രോഗികൾക്ക് കാരുണ്യവർഷമാകട്ടെ
പുതുവർഷ ആഘോഷ തിമർപ്പിലായിരുന്നു ഇന്നലെ മലയാളി. എന്നാൽ ഒരു വർഷം കൂടി കടന്നുപോയെന്നറിയാതെ മങ്ങിയ ഓർമകളും ഹൃദയം മുറിയുന്ന വേദനയുമായി കഴിയുന്നവരും നമുക്ക് ചുറ്റുമുണ്ടെന്ന് എത്രപേർ ഓർത്തു. വീട്ടകങ്ങളിലെ നാലു ചുമരുകൾക്കിടയിൽ ഒതുങ്ങിയ ഇവരുടെ വ്യഥകളിൽ ആരും ആശങ്കപ്പെട്ടില്ല. മുറികൾക്കുള്ളിൽ കിടന്നും പരസഹായത്തോടെ അൽപനേരം ഇരുന്നും ദിനങ്ങൾ തള്ളിനീക്കുന്ന കിടപ്പുരോഗികളേയും ഗുരുതരരോഗത്തിന് കീഴടങ്ങി വേദന തിന്ന് ജീവിക്കുന്നവരുടേയും സങ്കടങ്ങളിൽ എന്തുകൊണ്ട് നമുക്ക് ആശ്വാസത്തിന്റെ ഇത്തിരിവെട്ടം പോലും നൽകാനാകുന്നില്ല. വൃക്കരോഗികളെയും അവരുടെ കുടുംബങ്ങളെയും ആധിയിലാക്കിയ വാർത്ത പുതുവർഷത്തിലും കേൾക്കേണ്ടിവന്നത് വേദനാജനകമാണ്.
വൃക്കരോഗികൾക്ക് വീടുകളിൽ നിന്ന് തന്നെ ഡയാലിസിസ് ചെയ്യാവുന്ന പെരിട്ടോണിയൽ ഡയാലിസിസിനുള്ള ഫ്ലൂയിഡ് ബാഗുകൾ സർക്കാർ ആശുപത്രികളിലും കാരുണ്യ മെഡിക്കൽ സ്‌റ്റോറുകളിലും കിട്ടാനില്ലാത്തത് പുതുവർഷത്തിൽ നിത്യരോഗികളോട് ചെയ്യുന്ന ക്രൂരത തന്നെയാണ്. രോഗപീഡക്ക് പുറമെ, ഒരിറ്റുവെള്ളം പോലും സ്വന്തം ഇഷ്ടത്തിനനുസരിച്ച് കുടിക്കാനാകാതെ, ഇഷ്ടഭക്ഷണം രുചിക്കാനാകാതെ കഴിയുന്ന ഇവർക്ക് അൽപമെങ്കിലും ആശ്വാസമായിരുന്നു മുടങ്ങാതെയുള്ള ഡയാലിസിസ്. എന്നാൽ ഫ്ലൂയിഡ് ബാഗുകൾ കിട്ടാനില്ലാതെ ഡയാലിസിസ് മുടങ്ങി വൃക്കരോഗികൾ ദുരിതമനുഭവിക്കുന്ന സങ്കടവാർത്ത പുറത്തുവന്നിട്ടും പരിഹാരം കാണാത്ത അധികൃതരുടെ നിലപാട് ഖേദകരം തന്നെയാണ്.
സംസ്ഥാനത്ത് കാൽലക്ഷം പേരെങ്കിലും ഡയാലിസിസിലൂടെ ജീവൻ നിലനിർത്തുന്നുവെന്നാണ് കണക്ക്. ഇതിൽ പലർക്കും പ്രായത്തിന്റേയും രോഗത്തിന്റേയും അവശതകാരണം ആശുപത്രികളിലോ ഡയാലിസിസ് സെന്ററുകളിലോ ദിനേന എത്താനാവില്ല. ഇത്തരക്കാർക്ക് ഏറെ ആശ്വാസമായിരുന്നു പെരിട്ടോണിയൽ ഡയാലിസിസ്. കുട്ടികളുൾപ്പെടെ 530 പേരാണ് സംസ്ഥാനത്ത് സർക്കാർ മേഖലയെ ആശ്രയിച്ച് ഇത്തരത്തിൽ ഡയാലിസിസ് ചെയ്യുന്നത്. എന്നാൽ ഇപ്പോൾ പലരും കൃത്യമായ അളവിലുള്ള ഫ്ലൂയിഡ് കിട്ടാതെ ദുരിതത്തിലാണ്.
ജില്ലാ ആശുപത്രികളിൽ നിന്നോ കാരുണ്യ മെഡിക്കൽ ഷോപ്പിൽ നിന്നോ ആയിരുന്നു രോഗികൾ സൗജന്യമായി ബാഗ് വാങ്ങിയിരുന്നത്. കേരള മെഡിക്കൽ സർവിസ് കോർപറേഷൻ കാരുണ്യ പദ്ധതി വഴിയായിരുന്നു ഫ്ലൂയിഡ് ബാഗുകൾ വിതരണം ചെയ്തിരുന്നത്. ദിവസവും ഒരാൾക്ക് മൂന്ന് ബാഗ് ഫ്ലൂയിഡ് വേണ്ടി വരും. ഒരു ബാഗിന് ചുരുങ്ങിയത് 350 രൂപയാണ് പുറത്തെ വില. സൗജന്യ ബാഗ് കിട്ടിയില്ലെങ്കിൽ ദിവസവും 1000 രൂപയെങ്കിലും വേണ്ടി വരും ഡയാലിസിസ് തുടരണമെങ്കിൽ. നീതി മെഡിക്കൽ സ്‌റ്റോറിലും ആവശ്യത്തിന് ബാഗ് കിട്ടാത്ത സ്ഥിതിയാണ്.
ആവശ്യക്കാർക്ക് ഒരു മാസത്തെ ഫ്ലൂയിഡ് ഒന്നിച്ചു നൽകിവരാറായിരുന്നു പതിവ്. ബാഗുകൾക്ക് ക്ഷാമമായതോടെ ഈ അളവ് കുറച്ചു. ഒക്‌ടോബർ ഒന്നു മുതൽ ബാഗുകൾക്ക് ക്ഷാമം നേരിട്ടിരുന്നുവെങ്കിലും ഇപ്പോൾ പല ജില്ലയിലും വിതരണം പൂർണമായും നിലച്ചിരിക്കുകയാണ്. വിതരണ കമ്പനിക്ക് നൽകാനുള്ള ഒമ്പത് കോടി സർക്കാർ കുടിശ്ശിക വരുത്തിയതാണ് ബാഗുകൾ മുടങ്ങാൻ ഇടയാക്കിയെന്നത് ഖേദകരമാണ്. രോഗികളുടെ ഡയാലിസിസ് മുടങ്ങിയാൽ ജീവൻ തന്നെ അപകടത്തിലാകുമെന്നത് ആർക്കാണ് അറിയാത്തത്.
കഴിഞ്ഞ സെപ്റ്റംബറിലാണ് ബാഗുകൾ അവസാനമായി
വിതരണം ചെയ്തത്. പാലക്കാട്, കോഴിക്കോട് ജില്ലകളിലെ സ്‌റ്റോക്ക് പൂർണമായും തീർന്നുവെന്നാണ് അറിയുന്നത്. മറ്റ് ജില്ലകളിലും നാമമാത്രമായ സ്‌റ്റോക്ക് മാത്രമാണുള്ളത്. കേന്ദ്ര-സംസ്ഥാന ഫണ്ടുപയോഗിച്ചയാണ് ബാഗ് വിതരണം നടത്തുന്നത്. കേന്ദ്രം നൽകാനുള്ള ഫണ്ട് കിട്ടികഴിഞ്ഞെന്നും സംസ്ഥാനത്തിന്റെ ഫണ്ടാണ് ഇനി കിട്ടാനുള്ളതെന്നുമുള്ള വിവരം ദൗർഭാഗ്യകരമാണ്. കോടികൾ ചെലവിട്ട് നടത്തിയ നവകേരള സദസിലും ഫ്ലൂയിഡ് ബാഗുകളുടെ ക്ഷാമം പരാതിയായി എത്തിയിരുന്നു. എന്നിട്ടും നടപടിയൊന്നും എടുക്കാത്തത് സങ്കടകരമാണ്. സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ പാവപ്പെട്ട വൃക്കരോഗികളുടെ ജീവൻ വച്ച് കളിക്കുന്നത് സർക്കാർ അവസാനിപ്പിക്കണം. ആവശ്യക്കാർക്ക് വേണ്ടത്ര ഫ്ലൂയിഡ് ബാഗുകൾ ലഭിക്കാനുള്ള അടിയന്തര നടപടികളാണ് ആരോഗ്യവകുപ്പ് ചെയ്യേണ്ടത്. അതിന് പണം തടസമാകരുത്.
സംസ്ഥാനത്തെ വൃക്കരോഗികൾ വർഷങ്ങളായി ഉന്നയിക്കുന്ന ആവശ്യങ്ങളോടെല്ലാം മുഖം തിരിഞ്ഞാണ് സർക്കാർ നീങ്ങുന്നതെന്ന ആരോപണവും ഇതിനോടൊപ്പം ചേർത്തുവായിക്കേണ്ടതാണ്. 75 ശതമാനം ജീവശേഷി നഷ്ടപ്പെട്ട വ്യക്കരോഗികളെ ഭിന്നശേഷി വിഭാഗത്തിൽ ഉൾപ്പെടുത്തി ആനുകൂല്യങ്ങൾ നൽകുക, വൃക്കരോഗികൾക്ക് ഡയാലിസിനും മരുന്നിനും സൗജന്യ നിരക്ക് ഏർപ്പെടുത്തുക, വൃക്ക മാറ്റിവയ്ക്കൽ ചെലവ് പൂർണമായും സർക്കാർ ഏറ്റെടുക്കുക തുടങ്ങിയ കാര്യങ്ങളോട് സർക്കാർ ഇതുവരെ അനുകൂല നിലാപാട് സ്വീകരിച്ചിട്ടില്ല.
പുതുവർഷത്തിലെങ്കിലും കിടപ്പുരോഗികളോടും ഗുരുതരരോഗം ബാധിച്ചവരോടും അനുഭാവപൂർവമായ നിലപാട് സ്വീകരിക്കാനുള്ള മാനവികത സമൂഹവും സർക്കാരും കാട്ടേണ്ടതുണ്ട്. രോഗം ആരുടേയും കുറ്റമല്ല.
രോഗത്തിന്റെ പിടിയിലായവരെ കരുതലോടെ ചേർത്തുനിർത്താൻ ഒത്തൊരുമയോടെയുള്ള നീക്കം ആവശ്യമാണ്. കിടക്കവിട്ടെഴുന്നേൽക്കാനാവാത്ത വയോധികരേയും രോഗികളായ കുട്ടികളേയും പരിചരിക്കാൻ ജോലിയും കൂലിയും ഉപേക്ഷിച്ച് കഴിയുന്നവർ ഏറെയുണ്ട് നമുക്ക് ചുറ്റും. ഇവരെയൊല്ലാം ചേർത്തുപിടിയ്ക്കാൻ പരിഷ്‌കൃത സമൂഹമെന്ന് അഭിമാനിക്കുന്ന നമുക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. ഒറ്റപ്പെട്ട സഹായഹസ്തങ്ങളെ വിസ്മരിക്കുന്നില്ല. അതുമതിയോ ഇവരുടെ കണ്ണീരൊപ്പാൻ എന്ന ചോദ്യം അവശേഷിക്കുന്നുണ്ട്. കേരളത്തിന് പ്രായമേറുന്നുവെന്നത് യാഥാർഥ്യമാണ്. അതിനാൽ വൃദ്ധരേയും കിടപ്പുരോഗികളേയും പരിപാലിക്കുന്നതിനുള്ള ആദ്യ പാഠം നമ്മുടെ വിദ്യാഭ്യാസത്തിന്റെ ഭാഗമാക്കുകകൂടി വേണം. വയോധികരായ മാതാപിതാക്കൾക്ക് കൃത്യസമയത്ത് മരുന്നും ഭക്ഷണവും എടുത്തുനൽകാൻ ഒരു കുട്ടിക്ക് കഴിയുമെങ്കിൽ ശുചിമുറി തറയിൽ വെള്ളത്തിന്റെ ഒരംശം അവശേഷിക്കാതെ വൃത്തിയാക്കാനുള്ള പരിശീലനം കിട്ടിയെങ്കിൽ അത് ഒരാളെയെങ്കിലും സുരക്ഷിതത്വത്തിനുതകും. പ്രായമായവർ കൂടുതലും കിടപ്പിലാകുന്നത് ശുചിമുറിയിൽ തെന്നിവീണുള്ള പരുക്കുകളെ തുടർന്നാണെന്നാണ് ആരോഗ്യവകുപ്പ് തന്നെ വ്യക്തമാക്കുന്നത്.
അയൽപക്കത്തെ കിടപ്പുരോഗിയുടെ പരിപാലനത്തിന് നമ്മുടെ കൈത്താങ്ങുണ്ടായാൽ ആ കുടുംബത്തിലെ ദുഃഖത്തിനുണ്ടാകുന്ന ആശ്വാസം ചെറുതല്ല. വയോജനങ്ങളോടുള്ള സമീപനത്തിൽ കാലോചിതമായ പരിഷ്‌കാരം എന്ന ആവശ്യത്തിനും പ്രായമേറെയായി. വയോധികരും രോഗികളും സുരക്ഷിതമായി ഇരിക്കുന്നിടത്തെയേ പരിഷ്‌കൃത സമൂഹമെന്ന് വിളിക്കാനാകൂ. അതിനായി കൈകോർക്കാൻ ഈ പുതുവർഷാരംഭത്തിലെങ്കിലും നമുക്ക് പ്രതിജ്ഞയെടുക്കാം. ഒപ്പം വേണം സർക്കാരിന്റെ കരുതലും കാരുണ്യവും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."