കരിപ്പൂരിലെ ഹജ്ജ് സര്‍വിസ് പുനരാരംഭിക്കാന്‍ സമ്മര്‍ദം ചെലുത്തും: കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍
കോഴിക്കോട്: കരിപ്പൂരിലെ ഹജ്ജ് സര്‍വിസ് പുനരാരംഭിക്കാന്‍ സമ്മര്‍ദം ചെലുത്തുമെന്നും ഇതിനായി കേന്ദ്രസര്‍ക്കാറിന്റെ വിവിധ വകുപ്പുകളുമായി കൂടിയാലോചന നടത്തുമെന്നും കേന്ദ്ര ഹജ്ജ്കമ്മിറ്റി ചെയര്‍മാന്‍ ചൗധരി മെഹ്ബൂബ് അലി കൈസര്‍ എം.പി പറഞ്ഞു.
കോഴിക്കോട്ട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ തവണ ഇന്ത്യയില്‍ നിന്ന് 1,35,000 പേരാണ് ഹജ്ജിനായി പോവുന്നത്. ഹറമില്‍ നവീകരണ പ്രവൃത്തി നടക്കുന്നതിനാല്‍ ഈ തവണ സഊദി അറേബ്യ കോട്ട വെട്ടിക്കുറച്ചിട്ടുണ്ട്.
ഇ - വിസ സംവിധാനം നടപ്പാക്കിയതിനാല്‍ ഈ വര്‍ഷം വിസ അടിക്കുന്നതില്‍ കാല താമസം സംഭവിച്ചിട്ടുണ്ട്. കേന്ദ്ര സര്‍ക്കാറുമായി ഈ വിഷയം സംസാരിച്ചിട്ടുണ്ടെന്നും ഇതിനു ഉടന്‍ പരിഹാരം കാണുമെന്നും അദ്ദേഹം പറഞ്ഞു.
പത്രസമ്മേളനത്തില്‍ സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ കോട്ടുമല ടി.എം ബാപ്പു മുസ്്‌ലിയാര്‍, കേന്ദ്ര ഹജ്ജ് കമ്മിറ്റി അംഗം ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി എന്നിവരും സംബന്ധിച്ചിരുന്നു.
ഈ മാസം 22 മുതല്‍ അടുത്തമാസം അഞ്ചുവരെയാണ് കേരളത്തില്‍ നിന്നുള്ള തീര്‍ഥാടകരുടെ യാത്ര. 21 ന് ഹജ്ജ് ക്യാംപ് ആരംഭിക്കുെമന്നും ബാപ്പു മുസ്്‌ലിയാര്‍ പറഞ്ഞു. അഞ്ചു വര്‍ഷം തുടര്‍ച്ചയായി അപേക്ഷിച്ച മുഴുവന്‍ പേര്‍ക്കും 70 വയസ്സ് കഴിഞ്ഞ മുഴുവന്‍ അപേക്ഷകര്‍ക്കും ഈ തവണ ഹജ്ജിനു അവസരം നല്‍കാന്‍ കഴിഞ്ഞത് കേന്ദ്ര ഹജ്ജ്കമ്മിറ്റിയുടെ പിന്തുണയോടെയാണ്. ഈ തവണ ഹാജിമാര്‍ക്ക് പെട്ടി നല്‍കാതെ അവര്‍ക്ക് സ്വന്തമായി പെട്ടി കൊണ്ടുവരാന്‍ സൗകര്യം ചെയ്തതില്‍ കേന്ദ്ര കമ്മിറ്റിയുടെ സഹായം ലഭിച്ചതായും ബാപ്പു മുസ്്‌ലിയാര്‍ പറഞ്ഞു. കേരളത്തില്‍ നിന്നും ഹജ്ജിനു പോവുന്ന 6000 പേരുടെ വിസ അടിച്ചു കിട്ടിയെന്നും മറ്റുള്ളവരുടേത് ഉടന്‍ ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. സഊദി സര്‍ക്കാറുമായി ബന്ധപ്പെട്ട വിഷയങ്ങളായതിനാലാണ് ഇതു വൈകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."