കുഞ്ഞുങ്ങളുടെ നിലയ്ക്കാത്ത നിലവിളി
ഏറ്റവും കൂടുതൽ വൈദഗ്ധ്യം ആവശ്യമായ രക്ഷാകർതൃത്വം എന്ന ജോലിക്ക് പരിശീലനമില്ല. വ്യത്യസ്ത രുചികളും അഭിരുചികളുമുള്ള രണ്ടുപേർ ദാമ്പത്യജീവിതം ആരംഭിക്കുന്നു. അതിൽ താളവും പിഴവും തട്ടിമുട്ടുന്നതിനിടെ കുട്ടികൾ പിറക്കുകയും വളരുകയും ചെയ്യുന്നു. കുടുംബത്തിലെ അസ്വാരസ്യങ്ങളുടെ ആദ്യ ഇര കുട്ടികളാണ്. 70 ശതമാനം കുറ്റവാളികളും തകർന്ന കുടുംബങ്ങളിൽ നിന്നാണെന്നാണ് കണക്ക്. നമുക്ക് വളരാം, നന്നായി വളർത്താം എന്ന മുദ്രാവാക്യത്തോടെയുള്ള യുനിസെഫിന്റെ "കരുതൽ സ്പർശം' പദ്ധതി രക്ഷാകർത്താക്കളുടെ ഉത്തരവാദിത്വമെന്തെന്ന് എണ്ണിപ്പറയുന്നു.
1. കുട്ടികളുടെ മാനസികവും സാമൂഹികവുമായ വികാസത്തിന് പിന്തുണ നൽകുക. 2. കഴിവുകൾ തിരിച്ചറിഞ്ഞ് പ്രോത്സാഹിപ്പിക്കുക. 3. വൈകാരിക ബന്ധം സ്ഥാപിക്കാൻ പ്രാപ്തരാക്കുക. 4. ജീവിത നൈപുണികൾ വളർത്തിയെടുക്കാൻ സഹായിക്കുക. 5. സ്വതന്ത്ര ജീവിതം നയിക്കാൻ കഴിവുള്ളവരാക്കുക. 6. നല്ല മനുഷ്യരാവാൻ സഹായം ചെയ്യുക.
ദേശീയ കുടുംബാരോഗ്യ സർവേ പറയുന്നത് 13-_17 വയസുകാരിൽ 9.8% പേർക്ക് പ്രത്യേക മാനസിക പിന്തുണ ആവശ്യമുണ്ടെന്നാണ്. ലോകാരോഗ്യ സംഘടനയുടെ കണക്കിൽ ഇത് 15% ആണ്.
ദമ്പതികൾ സ്വന്തം താൽപര്യത്തിനുവേണ്ടി പോരാടുമ്പോൾ അവർ മാതാപിതാക്കളാണെന്നത് മറക്കുകയാണെന്ന് തിരുവനന്തപുരം ഗവൺമെന്റ് മെഡിക്കൽ കോളജിലെ മനോരോഗ വിഭാഗത്തിലെ ഡോ. അനിൽകുമാറും സംഘവും നടത്തിയ സർവേയിൽ ഒരു സ്‌കൂൾ പ്രധാനാധ്യാപിക രേഖപ്പെടുത്തുന്നു. തകർന്ന ദാമ്പത്യത്തിന്റെ ഇരകളാകുന്ന കുട്ടികൾ സാമൂഹിക ദുരന്തമായി മാറുകയാണ്, മയക്കുമരുന്നിന് അടിമകളാവുകയാണ് - _അവർ പറഞ്ഞു.
മുമ്പ് വിവാഹമോചന വേളയിൽ കുട്ടികളെ വിട്ടുകിട്ടാനായി അമ്മമാർ ഏറെ പൊരുതുമായിരുന്നെങ്കിൽ ഇന്ന് അങ്ങനെയല്ല. ഈ കുട്ടികൾ തന്റെ തുടർന്നുള്ള ജീവിതത്തിന് തടസമാകുമെന്നാണ് കരുതുന്നത്.
കൊച്ചി കേന്ദ്രീകരിച്ച് കേരള പൊലിസ് നടത്തിയ പഠനത്തിൽ 75% കുട്ടിക്കുറ്റവാളികളും കുടുംബ ശൈഥില്യത്തിന്റെ സൃഷ്ടികളാണ്. പ്രത്യേകിച്ച് മയക്കുമരുന്ന് ഉപയോഗിക്കുന്നവരും വിൽപനക്കാരും. 170 കുട്ടിക്കുറ്റവാളികളെ പഠന വിധേയരാക്കിയപ്പോൾ 56% പേർ ശിഥിലമായ കുടുംബത്തിൽ നിന്നുള്ളവരാണ്. 38% കുട്ടികളെ മാതാവോ പിതാവോ ആരെങ്കിലും ഒരാളാണ് വളർത്തുന്നത്. കൗമാരക്കാരിൽ കൂടുതൽ പേരും മദ്യത്തിലേക്കും മയക്കുമരുന്നിലേക്കും നീങ്ങിയത് കൂട്ടുകാരുടെ താൽപര്യത്തിന് വഴങ്ങിയാണ്.
വിവാഹമോചന ആഘാതത്തെ മറ്റു ബന്ധങ്ങളിലൂടെ മറികടക്കാൻ ദമ്പതികൾക്ക് കഴിയും. കുട്ടികളുടെ കസ്റ്റഡിക്കു വേണ്ടിയുള്ള വാശി അവരെ വലിയ മാനസിക സംഘർഷങ്ങളിലേക്ക് നയിക്കുന്നു. വേർപിരിയൽ അനിവാര്യമാണെങ്കിൽ കുട്ടികളെ ഇരകളാക്കാതിരിക്കാൻ ശ്രമിക്കണമെന്ന് യുനിസെഫ് രേഖയിൽ നിർദേശിക്കുന്നുണ്ട്. പങ്കാളിയെ പഴിക്കാതിരിക്കുക, മോശമായ വാക്കുകൾ അവരുടെ മുമ്പിൽനിന്ന് പ്രയോഗിക്കാതിരിക്കുക, പരസ്പര ബഹുമാനം കാണിക്കുക, മദ്യം, പുകയില എന്നിവ കുട്ടികളുടെ സാന്നിധ്യത്തിൽ ഉപയോഗിക്കാതിരിക്കുക തുടങ്ങിയ നിർദേശങ്ങൾ നൽകുന്നു.
സ്വന്തം താൽപര്യങ്ങൾക്ക് തടസമോ ഭാരമോ ആകുമെന്ന് തോന്നുമ്പോൾ പിഞ്ചുകുട്ടികളെ കൊന്നുകളയുന്നത് അപൂർവമല്ലാതായി. കഴിഞ്ഞ മാസമാണ് എറണാകുളം കലൂരിൽ ലോഡ്ജ്മുറിയിൽ നിന്ന് ഒന്നരമാസം പ്രായമുള്ള കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊന്നത്. അമ്മയെയും കാമുകനെയും കേസിൽ അറസ്റ്റ് ചെയ്തു. ഒരു വയസ് മാത്രം പിന്നിട്ട കുഞ്ഞിനെ ആലപ്പുഴ ചേർത്തലയിൽ കിണറ്റിലെറിഞ്ഞ് കൊന്നതിലും അമ്മയുണ്ടായിരുന്നു. കാസർക്കോട് ചെറുവത്തൂരിൽ പിതാവാണ് പത്തും ആറും വയസുള്ള കുട്ടികളെ കൊന്ന ശേഷം ആത്മഹത്യ ചെയ്തത്. ഭാര്യയോടുള്ള വിരോധമായിരുന്നു കാരണം.
ലോകത്ത് വർഷം 121 ദശലക്ഷം ആഗ്രഹിക്കാത്ത ഗർഭങ്ങൾ ഉണ്ടാവുന്നുവെന്നാണ് യുനൈറ്റഡ് നാഷൻസ് പോപുലേഷൻ ഫണ്ട് റിപ്പോർട്ടിൽ പറയുന്നത്. അഥവാ ദിവസം 3.31 ലക്ഷം ഗർഭങ്ങൾ സംഭവിച്ചുപോയതാണ്. ഇതിൽ ഏഴിൽ ഒന്ന് ഇന്ത്യയിലാണ്. ദേശീയ കുടുംബാരോഗ്യ സർവേ 5ൽ പറയുന്നത് 15-_19 പ്രായക്കാരായ സ്ത്രീകളിൽ 43/1000 ആഗ്രഹിക്കാതെ ഗർഭം ധരിക്കുന്നു. ഇതിന്റെ ഫലമായി ഗർഭഛിദ്രം വർധിക്കുന്നുണ്ട്. ഇന്ത്യയിൽ പ്രസവ സമയത്ത് അമ്മമാർ മരിക്കുന്നതിനുള്ള കാരണങ്ങളിൽ മൂന്നാമത് നിൽക്കുന്നത് സുരക്ഷിതമല്ലാത്ത ഗർഭഛിദ്രമാണ്. രണ്ടാമത്തെ കുട്ടി ആണോ പെണ്ണോ എന്ന് നോക്കുകയും പെണ്ണാണെങ്കിൽ ഛിദ്രം നടത്തുകയും ചെയ്യുന്നത് ഇന്ത്യയിൽ വ്യാപകം. 10 വർഷത്തിനകം 6 ദശലക്ഷം പെൺ ഭ്രൂണഹത്യകൾ രാജ്യത്ത് നടന്നുവെന്നാണ് പഠനം.
ലൈംഗികതയിലും ബന്ധങ്ങളിലും അപരിമിതമായ സ്വാതന്ത്ര്യത്തെ പുരോഗമനത്തിന്റെ കുപ്പായമിടുവിക്കുന്നത്ത് കുടുംബ സംവിധാനത്തിനേൽപ്പിക്കുന്ന പരുക്ക് ചില്ലറയല്ല. ഏറ്റവും ഒടുവിൽ ഹയർ സെക്കൻഡറി നാഷനൽ സർവീസ് സ്‌കീം സപ്തദിന ക്യാംപിലെ ക്ലാസുകളിലൊന്ന് സ്വവർഗ ലൈംഗികതയെ വാഴ്ത്തുന്നതായിരുന്നു. അവയവങ്ങളെന്തായാലും ജൻഡർ തോന്നുംപടിയാവാമെന്ന വാദത്തെ ശാസ്ത്രീയമെന്നോണം അവതരിപ്പിക്കുന്ന പരിപാടി സ്വവർഗ പ്രത്യുത്പാദനം നടത്തുന്ന ഭാവിയെ സ്വപ്‌നം കാണുകയും ചെയ്യുന്നു.
സ്വവർഗ വിവാഹത്തെ ലോക ജനസംഖ്യയുടെ 17% വരുന്ന 35 രാഷ്ട്രങ്ങൾ അംഗീകരിച്ചുകഴിഞ്ഞു. ഇന്ത്യയിൽ ഇതിനായി 21 പരാതികളാണ് സുപ്രിംകോടതി പരിഗണിച്ചത്. സ്‌പെഷൽ മാര്യേജ് ആക്ട് പ്രകാരം സ്വവർഗ വിവാഹം അംഗീകരിക്കണമെന്നും ഇവർക്ക് കുട്ടികളെ ദത്തെടുക്കാനും വാടക ഗർഭപാത്രത്തെ ഉപയോഗിക്കാനും അനുവാദം വേണമെന്നുമായിരുന്നു ആവശ്യം. പത്തു ദിവസം വാദം കേട്ട ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലെ ബെഞ്ച്, തീരുമാനം എടുക്കേണ്ടത് പാർലമെന്റാണെന്ന് പ്രഖ്യാപിച്ച് ഹരജികൾ തള്ളുകയായിരുന്നു. സ്വവർഗ ലൈംഗികത ക്രിമിനൽ നടപടിയാവുന്ന ഐ.പി.സിയിലെ 377 വകുപ്പ് 2018ൽ സുപ്രിംകോടതി റദ്ദാക്കിയിരുന്നു. പ്രായപൂർത്തിയായ പൗരന് ലൈംഗികത നിശ്ചയിക്കാനുള്ള അവകാശം മൗലികാവകാശമാണെന്ന് സുപ്രിംകോടതി അംഗീകരിക്കുകയായിരുന്നു.
കേരള ഹൈക്കോടതിയിലും സ്വവർഗാനുരാഗികളുടെ കേസുകൾ വന്നു. വിവാഹം കഴിക്കാതെ 2006 മുതൽ ഒന്നിച്ചു താമസിക്കുന്ന രണ്ടുപേർ വേർപിരിയാനായി ഹൈക്കോടതിയെ സമീപിച്ചപ്പോൾ ഇത്തരക്കാർ ‘വിവാഹിതര’ല്ലെന്നും വിവാഹമോചനം തേടാനാവില്ലെന്നുമാണ് ജസ്റ്റിസ് മുഷ്താഖും ജസ്റ്റിസ് കൗസർബിയും വിധിച്ചത്. അതേസമയം ഇവർക്ക് ഗാർഹിക പീഡന നിയമം ബാധകമാണെന്ന് മറ്റൊരു ഹൈക്കോടതി വിധിയും വന്നു. കൊല്ലത്ത് സ്വകാര്യ കോളജിൽ പഠിക്കാനെത്തിയ 20 കാരിയും 19കാരനും ഒന്നിച്ച് താമസിക്കാൻ തുടങ്ങിയതോടെ കോളജ് ഇരുവരെയും പുറത്താക്കി. ഇതിനെ ചോദ്യം ചെയ്ത് നൽകിയ ഹരജിയും കോടതിക്ക് മുന്നിലെത്തി.
തിരുവനന്തപുരത്ത് രാഷ്ട്രീയകോളിളക്കം കൂടിയായി മാറിയ കേസിൽ പൊതുപ്രവർത്തകരായ രണ്ടുപേർ ഒന്നിച്ചു താമസിക്കുകയും കുഞ്ഞ് പിറക്കുകയും ചെയ്തപ്പോൾ പെണ്ണിന്റെ പിതാവ് ഇടപെട്ട് കുട്ടിയെ ചൈൽഡ് വെൽഫയർ കമ്മിറ്റിയെ ഏൽപിക്കുകയും രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് കേരളത്തിന് പുറത്തുള്ള ദമ്പതികൾക്ക് കുട്ടിയെ ദത്ത് നൽകുകയും ചെയ്തതാണ്. മാതാപിതാക്കൾ കുട്ടിയെ തിരിച്ചുകിട്ടണമെന്നാവശ്യപ്പെട്ട് രംഗത്തുവന്നുപ്പോൾ ദത്ത് റദ്ദാക്കി കുഞ്ഞിനെ തിരിച്ചുവാങ്ങേണ്ടിവന്നു.
(അവസാന ഭാഗം നാളെ)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."