പര്‍വേസ് മുഷറഫ് ഭീരുവാണെന്ന് നവാസ് ശരീഫ്
ഇസ്‌ലാമാബാദ്: പാക് മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫ് ഭീരുവാണെന്നും കുറ്റകൃത്യങ്ങള്‍ ചെയ്ത് സ്വയം രാജ്യംവിട്ട അദ്ദേഹത്തെ രാജ്യത്തെ നീതിപീഠം തിരികെ കൊണ്ടുവരണമെന്നും മുന്‍ പ്രധാനമന്ത്രി നവാസ് ശരീഫ്.
ഭീരുവായതിനാലാണ് മുഷറഫ് രാജ്യം വിട്ടത്. ധൈര്യമുണ്ടെങ്കില്‍ അദ്ദേഹം രാജ്യത്തേക്ക് മടങ്ങി കേസുകള്‍ നേരിടണം. രാജ്യത്തെ ഭരണഘടന അസാധുവാക്കിയതിനാല്‍ മുഷറഫിനെ ശിക്ഷിക്കണമെന്ന് നവാസ് ശരീഫ് പറഞ്ഞു. രാജ്യദ്രോഹിയായ അദ്ദേഹത്തെ നീതിക്ക് മുന്നില്‍ ഹാജരാക്കണം. മോഷം ആരോഗ്യ കാരണം പറഞ്ഞാണ് ഈ ഭീരു രാജ്യത്തിന്റെ പുറത്ത് താമസിക്കുന്നത്. കോടതിയില്‍ ഇത്തരത്തിലുള്ള രാജ്യ ദ്രോഹികളെ കൊണ്ടുവരണമെന്ന് നവാസ് പറഞ്ഞു.
ബേനസീര്‍ ഭൂട്ടോയുടെ കൊലപാതകത്തില്‍ മുഷറഫിന് പങ്കുണ്ടെന്ന പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടി ചെയര്‍മാന്‍ ബിലാവല്‍ ഭൂട്ടോ കഴിഞ്ഞ ദിവസം ആരോപണം ഉന്നിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് നവാസിന്റെ പ്രതികരണം. തന്റെ സര്‍ക്കാരുമായി സഹകരിച്ചില്ലെങ്കില്‍ സുരക്ഷ പിന്‍വലിക്കുമെന്ന് ബേനസീര്‍ ഭൂട്ടോവിനോട് മുഷറഫ് നേരിട്ട് പറഞ്ഞിരുന്നുവെന്ന് ബിലാവല്‍ ഭൂട്ടോ പറഞ്ഞിരുന്നു.
2007 നവംബറില്‍ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനു മുഷറഫിനെതിരേ നിലവില്‍ രാജ്യദ്രോഹ കുറ്റമുണ്ട്. വിജാരണ നേരിട്ട് കുറ്റം തെളിയിക്കപ്പെടുകയാണെങ്കില്‍ മുഷറഫിന് വധശിക്ഷ വരെ ലഭിക്കാം.
1999ല്‍ പാകിസ്താനില്‍ നടന്ന പട്ടാള അട്ടിമറിയെ തുടര്‍ന്നാണ് മുഷറഫ് അധികാരത്തിലെത്തുന്നത്. നിലവില്‍ ദുബൈയില്‍ ജീവിക്കുന്ന അദ്ദേഹം ചികിത്സാ ആവശ്യമെന്ന് പറഞ്ഞാണ് രാജ്യം വിട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."