പോക്‌സോ കേസുകളില്‍ ശിക്ഷാനിരക്ക് വര്‍ധിപ്പിക്കാന്‍ നടപടി സ്വീകരിക്കണം: ഡി.ജി.പി
തിരുവനന്തപുരം: കുട്ടികള്‍ക്കെതിരേയുള്ള അതിക്രമങ്ങളുമായി ബന്ധപ്പെട്ട പോക്‌സോ കേസുകളില്‍ ശിക്ഷ ഉറപ്പാക്കുന്നതിന് അന്വേഷണം കൂടുതല്‍ ഫലപ്രദമാക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് സംസ്ഥാന പൊലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.
സംസ്ഥാനത്തെ ക്രമസമാധാനപാലനവും കുറ്റാന്വേഷണ പുരോഗതിയും വിലയിരുത്തുന്നതിന് പൊലിസ് ആസ്ഥാനത്ത് ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് അദ്ദേഹം ഈ നിര്‍ദേശം നല്‍കിയത്. കുറ്റകൃത്യങ്ങള്‍ക്കുള്ള ശിക്ഷാ നിരക്കില്‍ കേരളം രാജ്യത്ത് ഒന്നാമതാണെങ്കിലും പോക്‌സോ കേസുകളില്‍ ശിക്ഷാ നിരക്ക് കുറവാണെന്നത് ആശങ്കപ്പെടുത്തുന്നതാണ്.
ഇക്കാര്യം അന്വേഷണ ഉദ്യോഗസ്ഥര്‍ പ്രത്യേകം ശ്രദ്ധിക്കണം. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരേയുള്ള അതിക്രമങ്ങള്‍ തടയാനുള്ള നടപടികള്‍ കൂടുതല്‍ ശക്തിപ്പെടുത്തുകയും അതിക്രമങ്ങള്‍ പരമാവധി കുറച്ചുകൊണ്ടുവരുകയും വേണം.
വിവിധ ജില്ലകളിലെ ക്രമസമാധാന നിലയും കുറ്റാന്വേഷണ പുരോഗതിയും ക്രൈം കോണ്‍ഫറന്‍സില്‍ വിലയിരുത്തി. സംസ്ഥാനത്ത് ട്രാഫിക് അപകടങ്ങള്‍മൂലമുള്ള മരണത്തില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് കുറവുവന്നിട്ടുണ്ട്. അപകടങ്ങള്‍ കുറച്ചുകൊണ്ടുവരുന്നതിന് സംസ്ഥാനത്താകെ പരിശോധന കര്‍ശനമാക്കണം. ഇത് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാത്തവിധമാകണം. മാന്യമായ പെരുമാറ്റം ഉറപ്പാക്കുന്നതിന് നല്‍കിയിട്ടുള്ള നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം. ഏറ്റവും ആധുനികമായ ബോഡി കാമറ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ പരിശോധനയ്ക്ക് ഉപയോഗപ്പെടുത്തണം.
സംസ്ഥാനത്തെ ക്രമസമാധാന നിലയും യോഗം വിലയിരുത്തി. 2016നെ അപേക്ഷിച്ച് 2017ല്‍ അതിക്രമങ്ങളില്‍ കുറവ് വന്നിട്ടുണ്ട്. അതിക്രമങ്ങളും കുറ്റകൃത്യങ്ങളും തടയുന്നതിന് സാങ്കേതികവിദ്യ കൂടുതല്‍ ഫലപ്രദമായി ഉപയോഗിക്കുന്നതുള്‍പ്പെടെയുള്ള നിര്‍ദേശങ്ങളും യോഗം ചര്‍ച്ച ചെയ്തു.
എസ്.സി.ആര്‍.ബി ഡയറക്ടര്‍ എന്‍. ശങ്കര്‍റെഡ്ഡി, ഉത്തരമേഖല ഡി.ജി.പി രാജേഷ്ദിവാന്‍, ക്രൈംബ്രാഞ്ച് ഡി.ജി.പി ബി.എസ് മുഹമ്മദ് യാസിന്‍, ദക്ഷിണമേഖല എ.ഡി.ജി.പി ഡോ. ബി സന്ധ്യ, ഹെഡ്ക്വാര്‍ട്ടേഴ്‌സ് എ.ഡി.ജി.പി എസ്. ആനന്ദകൃഷ്ണന്‍, ഇന്റലിജന്‍സ് എ.ഡി.ജി.പി ടി.കെ വിനോദ്കുമാര്‍, ഐ.ജിമാരായ മനോജ് എബ്രഹാം, എം.ആര്‍ അജിത്കുമാര്‍, പി. വിജയന്‍, എസ്. ശ്രീജിത്ത്, ജി. ലക്ഷ്മണ്‍, വിവിധ ജില്ലാ പൊലിസ് മേധാവിമാര്‍, എസ്.പിമാര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."