കണ്ണൂര്‍ അക്രമം: മുഖ്യമന്ത്രി സര്‍വകക്ഷി യോഗം വിളിക്കണമെന്ന് കോണ്‍ഗ്രസ്
കണ്ണൂര്‍: കണ്ണൂരില്‍ തുടരുന്ന അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി ഇടപെട്ട് സര്‍വകക്ഷി യോഗം വിളിക്കണമെന്ന് ഡി.സി.സി പ്രസിഡന്റ് സതീശന് പാച്ചേനി വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. കണ്ണൂരില്‍ കോണ്‍ഗ്രസും ഇരകളാണ്. എന്നിട്ടും കഴിഞ്ഞ ദിവസം കലക്ടര്‍ സി.പി.എം, ആര്.എസ്.എസ് നേതാക്കളെ മാത്രം വിളിച്ചാണ് ചര്‍ച്ച നടത്തിയത്.
പയ്യന്നൂരില്‍ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റിനെ വെട്ടി ഗുരുതരമായി പരുക്കേല്‍പ്പിച്ചു. നടുവിലും മറ്റും ലീഗ് പ്രവര്‍ത്തകരെയും സി.പി.എമ്മുകാര്‍ അക്രമിച്ചു. തങ്ങള്‍ക്കു പറയാനുള്ളത് കേള്‍ക്കാന്‍ ജില്ലാ ഭരണകൂടം തയാറായില്ല.
ആരാണ് കോണ്‍ഗ്രസിനെ ചര്‍ച്ചയില്‍ നിന്നും മാറ്റി നിര്‍ത്താന്‍ ആവശ്യപ്പെട്ടതെന്ന് കലക്ടര്‍ വ്യക്തമാക്കണം.
ചര്‍ച്ചയില്‍ എന്ത് ഉറപ്പാണ് ഇരു പാര്‍ട്ടി നേതാക്കളും നല്‍കിയതെന്നും അദ്ദേഹം ചോദിച്ചു. സമാധാനയോഗത്തിനു ശേഷവും അക്രമം തുടരുകയായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."