മുത്വലാഖ് ബില്‍: മൗലികാവകാശ ലംഘനവും അപ്രായോഗികവുമാണെന്ന് സമസ്ത
കോഴിക്കോട്: പാര്‍ലമെന്റില്‍ അവതരിപ്പിച്ച മുസ്‌ലിം വനിത (വിവാഹ അവകാശ സംരക്ഷണ) ബില്‍ മൗലികാവകാശ ലംഘനത്തിന്റെ തുടര്‍ച്ചയും അപ്രായോഗികവുമാണെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്്‌രി മുത്തുക്കോയ തങ്ങള്‍, ജന. സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ എന്നിവര്‍ പറഞ്ഞു.
മുത്വലാഖ് ഇസ്‌ലാമികമാണ്. ഇക്കാര്യം സുപ്രിംകോടതി ജഡ്ജിമാരായ ജ.ഖേഹാറും ജ. നസീറും സമ്മതിച്ചതാണ്. അതേ ബഞ്ചിലുണ്ടായിരുന്ന ജ. കുര്യന്‍ ജോസഫ് നടത്തിയ ഗവേഷണത്തില്‍ മുത്വലാഖ് ഇസ്‌ലാമികമാണെന്ന് അദ്ദേഹത്തിന് കണ്ടെത്താന്‍ സാധിക്കാതെ പോയതാണ് നിയമനിര്‍മാണത്തിലേക്ക് നയിച്ചത്. ഇസ്‌ലാമികമാണെന്ന് ജ. കുര്യന്‍ ജോസഫും പറഞ്ഞിരുന്നെങ്കില്‍ നിയമനിര്‍മാണത്തിന്റെ ആവശ്യം ഉയരില്ലായിരുന്നു.
മുത്വലാഖ് ഇസ്‌ലാമികമാണെന്ന് തെളിയിക്കാനുള്ള അവസരം മുസ്‌ലിം പണ്ഡിതന്മാര്‍ക്ക് നല്‍കിയിട്ടില്ല. മതനിയമമനുസരിച്ച് ജീവിക്കാനുള്ള അവകാശ സ്വാതന്ത്ര്യത്തിനെതിരേയുള്ള കടന്നു കയറ്റമാണിത്. മുത്വലാഖ് ചൊല്ലിയാല്‍ ഒരു ത്വലാഖ് സംഭവിക്കുമോ അല്ലെങ്കില്‍ തീരെ സംഭവിക്കില്ലേ എന്ന് നിര്‍ണയിക്കാനാണ് സുപ്രിംകോടതി അഭിപ്രായപ്പെട്ടത്.
അത് മറികടന്ന് പാര്‍ലമെന്റിലെ ഭൂരിപക്ഷം ഉപയോഗിച്ച് ക്രിമിനല്‍ കുറ്റമാക്കാനുള്ള നീക്കം ദുരുദ്ദേശപരമാണ്. ജയിലിലടക്കപ്പെട്ട ഭര്‍ത്താവ് ചെലവിന് കൊടുക്കണമെന്ന നിര്‍ദേശം തികച്ചും അപ്രായോഗികമാണ്. ഇത്തരം നിയമങ്ങള്‍ കുടുംബ കലഹങ്ങള്‍ വര്‍ധിപ്പിക്കാനാണ് ഉപകരിക്കുകയെന്നും നേതാക്കള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."