ദേശീയ യൂത്ത് ഫുട്ബോള്‍: എം.എസ്.പിക്ക് വിജയത്തുടക്കം; കടത്തനാടിന് തോല്‍വി
മലപ്പുറം: മുംബൈയില്‍ ആരംഭിച്ച റിലയന്‍സ് ഫൗണ്ടേഷന് യൂത്ത് സ്പോര്‍ട്സ് ദേശീയ ഫുട്ബോള്‍ ടൂര്‍ണമെന്റിന്റെ ആദ്യ ലീഗ് മത്സരത്തില്‍ മലപ്പുറം എം.എസ്.പി ഹയര്‍ സെക്കന്‍ഡറി സ്കൂളിന് വിജയം. അതേസമയം പെണ്‍കുട്ടികളില്‍ കേരളത്തിന്റെ പ്രതിനിധികളായ കോഴിക്കോട് പുറമേരി രാജാസ് ഹൈസ്കൂളിന് ആദ്യ മത്സരത്തില്‍ തന്നെ തോല്‍വി വഴങ്ങേണ്ടി വന്നു. കൊച്ചിയില്‍ നടന്ന കേരള സോണ്‍ മത്സരങ്ങളില്‍ വിജയികളായാണ് എം.എസ്.പിയും കടത്തനാട് രാജാസും ദേശീയ ചാംപ്യന്‍ഷിപ്പിന് യോഗ്യത നേടിയത്.
ജൂനിയര്‍ ബോയ്സ് വിഭാഗം മത്സരത്തില്‍ ഗോവയില്‍ നിന്നുള്ള അവര്‍ ലേഡി റോസരി സ്കൂളിനെ ഏകപക്ഷീയമായ ഒരു ഗോളിന് എം.എസ്.പി കീഴടക്കി. കളിയുടെ 21ാം മിനുട്ടില്‍ ഷിഖില്‍ എന്‍.എസ് എം.എസ്.പിയുടെ വിജയ ഗോള്‍ നേടി.
സ്കൂള്‍ ഗേള്‍സ് വിഭാഗത്തില്‍ ഷില്ലോങില്‍ നിന്നുള്ള ഉംത്ലി സെക്കന്‍ഡറി സ്കൂളിനോട് ഒന്നിനെതിരേ എട്ട് ഗോളുകള്‍ക്കാണ് കടത്തനാട് തോറ്റത്. അശ്വതി വര്‍മയാണ് കടത്തനാടിന്റെ ആശ്വാസ ഗോള്‍ നേടിയത്. ടൂര്‍ണമെന്റില്‍ ഇനി രണ്ട് മത്സരങ്ങള്‍ കൂടിയാണ് ഇരു ടീമുകള്‍ക്കും ബാക്കിയുള്ളത്. എം.എസ്.പിക്ക് ഒരു മത്സരം ജയിച്ചാല്‍ സെമി ഫൈനലിന് യോഗ്യത നേടാനാകും. തോറ്റെങ്കിലും അവശേഷിക്കുന്ന രണ്ട് മത്സരങ്ങള്‍ ജയിച്ചാല്‍ കടത്തനാടിനും സെമിയില്‍ പ്രവേശിക്കാനാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."