ദേശീയ മെഡിക്കല്‍ കമ്മിഷന്‍ ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചു
ന്യൂഡല്‍ഹി: മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയെ (എം.സി.ഐ) പിരിച്ചുവിട്ട് ദേശീയ മെഡിക്കല്‍ കമ്മിഷന്‍ രൂപീകരിക്കുന്നതിനുള്ള ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചു. ദേശീയ മെഡിക്കല്‍ കമ്മിഷന്‍ ബില്‍ 2017 എന്ന പേരില്‍ കേന്ദ്ര ആരോഗ്യ മന്ത്രി ജെ.പി.നഡ്ഡയാണ് ഇന്നലെ ബില്ല് അവതരിപ്പിച്ചത്. നടപ്പ് സമ്മേളനത്തില്‍ തന്നെ ചര്‍ച്ച ചെയ്ത് ബില്‍ പാസാക്കാനാണ് സര്‍ക്കാരിന്റെ ശ്രമം. കരട് ബില്ലിന് കേന്ദ്രമന്ത്രിസഭാ യോഗം നേരത്തെ അംഗീകാരം നല്‍കിയിരുന്നു. ബില്‍ പാസാകുന്നതോടെ 1956ലെ ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ നിയമം ഇല്ലാതാകും.
കഴിഞ്ഞവര്‍ഷം ഓഗസ്റ്റില്‍ നീതി ആയോഗ് ആണ് മെഡിക്കല്‍ കമ്മിഷന്‍ രൂപീകരിക്കണമെന്ന് ശുപാര്‍ശ ചെയ്ത റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. തുടര്‍ന്ന് റിപ്പോര്‍ട്ട് പരിശോധിച്ച മന്ത്രിതല സമിതിയാണ് കരട് ബില്ലിന് അന്തിമ രൂപം നല്‍കിയത്.
നിയമം പ്രാബല്യത്തില്‍ വന്നാല്‍ മെഡിക്കല്‍ കോഴ്‌സുകളുടെ പ്രവേശനത്തിനുള്ള അഖിലേന്ത്യാ നീറ്റ് പരീക്ഷയുടെ മേല്‍നോട്ടം കമ്മിഷന്‍ ഏറ്റെടുക്കും. ഇതിന് പുറമേ മെഡിക്കല്‍ ബിരുദം നേടിയവര്‍ക്ക് ചികിത്സ നടത്തുന്നതിന് പ്രത്യേക പരീക്ഷയും നടപ്പാക്കും. പ്രാക്ടീസ് നടത്തുന്നതിനുള്ള പരീക്ഷ പി.ജി കോഴ്‌സുകള്‍ക്കുള്ള പ്രവേശന പരീക്ഷയായി കണക്കാക്കാനും ബില്ലില്‍ വ്യവസ്ഥയുണ്ട്. ബിരുദ കോഴ്‌സുകള്‍ക്കുള്ള മെഡിക്കല്‍ബോര്‍ഡ്, ബിരുദാനന്തര കോഴ്‌സുകള്‍ക്കുള്ള മെഡിക്കല്‍ ബോര്‍ഡ്, നാഷണല്‍ അസസ്‌മെന്റ് ആന്‍ഡ് അക്രഡിറ്റേഷന്‍ ബോര്‍ഡ്, ദേശീയ മെഡിക്കല്‍ രജിസ്‌ട്രേഷന്‍ ബോര്‍ഡ് എന്നീ ബോര്‍ഡുകള്‍ കമ്മിഷന് കീഴിലുണ്ടാകും.
ആരോഗ്യ മേഖലയിലെ മാറ്റങ്ങള്‍ അവലോകനം ചെയ്ത് മാര്‍ഗരേഖ തയ്യാറാക്കുക, മെഡിക്കല്‍ വിദ്യാഭ്യാസ രംഗത്തെ നിയന്ത്രിക്കുന്നതിനുള്ള നയങ്ങള്‍ രൂപീകരിക്കുക, ബോര്‍ഡുകളുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കുക തുടങ്ങിയവയാണ് കമ്മിഷന്റെ പ്രധാന ദൗത്യങ്ങള്‍. ബോര്‍ഡുകളുടെ തീരുമാനങ്ങളില്‍ അപ്പീല്‍ അതോറിറ്റിയും കമ്മിഷനായിരിക്കും. മെഡിക്കല്‍ കമ്മിഷന് ഉപദേശം നല്‍കാന്‍ മെഡിക്കല്‍ ഉപദേശക സമിതിയും നിലവില്‍ വരും. എല്ലാ സംസ്ഥാനങ്ങളുടെയും പ്രതിനിധികള്‍ അടങ്ങുന്നതാണ് സമിതി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."