സിംഗിള്‍സ് സ്വര്‍ണം നിലനിര്‍ത്തി ചരിത്രമെഴുതി മുറെ
റിയോ ഡി ജനീറോ: ഒളിംപിക് ചരിത്രത്തില്‍ ടെന്നീസ് സ്വര്‍ണം നിലനിര്‍ത്തുന്ന ആദ്യ പുരുഷ താരം എന്ന ബഹുമതിയുമായി ബ്രിട്ടന്റെ ആന്‍ഡി മുറെ റിയോയിലും സുവര്‍ണ താരമായി. കഴിഞ്ഞ ലണ്ടന്‍ ഒളിംപിക്സിലെ സ്വര്‍ണം നിലനിര്‍ത്തിയ മുറെ ഫൈനലില്‍ അര്‍ജന്റീനയുടെ യുവാന്‍ മാര്ട്ടിന് ഡെല്‍പോട്രോയെയാണ് കീഴടക്കിയത്. സ്കോര്‍: 7-5, 4-6, 6-2, 7-5.
വെങ്കല പോരാട്ടത്തില്‍ ജപ്പാന്റെ കെയ് നിഷികോരി വിജയം നേടി. സ്പാനിഷ് താരം റാഫേല്‍ നദാലിനെ തോല്‍പ്പിച്ചാണ് നിഷികോരി വെങ്കലം നേടിയത്. സ്കോര്‍: 6-2 6-7 (1-7) 6-3.
--
400 മീറ്ററില്‍ ചാടി
സ്വര്‍ണമണിഞ്ഞ് ഷോണെ മില്ലര്‍
റിയോ ഡി ജനീറോ: വനിതകളുടെ 400 മീറ്ററില്‍ ബഹാമയുടെ ഷോണെ മില്ലര്‍ ഫിനിഷ് ചെയ്തത് കണ്ടപ്പോള്‍ ഇത് ഓട്ടമാണോ എന്നു പലരും സംശയിച്ചു കാണും. ഓടി ഫിനിഷ് ചെയ്യേണ്ടതിനു പകരം താരം ചാടിയാണ് മാര്‍ക്ക് പിന്നിട്ടത്. എന്തായാലും മിനക്കെട്ടതിനു ഫലവും കിട്ടി. സ്വര്‍ണം തന്നെ. വനിതകളുടെ 400 മീറ്ററിലാണ് മില്ലറുടെ നാടകീയ പ്രകടനം.
തൊട്ടുപിന്നാലെയെത്തിയ അമേരിക്കയുടെ അല്ലിസന് ഫെലിക്സിനെ മറികടക്കാനായാണ് മില്ലര്‍ ഈ സാഹസികതയ്ക്ക് ഒരുമ്പെട്ടത്. സംഗതി ഏറ്റു. ഫെലിക്സിനു വെള്ളി കൊണ്ടു തൃപ്തയാകേണ്ടി വന്നു. മില്ലര്‍ 49.44 സെക്കന്‍ഡിലും ഫെലിക്സ് 49.51 സെക്കന്‍ഡിലും ഫിനിഷ് ചെയ്തു. ജമൈക്കയുടെ ഷെറിക്ക ജാക്സനാണ് വെങ്കലം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."