25 കുട്ടികളെ ഫ്രാന്‍സിലേക്ക് കടത്തിയ സംഭവത്തില്‍ സി.ബി.ഐ അന്വേഷണം ആരംഭിച്ചു
ന്യൂഡല്‍ഹി: റഗ്ബി ട്രെയിനിങിന്റെ പേരില്‍ പഞ്ചാബ്, ഹരിയാന എന്നിവിടിങ്ങളില്‍ നിന്ന് 13നും 18 നും ഇടയില്‍ പ്രായമുള്ള വിദ്യാര്‍ഥികളെ ഫ്രാന്‍സിലേക്ക് കടത്തിയ സംഭവത്തില്‍ സി.ബി.ഐ അന്വേഷണം ആരംഭിച്ചു. ഇവരില്‍ രണ്ടു പേര്‍ മാത്രമാണ് തിരിച്ചെത്തിയത്.
പാരീസിലേക്കായിരുന്നു ഇവരെ കൊണ്ടുപോയത്. അവശേഷിക്കുന്ന 22 പേരെ സംബന്ധിച്ച് വിവരങ്ങളൊന്നുമില്ല. മാതാപിതാക്കളില്‍ ചിലര്‍ കുട്ടികളെ കൊണ്ടുപോവാനായി 25-30 ലക്ഷം രൂപ ഏജന്റുമാര്‍ക്ക് നല്‍കിയിരുന്നതായി സി.ബി.ഐ സംശയിക്കുന്നുണ്ട്.
സംഭവുമായി ബന്ധപ്പെട്ട് ഫ്രാന്‍സ് പൊലിസുമായി സി.ബി.ഐ ബന്ധപ്പെട്ടിട്ടുണ്ട്. ഡല്‍ഹിയിലും ഫരീദാബാദിലുമായി പ്രവര്‍ത്തിക്കുന്ന ലളിത് ഡേവിഡ് ഡീന്‍, സഞ്ജീവ് രാജ്, വരുണ്‍ ചൗദരി എന്നീ ഇടനിലക്കാര്‍ മുഖേനെയാണ് ഇവര്‍ ഫ്രാന്‍സിലേക്ക് പോയതെന്ന് സി.ബി.ഐക്ക് കണ്ടെത്തിയിട്ടുണ്ട്. ഇവരെ മൂന്ന് പേരെയും അറസ്റ്റു ചെയ്ത് ചോദ്യം ചെയ്ത് വരികയാണെന്ന് സി.ബി.ഐ അറിയിച്ചു.
പഞ്ചാബിലെ കപൂര്‍ത്തല സ്‌കൂളിലെ വിദ്യാര്‍ഥികളാണെന്ന് രേഖയുണ്ടാക്കി 2016 ഫെബ്രുവരി ഒന്നിനാണ് കുട്ടികളെ ഫ്രാന്‍സിലേക്ക് കടത്തിയത്. എന്നാല്‍ ഇവര്‍ ഈ സ്‌കൂളില്‍ പഠിച്ചിരുന്നല്ലെന്നാണ് അധികൃതരുടെ വിശദീകരണം.
ഫ്രഞ്ച് ഫെഡറേഷന്റെ ക്ഷണം ലഭിച്ചുവെന്ന് കുട്ടികളെയും രക്ഷിതാക്കളെയും തെറ്റദ്ധരിപ്പിച്ചാണ് കുട്ടികളെ ഫ്രാന്‍സിലേക്ക് കൊണ്ട് പോയത്. എന്നാല്‍ ഫ്രാന്‍സില്‍ എത്തിയ ഉടനെ ഇവരുടെ മടക്ക ടിക്കറ്റ് റദ്ദാക്കി. എന്നാല്‍ സംശയം തോന്നിയതിനാല്‍ രണ്ടു വിദ്യാര്‍ഥികള്‍ ഇന്ത്യയിലേക്ക് മടങ്ങുകയായിരുന്നുവെന്ന് സി.ബി.ഐ വക്താവ് പറഞ്ഞു.
കുട്ടികളോട് വാഗ്ദാനം ചെയ്ത ലക്ഷ്യത്തിലേക്ക് ആരെങ്കിലും എത്തിയതായി വിവരങ്ങളൊന്നുമില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. മകനെ യു.എസിലേക്ക് അയക്കണമെന്നായിരുന്നു ആഗ്രഹമെന്ന് കാണാതായ കുട്ടികളില്‍ ഒരാളുടെ പിതാവ് അന്വേഷണ ഉദ്യോഗിസ്ഥരോട് പറഞ്ഞു. എന്നാല്‍ ആവശ്യമായ രേഖകള്‍ ലഭിച്ചില്ല.
അതിനാല്‍ 27 ലക്ഷത്തിന് മകനെ യു.എസിലേക്ക് അയക്കാമെന്ന് ഏജന്റ് വാഗ്ദാനം ചെയ്തു. എന്നാല്‍ ഏജന്റ് മകനെ പാരീസില്‍ ഉപേക്ഷിക്കുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."