ഹജ്ജ്: പഴുതടച്ച സുരക്ഷാ ക്രമീകരണം, ഒരുക്കങ്ങള്‍ അവസാന ഘട്ടത്തില്‍
മക്ക: ഈ വര്‍ഷത്തെ ഹജ്ജിന് മുന്നോടിയായി മക്കയിലും പുണ്യസ്ഥലങ്ങളിലും ഒരുക്കങ്ങള്‍ അവസാന ഘട്ടത്തില്‍. പഴുതടച്ച ക്രമീകരണങ്ങളാണ് ഒരുക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ ഏകീകൃത സുരക്ഷാ ഓപറേഷന്‍ സെന്റര്‍ മുഖേനയാണ് ക്രമീകരണങ്ങള്‍ സംവിധാനിച്ചിരിക്കുന്നത്. അത്യാഹിത ഘട്ടങ്ങളില്‍ വേണ്ട നടപടികള്‍ക്കായി മിനുറ്റുകള്‍ക്കകം സ്ഥലം വളഞ്ഞു ഓപ്പറേഷന്‍ നടത്താനുള്ള പദ്ധതികളും ആസൂത്രണം ചെയ്തിട്ടുണ്ട്.
നിരീക്ഷണത്തിനായി നൂതനമായ ക്യാമറകളാണ് ക്രമീകരിച്ചിട്ടുള്ളത്. ഏകീകൃത സുരക്ഷാ ഓപറേഷന്‍ സെന്ററിലാണ് മുഴുവന്‍ ക്യാമറയും ബന്ധിപ്പിച്ചിട്ടുള്ളത്. മക്ക, തായിഫ്, ജിദ്ദ നഗരങ്ങളിലും സുരക്ഷാ ഓപറേഷന്‍ സെന്റര്‍ കഴിഞ്ഞ ദിവസങ്ങളില്‍ പ്രവര്‍ത്തനം ആരംഭിച്ചതായി ആഭ്യന്തര മന്ത്രാലയം നാഷണല്‍ ഓപ്പറേഷന്‍ കമാന്‍ഡര്‍ മേജര്‍ ജനറല്‍ അബ്ദുറഹ്മാന്‍ അല്‍ സാലിഹ് വ്യക്തമാക്കി. പത്തു ദിവസത്തിനുള്ളില്‍ പൂര്‍ണ സജ്ജമാകുന്ന സുരക്ഷാ ക്രമീകരണങ്ങള്‍ക്ക് 911 എന്ന ഏകീകൃത എമര്‍ജന്‍സി നമ്പറും നിലവില്‍ വരും. അത്യാഹിത നമ്പറില്‍ ബന്ധപ്പെടുന്നവര്‍ക്ക് മക്കയിലെ കേന്ദ്രത്തില്‍ നിന്നാണ് മറുപടി ലഭിക്കുക.
ആരോഗ്യ മന്ത്രാലയം, റെഡ് ക്രസന്റ്, ജല വിതരണ കമ്പനി, വൈദ്യുത മന്ത്രാലയം, ട്രാന്‍സ്‌പോര്‍ട്ട് മന്ത്രാലയം തുടങ്ങി വിവിധ വകുപ്പുകളുടെ സഹകരണത്തോടെയാണ് സുരക്ഷാ കേന്ദ്രം പ്രവര്‍ത്തിക്കുന്നത്. അത്യാഹിത ഘട്ടങ്ങളില്‍ മാത്രമേ ഈ വകുപ്പുകളുടെ സഹായം തേടുകയുള്ളൂ.
അതെ സമയം, സുരക്ഷയുടെ ഭാഗമായി മിന, അറഫ, മുസ്ദലിഫ തുടങ്ങിയ പുണ്യ സ്ഥലങ്ങളില്‍ പാചക വാതക ഗ്യാസ് (എല്‍ പി ജി ) ഉപയോഗത്തിനുള്ള നിയന്ത്രണം കര്‍ശനമായി തുടരാന്‍ കിരീടവകാശിയും ആഭ്യന്തരമന്ത്രിയും സുപ്രീം ഹജ്ജ് കമ്മിറ്റി ചെയര്‍മാനുമായ മുഹമ്മദ് ബിന്‍ നായിഫ് രാജകുമാരന്‍ ഉത്തരവിട്ടു. പുണ്യ സ്ഥലങ്ങളിലെ കെട്ടിടങ്ങളിലും സര്‍ക്കാര്‍ വകുപ്പ് ക്യാംപുകളിലും പാചകവാതകത്തിന് വിലക്കുണ്ട്. ഇത് കര്‍ശനമായി തുടരനാണ് തീരുമാനം.
കടുത്ത ചൂട്; നിര്‍ജലീകരണം
ഒഴിവാക്കാന്‍ വെള്ളം കുടിക്കുന്നത്
വര്‍ധിപ്പിക്കണം
മക്ക: ഹജ്ജ് കടുത്ത ചൂടിലായതിനാല്‍ മുന്‍കരുതല്‍ സ്വീകരിക്കാന്‍ തീര്‍ഥാടകരോട് ഇന്ത്യന്‍ ഹജ്ജ് മിഷന്‍ അധികൃതര്‍ മുന്നറിയിപ്പു നല്‍കി. ചൂട് കഠിനമായി തുടരുന്നതിനാല്‍ നിര്‍ജലീകരണം ഉണ്ടാകുമെന്നും ഇത് തടയാനായി അധികമായി വെള്ളം കുടിക്കണമെന്നും ഇവര്‍ പറഞ്ഞു. ഇപ്പോള്‍ തന്നെ ഹാജിമാര്‍ ഡിസ്‌പെന്‍സറികളിലും ആശുപത്രികളിലും ചികിത്സ തേടിയെത്തുന്നവരില്‍ ഭൂരിഭാഗവും ശരീരത്തില്‍ ജലാംശം കുറഞ്ഞത് മൂലമുള്ള പ്രശ്‌നം മൂലമാണെന്ന് ഡോക്ടര്‍മാരുടെ സംഘം പറഞ്ഞു.
ഹാജിമാര്‍ക്കായി മികച്ച സംവിധാനങ്ങളാണ് ഇന്ത്യന്‍ ഹജ്ജ് മിഷന്‍ ഒരുക്കിയിട്ടുള്ളത്. എല്ലാവിധ സ്‌പെഷ്യാലിറ്റി ഡോകര്‍മാര്‍, അത്യാധുനിക ലാബുകള്‍, സ്‌കാനിംഗ് എക്‌സ്‌റേ സംവിധാനം തുടങ്ങിയ അത്യാധുനിക സംവിധാനമുള്ള ആശുപത്രിയാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. എങ്കിലും ഡയാലിസിസ്, സര്‍ജറി തുടങ്ങിയ കാര്യങ്ങള്‍ സഊദി ഗവണ്‍മെന്റ് ആശുപത്രിയിലാണ് കൈകാര്യം ചെയ്യുക. രണ്ട് കോടിയോളം രൂപ വില മതിക്കുന്ന അഞ്ഞൂറില്‍ പരം പ്രധാന മരുന്നുകളും ഇന്ത്യയില്‍ നിന്നും എത്തിച്ചിട്ടുണ്ട്. ആവശ്യ മരുന്നുകള്‍ ഇവിടെ നിന്നും വാങ്ങും.
ഹജ്ജ് ബസ് കമ്പനികള്‍ക്ക്
പുതിയ വിസ അനുവദിച്ചു
ജിദ്ദ: വിദേശ രാജ്യങ്ങളില്‍ നിന്നുള്ള ഹജ് തീര്‍ത്ഥാടകര്‍ക്ക് യാത്രാസൗകര്യം നല്‍കുന്ന ബസ് കമ്പനികളിലേക്ക് ഡ്രൈവര്‍മാരെ റിക്രൂട്ട് ചെയ്യുന്നതിന് തൊഴില്‍ സാമൂഹിക വികസന മന്ത്രാലയം 22,300 വിസകള്‍ അനുവദിച്ചു. ബസ് കമ്പനികളിലെ ജോലികള്‍ സ്വീകരിക്കുന്നതിന് സ്വദേശി യുവാക്കള്‍ മുന്നോട്ടുവരാത്തതിനെ തുടര്‍ന്നാണ് വിദേശ റിക്രൂട്ട്‌മെന്റിന് മന്ത്രാലയം വിസ അനുവദിച്ചത്.
ബസ് കമ്പനികളില്‍ ഡ്രൈവര്‍മാരായും ടെക്‌നീഷ്യന്മാരായും ജോലി ചെയ്യുന്നതിന് ആകെ 741 സഊദി യുവാക്കള്‍ ആണ് മുന്നോട്ടുവന്നത്. തീര്‍ത്ഥാടകര്‍ക്കുള്ള ബസുകളില്‍ ജോലി ചെയ്യുന്ന ഡ്രൈവര്‍മാര്‍ക്ക് സര്‍ക്കാര്‍ വകുപ്പുകളുമായി സഹകരിച്ച് പരിശീലനം നല്‍കും.
ഹജ്ജ് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ കമ്പനികളുടെ കൂട്ടായ്മയായ ജനറല്‍ കാര്‍സ് സിന്‍ഡിക്കേറ്റിനു കീഴിലെ മുഴുവന്‍ ബസുകളുടെയും സഞ്ചാരപഥം നിരീക്ഷിക്കുന്നതിന് ഈ വര്‍ഷം പുതിയ ഏകീകൃത ഇ പ്ലാറ്റ്‌ഫോം തയ്യാറാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."