടുക്കാന്‍ കാറ്റലോണിയന്‍ ജനത തയാറാകില്ല. കേന്ദ്രസര്‍ക്കാരിനെ അനുസരിക്കാതിരിക്കാന്‍ കറ്റാലന്‍ അസംബ്ലി ഉദ്യോഗസ്ഥരോട് ആഹ്വാനം ചെയ്തു കഴിഞ്ഞു. ഭരണം അടിച്ചേല്‍പ്പിക്കാനുള്ള ശ്രമം ചെറുക്കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്.
കേന്ദ്രപൊലിസ് ശക്തിപ്രയോഗിച്ചാല്‍ വലിയ സംഘര്‍ഷങ്ങള്‍ക്കും സായുധ ഏറ്റുമുട്ടലിനും സാധ്യതയുണ്ട്. സാമ്പത്തികമായ ദുരിതം സൃഷ്ടിക്കാന്‍ അതിനുകഴിയും.
(ഓസ്‌ട്രേലിയയിലെ ഇന്ത്യന്‍ ടൈംസ് എഡിറ്ററാണ് ലേഖകന്‍)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."