ലഹരി 'ലഹരി'യാവുമ്പോള്‍
ലഹരിയുമായി ബന്ധപ്പെട്ട സംഭവങ്ങള്‍ നിത്യേന പത്രവാര്‍ത്തയാവുകയും ലഹരിവസ്തുക്കള്‍ നാടിന്റെ ശാപമാവുകയും ചെയ്ത കാലമാണിത്. ലഹരിയുടെ വ്യാപനത്തിന്റെ അപകടം പൊതുസമൂഹത്തിന്, പ്രത്യേകിച്ചു യുവസമൂഹത്തിനു ബോധ്യമായിട്ടുണ്ടോ .സംശയം തോന്നുന്ന മട്ടില്‍ അത്ര ലാഘവത്തോടെയാണു പലരും ലഹരിക്ക് അടിപ്പെടുന്നത്. ലഹരി നമ്മുടെ സാമൂഹികഘടനയില്‍ ഗുരുതരമായ പരുക്കാണ് ഏല്‍പ്പിച്ചുകൊണ്ടിരിക്കുന്നത്.
ലഹരിവസ്തുക്കള്‍ കൈകാര്യം ചെയ്യുന്ന അധോലോകം സങ്കല്‍പ്പിക്കാനാവുന്നതിനേക്കാള്‍ ശക്തമാണിന്ന്. ഓരോ ഗ്രാമവും ഓരോ വീടും നേരിട്ടോ അല്ലാതെയോ ലഹരിയുടെ ഇരകളായി മാറുകയാണ്. മദ്യത്തിനു പുറമെ കഞ്ചാവ്, ഹാഷിഷ്, ചരസ്, മരിജുവാന, ഭാംഗ്, ബ്രൗണ്‍ഷുഗര്‍, ഹെറോയിന്‍, മോര്‍ഫിന്‍, പെത്തഡിന്‍, എല്‍.എസ്.ഡി, നൈട്രോസെവാം, മെസ്‌ക്കുലിന്‍ ഫെന്‍, സെക്ലിഡെന്‍, കൊക്കെയ്ന്‍, അംഫിറ്റ് മിന്‍സ്, അല്‍പ്രസോളം, ഡെലോസിസ്, പെര്‍ക്കോഡിന്‍, ഡയസിപാം, മെത്തഡോണ്‍, കോഡിന്‍ തുടങ്ങി ലഹരിവസ്തുക്കള്‍ ഇന്നു സുലഭമാണ്. ഇതില്‍പലതും രോഗചികിത്സയില്‍ മരുന്നായി ഉപയോഗിക്കപ്പെടുന്നവ കൂടിയാണ്.
പണ്ടേയ്ക്കുപണ്ടേ ലഹരിക്കായി വ്യാപകമായി ഉപയോഗിക്കുന്ന മദ്യത്തിന്റെ ദൂഷ്യഫലം അറിഞ്ഞാലും ബോധ്യപ്പെടാത്തവരാണു മലയാളികള്‍. ജീവിതത്തില്‍ ഒരിക്കലേയ്ക്കു മാത്രമെന്ന പേരില്‍ മദ്യം ഉപയോഗിച്ചവരില്‍ 20 ശതമാനംപേര്‍ കാലാന്തരത്തില്‍ മദ്യാസക്തരോഗികളായി മാറുന്നുവെന്നാണു കണക്ക്. സോഷ്യല്‍ ഡ്രിങ്കേഴ്‌സ് എന്ന പേരില്‍ അറിയപ്പെടുന്നവര്‍ മദ്യപാനം ഫാഷനായി കരുതുന്നവരാണ്. എന്നാല്‍, മദ്യാസക്തരോഗികളെ സമൂഹം അങ്ങേയറ്റം വെറുപ്പോടെയാണു കാണുന്നതെന്നും തങ്ങളും ആ രോഗാവസ്ഥയിലേയ്ക്കു വഴുതിവീഴാന്‍ സാധ്യത കൂടുതലാണെന്നും അവര്‍ ചിന്തിക്കുന്നില്ല.
നിര്‍ബന്ധത്തിനു വഴങ്ങിയോ സൗഹൃദത്തിനോ കൗതുകത്തിനോ ഒരു കവിള്‍ മദ്യം രുചിച്ചു തുടങ്ങുന്നവരില്‍ അഞ്ചിലൊരാള്‍ പില്‍ക്കാലത്തു തിരിച്ചുവരാന്‍ കഴിയാത്തവിധം മദ്യാസക്തരോഗികളാകുന്നുണ്ട്. സിനിമ, സീരിയല്‍ തുടങ്ങിയവയിലെ നായകന്മാരും മറ്റും അന്തസ്സിന്റെ അടയാളമായി മദ്യം ഉപയോഗിക്കുന്നതും കാണുന്നവരില്‍ പലര്‍ക്കും ആ പാതയിലേയ്ക്കു വരാനുള്ള ത്വര കൂടുതലായിരിക്കും.
വിശേഷദിവസങ്ങളില്‍ 47 ലക്ഷം കേരളീയര്‍ മദ്യം ഉപയോഗിക്കുന്നു. കേരളത്തില്‍ 17 ലക്ഷം പേര്‍ മദ്യമില്ലാതെ ഉറങ്ങാന്‍ കഴിയാത്ത രോഗാവസ്ഥയിലെത്തിയവരാണ്. വിദേശമദ്യവില്‍പ്പന ഇന്ത്യയില്‍ 8 ശതമാനംവീതം വര്‍ധിക്കുമ്പോള്‍ കേരളത്തില്‍ വര്‍ധനവിന്റെ തോത് 20 ശതമാനമാണ്. കൊലപാതകങ്ങളില്‍ 84 ശതമാനവും ബലാത്സംഗങ്ങളില്‍ 65 ശതമാനവും മോഷണക്കേസുകളില്‍ 67 ശതമാനവും മദ്യവുമായി ബന്ധപ്പെട്ടവയാണ്. പീഡനസംഭവങ്ങളില്‍ ധാര്‍മികതയുടെ അതിരു ലംഘിക്കാന്‍ പീഡകന്റെ മനസ്സിനെ പ്രാപ്തമാക്കുന്നതു ലഹരിയാണ്.
ഓണം, വിഷു, ക്രിസ്മസ്, കല്യാണം, പുതുവര്‍ഷം, ജന്മദിനം, മരണദിനം തുടങ്ങി എല്ലാറ്റിനും മദ്യത്തിന്റെ ഉപയോഗസൂചിക ഉയര്‍ന്നുകൊണ്ടിരിക്കുന്നു. കേവലം 3.1 ശതമാനം ജനസംഖ്യയുള്ള കേരളം ഇന്ത്യയിലെ 12 ശതമാനം റോഡപകടങ്ങള്‍ക്കും വേദിയാകാന്‍ ഇടയാകുന്നതിലെ വില്ലനും മദ്യമാണ്. 50 ശതമാനം ആത്മഹത്യയ്ക്കും മുഖ്യഹേതു മദ്യമാണെന്നു കണക്കുകള്‍ സൂചിപ്പിക്കുന്നു. ഇന്ത്യയില്‍ ലക്ഷത്തില്‍ 10 പേര്‍ ആത്മഹത്യ ചെയ്യുമ്പോള്‍ കേരളത്തില്‍ 25 പേരാണ്.
കുടുംബത്തിലും സമൂഹത്തിലും തൊഴിലിടങ്ങളിലും സ്വീകാര്യത നഷ്ടപ്പെട്ട് ഉള്‍വലിയുന്നവരാണു മദ്യപാനികള്‍. ദിവസക്കൂലിക്കാരായ തൊഴിലാളികളിലാണു മദ്യാസക്തരോഗികളില്‍ ഭൂരിഭാഗവും. ഭാര്യാഭര്‍തൃ സംശയരോഗവും അക്രമവും സാമൂഹ്യദ്രോഹവുമെല്ലാം മദ്യത്തിന്റെ കൂടപ്പിറപ്പുകളാണ്. തൊഴില്‍സ്ഥലത്തു കൃത്യസമയത്ത് എത്താതിരിക്കലും കടുത്ത മാനസികസംഘര്‍ഷവും മദ്യപന്മാരുടെ സ്വഭാവമാണ്. നാഡിവ്യൂഹത്തിന്റെ തകരാറ്, രക്തസമ്മര്‍ദം, ശ്വാസകോശരോഗങ്ങള്‍, കാഴ്ച, കേള്‍വി തകരാറുകള്‍ എന്നിവയെല്ലാം മദ്യപാനശീലത്തിന്റെ ഉപോല്‍പ്പന്നങ്ങളാണ്. കേരളത്തില്‍ മദ്യംമൂലം 8 ലക്ഷം പേര്‍ കരള്‍രോഗികളാകുന്നുണ്ട്. മദ്യം മയക്കുമരുന്നുപയോഗത്തിലേക്കുള്ള ചവിട്ടുപടി കൂടിയാണ്.
കുട്ടികളില്‍ നടത്തിയ ഒരു സര്‍വേ തെളിയിക്കുന്നത് മദ്യപാനശീലത്തിന് വിധേയരാകുന്നത് 86 ശതമാനവും സുഹൃത്തുക്കളിലൂടെയും ബാക്കി ബന്ധുക്കളിലൂടെയുമാണെന്നാണ്. മദ്യം ലഭിക്കാനുള്ള സാഹചര്യത്തിനും വലിയ സ്വാധീനമുണ്ട്.
സംഘര്‍ഷങ്ങളെയും പ്രതിസന്ധികളെയും അഭിമുഖീകരിക്കാന്‍ മദ്യത്തിനു കഴിയുമെന്ന മിഥ്യാധാരണമൂലം മദ്യപാനികളായവരുണ്ട്. സിനിമയിലെയും മറ്റും സമാനദൃശ്യങ്ങള്‍ അതിനു പ്രചോദനമാകുന്നു. മദ്യം ഹാനികരമെന്ന് എഴുതിവയ്ക്കുന്നതു പരിഹാസ്യമാണ്.സര്‍ഗാത്മകതയുടെ പ്രേരണാശക്തി മദ്യമാണെന്ന തെറ്റിദ്ധാരണയില്‍ ആ വഴിക്കുനീങ്ങുന്നവരുണ്ട്. കള്ളക്കടത്തുകാര്‍, അഴിമതിക്കാര്‍, ക്രിമിനലുകള്‍, തീവ്രവാദികള്‍ എന്നിവരുടെയെല്ലാം അവിഭാജ്യഘടകമാണു മദ്യം. പരീക്ഷ കഴിയുന്നതും സ്‌കൂള്‍ അടയ്ക്കുന്നതും മദ്യത്തില്‍ ആഘോഷിക്കുന്ന സ്‌കൂള്‍ കഥകളും ധാരാളമുണ്ട്. ഇന്ത്യയില്‍ മദ്യമുപയോഗത്തില്‍ ഒന്നാംസ്ഥാനവും രണ്ടാംസ്ഥാനവും മാറി മാറി നേടി 'അഭിമാനിച്ച്'സ്വയം അപമാനിതമാകുകയാണു കേരളം.
(തുടരും)...........
ഞാനറിയുന്ന ബാബുരാജ്
സമര്‍ഥനായ സ്‌കൂള്‍ വിദ്യാര്‍ഥിയായിരുന്നു ബാബുരാജ്. യു.പി.സ്‌കൂളില്‍ രണ്ടാഴ്ചയിലൊരിക്കല്‍ നടക്കുന്ന കലാസാഹിത്യമത്സരത്തില്‍ കവിതയായിരുന്നു അവന്റെ മാസ്റ്റര്‍ പീസ്. ചെറിയ നാടകങ്ങള്‍, പ്രസംഗങ്ങള്‍ ഇതിലെല്ലാം പങ്കെടുത്ത് അധ്യാപകരുടെ ഇഷ്ടപ്പെട്ടവനായി വളര്‍ന്നു. യു.പി സ്‌കൂള്‍ കാലഘട്ടം കഴിഞ്ഞ് ഏഴു കിലോമീറ്റര്‍ അകലെയുള്ള ഹൈസ്‌കൂളില്‍ പഠിച്ചു.
അപ്പോഴും പഴയപടി മിടുക്കന്‍. പത്താം ക്ലാസ്സോടെ സ്വഭാവത്തില്‍ വ്യത്യാസം വന്നുതുടങ്ങി. വീട്ടിലേക്കു വരുന്ന സമയം വൈകി. തെറ്റായ കൂട്ടുകെട്ടുണ്ടെന്നു ശ്രുതിയുണ്ടായി. ചില സഹപാഠികള്‍ക്കൊപ്പം മദ്യഷാപ്പില്‍ കയറുന്നുണ്ടെന്നു നാട്ടിലെ കൂട്ടുകാര്‍ അവന്റെ മാതാപിതാക്കള്‍ക്കു സൂചന നല്‍കി.
തങ്ങളുടെ പൊന്നുമോന്‍ അങ്ങനെയല്ലെന്ന വിശ്വാസത്തിലായിരുന്നു വീട്ടുകാര്‍. എസ്.എസ്.എല്‍.സി പരീക്ഷയില്‍ മോശമല്ലാത്ത മാര്‍ക്കോടെ ബാബുരാജ് വിജയിച്ചു. പ്രീഡിഗ്രിക്ക് 16 കിലോമീറ്റര്‍ അകലെയുള്ള കോളജില്‍ ചേര്‍ന്നു. അതോടെ തകര്‍ച്ചയും തുടങ്ങി. അലക്ഷ്യമായ മുടിയും ഭാവവും ഇടതുവശത്തു തൂക്കിയ തുണിബാഗുമായി, കഞ്ചാവിന് അടിമയായി അവന്‍ എല്ലാവരില്‍നിന്ന് അകന്നു കഴിഞ്ഞു.ഡിഗ്രി പഠനം പൂര്‍ത്തിയാക്കാതെ നഗരത്തില്‍ ഓട്ടോ ഡ്രൈവറായി. അപ്പോഴും കൂട്ട് കഞ്ചാവ്.
ഇതിനിടയില്‍ പാവപ്പെട്ട വീട്ടിലെ പെണ്‍കുട്ടിയെ വിവാഹം കഴിച്ചു. കുഞ്ഞുപിറന്നു. കുഞ്ഞിന് അച്ഛനെ കാണുന്നതേ ഭയമായിരുന്നു. അച്ഛന്റെ ഓട്ടോയുടെ ശബ്ദം കേള്‍ക്കുമ്പോള്‍ കട്ടിലിനടിയില്‍ ഓടിയൊളിക്കും.
കാരണം, വീട്ടിലെത്തിയാല്‍ അച്ഛന്‍ സംഹാരമൂര്‍ത്തിയാകുന്നതിനു സാക്ഷിയും ഇരയുമാകണം അവനും അമ്മയും. നിരന്തരമായ വഴക്കും മര്‍ദനവും നിത്യസംഭവമായി. അക്രമം മാതാപിതാക്കളോടുമായി. കര്‍ണനാഡിക്കു ക്ഷതമേറ്റ് അച്ഛന്‍ മൂന്നുദിവസം ആശുപത്രിയില്‍ കിടന്നു മരിച്ചു.
ആശുപത്രിയില്‍ ചികിത്സയിലിരിക്കുമ്പോഴും പിതാവ് തനിക്ക് എങ്ങനെ പരിക്കുപറ്റിയെന്നു പുറത്തുപറയാതിരുന്നതു ബാബുരാജിനു രക്ഷയായി.
വീട്ടിലും നാട്ടിലും ശല്യമായ ബാബുവിന്റെ മരണം ബന്ധുക്കള്‍പ്പോലും കൊതിച്ചുവെന്നതാണു സത്യം. പരാക്രമം നാട്ടിലേയ്ക്കു നീണ്ടതോടെ നാട്ടുകാരുടെ കൈച്ചൂടറിഞ്ഞു. ഇതിനിടയില്‍ പലപ്പോഴും ആത്മഹത്യക്കു ശ്രമിച്ചു.
ഒടുവില്‍, ദുരൂഹസാഹചര്യത്തില്‍ ബാബുരാജിന്റെ ജീവിതം ഓര്‍മമാത്രമായി. ആ മരണം, അയല്‍ക്കാര്‍ക്കും വീട്ടുകാര്‍ക്കും ആശ്വാസദായകമായിരുന്നു. അത്രമാത്രം വെറുക്കപ്പെട്ടവനായി മാറിയിരുന്നു ലഹരിയുടെ അടിമയായിരുന്ന ബാബുരാജ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."