വേര്‍പാടിന്റെ ഒരു വര്‍ഷം: കോട്ടുമല ബാപ്പു മുസ്‌ലിയാര്‍ ഇപ്പോഴും കൂടെയുള്ളപോലെ...
മരണപ്പെട്ട മഹാന്മാരെ ഓര്‍മിക്കല്‍ ഗുണകരമായ കാര്യമാണ്. അത് നമ്മുടെ ജീവിത നന്മകള്‍ക്ക് കാരണമാവുകയും ചെയ്യും. ബഹുമാനപ്പെട്ട കോട്ടുമല ബാപ്പു മുസ്‌ലിയാര്‍ നമ്മെ വിട്ടുപിരിഞ്ഞത് കഴിഞ്ഞ വര്‍ഷം ഇതേ ദിവസമായിരുന്നു. ഇന്നേക്ക് ഒരു വര്‍ഷം തികയുകയാണ്.
ജീവിതകാലത്ത് ചെയ്ത നന്മകളും സേവനങ്ങളും അദ്ദേഹത്തെ കൂടുതല്‍ സ്മരിക്കാന്‍ കാരണമാക്കിയിരിക്കുകയാണ്. വരക്കല്‍ മുല്ലക്കോയ തങ്ങള്‍ സ്ഥാപിച്ച സമസ്തയ്ക്കു വേണ്ടി ഹൃസ്വമായ ജീവിതകാലത്ത് ധാരാളം പ്രവര്‍ത്തിക്കാന്‍ സാധിക്കുകയും അതിന് പ്രത്യേകമായി ശ്രമിക്കുകയും ചെയ്ത മഹാനായിരുന്നു ബാപ്പു മുസ്‌ലിയാര്‍. അദ്ദേഹത്തിന്റെ പിതാവ് കോട്ടുമല അബൂബക്കര്‍ മുസ്‌ലിയാരും വല്യുപ്പ അബ്ദുല്‍ അലി കോമു മുസ് ലിയാരും ഭാര്യാപിതാവ് ചാപ്പനങ്ങാടി ബാപ്പു മുസ്‌ലിയാരും വലിയ മഹത്തുക്കളായിരുന്നു.
സൂഫികളും ഔലിയാക്കളുമായിരുന്നു. ആ മഹാത്മാക്കളുടെ വഴിയില്‍ തന്നെ അദ്ദേഹം ഉറച്ചുനിന്നു. ദീനിനും സമുദായത്തിനും ഒരുപാട് സേവനങ്ങള്‍ ചെയ്തു. സമസ്തയ്ക്കും സമുദായത്തിനും ഒരു ധൈര്യമായിരുന്നു അദ്ദേഹം. സമസ്തയിലെ തീരുമാനങ്ങള്‍ക്കും സമ്മേളനങ്ങള്‍ക്കും ഏത് പ്രധാന പരിപാടികള്‍ക്കും മുഖ്യ ഘടകമായിരുന്നു അദ്ദേഹം. അതൊക്കെ വിജയിപ്പിച്ചെടുക്കുന്നത് വരെ പിന്നെ വിശ്രമമുണ്ടാകാറില്ല.
ശംസുല്‍ ഉലമക്ക് ശേഷം സംഘടനയെ ശക്തിപ്പെടുത്തുന്നതിലും ഉമറലി ശിഹാബ് തങ്ങള്‍ക്ക് ശേഷം തീരുമാനങ്ങള്‍ കാര്യക്ഷമമാക്കുന്നതിലും അദ്ദേഹം മുഖ്യപങ്ക് വഹിച്ചിരുന്നു. കൂരിയാട് നടന്ന സമസ്ത 85ാം വാര്‍ഷികവും ആലപ്പുഴയില്‍ നടന്ന 90ാം വാര്‍ഷിക മഹാസമ്മേളനവും വന്‍ വിജയമാക്കുന്നതിലും സുപ്രഭാതം ദിനപത്രം യാഥാര്‍ഥ്യമാക്കുന്നതിലും അദ്ദേഹത്തിന്റെ വലിയ പരിശ്രമങ്ങള്‍ ഉണ്ടായിട്ടുണ്ട്. റബീഉല്‍ ആഖിര്‍ 11 നമുക്ക് പ്രധാനമായും രണ്ട് ഓര്‍മകളാണ് തരുന്നത്. ഇതേ ദിവസമായിരുന്നു മഹാനായ ഗൗസുല്‍ അഅ്‌ളം ശൈഖ് മുഹ്‌യിദ്ദീന്‍ അബ്ദുല്‍ ഖാദിര്‍ ജീലാനി (റ)വും വഫാത്തായത്. കോട്ടുമല ബാപ്പു മുസ്‌ലിയാരും ഇതേ ദിവസം തന്നെ വഫാത്തായി.
ഞങ്ങള്‍ തമ്മില്‍ ചെറുപ്പം മുതല്‍ തന്നെ പരിചയമുണ്ട്. 1972ല്‍ ബാപ്പു മുസ്‌ലിയാര്‍ പൊട്ടച്ചിറ അന്‍വരിയ്യ അറബിക് കോളജില്‍ പഠിക്കുന്ന കാലത്ത് ഞാന്‍ തിരൂരങ്ങാടി താഴെ ചെനക്കല്‍ ദര്‍സില്‍ പഠിക്കുകയായിരുന്നു. അവിടെ എന്റെ ഉസ്താദ് ഫിഖ്ഹിലും മറ്റു ഫന്നുകളിലും വലിയ അവഗാഹമുള്ള മഹാപണ്ഡിതന്‍ അബുല്‍ ബുശ്‌റ പി. കുഞ്ഞീന്‍ മുസ്‌ലിയാരായിരുന്നു. മുന്നിയൂരായിരുന്നു അവരുടെ നാട്. അന്ന് ബാപ്പു മുസ്‌ലിയാര്‍ ഞങ്ങളുടെ ദര്‍സില്‍ വന്ന രംഗം ഞാന്‍ ഓര്‍ക്കുകയാണ്. അദ്ദേഹത്തിന്റെ ബുദ്ധി സാമര്‍ഥ്യവും അറിവിനോടുള്ള അടങ്ങാത്ത അന്വേഷണ താല്‍പര്യവും അന്ന് ശരിക്കും എനിക്ക് മനസിലായി. കിതാബില്‍ വലിയ ശ്രദ്ധയായിരുന്നു. അദ്ദേഹം ഉസ്താദിനോട് ഒരു ചോദ്യം ചോദിച്ചു: 'അവിടെ പലരോടും ചോദിച്ചെങ്കിലും തൃപ്തികരമായ മറുപടി കിട്ടിയില്ല' എന്ന് പറഞ്ഞാണു ചോദ്യം. അപ്പോള്‍ ഉസ്താദ് ചോദിച്ചു: 'നിങ്ങളെ വാപ്പയോട് ചോദിച്ചില്ലേ...' 'ഇല്ല' എന്ന് പറഞ്ഞു. പിന്നീട് ഉസ്താദ് മറുപടി പറഞ്ഞുകൊടുത്തു.
ആ മറുപടിയെ കുറിച്ച് എന്നോട് പലപ്പോഴും ബാപ്പു മുസ്‌ലിയാര്‍ 'നല്ല ഒത്ത മറുപടിയാ'ണെന്നു പറഞ്ഞത് ഓര്‍ക്കുകയാണ്. ഉസ്താദ് എന്നോട് ബാപ്പു മുസ്‌ലിയാരെ കുറിച്ച് പറഞ്ഞിരുന്നു: 'ആ കുട്ടിയുടെ ചോദ്യം നല്ല ചോദ്യമായിരുന്നു. നല്ല കടുപ്പമുള്ള ചോദ്യം. നല്ലവണ്ണം കിതാബ് ശ്രദ്ധിക്കുന്ന കുട്ടികള്‍ക്കേ അങ്ങനെ ചോദിക്കാന്‍ കഴിയുകയുള്ളൂ.' അന്നു മുതലാണ് എനിക്ക് അദ്ദേഹത്തെ പരിചയവും അടുപ്പവുമാവുന്നത്.
പിന്നീട് പട്ടിക്കാട് ജാമിഅയില്‍ ഞാന്‍ ചേര്‍ന്നപ്പോള്‍ അദ്ദേഹം മുത്വവ്വലില്‍ പഠിക്കുകയായിരുന്നു. ഞാന്‍ ആറാം ക്ലാസിലാണു ചേര്‍ന്നത്. രണ്ടു വര്‍ഷം അവിടെ പഠിച്ചു.
എന്റെ പിതാവ് വന്ദ്യരായ സയ്യിദ് ഹുസൈന്‍ ജിഫ്‌രി പൂക്കുഞ്ഞിക്കോയ തങ്ങള്‍, കോട്ടുമല ഉസ്താദുമായി നല്ല പരിചയമായിരുന്നു. അതെല്ലാം ഞങ്ങള്‍ക്കിടയിലെ ബന്ധത്തെ ശക്തിപ്പെടുത്തി. പിന്നീട് സമസ്തയുടെ പ്രവര്‍ത്തനരംഗത്ത് വന്നപ്പോള്‍ അദ്ദേഹത്തിന്റെ കഴിവും മികവും നല്ലവണ്ണം മനസ്സിലാക്കാന്‍ കഴിഞ്ഞു. ഏതു വിഷയവും സധൈര്യം കൈകാര്യം ചെയ്യാന്‍ പ്രത്യേക സാമര്‍ഥ്യം അദ്ദേഹത്തിനുണ്ടായിരുന്നു. ഏല്‍പ്പിക്കപ്പെട്ട ഉത്തരവാദിത്തം വളരെ കൃത്യമായി അദ്ദേഹം നിര്‍വഹിച്ചിരുന്നു. മുശാവറ യോഗത്തില്‍ വന്നാല്‍ അദ്ദേഹം ഇടയ്ക്കുവച്ച് എഴുന്നേറ്റ് പോകുന്നത് ഞാന്‍ കണ്ടിട്ടില്ല. കൃത്യമായി എത്തും, എല്ലാം കഴിഞ്ഞിട്ടേ പോകുമായിരുന്നുള്ളൂ.
ഫത്വ്‌വാ കമ്മിറ്റിയില്‍ വന്നാലും അങ്ങനെയായിരുന്നു. അതിനായി വേറെ തിരക്കുകളൊന്നുമില്ലാത്ത ദിവസമായിരിക്കും കണ്ടെത്തുക. എന്തെങ്കിലും തിരക്ക് വന്നാലും അതു മാറ്റിവച്ച് അതില്‍ പങ്കെടുക്കാറുണ്ടായിരുന്നു. എല്ലാ ചര്‍ച്ചയും കഴിഞ്ഞാണ് അദ്ദേഹം മടങ്ങിയിരുന്നത്.
ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാരും അങ്ങനെത്തന്നെയായിരുന്നു. ഒരു കാര്യത്തിന് സമയം നിശ്ചയിച്ചുകഴിഞ്ഞാല്‍ അതു പൂര്‍ണമായും ആ കാര്യത്തിനു വേണ്ടി തന്നെ ചെലവഴിക്കും. എത്ര തിരക്കിനിടയിലാണെങ്കിലും ആ ഉത്തരവാദിത്തം പൂര്‍ണമായി നിറവേറ്റുക എന്ന നിര്‍ബന്ധബുദ്ധി അദ്ദേഹത്തിനുണ്ടായിരുന്നു. അദ്ദേഹത്തെ മികവുറ്റ സംഘാടകനാക്കിയതും ഈ ഗുണം തന്നെ.
സംഘടനാ പ്രവര്‍ത്തകരെയും കൂടെയുള്ളവരെയും സഹപ്രവര്‍ത്തകരെയും മറ്റും സന്തോഷിപ്പിക്കുന്നവിധം പെരുമാറാനുള്ള പ്രത്യേക കഴിവും സാമര്‍ഥ്യവും അദ്ദേഹത്തിനുണ്ടായിരുന്നു. കാര്യങ്ങളൊക്കെ പറയേണ്ടിടത്ത് തന്ത്രപൂര്‍വം പറഞ്ഞു മനസ്സിലാക്കിക്കൊടുത്ത് വിഷയങ്ങളൊക്കെ ഒരു തീര്‍പ്പിലെത്തിക്കാനും നല്ല കഴിവുണ്ടായിരുന്നു. പല കാര്യങ്ങളിലും മധ്യസ്ഥത വഹിക്കുമ്പോള്‍ എന്നേയും അതില്‍ കൂട്ടുമായിരുന്നു. നമ്മള്‍ രണ്ടാളും കൂടിയാല്‍ എന്തായാലും അത് ഒരു തീര്‍പ്പിലെത്തിക്കാമെന്ന് ചിലപ്പോള്‍ അദ്ദേഹം പറയാറുണ്ട്. മഹല്ലുകളിലോ സംഘടനയിലോ എന്തെങ്കിലും പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ചര്‍ച്ച ചെയ്യുമ്പോള്‍ 'തങ്ങളെയും വിളിക്കാം' എന്നുപറയുമായിരുന്നു.
കിതാബൊക്കെ എല്ലാ ഫന്നിലും വേണ്ടതു പോലെ കൈകാര്യം ചെയ്യാന്‍ പറ്റുന്ന ആളായിരുന്നു അദ്ദേഹം. കുട്ടികള്‍ക്ക് മനസിലാക്കിക്കൊടുക്കാനും പ്രത്യേക മിടുക്കായിരുന്നു. വാപ്പയെ പോലെ തന്നെ ആ വിഷയത്തിലൊക്കെ പ്രത്യേകം കഴിവുണ്ടായിരുന്നു. വാപ്പയ്ക്ക് എത്തിപ്പെടാന്‍ പറ്റാത്ത മേഖലകളില്‍ കൂടി അദ്ദേഹം ചെന്നെത്തി ഭംഗിയായി കൈകാര്യം ചെയ്തു എന്നത് വലിയ കാര്യമാണ്. വാപ്പ പ്രവര്‍ത്തിക്കാത്ത പല രംഗങ്ങളിലും അദ്ദേഹത്തിനു പ്രവര്‍ത്തിക്കാന്‍ അവസരമുണ്ടാവുകയും കഴിവ് തെളിയിക്കുകയും ചെയ്തു.
സമസ്തയുടെ മഹാന്മാരായ ഉസ്താദുമാരൊക്കെ നമുക്ക് കാണിച്ചുതന്ന സുന്നത്ത് ജമാഅത്തിന്റെ ആശയവും ആദര്‍ശവും എല്ലാ രംഗത്തും ഉറപ്പിച്ചുനിര്‍ത്തിയിരുന്നു. അതിലൊന്നും ചെറിയ വിട്ടുവീഴ്ചക്ക് പോലും അദ്ദേഹം ഒരുക്കമായിരുന്നില്ല. സമസ്തയുമായി ബന്ധപ്പെട്ട് തന്നെ പല രംഗത്ത് പ്രവര്‍ത്തിക്കുകയും നേതൃത്വം നല്‍കുകയും ചെയ്തു. എന്തെങ്കിലും കടപ്പാടുകൊണ്ടോ മറ്റോ ആദര്‍ശത്തില്‍ അദ്ദേഹത്തിനു വിട്ടുവീഴ്ച വരുത്തേണ്ടിവന്നില്ല. അതിനൊന്നും ഒരിക്കലും തയാറുമായിരുന്നില്ല. എവിടെയും ആദര്‍ശം തന്നെയായിരുന്നു വലുത്.
അദ്ദേഹത്തിന്റെ കാലഘട്ടത്തില്‍ നടന്ന രണ്ട് സമ്മേളനങ്ങള്‍ 85,90 എന്നിവ വളരെ ഭംഗിയായി വിജയിപ്പിക്കാന്‍ കഴിഞ്ഞു. നമ്മളൊക്കെ കൂടിക്കൊടുത്തെങ്കിലും അതിന്റെ പിന്നിലെ വലിയ പങ്ക് അദ്ദേഹം തന്നെയായിരുന്നു.
എതിര്‍ കക്ഷിക്കുപോലും വെറുപ്പ് തോന്നാത്തവിധം ഏതു പ്രശ്‌നവും പരിഹരിക്കാന്‍ ശ്രദ്ധിക്കുമായിരുന്നു. ഒപ്പമുള്ളവരെയൊക്കെ പ്രത്യേകം പരിഗണിക്കുന്ന സ്വഭാവം കാരണം എല്ലാവരുടെയും സ്‌നേഹം പിടിച്ചുപറ്റാന്‍ അദ്ദേഹത്തിനായി. പ്രായം കൂടിയവര്‍ക്കും സമപ്രായക്കാര്‍ക്കുമെല്ലാം അത് അനുഭവപ്പെട്ടതാണ്.
അങ്ങനെ അദ്ദേഹത്തെ കുറിച്ച് പറഞ്ഞാല്‍ ഇനിയും തീരാത്തതുപോലെയാണ്. മഹാനായ ഇമാംഅബൂഹനീഫ(റ)വിനെ കുറിച്ച് കവി പറഞ്ഞിട്ടുണ്ട്: 'അഇദ് ദിക്‌റ നുഅ്മാനിന്‍ ലനാ ഇന്ന ദിക്‌റഹു, ഹുവല്‍ മിസ്‌കു മാകര്‍റര്‍ത്തഹു യതളവ്വഉ' എന്നതുപോലെയാണ് ഇവിടെയും കാര്യമുള്ളത്. (അബൂഹനീഫ ഇമാമിനെ കുറിച്ച് ഇനിയും പറഞ്ഞുകൊണ്ടേയിരിക്കും. അദ്ദേഹത്തെ കുറിച്ച് പറയുക എന്നത് കസ്തൂരിയുടെ സുഗന്ധം പോലെയാണെനിക്ക്.
നീ മടക്കി മടക്കി ആവര്‍ത്തിച്ച് പറയുമ്പോഴൊക്കെയും അത് പരിമളം പരത്തിക്കൊണ്ടിരിക്കും. അത് ഞാന്‍ ആസ്വദിക്കട്ടെ). അല്ലാഹു ബാപ്പു മുസ്‌ലിയാരേയും നമ്മേയും സ്വര്‍ഗത്തില്‍ ഒരുമിച്ച് കൂട്ടട്ടെ, ആമീന്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."