HOME
DETAILS

ശാസ്ത്ര കോൺഗ്രസിന് അന്ത്യമോ?

  
backup
January 05 2024 | 01:01 AM

is-the-science-congress-over

ജനുവരി മൂന്നിന് നടക്കേണ്ട ഇന്ത്യൻ ശാസ്ത്ര കോൺഗ്രസ് മാറ്റിവച്ചിരിക്കുന്നു. ഇനിയെന്ന് നടക്കുമെന്നോ ഈ വർഷം നടക്കുമോ ഇല്ലയോ എന്നോ വ്യക്തതയില്ല. രാജ്യത്തെ പ്രമുഖ ശാസ്ത്രജ്ഞരും ശാസ്ത്ര വിദ്യാർഥികളും കൂടിച്ചേരുന്ന അഞ്ചു ദിവസം നീളുന്ന സുപ്രധാന സമ്മേളനമാണ് ഇന്ത്യൻ ശാസ്ത്ര കോൺഗ്രസ്. ശാസ്ത്ര സാങ്കേതിക വകുപ്പാണ് സയൻസ് കോൺഗ്രസ് നടത്താൻ ഇന്ത്യൻ സയൻസ് കോൺഗ്രസ് അസോസിയേഷന് പണം നൽകേണ്ടത്. ഇത്തവണ പണം നൽകില്ലെന്ന് ശാസ്ത്ര സാങ്കേതിക വകുപ്പ് സെപ്റ്റംബറിൽ പ്രഖ്യാപിച്ചതോടെയാണ് ഇന്ത്യൻ ശാസ്ത്ര കോൺഗ്രസ് അനിശ്ചിത കാലത്തേക്ക് മാറ്റിവയ്‌ക്കേണ്ടിവന്നത്. ഒരു നൂറ്റാണ്ടായി രാജ്യത്ത് നടന്നുവരുന്ന ശാസ്ത്ര കോൺഗ്രസാണ് ഇത്തവണ മുടങ്ങിയത്.
1914ലാണ് ഇന്ത്യൻ ശാസ്ത്ര കോൺഗ്രസ് ആരംഭിച്ചത്. സ്വാതന്ത്ര്യത്തിനുശേഷം ഏതാനും ചില സന്ദർഭങ്ങളിൽ ഒഴികെ രാജ്യത്തെ പ്രധാനമന്ത്രിയാണ് ശാസ്ത്ര കോൺഗ്രസ് ഉദ്ഘാടനം ചെയ്യാറ്. എല്ലാ വർഷവും ജനുവരി മൂന്നിനാണ് പരിപാടി നടക്കാറുള്ളത്. ഇത്തവണ ജനുവരി മൂന്ന് കടന്നുപോയി. 2015 മുതൽ എല്ലാ ശാസ്ത്ര കോൺഗ്രസിലും പ്രധാനമന്ത്രി മോദി പങ്കെടുത്തിരുന്നു. കഴിഞ്ഞ വർഷം നാഗ്പൂരിൽ നടന്ന 108ാമത് കോൺഗ്രസും ഉദ്ഘാടനം ചെയ്തത് പ്രധാനമന്ത്രി മോദിയാണ്. പണം നൽകണമെങ്കിൽ ഇന്ത്യൻ സയൻസ് കോൺഗ്രസ് അസോസിയേഷൻ അതിന്റെ പ്രവർത്തന രീതിയിൽ മാറ്റം വരുത്തണമെന്നാണ് ശാസ്ത്ര സാങ്കേതിക വകുപ്പ് പറയുന്നത്. പല കാര്യങ്ങളിലും ഇന്ത്യൻ സയൻസ് കോൺഗ്രസ് അസോസിയേഷൻ ഏകപക്ഷീയമായി തീരുമാനമെടുക്കുകയാണെന്നും സാമ്പത്തിക ക്രമക്കേടുണ്ടാകുന്നുണ്ടെന്നുമാണ് ആരോപണം. ലഖ്‌നൗ സർവകലാശാലയിൽ നിശ്ചയിച്ച ചടങ്ങ് സർക്കാരിന്റെ അനുമതി തേടാതെ ജലന്ദറിലെ ലവ്‌ലി പ്രൊഫഷനൽ സർവകലാശാലയിലേക്ക് മാറ്റാൻ തീരുമാനിച്ചെന്നതാണ് മറ്റൊരു തർക്കം. സർക്കാർ പണം നൽകില്ലെന്ന് അറിയിച്ചതോടെ ഇതും നടക്കില്ലെന്നും ചടങ്ങ് നടത്താൻ തങ്ങൾക്ക് കഴിയില്ലെന്നുമാണ് ഇന്ത്യൻ സയൻസ് കോൺഗ്രസ് അസോസിയേഷൻ അറിയിക്കുന്നത്.
അഞ്ചു കോടിയാണ് അഞ്ചു ദിവസത്തെ ചടങ്ങിന് അനുവദിക്കാറുള്ളത്. ഇതിന്റെ വലിയൊരു ഭാഗം ആതിഥേയത്വം വഹിക്കുന്ന സർവകലാശാലകൾക്ക് ചെലവിനത്തിൽ കൈമാറുകയാണ് പതിവ്. സാമ്പത്തികാരോപണം അസോസിയേഷൻ നിഷേധിക്കുന്നുണ്ട്. അസോസിയേഷന്റെ ഭാഗത്തുനിന്ന് സാമ്പത്തിക ക്രമക്കേടുണ്ടാകുന്നുണ്ടെങ്കിൽ അതിന് പരിഹാരം കാണാൻ സംവിധാനങ്ങളുമുണ്ട്. കോൺഗ്രസിന് സർക്കാരിന്റെ പണം ഉപയോഗിക്കരുതെന്ന നിർദേശത്തിനെതിരേ അവർ കോടതിയെയും സമീപിച്ചിട്ടുണ്ട്. കേസിൽ ഇതുവരെ വിധി വന്നിട്ടില്ല. ബാക്കിയുള്ള തർക്കങ്ങൾ കൂടിയാലോചനയിലൂടെ പരിഹരിക്കാവുന്നതേയുള്ളൂ. രാജ്യത്തെ അഭിമാനകരമായ ചടങ്ങ് നിസാര കാരണങ്ങൾ പറഞ്ഞ് ഇല്ലാതാക്കുന്നത് അംഗീകരിക്കാനാവുന്നതല്ല. ഇതിനുമുമ്പ് ഈ ചടങ്ങ് മുടങ്ങിയത് 2021ലും 22ലുമാണ്. അത് കൊവിഡ് വ്യാപനം കാരണം ഒഴിവാക്കാനാവാത്ത സാഹചര്യത്തിലായിരുന്നു. അതിനുമുമ്പ് മുടക്കമുണ്ടായിട്ടില്ല.
ഇത്തവണ ഫെബ്രുവരിയിലെങ്കിലും നടത്താൻ സർവകലാശാലകളുടെ സഹായം ആവശ്യപ്പെട്ട് ഇന്ത്യൻ സയൻസ് കോൺഗ്രസ് അസോസിയേഷൻ അപ്പീൽ പുറപ്പെടുവിച്ചിട്ടുണ്ട്. കുറച്ചുകാലമായി സർക്കാരിന് ശാസ്ത്ര കോൺഗ്രസിൽ താൽപര്യമില്ല. 2015 മുതൽ ഇതിന് സമാന്തരമായി, ഇന്ത്യാ ഇന്റർനാഷണൽ സയൻസ് ഫെസ്റ്റിവൽ നടത്തുകയും സർക്കാർ അതിന് പരമാവധി പിന്തുണ കൊടുക്കുകയും ചെയ്യുന്നുണ്ട്. ശാസ്ത്ര കോൺഗ്രസിനെ പൊളിക്കുകയെന്നത് സർക്കാർ തീരുമാനിച്ചുറപ്പിച്ച് ചെയ്യുന്നതാണ്. ശാസ്ത്രവും ചരിത്രവുമൊന്നും മോദി സർക്കാരിന്റെ മുൻഗണനയിലില്ല. പാഠപുസ്തകങ്ങളിൽപ്പോലും മിത്തുകൾ അടിച്ചേൽപ്പിക്കുന്ന തിരക്കിലാണ് സർക്കാർ. ഗൗളീശാസ്ത്രം കണക്കാക്കിയാണ് സർക്കാർ ചടങ്ങുകൾ നിശ്ചയിക്കുന്നത്. ശാസ്ത്രത്തെക്കാളും ചരിത്രത്തെക്കാളും ബി.ജെ.പിക്ക് രാഷ്ട്രീയനേട്ടം കൊണ്ടുവരിക മിത്തുകളാണ്. മിത്തുകളുടെ പേരിൽ നീതിന്യായ വ്യവസ്ഥയെവരെ അട്ടിമറിക്കുന്ന നിലയിലേക്ക് രാജ്യത്തെ മാറ്റിയവരാണ് മോദി സർക്കാർ.
ലോകത്ത് പ്ലാസ്റ്റിക് സർജറിയുടെ ഒന്നാമത്തെ ഉദാഹരണമാണ് ഗണപതിയെന്ന് 2014 ഒക്ടോബർ 25ന് മുംബൈയിലെ ഒരു ചടങ്ങിൽ പങ്കെടുത്തുകൊണ്ട് പ്രസംഗിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്. പിന്നീട് 2016ൽ നടന്ന ശാസ്ത്ര കോൺഗ്രസിൽ ആന്ധ്രാ സർവകലാശാല വൈസ് ചാൻസലർ ജി. നാഗേശ്വര റാവു അവതരിപ്പിച്ച പ്രബന്ധം ഇന്ത്യൻ മിഥോളജിയിലെ ചില ഭാഗങ്ങൾ പിന്നീട് ആധുനികശാസ്ത്രം കണ്ടെത്തിയതാണെന്ന വാദമുന്നയിക്കുന്നതാണ്. വിഷ്ണുവിന്റെ ദശാവതാരം തന്നെയാണ് പരിണാമ സിദ്ധാന്തമെന്നായിരുന്നു അതിലെ മറ്റൊരു വാദം. ഈ നിരീക്ഷണങ്ങളെ ശാസ്ത്രലോകം തള്ളിക്കളഞ്ഞുവെങ്കിലും അത് പിന്നീട് ബി.ജെ.പി പല വേദികളിലും ആവർത്തിച്ചുകൊണ്ടിരുന്നു. കുറച്ചുകാലമായി മിത്തുകൾ ശാസ്ത്രത്തിന് മുകളിൽ പ്രതിഷ്ഠിക്കപ്പെടുന്നത് യാദൃച്ഛികമല്ല. അതിന് പിന്നിൽ ആസൂത്രണമുണ്ട്. ശാസ്ത്ര കോൺഗ്രസ് പോലുള്ള ചടങ്ങുകൾ ഇതിന്റെ എതിർദിശയിൽ നീങ്ങുന്നതാണ്. അവിടെ സംവാദത്തിനും ചോദ്യം ചെയ്യലിനും അവസരമുണ്ട്.
വാജ്‌പേയിയുടെ നേതൃത്വത്തിലുള്ള എൻ.ഡി.എ സർക്കാർ അധികാരത്തിൽ വന്നനാൾ മുതൽ ശാസ്ത്രത്തിന് മുകളിൽ ഹിന്ദു പുരാവൃത്തങ്ങളെ പ്രതിഷ്ഠിക്കാനുള്ള നീക്കമുണ്ട്. 2014ൽ, നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ കൂടുതൽ ആൾബലത്തോടെ വീണ്ടും സംഘ്പരിവാർ അധികാരത്തിൽ വന്നപ്പോൾ പാഠപുസ്തക പരിഷ്‌കാരങ്ങളുടെ പേരിൽ ഇത് മറയില്ലാത്തതും വേഗമേറിയതുമായി. അതുവരെയും മിത്തുകൾ എന്ന് വേർതിരിച്ച് പഠിപ്പിച്ചിരുന്നവയിൽ മിക്കതും അന്നുതൊട്ട് ചരിത്ര വസ്തുതകളായി. കലർപ്പില്ലാത്ത ശാസ്ത്രമില്ലാതെ രാജ്യത്തിന് പുരോഗതിയുണ്ടാകില്ല. ശാസ്ത്ര ചടങ്ങുകളുടെ നൈരന്തര്യം പുരോഗതി ആഗ്രഹിക്കുന്ന ഒരു സമൂഹത്തിന്റെ അനിവാര്യതയാണ്. ഇക്കാര്യം ജനാധിപത്യവാദികൾ തിരിച്ചറിയേണ്ട സമയമാണിത്. ശാസ്ത്ര കോൺഗ്രസിനെ കൊല്ലാനുള്ള നീക്കത്തിനെതിരേ ശബ്ദമുയർത്തൽ ഫാസിസ്റ്റ് വിരുദ്ധ സഖ്യത്തിന്റെ ബാധ്യതയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സര്‍ക്കാര്‍ ഇടപാടുകളില്‍ 'ഹിംയാന്‍' കാര്‍ഡ് 2025 ഫെബ്രുവരി മുതല്‍; ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് 

Kuwait
  •  24 days ago
No Image

തലസ്ഥാനത്ത് വീണ്ടും മയക്കുമരുന്ന് വേട്ട; എംഡിഎംഎയും കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

Kerala
  •  24 days ago
No Image

എരുമേലിയിൽ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച മിനി ബസ് മറിഞ്ഞ് അഞ്ചുപേർക്ക് പരിക്ക്

Kerala
  •  24 days ago
No Image

ഗസ്സയിലേക്ക് വീണ്ടും സഹായമെത്തിച്ച് യുഎഇ; 5112 ടണ്‍ അവശ്യവസ്തുക്കളുമായി കപ്പല്‍ ഈജിപ്തിലെത്തി.

uae
  •  24 days ago
No Image

എറണാകുളം ദേശീയപാതയിൽ ബസ് നിയന്ത്രണം വിട്ട് അപകടം; രണ്ടുപേർക്ക് പരിക്ക്

Kerala
  •  24 days ago
No Image

വര്‍ക്ക്‌ഷോപ്പിനുള്ളിൽ ലോറി ഡ്രൈവർ കുത്തേറ്റ് മരിച്ചു; സുഹൃത്ത് കസ്റ്റഡിയിൽ

National
  •  24 days ago
No Image

മറ്റു രാഷ്ട്രങ്ങളുടെ ഔദ്യോഗിക ചിഹ്നങ്ങള്‍ വാണിജ്യ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി സഊദി അറേബ്യ

Saudi-arabia
  •  24 days ago
No Image

തൃശൂർ എടക്കഴിയൂർ പഞ്ചവടി ബീച്ചിൽ മത്തിക്കൂട്ടം കരയ്ക്കടിഞ്ഞു

Kerala
  •  24 days ago
No Image

മാതാവിനെ കുത്തിക്കൊലപ്പെടുത്തി, സഹോദരനെ ഗുരുതരമായി പരുക്കേല്‍പ്പിച്ചു; യുവാവ് അറസ്റ്റില്‍ 

Kuwait
  •  24 days ago
No Image

മണിപ്പൂരിൽ ബിജെപിക്ക് തിരിച്ചടി; സർക്കാർ സമ്പൂർണ പരാജയമാണെന്ന് എൻപിപി

National
  •  24 days ago