ചികിത്സാ ബില്‍: ആരോപണങ്ങള്‍ അടിസ്ഥാന രഹിതമെന്ന് മന്ത്രിയുടെ ഓഫിസ്
തിരുവനന്തപുരം: മെഡിക്കല്‍ റീഇന്‍പേഴ്‌സുമെന്റുമായി ബന്ധപ്പെട്ട് ആരോഗ്യ മന്ത്രി കെ.കെ ശൈലജയ്‌ക്കെതിരേ ഉയര്‍ന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് മന്ത്രിയുടെ ഓഫിസ്.
മന്ത്രി പദവി ഉപയോഗിച്ച് ഭര്‍ത്താവിന്റെ ചികിത്സയ്ക്കുള്ള ധനസഹായം അനധികൃതമായി കൈപ്പറ്റിയെന്ന ആരോപണം വസ്തുതകള്‍ക്ക് നിരക്കാത്തതാണ്. നിയമപരമല്ലാത്ത ഒരു കാര്യംപോലും മെഡിക്കല്‍ റീഇന്‍പേഴ്‌സ്‌മെന്റിന്റെ പേരില്‍ നടത്തിയിട്ടില്ല. നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും വിധേയമായി മാത്രമാണ് അപേക്ഷ നല്‍കിയത്. ചട്ടപ്രകാരം മന്ത്രിമാര്‍ക്ക് ഭര്‍ത്താവ് അടക്കമുള്ള കുടുംബാംഗങ്ങളുടെ ചികിത്സാ സഹായം ഈടാക്കാം.
ഇതുപ്രകാരം പെന്‍ഷന്‍കാരുടെ ചികിത്സാ ചെലവ് റീഇന്‍പേഴ്‌സ്‌മെന്റ് നടത്തുന്നതിന് തടസമില്ല. മുന്‍ മുഖ്യമന്ത്രിയും മുന്‍ മന്ത്രിമാരും എല്ലാം ഇത്തരത്തില്‍ വിരമിച്ച സര്‍ക്കാര്‍ ജീവനക്കാരായ പങ്കാളികളുടെ പേരില്‍ ചികിത്സാപണം നിയമപരമായി ഈടാക്കിയിട്ടുണ്ട്. ഡോക്ടര്‍ നിര്‍ദേശിച്ചതിനെത്തുടര്‍ന്നാണ് കണ്ണടവാങ്ങിയത്. വ്യക്തിഹത്യ മാത്രം ഉദ്ദേശിച്ചുള്ള വാര്‍ത്തകള്‍ക്ക് പിന്നില്‍ ഗൂഢ ലക്ഷ്യമാണുള്ളതെന്നും മന്ത്രിയുടെ ഓഫിസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."