'മുതലപ്പൊഴിയിലെ ഡ്രഡ്ജിങ് മാര്‍ച്ച് 31നകം പൂര്‍ത്തിയാക്കണം' അദാനി ഗ്രൂപ്പിന് അന്ത്യ ശാസനവുമായി മന്ത്രി സജി ചെറിയാന്‍
'മുതലപ്പൊഴിയിലെ ഡ്രഡ്ജിങ് മാര്‍ച്ച് 31നകം പൂര്‍ത്തിയാക്കണം' അദാനി ഗ്രൂപ്പിന് അന്ത്യ ശാസനവുമായി മന്ത്രി സജി ചെറിയാന്‍
തിരുവനന്തപുരം: മുതലപ്പൊഴിയിലെ ഡ്രഡ്ജിങ് പൂര്‍ത്തിയാക്കുന്നതില്‍ അദാനി ഗ്രൂപ്പിന് ഫിഷറീസ് മന്ത്രി സജി ചെറിയാന്റെ അന്ത്യശാസനം. ഡ്രഡ്ജിങ് മാര്‍ച്ച് 31നകം പൂര്‍ത്തിയാക്കാന്‍ മന്ത്രിയാവശ്യപ്പെട്ടു.
ഡ്രഡ്ജിങിനു വേഗം പോരെന്നു അദാനി ഗ്രൂപ്പുമായുള്ള അവലോകന യോഗത്തില്‍ സജി ചെറിയാന്‍ പറഞ്ഞു. മുതലപ്പൊഴിയിലെ കല്ല് നീക്കാനുള്ള അദാനി ഗ്രൂപ്പിന്റെ കരാര്‍ പുനഃസ്ഥാപിക്കില്ല, ഓരോ ആഴ്ചയും പ്രവര്‍ത്തന പുരോഗതി വിലയിരുത്തണമെന്നും മന്ത്രി നിര്‍ദേശിച്ചു.
അതേസമയം കല്ല് കൊണ്ടുപോകാനായി പൊളിച്ച പുലിമുട്ട് പുനഃസ്ഥാപിക്കാന്‍ ഫിഷറീസ് വകുപ്പില്‍ ധാരണയായി. ഡ്രഡ്ജ് ചെയ്യുന്നതിനായി ദൈര്‍ഘ്യമേറിയ എക്‌സ്‌കവേറ്റര്‍, രണ്ടു രീതിയിലുള്ള ബാര്‍ജുകള്‍ എന്നിവ മുതലപ്പൊഴിയില്‍ കഴിഞ്ഞ മാസം എത്തിച്ചിരുന്നു. മത്സ്യ യാനങ്ങള്‍ക്ക് കടലില്‍ പോയി വരുന്നതിന് തടസ്സം ഉണ്ടാക്കാത്ത വിധത്തില്‍ ആണ് ഡ്രഡ്ജിങ് ജോലികള്‍ ക്രമീകരിച്ചിരിക്കുന്നത്.
അശാസ്ത്രീയമായ നിര്‍മാണപ്രവൃത്തികളുടെ ഫലമായി മുതലപ്പൊഴി തുറമുഖത്തു മത്സ്യത്തൊഴിലാളികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിഞ്ഞ ജൂലൈ 31നു മത്സ്യബന്ധന മന്ത്രി വിളിച്ചു ചേര്‍ത്ത യോഗത്തിലെ തീരുമാന പ്രകാരമാണ് ജോലികള്‍ ചെയ്യുന്നത്. തെക്കേ പുലിമുട്ടില്‍ ഗൈഡ് ലൈറ്റ് സ്ഥാപിച്ചു കഴിഞ്ഞു. ഇത് മത്സ്യയാനങ്ങള്‍ക്ക് വഴികാട്ടി ആകും.
2021 ലെ ടാക്ടെ ചുഴലിക്കാറ്റില്‍ തകര്‍ന്ന തെക്കേ പുലിമുട്ടിലെ കല്ലുകളും ടെട്രാപോഡുകളും അഴിമുഖത്തു അടിഞ്ഞുകൂടുകയും മത്സ്യയാനങ്ങള്‍ക്ക് അപകടമാകും വിധം തടസ്സം സൃഷ്ടിക്കുകയും ആയിരുന്നു. ഇതു നീക്കം ചെയ്യാന്‍ 2023 മാര്‍ച്ചില്‍ ഹാര്‍ബര്‍ എന്‍ജിനീയറിങ് വകുപ്പ് ടെന്‍ഡര്‍ ഉള്‍പ്പെടെ നടപടികള്‍ സ്വീകരിച്ചെങ്കിലും ഫലം കണ്ടില്ല. തുടര്‍ന്ന് മന്ത്രിതല യോഗത്തിലെ നിര്‍ദേശ പ്രകാരം അദാനി ഗ്രൂപ് ആദ്യം ഒരു മധ്യനിര ലോങ് ബൂം ക്രെയിന്‍ വിന്യസിച്ചു. തുടര്‍ന്ന് 210 അടി നീളമുള്ള ക്രെയിന്‍ കൂടി ലഭ്യമാക്കി. അഴിമുഖത്തുണ്ടായിരുന്ന 700 ഓളം കല്ലുകളും 140 ഓളം ടെട്രാപോഡുകളും നീക്കം ചെയ്തു. വളരെ ഭാരമേറിയ ഈ ക്രെയിനുകള്‍ എത്തിക്കാന്‍ 7.5 മീറ്റര്‍ വീതിയില്‍ റോഡ് നിര്‍മാണവും നടത്തി.
ഏഴ് ട്രെയിലറുകളിലായി തൂത്തുക്കുടിയില്‍നിന്ന് എത്തിച്ച ക്രെയിന്‍ ഘടകങ്ങള്‍ വളരെ ശ്രമകരമായ ദൗത്യങ്ങള്‍ക്കൊടുവിലാണ് പ്രവര്‍ത്തന സജ്ജമാക്കിയത്. ഇതോടുകൂടി പൊഴിയെ 2021 മുതല്‍ ബാധിച്ച പ്രധാന പ്രശ്‌നത്തിന് പരിഹാരമാവുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."