യു.എസിന്റെ ഏകപക്ഷീയ ഇടപെടലുകള്‍ അനുവദിക്കില്ലെന്ന് പാകിസ്താന്
ഇസ്ലാമാബാദ്: യു.എസ് സൈന്യത്തിന്റെ ഏകപക്ഷീയ ഇടപെടലുകള്‍ക്കെതിരേ പാക് സൈന്യം രംഗത്ത്. തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് യു.എസ് നടത്തുന്ന ഇടപെടലിനെതിരേയാണ് സൈന്യം വിമര്‍ശനം ഉന്നയിച്ചത്. ഞങ്ങള്‍ പരമാവധി ത്യാഗം ചെയ്തു. സമ്പത്തും മനുഷ്യ ജീവനും പകരമായി നല്‍കേണ്ടിവന്നു. എന്നാല്‍ ദൗര്‍ഭാഗ്യത്തിന് യു.എസില്‍ നിന്ന് ഏകപക്ഷീയ ഇടപെടലുകളാണുള്ളതെന്നും ഇത് അനുവദിക്കില്ലെന്നും പാക് സൈനിക വക്താവ് മേജര്‍ ആസിഫ് ഗഫൂര്‍ പറഞ്ഞു.
റാവല്‍പിണ്ടിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹഖാനി ഉള്‍പ്പെടെയുള്ള തീവ്രവാദ സംഘടനകള്‍ക്കെതിരേ വിവേചനമില്ലാതെ പാകിസ്താന് നടപടിയെടുത്തെന്നും ഇതിനെ തുടര്‍ന്നുള്ള അനന്തരഫലങ്ങള്‍ തങ്ങള്‍ അനുഭവിക്കുന്നുണ്ട്. രാജ്യത്തിന്റെ താല്പര്യമനുസരിച്ച് തീവ്രവാദികള്‍ക്കെതിരേ പോരാടുമെന്നും മറ്റൊരു രാജ്യത്തിന്റെ ആഗ്രഹങ്ങളെ മുന്‍ നിര്‍ത്തിയല്ല പോരാട്ടമെന്നും അദ്ദേഹം പറഞ്ഞു.
പാകിസ്താന് തീവ്രവാദികള്‍ക്ക് അഭയമൊരുക്കുന്ന കേന്ദ്രമാണെന്നും നേരത്തെ യു.എസ് വിമര്‍ശിച്ചിരുന്നു. തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ പാകിസ്താന് കൂടുതല്‍ ആത്മാര്‍ഥത കാണിക്കണമെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി റെക്സ് ടില്ലേഴ്സണ് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."