മണിപ്പൂർ കലാപം പുതിയ തലത്തിലേക്ക് കടക്കുമ്പോൾ
മണിപ്പൂരിൽ സംഘർഷം വീണ്ടും മൂർച്ഛിക്കുകയാണ്. ലിലോങ് ചിങ്ചാവോയിൽ തിങ്കളാഴ്ചയുണ്ടായ വെടിവയ്പ്പിൽ അഞ്ചു മെയ്തി പംഗൽ വിഭാഗക്കാർ കൊല്ലപ്പെടുകയും 17 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ടെങ്നൗപാലിൽ ചൊവ്വാഴ്ചയുണ്ടായ വെടിവയ്പ്പിൽ അഞ്ചു പൊലിസുകാർക്കും രണ്ടു ബി.എസ്.എഫുകാർക്കും പരുക്കേറ്റു. ബോംബുകളും ഓട്ടോമാറ്റിക് തോക്കുകളും ഉപയോഗിച്ചായിരുന്നു ആക്രമണമെന്നാണ് ഔദ്യോഗിക വിവരം.
മെയ് മൂന്നിനാണ് മണിപ്പൂരിൽ കലാപം തുടങ്ങിയത്. ഏഴുമാസമായിട്ടും കലാപം അടങ്ങിയിട്ടില്ല. ഇതോടെ രാജ്യത്തെ നീണ്ട കലാപമായി മാറിയിരിക്കുകയാണ് മണിപ്പൂർ. മ്യാന്മറിൽ നിന്നുള്ള കുടിയേറ്റക്കാരായ തീവ്രവാദികളാണ് ആക്രമണത്തിന് പിന്നിലെന്നാണ് മണിപ്പൂർ മുഖ്യമന്ത്രി ബിരേൻ സിങ് ആരോപിക്കുന്നത്. മെയ്തി വിഭാഗക്കാരനായ ബിരേൻ സിങ് കുക്കികളെയാണ് ലക്ഷ്യംവയ്ക്കുന്നതെന്ന് വ്യക്തമാണ്. അഞ്ചുപേരെ കൊലപ്പെടുത്തിയതിന്റെ ഉത്തരവാദിത്വം റെവല്യൂഷണറി പീപ്പിൾസ് ഫ്രണ്ട് ഏറ്റെടുത്തിട്ടുണ്ട്.
മണിപ്പൂരിലെ മലമേഖലയിൽ കുക്കി സായുധ സംഘങ്ങൾ സജീവമാണെന്നത് വസ്തുതയാണ്. കുക്കികൾക്കെതിരായ അതിക്രമങ്ങൾ തടയുന്നതിൽ ബിരേൻ സിങ് സർക്കാരിന്റെ പരാജയത്തിൽ നിന്നാണ് സായുധ സംഘങ്ങൾ വളർന്നത്. ബിരേൻ സിങ്ങിന്റെ കൺമുന്നിൽ, ഇംഫാൽ താഴ്‌വരയിൽ മെയ്തി തീവ്രവാദ സംഘങ്ങളും സജീവമാണ്. പൊലിസിനൊപ്പം ഈ സംഘങ്ങൾ ആയുധങ്ങളുമായി റോന്ത് ചുറ്റുന്നുമുണ്ട്. അസം റൈഫിൾസിനെയും മറ്റു കേന്ദ്രസേനകളെയും അക്രമിക്കുകയും കുക്കികൾക്കെതിരേ ആക്രമണം അഴിച്ചുവിടുകയും ചെയ്യുന്നു.
മണിപ്പൂരിലെ മുസ്‌ലിംകളാണ് പംഗലുകൾ. കലാപത്തിൽ ഇരുവിഭാഗത്തിന്റെയും സംരക്ഷകരായി നിന്നത് പംഗലുകളാണ്.
ഏഴു മാസത്തിനിടെ മണിപ്പൂരിൽ പംഗലുകളെ അക്രമിച്ച സംഭവവുമുണ്ടായിട്ടില്ല. മുസ്‌ലിംകൾക്ക് രണ്ടുവിഭാഗത്തിനിടയിലും സ്വീകാര്യതയുണ്ടായിരുന്നു. എന്നാൽ, ഈ സംഭവത്തോടെ കാര്യങ്ങൾ മാറിവരികയാണ്. ഒപ്പം കൂടുതൽ സായുധ സംഘങ്ങൾ മണിപ്പൂരിൽ സജീവമാകുന്നതിന്റെ ലക്ഷണങ്ങൾ കൂടിയാണിത്. മയക്കുമരുന്ന് ഇടപാടുമായി ബന്ധപ്പെട്ട തർക്കമാണ് കൊലയ്ക്ക് കാരണമെന്നാണ് മറ്റൊരു ഔദ്യോഗിക വിശദീകരണം.
ആർക്കും ആരെയും കൊല്ലാവുന്ന സാഹചര്യമാണ് മണിപ്പൂരിൽ. ക്രമസമാധാനം പൂർണമായും തകർച്ചയിലാണ്. സർക്കാരിന് ഒരു നിയന്ത്രണവുമില്ല. അവിടെ എന്തെല്ലാം നടക്കുന്നുവെന്നോ ഏതെല്ലാം വിഭാഗങ്ങൾ കളത്തിലുണ്ടെന്നോ സർക്കാരിനറിയില്ല. രഹസ്യാന്വേഷണ വിഭാഗങ്ങൾ പൂർണമായും പരാജയപ്പെട്ടിരിക്കുന്നു. സംസ്‌കരിക്കാനാവാതെ ഏഴുമാസമായി മോർച്ചറിയിൽ വച്ചിരുന്ന 64 കുക്കി വിഭാഗക്കാരുടെ മൃതദേഹങ്ങൾ സുപ്രിംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ മാസം സംസ്‌കരിക്കാൻ ബന്ധുക്കൾക്ക് വിട്ടുനൽകിയെന്നത് മാത്രമാണ് കഴിഞ്ഞ കാലങ്ങളിലുണ്ടായ ആശ്വാസകരമായ കാര്യം.
കഴിഞ്ഞ ഏഴു മാസത്തിനുള്ളിൽ കുക്കി-മെയ്തി വിഭാഗങ്ങൾക്കിടയിൽ പരസ്പര വിശ്വാസം വീണ്ടെടുക്കാനുള്ള ഒരു നീക്കവും സർക്കാരിന്റെ ഭാഗത്തു നിന്നുണ്ടായില്ല. ഓരോ ഇടവേളയിലും ഇരുവിഭാഗങ്ങൾക്കുമിടയിൽ സംഘർഷമുണ്ടാകുന്നു. ഇതാകട്ടെ വിഭജനം വിശാലമാക്കുകയും ശത്രുത കൂട്ടുകയും ചെയ്യുന്നു. അക്രമത്തിന് ഏറ്റവും സാധ്യതയുള്ള പ്രദേശങ്ങളെ നിയന്ത്രിക്കാനും സാധാരണ നിലയിലേക്ക് കൊണ്ടുവരാനും സർക്കാർ ഒന്നും ചെയ്യുന്നില്ല. ആധിപത്യമുള്ള മേഖലകളിൽ മുഖ്യമന്ത്രിയെ പ്രഖ്യാപിച്ച് സ്വയംഭരണം നടത്തുമെന്നാണ് കഴിഞ്ഞ മാസം കുക്കി-
സോ വിഭാഗങ്ങളെ പ്രതിനിധീകരിക്കുന്ന ഇൻഡിജിനസ് ട്രൈബൽ ലീഡേഴ്സ് ഫോറം പ്രഖ്യാപിച്ചത്. നിയമപരമായി യാതൊരു അടിസ്ഥാനവുമില്ലാത്തതാണെങ്കിലും ഈ നീക്കത്തിന്റെ ഗൗരവം ചെറുതല്ല. ഇന്റലിജൻസ് ബ്യൂറോ സംഘവും ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥരും ചുരാചന്ദ്പൂരിൽ യോഗം ചേർന്ന് ഒരാഴ്ചയ്ക്കുശേഷമാണ് ഈ പ്രഖ്യാപനം വന്നതെന്നത് കേന്ദ്രസർക്കാരിനും മണിപ്പൂരിൽ പിടി അയയുന്നതിന്റെ ലക്ഷണമാണ്. ക്രമസമാധാനപാലനത്തിൽ പരാജയപ്പെട്ടതിനുശേഷവും മുഖ്യമന്ത്രിയെ മാറ്റണമെന്ന ആവശ്യത്തോട് ബി.ജെ.പി മുഖം തിരിച്ചുനിന്നു. എല്ലാം താനെ കെട്ടണയുമെന്നാണ് കേന്ദ്രസർക്കാർ കരുതിയത്.
ഒന്നും കെട്ടണയില്ലെന്ന് വ്യക്തമാണ്.
കുക്കി----_ സോ വിഭാഗങ്ങളുടെ ഒരു പ്രധാന ആവശ്യം നേതൃമാറ്റമാണ്. ബിരേൻ സിങ്ങിനെ മാറ്റാതെ സമാധാനം കൊണ്ടുവരാനുള്ള ഒരുശ്രമവും ഫലം കാണില്ല. ഇത് കേന്ദ്രസർക്കാരിനുമറിയാം. എന്നാൽ യാഥാർഥ്യങ്ങളോട് കണ്ണടയ്ക്കുകയാണ് കേന്ദ്രം. ഇംഫാൽ താഴ്‌വരയോടും മലയോരമേഖലയോടും ചേർന്നുള്ള പ്രദേശങ്ങളിലെ അക്രമം അടിച്ചമർത്താൻ കേന്ദ്രസർക്കാർ അർധസൈനിക വിഭാഗത്തെയാണ് ആശ്രയിക്കുന്നത്.
അടിച്ചമർത്തലുകളിലൂടെ ഉണ്ടാകുന്ന സമാധാനം താൽക്കാലികമാണ്. ഇടയ്ക്കിടെയുണ്ടാകുന്ന സംഘർഷങ്ങൾ ഇക്കാര്യം ആവർത്തിച്ചു പറയുന്നുണ്ട്. ഓരോ സംഭവവും സമാധാന നീക്കത്തിന് കടുത്ത വെല്ലുവിളിയാണ്. മണിപ്പൂർ താഴ്‌വരയിലെ അഞ്ച് ജില്ലകളെങ്കിലും ഇപ്പോൾ കർഫ്യൂവിലാണ്. കേന്ദ്രത്തിന്റെ പിന്തുണയുള്ളതിനാൽ മാത്രമാണ് മുഖ്യമന്ത്രി ബിരേൻ സിങ് തൽസ്ഥാനത്ത് തുടരുന്നത്. കുക്കികളുടെ മൃതദേഹങ്ങൾക്ക് മാന്യമായ ഒരു സംസ്‌കാരം പോലും ഉറപ്പാക്കാൻ കഴിയാതിരന്നത് ബിരേൻ സിങ്ങിന്റെ കഴിവില്ലായ്മയുടെ അളവുകോലാണ്.
സംസ്ഥാനത്ത് അക്രമസംഭവങ്ങൾ ഉണ്ടായതിനുശേഷം ഇതുവരെ 200ലധികം ആളുകൾ കൊല്ലപ്പെടുകയും 60,000ത്തോളം പേർ വീടുകളിൽനിന്ന് പലായനം ചെയ്യുകയും ചെയ്തു. വാഗ്ദാനങ്ങൾ നൽകുന്നതിനു പുറമെ, കുടിയൊഴിപ്പിക്കപ്പെട്ടവർക്ക് താമസിച്ചിരുന്ന പ്രദേശങ്ങളിലേക്ക് മടങ്ങാനും അവരുടെ വീടുകൾ പുനർനിർമിക്കാനും കഴിയുമെന്ന് ഉറപ്പാക്കാൻ കാര്യമായൊന്നും ചെയ്തിട്ടില്ല. വംശീയ അടിസ്ഥാനത്തിലുള്ള വിഭജനം തീർച്ചയായും ശാശ്വതമായിത്തീർന്നിരിക്കുന്നു
എന്നതിന് നിഷേധിക്കാനാവാത്ത തെളിവുകളുണ്ട്. ഇരുവിഭാഗങ്ങൾക്കും തങ്ങളുടെ പ്രദേശങ്ങളിലേക്ക് നിർഭയമായി തിരികെ പോകാനുള്ള സാഹചര്യമുണ്ടാക്കുകയെന്നതാണ് ശാശ്വത സമാധാനത്തിന്റെ ആദ്യപടി. ജനങ്ങളുടെ തിരിച്ചുവരവ് സുഗമമാക്കുന്നതിന് സമൂഹങ്ങൾക്കിടയിൽ സമാധാനവും സാഹോദര്യ ബന്ധവും പുനർനിർമിക്കുന്നതിനുള്ള സംഭാഷണപ്രക്രിയ സാധ്യമാകണം.
സംഘർഷം നിയന്ത്രിക്കാൻ നടപടികൾ സ്വീകരിക്കുന്നതിന് പകരം വിവേകശൂന്യമായ മൗനം പാലിക്കുക എന്ന ധാർഷ്ട്യം കേന്ദ്രസർക്കാരും ബി.ജെ.പിയും മാറ്റിയില്ലെങ്കിൽ മണിപ്പൂരിലെ കലാപം തുടരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."