HOME
DETAILS

തൊഴിലുറപ്പ് പദ്ധതി:ആധാർ നിർബന്ധം പ്രതിസന്ധിയുണ്ടാക്കും

  
backup
January 02 2024 | 17:01 PM

job-guarantee-scheme-mandatory-aadhaar-will-cause-crisis


മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയുടെ കീഴിലുള്ള തൊഴിലാളികൾക്ക് വേതനം നൽകുന്നതിന് ആധാർ നിർബന്ധമാക്കുന്നതിനുള്ള തീയതി ഡിസംബർ 31ന് അവസാനിച്ചു. ഇനി മുതൽ ആധാർ അടിസ്ഥാനത്തിലായിരിക്കും അവർക്ക് കൂലി നൽകുന്നത്. ആധാർ അധിഷ്ഠിത പണമിടപാട് സംവിധാനത്തിലൂടെ(എ.ബി.പി.എസ്) വേതനം നൽകാൻ കഴിഞ്ഞ വർഷ ജനുവരിയിലാണ് കേന്ദ്രം തീരുമാനിച്ചത്. എ.ബി.പി.എസ് അനുസരിച്ച് തൊഴിലാളിയുടെ ആധാർ തൊഴിൽ കാർഡുമായും ബാങ്ക് അക്കൗണ്ടുമായും ബന്ധിപ്പിക്കും.

ജൂലൈയിൽ 88.51 ശതമാനം പേർക്കും എ.ബി.പി.എസ് വഴിയാണു വേതനം നൽകിയത്. എന്നാൽ ഇതോടെ നിരവധി പേർക്ക് കൂലി മുടങ്ങി. പദ്ധതി പൂർണമാകുന്നതോടെ കൂടുതൽ പേർ പ്രയാസത്തിലാകും. ജൂലൈയിലെ കണക്ക് പ്രകാരം 1.75 ലക്ഷത്തിലധികം പേർക്കാണ് കൂലി ലഭിക്കാൻ പ്രയാസം നേരിട്ടത്. കഴിഞ്ഞ വർഷം ഫെബ്രുവരി ഒന്ന് മുതലാണ് കേന്ദ്രസർക്കാർ ഇവരുടെ വേതനം ആധാർ ബേസ്ഡ് പേയ്‌മെന്റ് സിസ്റ്റം വഴിയാക്കിയത്.


തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട് ജീവിച്ചുവരുന്നവർ സാധാരണക്കാരാണ്. ഇവരുടെ രേഖയിലെ പേരുകളിലും വയസുകളിലുമുള്ള ചെറിയ മാറ്റം മുതൽ പല കാരണങ്ങൾ കൊണ്ടാണ് പണം ലഭിക്കാതെ പോകുന്നത്. അക്കൗണ്ടുമായി ബന്ധിപ്പിച്ച ആധാർ നമ്പറാണ് കൂലി നിക്ഷേപിക്കാൻ ഉപയോഗിക്കുന്നത്. ഇങ്ങനെ ചെയ്യുമ്പോൾ നാഷനൽ പേമെന്റ് കോർപറേഷൻ ഓഫ് ഇന്ത്യയുടെ മാപ്പിങ് ആവശ്യമുണ്ട്. 21 ലക്ഷത്തിലധികം പേരാണ് തൊഴിലുറപ്പ് പദ്ധതിയിൽ കേരളത്തിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതിൽ 16 ലക്ഷത്തോളം പേർ തൊഴിലുറപ്പ് പദ്ധതിയിൽ സജീവമാണ്. ഇത്രയും കാലം തുക ലഭിച്ചിരുന്നെങ്കിലും ആധാർ അധിഷ്ഠിതമായതോടെ ഇവരിൽ പലരും പ്രതിസന്ധിയിലാണ്.


ക്ഷേമപദ്ധതികൾക്ക് ആധാർ നിർബന്ധമാക്കരുതെന്നാണ് സുപ്രിംകോടതി ഉത്തരവ്. 2017ൽ ചീഫ് ജസ്റ്റിസ് ജെ.എസ് ഖെഹാർ അധ്യക്ഷനായുള്ള ഏഴംഗ ഭരണഘടനാ ബെഞ്ചാണ് ഇത് സംബന്ധിച്ച് ഉത്തരവിട്ടത്. പിന്നീട് പലപ്പോഴായി ഈ ഉത്തരവ് സുപ്രിംകോടതി ആവർത്തിക്കുകയും ചെയ്തിരുന്നു. ആധാർ ക്ഷേമപദ്ധതി ആനുകൂല്യങ്ങൾക്ക് നിർബന്ധമല്ലെന്ന നിലപാടാണ് ഇതു സംബന്ധിച്ച കേസുകളിലെല്ലാം കേന്ദ്രസർക്കാരും സുപ്രിംകോടതിയിൽ സ്വീകരിച്ചിരുന്നത്. എന്നാൽ, സർക്കാർ നടപ്പാക്കുന്നത് മറ്റൊന്നാണ്. എല്ലാ ക്ഷേമപദ്ധതികൾക്കും ഇപ്പോൾ ആധാർ നമ്പർ നിർബന്ധമാണ്. ആധാർ നമ്പർ ഉപയോഗിച്ച് രജിസ്റ്റർ ചെയ്യാത്തവർക്ക് ക്ഷേമപദ്ധതികളുടെ ആനുകൂല്യങ്ങളും കിട്ടില്ലെന്ന സ്ഥിതിയുണ്ട്.


2005ലെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമത്തിന്റെ അടിസ്ഥാനത്തിൽ, ഗ്രാമീണമേഖലയിൽ അവിദഗ്ധ കായികാധ്വാനത്തിന് തയാറുള്ള ഓരോ കുടുംബത്തിനും ഒരു സാമ്പത്തിക വർഷം പരമാവധി 100 ദിവസത്തെ തൊഴിൽ ആവശ്യാധിഷ്ഠിതമായി നൽകുന്നത് ലക്ഷ്യമിട്ടുള്ള കേന്ദ്രാവിഷ്‌കൃത പദ്ധതിയാണ് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി. മൻമോഹൻ സിങ്ങിന്റെ നേതൃത്വത്തിലുള്ള യു.പി.എ സർക്കാരാണ് പദ്ധതി കൊണ്ടുവന്നത്.

എന്നാൽ മോദിസർക്കാർ അധികാരത്തിലെത്തിയതോടെ ബജറ്റ് വിഹിതം കുറച്ച് പദ്ധതിയെ കൊല്ലാനാണ് ശ്രമം. നടപ്പു സാമ്പത്തിക വർഷം പദ്ധതിക്കുവേണ്ടി 60,000 കോടിയാണ് കേന്ദ്രസർക്കാർ ബജറ്റ് വിഹിതം പ്രഖ്യാപിച്ചത്. കഴിഞ്ഞ നാലു വർഷത്തെ ബജറ്റിനെക്കാളും കുറഞ്ഞ തുകയും കഴിഞ്ഞ സാമ്പത്തിക വർഷം അനുവദിച്ചതിനെക്കാൾ 29,000 കോടി കുറവുമായിരുന്നു ഇത്. കഴിഞ്ഞ സാമ്പത്തിക വർഷത്തെ ബജറ്റിൽ 73,000 കോടി മാത്രമായിരുന്നു അനുവദിച്ചത്. ഇത് 89,400 കോടിയായി പിന്നീട് തിരുത്തേണ്ടി വരികയായിരുന്നു. 2021ലെ ബജറ്റിൽ ഇത് 61500 കോടിയായിരുന്നു. എന്നാൽ പിന്നീട് റിവേഴ്‌സ്ഡ് എസ്റ്റിമേറ്റ് 111500 കോടിയായി ഉയർത്തി.

2022ലെ ബജറ്റിൽ 73000 കോടിയാണ് പ്രഖ്യാപിച്ചത്. ഇത് ഫലത്തിൽ 98000മായി ഉയർത്തേണ്ടിവന്നു. കൊവിഡ് കാലത്ത് ജനങ്ങൾക്കുണ്ടായ വരുമാന നഷ്ടം 80 ശതമാനവും നികത്തിയത് തൊഴിലുറപ്പ് പദ്ധതിയാണെന്നാണ് അസിം പ്രേംജി സർവകലാശാല നടത്തിയ പഠനം കണ്ടെത്തിയത്.


പദ്ധതിയുടെ പണം നൽകുന്നതിൽ കേന്ദ്രസർക്കാർ വീഴ്ചവരുത്തുന്നതും പതിവ് കാഴ്ചയാണ്. ഇതോടൊപ്പമാണ് സംസ്ഥാനങ്ങൾക്ക് നൽകാനുള്ള കുടിശ്ശിക. നിരവധി സംസ്ഥാനങ്ങൾക്ക് കേന്ദ്രം കുടിശ്ശിക നൽകാനുണ്ട്. പശ്ചിമബംഗാൾ സർക്കാരിന് മാത്രം രണ്ടുവർഷത്തെ കുടിശ്ശികയുണ്ട്. ഇത് നാലായിരം കോടിയിലധികം വരും. രാജസ്ഥാനും ബിഹാറിനും കർണാടകയ്ക്കും കുടിശ്ശിക നൽകാനുണ്ട്. കഴിഞ്ഞ ഒക്ടോബർ വരെ തൊഴിലുറപ്പ് പദ്ധതിയുടെ ബജറ്റ് വിഹിതത്തിൽ ബാക്കിയുണ്ടായിരുന്നത് നാലു ശതമാനം മാത്രമായിരുന്നു.

ഈ സാമ്പത്തിക വർഷം ഇനിയും ബാക്കിയുണ്ട്. ബജറ്റ് വിഹിതം കുറച്ചതാണ് ഈ പ്രതിസന്ധിയുണ്ടാക്കുന്നത്. നിലവിലെ വിഹിതം രാജ്യത്ത് ലഭ്യമായ തൊഴിലാളികൾക്ക് 100 ദിവസത്തെ തൊഴിൽ നൽകാൻ പര്യാപ്തമല്ല. പദ്ധതിയുടെ തൊഴിൽ ദിനങ്ങൾ വെട്ടിക്കുറക്കുകയെന്ന ആശയത്തിലേക്ക് ഇത് സർക്കാരിനെ നയിക്കുമെന്നാണ് ആശങ്ക. തൊഴിലുറപ്പ് പദ്ധതിയെ ഞെക്കിക്കൊല്ലാനുള്ള നീക്കം അംഗീകരിക്കാൻ കഴിയില്ല. ആധാറിന്റെ പേരിൽ സാധാരണക്കാരുടെ കൂലി നിഷേധിക്കുന്നത് അവസാനിപ്പിക്കേണ്ടതുണ്ട്.


നാഷനൽ മൊബൈൽ മോണിറ്ററിങ് സിസ്റ്റം ആപ്ലിക്കേഷൻ നിർബന്ധമാക്കിയ മോദിസർക്കാർ രാവിലെ 7 മുതൽ 10 വരെയും ഉച്ചകഴിഞ്ഞ് 2 മുതൽ 5 വരെയും ഹാജർ രേഖപ്പെടുത്താൻ തൊഴിലാളികളെ നിർബന്ധിക്കുകയാണ്. അതിന് എല്ലാ തൊഴിലാളികൾക്കും സ്മാർട്ട്ഫോൺ ഉണ്ടായിരിക്കണം. എന്നാൽ പലർക്കും വിലകൂടിയ സ്മാർട്ട്ഫോണുകൾ വാങ്ങാൻ കഴിയില്ല.

സാങ്കേതിക ജ്ഞാനമില്ലാത്ത സാഹചര്യവുമുണ്ട്. ഗ്രാമീണപ്രദേശങ്ങളിൽ എപ്പോഴും മൊബൈൽ ചാർജ് ചെയ്യാൻ സാധ്യമല്ല. വൈദ്യുതി ലഭ്യമല്ല, ഇന്റർനെറ്റ് കണക്റ്റിവിറ്റി ലഭ്യമല്ല. അത്തരം സന്ദർഭങ്ങളിൽ തൊഴിലാളികൾക്ക് ദിവസം മുഴുവൻ ജോലി ചെയ്യാൻ കഴിയില്ല. ഫലത്തിൽ തെറ്റായ നയങ്ങളിലൂടെ ഒരു ജനക്ഷേമപദ്ധതിയെ കൊല്ലാക്കൊല ചെയ്യുകയാണ് മോദി സർക്കാർ. ക്ഷേമപദ്ധതികൾ മോദി സർക്കാരിന്റെ നയമല്ലെന്ന് മാത്രമല്ല, അതിന് എതിരുമാണ്. ക്ഷേമപദ്ധതി സാമ്പത്തിക പ്രതിസന്ധിയിലാക്കുമെന്നാണ് സർക്കാർ നിലപാട്. മറ്റേത് ക്ഷേമപദ്ധതിയെയും പോലെ സർക്കാരിന്റെ സൗജന്യമായാണ് തൊഴിലുറപ്പ് പദ്ധതിയെയും കേന്ദ്രം കാണുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരം നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ ജീവനക്കാരിയെ കടന്നുപിടിക്കാന്‍ ശ്രമിച്ചയാള്‍ പിടിയിൽ

Kerala
  •  13 days ago
No Image

തിരുവനന്തപുരം; വർക്ക് സൈറ്റിൽ നിന്ന് ടൺ കണക്കിന് ഇരുമ്പ് കമ്പിയും നിർമാണ സാമഗ്രികളും മോഷ്ടിച്ച പ്രതികൾ പിടിയിൽ

Kerala
  •  13 days ago
No Image

ഉത്തർപ്രദേശിൽ ഥാറിന് മുകളിൽ മണ്ണുകയറ്റി റോഡിൽ അഭ്യാസം; വീഡിയോ വൈറലായി പക്ഷേ പണി പാളി

National
  •  13 days ago
No Image

യുഎഇ ദേശീയ ദിനം; ടിആർ 17 എന്ന പുതിയ ഫെറി സർവീസ് ആരംഭിക്കുമെന്ന് ആർടിഎ

uae
  •  13 days ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്; അഞ്ചാം പോരും ഒപ്പത്തിനൊപ്പം

Others
  •  13 days ago
No Image

സന്ദർശക വീസ നിയമം പരിഷ്കരിച്ചത് ഇരുട്ടടി; ഇനി വീസ പുതുക്കാൻ 30 ദിവസത്തെ ഇടവേള ആവശ്യം

uae
  •  13 days ago
No Image

ഫിൻജാൽ ചുഴലിക്കാറ്റ്; എടിഎമ്മിൽ നിന്ന് പണമെടുക്കാനെത്തിയ യുവാവ് ഷോക്കേറ്റ് മരിച്ചു

National
  •  13 days ago
No Image

യുഎഇ ദേശീയ ദിനം; ഡിസംബർ 2, 3 തീയതികളിൽ ഷാർജയിൽ സൗജന്യ പാർക്കിംഗ് പ്രഖ്യാപിച്ചു

uae
  •  13 days ago
No Image

മലപ്പുറത്ത് എംഡിഎംഎയും കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

Kerala
  •  13 days ago
No Image

പന്നിയങ്കരയിൽ ടോള്‍ പ്ലാസയിലേക്ക് നിയന്ത്രണം വിട്ട് ലോറി ഇടിച്ചുകയറി; അപകടമൊഴിവായത് തലനാരിഴയ്ക്ക്

Kerala
  •  13 days ago