അറബ് കൂട്ടായ്മ ശക്തിപ്പെടുത്താന്‍ പ്രായോഗിക നടപടികളുമായി ജി.സി.സി
ജിദ്ദ: പശ്ചിമേഷ്യയില്‍ അറബ് കൂട്ടായ്മ ശക്തിപ്പെടുത്താന്‍ പ്രായോഗിക നടപടികള്‍ ശക്തമാക്കുന്നു. ഗള്‍ഫ് മേഖലയില്‍ ഇറാനും മറ്റും നടത്തുന്ന ഇടപെടലിനെ ചെറുക്കുകയെന്ന ലക്ഷ്യത്തോടെയാണ് നീക്കം. എന്നാല്‍ നിലപാടുകളില്‍ വിട്ടുവീഴ്ചയില്ലാതെ അറബ് ഐക്യം എളുപ്പമാവില്ല.
സിറിയ, യെമന്‍, ലബനാന്‍, ഇറാഖ് എന്നിവിടങ്ങളില്‍ കടന്നു കയറാനും സ്വാധീനം ഉറപ്പാക്കാനും ഇറാന് സാധിച്ചതാണ് പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ അടിസ്ഥാനമെന്നാണ് അറബ് ലീഗ് വിലയിരുത്തല്‍. അറബ് രാഷ്ട്രീയ സാഹചര്യത്തെ തങ്ങള്‍ക്ക് അനുകൂലമാക്കി മാറ്റാന്‍ ഇറാന്‍ തുനിയുകയായിരുന്നു. ബദല്‍ നീക്കങ്ങളിലുടെ അറബ് ഐക്യം ഉറപ്പാക്കിയല്ലാതെ പ്രതിസന്ധി നേരിടാന്‍ കഴിയില്ലെന്നും അറബ് ലീഗ് വിലയിരുത്തുന്നു.
അറബ് കൂട്ടായ്മ മെച്ചപ്പെടുത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് യു.എ.ഇ വിദേശകാര്യ സഹമന്ത്രി ഡോ. അന്‍വര്‍ ഗര്‍ഗാശ് കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടതും ശ്രദ്ധേയമാണ്. അറബ്, മുസ്‌ലിം ലോകത്തെ നയിക്കേണ്ടത് സഊദിയും ഈജിപ്തുമാണെന്നും അല്ലാതെ ഇറാനും തുര്‍ക്കിയുമല്ലെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. പുതിയ രാഷ്ട്രീയ സാഹചര്യത്തില്‍ ഇറാനും തുര്‍ക്കിയും നടത്തുന്ന സ്വാധീനം തടയാന്‍ പരസ്പരഭിന്നതക്ക് പരിഹാരം കാണണമെന്ന വികാരവും അറബ് ലോകത്തുണ്ട്. അതേ സമയം ഗള്‍ഫ് മേഖലയിലെ പ്രതിസന്ധി പരിഹരിക്കാന്‍ പുതിയ ചില നടപടികള്‍ക്കും അത് വിവിധ രാജ്യങ്ങളെ പ്രേരിപ്പിച്ചേക്കുമെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങളുടെ വിലയിരുത്തല്‍.
അതിനിടെ ഖത്തറുമായി പിണക്കം തുടരുമ്പോഴും ഗള്‍ഫ് സഹകരണ കൗണ്‍സിലിന്റെ (ജി.സി.സി) പ്രവര്‍ത്തനം മരവിപ്പിക്കുകയോ തടസപ്പെടുത്തുകയോ ചെയ്യരുതെന്ന് കുവൈത്ത്. ജനുവരി ആദ്യവാരം ഗള്‍ഫ് പാര്‍ലമെന്റ് സ്പീക്കര്‍മാരുടെ യോഗം വിളിച്ചു ചേര്‍ക്കാനുള്ള ശ്രമത്തിനു മുന്നോടിയായാണ് കുവൈത്തിന്റെ പ്രസ്താവന. കുവൈത്ത് വിദേശകാര്യ സഹമന്ത്രി ഖാലിദ് അല്‍ ജഅറല്ലാ ആണ് കഴിഞ്ഞ ദിവസം അഭിപ്രായം പ്രകടിപ്പിച്ചത്.
കുവൈത്തില്‍ നടന്ന ജി.സി.സി ഉച്ചകോടിക്കു ശേഷവും തങ്ങള്‍ അസ്വസ്ഥരല്ലെന്നും അനുരഞ്ജന ശ്രമവുമായി മുന്നോട്ടു പോകുകയാണെന്നും മന്ത്രി പറഞ്ഞു. ജി.സി.സിയുടെ ഭാവിയെക്കുറിച്ച് കുവൈത്തിന് ശുഭപ്രതീക്ഷയുണ്ട്. അതുകൊണ്ട് തന്നെ ശ്രമം തുടരുകയാണ്. തീര്‍ച്ചയായും ഒരു ദിവസം അത് ലക്ഷ്യം കാണുകയും പ്രതിസന്ധി തീരുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."