വാഹനാപകടത്തില്‍ മരിച്ച മലയാളികളുടെ ആശ്രിതര്‍ക്ക് ഒരു കോടി രൂപ നഷ്ട പരിഹാരം
തബൂക്ക്: വാഹനാപകടത്തില്‍ മരിച്ച തൃശൂര്‍ സ്വദേശികളായ രണ്ടുപേരുടെ ആശ്രിതര്‍ക്ക് ഒരു കോടി രൂപ ( 3 ലക്ഷം റിയാല്‍ )വീതം നഷ്ടപരിഹാരം. തബൂക്കില്‍ ആസ്ട്ര കമ്പനിയില്‍ ഡ്രൈവറായിരുന്ന തൃശൂര്‍ സ്വദേശികളായ ഷാരോണിന്റെ (28) കുടുംബത്തിനും സെബിയുടെ(36) കുടുംബത്തിനും ഇന്‍ഷുറന്‍സ് കമ്പനി 3 ലക്ഷം റിയാല്‍ വീതം (ഒരു കോടി രൂപ ) നഷ്ടപരിഹാരം നല്‍കി. നാലുവര്‍ഷം മുന്‍പാണ് കേസിനാസ്പദമായ സംഭവം നടന്നത്. തബൂക്കിലെ ആസ്ട്ര ഫാമില്‍നിന്നുള്ള പൂക്കളുമായി പോകുന്ന വാഹനത്തിലെ ഡ്രൈവര്‍മാരായിരുന്നു ഇരുവരും.
2013 ജനുവരി 13നു തബൂക്കില്‍നിന്നു പൂക്കളുമായി പോവുന്നതിനിടെ ജിദ്ദക്കടുത്ത റാബിക്കിലാണ് അപകടമുണ്ടായത്. റോഡുപണി നടക്കുന്നതിനാല്‍ റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന റോഡ് റോളറിന്റെ പിറകില്‍ ഇടിച്ചു ഷാരോണ്‍ തല്‍ക്ഷണം മരണപ്പെടുകയായിരുന്നു. ഇതോടെ സെബി മാനസികമായി തളരുകയും ഇനി ജോലിചെയ്യാന്‍ സാധിക്കില്ലെന്ന് പറഞ്ഞ് ജോലിയില്‍നിന്നും മൂന്നുമാസം വിട്ടുനിന്നു. തുടര്‍ന്ന് സെബിയുടെ മാനസികനില തിരിച്ചുവന്നപ്പോള്‍ ജോലിക്കിറങ്ങുകയും മെയ്മാസം ഒന്നാം തിയതി ആദ്യട്രിപ്പുമായി ജിദ്ദയിലേക്കുപോകുംവഴി റാബിക്കില്‍ വെച്ചുതന്നെ സെബിയുടെ വാഹനവും റോഡില്‍ നിര്‍ത്തിയിട്ടിരുന്ന ടിപ്പറിന് പിറകില്‍ ഇടിച്ചു തല്‍ക്ഷണം മരിക്കുകയായിരുന്നു.
എന്നാല്‍ ഡ്രൈവിങ്ങിനിടെ ഉറങ്ങിപ്പോയി മാറ്റുവാഹനത്തിന്റെ പിറകിലിടിച്ചതാണെന്നും പറഞ്ഞു ഇന്‍ഷുറന്‍സ് കമ്പനി നഷ്ടപരിഹാരം കൊടുക്കാതെ കേസ് തള്ളുകയായിരുന്നു.
പിന്നീടങ്ങോട്ട് കമ്പനി അധികാരികളും തബൂക്ക് സ്‌കൂള്‍ മാനേജിങ് കമ്മിറ്റി ചെയര്‍മാനും സാമൂഹിക പ്രവത്തകനുമായ ഷാബു ഹബീബും നീണ്ട നാലുവര്‍ഷത്തെ നിയമ യുദ്ധം നടത്തിയതിനൊടുവിലാണ് ഇന്‍ഷുര്‍ കമ്പനി ഓരോരുത്തര്‍ക്കും മൂന്നു ലക്ഷം റിയാല്‍ വീതം നല്‍കാന്‍ വിധിയുണ്ടായത്.
അടുത്ത ദിവസംതന്നെ ഇവരുടെ കുടുംബത്തിനുള്ള ചെക്ക് ജിദ്ദ കോണ്‍സുലേറ്റിനു കൈമാറുമെന്ന് കമ്പനിയുടെ ബന്ധപ്പെട്ടവര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."