അയോധ്യയിലെക്ഷേത്രവും വിശ്വാസവും
ദാമോദർ പ്രസാദ്
അയോധ്യയിൽ പുതുതായി നിർമിച്ച രാമക്ഷേത്രത്തിന്റെ ഉദ്ഘടാനത്തിന്റെ രാഷ്ട്രീയ പ്രത്യാഘാതങ്ങളും പ്രത്യേകിച്ച് മതേതരത്വ കക്ഷിയായ കോൺഗ്രസിന്റെ മേൽ സൃഷ്ടിച്ചിരിക്കുന്ന സമ്മർദവുമാണ് പൊതുചർച്ചയ്ക്ക് ഇതുവരെ വിഷയീഭവിച്ചിരിക്കുന്നത്. എന്നാൽ ഉന്നയിക്കപ്പെടേണ്ട പ്രധാന ചോദ്യം എല്ലാ ജാതിക്കും ജാതീയതക്കും അതീതമായി രാജ്യത്തിൽ ഭൂരിപക്ഷം വരുന്ന ഹിന്ദു ജനവിഭാഗങ്ങൾക്കിടയിൽ അയോധ്യ ക്ഷേത്ര നിർമാണം ബി.ജെ.പിക്ക് അനുകൂലവുമായ സ്വാധീനം സൃഷ്ടിച്ചിട്ടുണ്ടോ എന്നാണ്.
വിധികൽപിതമെന്നതു പോലെ അയോധ്യ ക്ഷേത്ര നിർമാണം ഹൈന്ദവ വികാരത്തെ ഉണർത്തിയിരിക്കുന്നുവെന്ന് എന്ന പ്രതീതിയാണ് ഈ ചർച്ചകളിലൊക്കെ അറിഞ്ഞോ അറിയാതെയോ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. വമ്പിച്ച സ്വാധീനമെന്നുള്ളത് അവാസ്തവമാകാനേ തരമുള്ളൂ. അങ്ങനെ പറയാൻ എന്താണ് കാരണമെന്നല്ലേ?
എത്രമേൽ വൈവിധ്യം നിറഞ്ഞതാണ് ഹിന്ദു ജനവിഭാഗം അത്രമേൽ തന്നെ വൈവിധ്യം നിറഞ്ഞതാണ് ഹിന്ദു വിശ്വാസക്രമവും ആചാരങ്ങളും അനുഷ്ടാനങ്ങളും പ്രാർഥനാ സമ്പ്രദായങ്ങളും. ഹിന്ദുത്വയുടെ രാഷ്ട്രീയം പ്രായോഗിക തലത്തിൽ ഏതാണ്ടൊരു നൂറ്റാണ്ടായി തന്നെ പരിശ്രമിച്ചുക്കൊണ്ടിരിക്കുന്നത് ഒരു ദേശീയ ഹിന്ദുവിനെ സൃഷ്ടിക്കാനാണ്. വ്യതിരിക്തതകൾക്കുമേലൊരു ഹിന്ദു സ്വത്വത്തെ സ്ഥാപിക്കാനാണ് ഹിന്ദുത്വയുടെ പരിശ്രമമത്രയും.
വിശ്വാസപരമായ ഏകീകരണത്തെ ലക്ഷ്യംവയ്ക്കുന്നതിനൊപ്പം തന്നെ അല്ലെങ്കിൽ അതിനേക്കാൾ പ്രാധാന്യത്തോടെ സാംസ്കാരിക ദേശീയതയുടെ പ്രത്യശാസ്ത്രത്തിലേക്ക് ആഗിരണം ചെയ്തും മുസ് ലിം അപരവൽക്കരണത്തിലൂടെയുമാണ് ഹിന്ദുത്വയുടെ അടിസ്ഥാനത്തിൽ ഹിന്ദു ഏകീകരണത്തെ സർവസാധ്യമാക്കാൻ നോക്കുന്നത്.
ശ്രീരാമന്റെ ബിംബവും രാമായണ ഇതിഹാസത്തിലെ അനേകം മുഹൂർത്തനങ്ങളും ഹിന്ദു വിശ്വാസികളുടെ മനസുകളിൽ കുടിക്കൊള്ളുന്നു. പക്ഷെ, ധനുഷേന്ത്യ ബി.ജെ.പിയുടെ കട്ട്ഔട്ട് ശ്രീ രാമനെയല്ല ഹിന്ദുക്കൾ ആരാധിക്കുന്നത്. രാമസങ്കൽപത്തിന് വൈവിധ്യമുണ്ട്. ഇതിഹാസ നായകനായ ശ്രീരാമൻ ഓരോ പ്രകാരമായാണ് വിശ്വാസികളായ ഹിന്ദുക്കൾ ഉൾക്കൊണ്ടിട്ടുള്ളത്. മാത്രമല്ല, ആത്മീയ ശുദ്ധിയും മോക്ഷകാരകവുമാണ് വിശ്വാസിയായ ഹിന്ദുവിനു രാമഭക്തി. രാമധാതുവുൾക്കൊണ്ട ഹിന്ദു വിശ്വാസി ഹിംസയെ വർജിക്കുന്നു. മഹാത്മാഗാന്ധിയുടെ ശ്രീരാമൻ തന്നെയല്ലേ ഇന്ത്യക്കാർക്ക് മുമ്പിലെ രാമഭക്തിയെ സംബന്ധിച്ചുള്ള ഏറ്റവും നല്ല ഉദാഹരണം.
ഘാതകനാൽ വധിക്കപ്പെടുന്ന വേളയിലെ അവസാനശ്വാസോച്ഛ്വാസത്തിലെ 'റാം റാം' വിളിയല്ലെ വിശ്വാസിയായ ഹിന്ദുവിന്റെ മനസിലും മാത്രമല്ല ഓരോ ഇന്ത്യക്കാരന്റെയും ഉള്ളിലും എക്കാലത്തും തങ്ങിനിൽക്കുക. ഹിന്ദുത്വ രാഷ്ട്രീയം പ്രതിനിധാനം ചെയ്യുന്ന സാംസ്കാരിക ദേശീയതാവാദിയുടെ മനസിലെ ശ്രീരാമ ബിംബം രാഷ്ട്രീയവൽകൃതമാണ്. അയോധ്യയിൽ പുതുതായി ഉദ്‌ഘാടനം ചെയ്യാൻ പോകുന്ന രാമക്ഷേത്രത്തിലെ സന്ദർശനവും ഹിന്ദു വിശ്വാസക്രമത്തിന്റെ ഭാഗമായുള്ള പരമ്പരാഗത ക്ഷേത്രങ്ങളിലെ സന്ദർശനവും തീർത്തും വ്യതിരിക്തമായിരിക്കും. ക്ഷേത്രസന്ദർശനത്തിനു അടിസ്ഥാനമേകുന്ന പലഘടകങ്ങളുണ്ട്. പാരമ്പര്യക്ഷേത്രങ്ങളിലെ സന്ദർശനം, പ്രത്യേകിച്ചും മലയാളികളെ സംബന്ധിച്ചേടത്തോളം, തൊഴാൻ പോവുക എന്നു പറയുന്നത് പ്രധാനമാകുന്നത് ദേവപ്രീതിക്കോ,
അനുഷ്ഠാനപരമായ നിർവഹണത്തിനോ, ആത്മീയമായ അനുഭവത്തിനോ അനുഭൂതിക്കോ വേണ്ടിയുള്ള സന്ദർശനം എന്ന നിലയ്ക്കാണ്. ഇതു പാരമ്പര്യനിഷ്ഠവുമാണ്. തൃപ്പയാർ ശ്രീരാമ ക്ഷേത്രത്തിലും കൂടൽമാണിക്യം ഭരതക്ഷേത്രത്തിലും പോകുന്ന വിശ്വാസി തേടുന്ന അനുഭവം അദ്ധ്യാത്മപരവുമാണ് ഒരുവേള പ്രീതിസമ്പാദനത്തിനുനാണ്. ഇതിൽ നിന്നും ഏതളവിലും വ്യതിരിക്തമായിരിക്കും അധികാര രാഷ്ട്രീയത്തിനു അമിതപ്രാധാന്യമുള്ള അയോധ്യയിലെ ക്ഷേത്രസന്ദർശനം.
ഇന്ന് പ്രധാനക്ഷേത്രങ്ങളിലെ ആരാധനവ്യവസ്ഥകൾ വാണിജ്യവൽക്കരിക്കപ്പെട്ടിട്ടുണ്ടെങ്കിലും പ്രാർഥനയ്ക്ക് ആധാരമാകുന്നത് പാരമ്പര്യസങ്കൽപങ്ങളാണ്. എന്നാൽ, അതിക്രമത്തിലൂടെയും ഹിംസയിലൂടെയും ആൾക്കൂട്ടം കണക്കെ കർസേവകരാൽ പൊളിക്കപ്പെട്ട ബാബരി പള്ളിയുടെ സ്ഥാനത്തു നിർമിക്കപ്പെട്ട നവലിബറൽ സമ്പന്നതയുടെ അടിസ്ഥാനത്തിലുള്ള സാംസ്‌കാരിക ദേശീയതയുടെ ക്ഷേത്ര കെട്ടിടസമുച്ചയം പരമ്പരാഗത ക്ഷേത്രത്തിൽ നിന്ന് ലഭിക്കുന്ന ആത്മീയ അനുഭവം ഒരു വിശ്വാസിക്ക് പ്രദാനം ചെയ്യുമോ?
പരമ്പരാഗത ക്ഷേത്രങ്ങൾ ഇന്ന് വലിയ തോതിൽ ടൂറിസ്റ്റ് കേന്ദ്രങ്ങളാണ്. ക്ഷേത്രത്തിലേക്കുള്ള തീർഥാടകരുടെ ഒഴുക്കാണ് ടൂറിസ്റ്റ് കേന്ദ്രമായി വാണിജ്യവൽക്കരിക്കപ്പെടാനുള്ള കാരണം. എന്നാൽ, തീർഥാടക ടൂറിസ്റ്റ് കേന്ദ്രമായി തന്നെ വിഭാവനം ചെയ്യപ്പെട്ടിരിക്കുന്ന അത്യന്താധുനികമായ അയോധ്യയിലെ ക്ഷേത്രസമുച്ചയം വിശ്വാസപരമായ പ്രാധാന്യമാണോ പ്രകടമാക്കുന്നത് അതോ ഹിന്ദുത്വ സാംസ്കാരിക ദേശീയതയുടെ വിജയസ്തംഭം എന്ന നിലയ്‌ക്കോ?
ഹൈന്ദവ വിശ്വാസികളെ ഏകശിലാരൂപമായി പരിഗണിക്കുന്നതിൽ വലിയ പിശകുണ്ട്.
ശൈവക്ഷേത്രങ്ങൾ മാത്രം സന്ദർശിക്കുന്നവരുണ്ടാകാം അതേ പോലെ വൈഷ്ണവ ക്ഷേത്രങ്ങളും ഭഗവതി ക്ഷേത്രങ്ങളും മാത്രം. ഇതുമല്ലാതെ കാവുകളും വൈവിധ്യമാർന്ന വിശ്വാസക്രമങ്ങളും വേറെ. മതപരമായ ചട്ടക്കൂടിലേക്ക് ഈ വിശ്വാസത്തെ രൂപപ്പെടുത്താനുള്ള ത്വരിതശ്രമങ്ങളുണ്ടെങ്കിലും വിശ്വാസികൾക്കിടയിൽ ഇതിന്റെ സ്വാധീനം പരിമിതമാണ്. വിശ്വാസികൾ എല്ലാ പാർട്ടികളിലുമുണ്ട്. വിശ്വാസപരമായ വൈവിധ്യത്തെയും അനുഷ്ടാനപരമായ മൂല്യവിചാരങ്ങളെയും മനസിലാക്കാതെ പോയതാണ് ശബരിമലയിലെ നവോഥാന സ്ഥാപനം പാളിപോയത്. ശബരിമല വിശ്വാസികളും ഏകശിലാരൂപമുള്ളവരല്ല. വിശ്വാസികളിലെ വൈവിധ്യത്തോടെ സംവദിക്കാത്തെ ഭരണനിർവഹണ നടപടിയായി നവോഥാനം കണ്ടതാണ് ശബരിമലയിൽ പിന്നീട് സംഭവിച്ച തിരിച്ചുപ്പോക്കിനുള്ള കാരണം.
ഹിന്ദു ജനവിഭാഗങ്ങളിലെ ഭൂരിപക്ഷം ബി.ജെ.പിയുടെ രാഷ്ട്രീയ അജൻഡയോട് ഐക്യപ്പെടുന്നുണ്ടോ എന്നത് ഏറെ പ്രാധാന്യമുള്ള ഒരു പ്രശ്നമാണ്. ബാബരി പള്ളി നിന്ന സ്ഥലത്തു ശ്രീരാമക്ഷേത്രം നിർമിക്കുക എന്ന അജൻഡ ബി.ജെ.പി പൊടിതട്ടിയെടുത്തു ദേശീയ മുഖ്യധാരയിലേക്ക് കൊണ്ടുവന്നത് എൺപതുകളുടെ ഒടുവിലോടെയാണ്. സ്വാതന്ത്ര്യാനന്തരം രാത്രിയുടെ മറവിൽ രാമ വിഗ്രഹം അകത്തുകടത്തി പ്രതിഷ്ഠിക്കാനുള്ള ശ്രമം നടന്നിരുന്നുവെങ്കിലും നെഹ്റുവിയൻ രാഷ്ട്രീയത്തിന്റെ പ്രഭാവകാലത്തു മതവികാരം ഇളക്കിമറിച്ചു രാഷ്ട്രീയ മുന്നേറ്റം നടത്താൻ ജനസംഘിനും ആർ.എസ്.എസ് ഉൾപ്പെടെയുള്ള ഹിന്ദു വലതുപക്ഷ പ്രസ്ഥാനങ്ങൾക്ക് സാധ്യമായിരുന്നില്ല.
ഗാന്ധിവധത്തെ തുടർന്ന് ഹിന്ദു മഹാസഭ തീർത്തും അപ്രസക്തമാവുകയും ചെയ്തു. സമ്പൂർണമായി പിന്നോട്ടടിച്ച ഹിന്ദു വലതുപക്ഷ നിലനിൽപ്പിനു വേണ്ടിയാണ് അയോധ്യയിലെ ശ്രീരാമക്ഷേത്രം പ്രശ്നം ഉയർത്തിക്കൊണ്ടുവരുന്നത്. ബാബരി പള്ളിയുടെ ഗേറ്റ് രാജീവ് ഗാന്ധി സർക്കാർ തുറന്നുകൊടുത്തത് ഒരു തെറ്റായ നടപടിയായിരുന്നുവെന്നത് വസ്തുതയാണ്. പക്ഷെ തുറന്നുകൊടുത്തില്ലായിരുന്നെങ്കിലും ബി.ജെ.പി ക്ഷേത്ര നിർമാണ പ്രശ്നം ഉന്നയിക്കുമായിരുന്നു.
അദ്വാനിയുടെ നേതൃത്വത്തിൽ നടന്ന രഥയാത്ര കേരളത്തിലൂടെയും കടന്നു പോയി. ശിലാ പൂജയുമായി ഓരോ ഹിന്ദു ഭവനങ്ങളിൽ കയറി ഇറങ്ങുമ്പോൾ കേരളത്തിലെ ഹിന്ദു ജനവിഭാഗം ഭക്തിയോടെയൊന്നും സ്വീകരിച്ചിട്ടില്ല. വീടിന്റെ ഉച്ചിയിൽ കാവി കെട്ടണമെന്നു ബന്ധുക്കൾ ആരോ പറഞ്ഞപ്പോൾ എന്റെ അച്ഛൻ അതിനെ എതിർത്തുപറഞ്ഞുവിട്ടത് ഞങ്ങളുടെ പ്രദേശത്ത് അടുത്തടുത്ത് താമസിക്കുന്ന ഇതരമതസ്ഥരുടെ വികാരങ്ങളെകൂടി മാനിച്ചുവേണമെന്നു പറഞ്ഞതയാണെന്നു ഓർക്കുന്നു. സ്റ്റേറ്റിന്റെ ആദർശാശയം എന്നതിനേക്കാൾ സമ്മിശ്രമായ ജീവിതവ്യവസ്ഥയിൽ നിന്നുറവയെടുക്കുന്ന പരസ്പര്യത്തിന്റേതായ സാമൂഹിക ബോധമാണ് അത്തരം പ്രതികരണത്തിൽ കാണുക.
ആത്യന്തികമായി അയോധ്യയിലെ ശ്രീരാമക്ഷേത്രം ബി.ജെ.പിയുടെ രാഷ്ട്രീയ പദ്ധതിയാണ്. കശ്മിരിന്റെ സ്വയംഭരണാധികാരം റദ്ദാക്കുക,
ഏകീകൃത സിവിൽ നിയമം നടപ്പാക്കുക എന്നതും ബി.ജെ.പിയുടെ തുറന്ന അജൻഡയായിരുന്നു. അവർ നടപ്പാക്കുകയും ചെയ്തു. ഇതിനനുബന്ധമായി പൗരത്വ ഭേദഗതി നിയമവും നടപ്പിൽ വരുത്താനാണ് ബി.ജെ.പിയുടെ ലക്ഷ്യം. ഇതിന്റെ ആഘാതങ്ങളെക്കുറിച്ചു ചർച്ച ചെയ്യുന്നതിനു പകരമായി ഇന്ത്യയുടെ ചരിത്ര പൈതൃകവും കൂടിയായ ബാബരി പള്ളി നിയമ വിരുദ്ധമായി പൊളിച്ചുക്കൊണ്ടു ഉന്നതനീതിപീഠത്തിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ പുതുതായി രാമക്ഷേത്രം നിർമിച്ചു തെരഞ്ഞെടുപ്പ് വർഷത്തിൽ ഇതിന്റെ ഉദ്‌ഘാടനവും നിർവഹിക്കുന്നത് താരതമ്യേന കൂടുതൽ സ്വാധീനമുള്ള ഏറ്റവും പ്രമുഖമായ രാഷ്ട്രീയ കക്ഷിയായ കോൺഗ്രസിനെ മാത്രം ബാധിക്കുന്ന പ്രശ്നമായി ചുരുക്കി കാണുന്നത് പരിമിതമായ കാഴ്ച്ചയാണ്.
ശ്രീരാമ ക്ഷേത്രത്തിന്റെ നിർമാണം കഴിഞ്ഞാൽ ഹിന്ദു രാഷ്ട്ര നിർമാണത്തിനുള്ള അടുത്ത അജൻഡ ബി.ജെ.പി പുറത്തെടുക്കും. സംവരണ തത്വത്തിൽ മാറ്റം വരുത്തുക തുടങ്ങി പുതിയൊരു ഭരണഘടനയുടെ നിർമാണം വരെ രാഷ്ട്രീയ അജൻഡ ബി.ജെ.പിക്കുണ്ട്. ശ്രീരാമക്ഷേത്രത്തിന്റെ ഉദ്‌ഘാടനത്തിൽ ഒതുങ്ങി നിൽക്കുന്നതല്ല സംഘ്പരിവാറിന്റെ രാഷ്ട്രീയം എന്നത് എല്ലാവർക്കും അറിയാവുന്ന യാഥാർഥ്യമാണ്. ഇത്രയും അജൻഡകൾ മുന്നിൽ നിൽക്കെ ഇതിനെതിരായി മതേതര രാഷ്ട്രീയം അധികാരത്തിൽ വരണമെന്ന് അഭിലഷിക്കുന്നവർക്ക് ദേശീയ തലത്തിൽ കോൺഗ്രസിനെ ഒറ്റപ്പെടുത്തി കാണുക സാധ്യമാണോ?
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."