യാത്രയുടെ യാഥാര്‍ഥ്യങ്ങള്‍ ഭാവനയുടെ കടലില്‍ കുളിക്കുന്നു
വി.മുസഫർ അഹമ്മദ്
സമകാലിക കന്നഡ സാഹിത്യത്തിലെ പ്രധാന എഴുത്തുകാരിലൊരാളാണ് അബ്ദുല്‍ റഷീദ്. അദ്ദേഹത്തിന്റെ നോവല്‍ 'ഹൂവിന കൊല്ലി' പ്രശസ്തമാണ്. ഇപ്പോള്‍ അദ്ദേഹത്തിന്റെ ലക്ഷദ്വീപ് ഡയറി 'കാറ്റോശയും പിഞ്ഞാണവും' എന്ന ശീര്‍ഷകത്തില്‍ മലയാളപരിഭാഷയില്‍ വന്നിരിക്കുന്നു (പ്രസാധനം: ബുക് പ്ലസ്/ പരിഭാഷ: എ.കെ റിയാസ് മുഹമ്മദ്). യാത്ര എന്ന നിലയിലാണ് ഈ പുസ്തകം പ്രസിദ്ധീകരിക്കപ്പെട്ടിരിക്കുന്നത്. അബ്ദുല്‍ റഷീദിന്റെ ലക്ഷദ്വീപ് യാത്ര എന്ന് ഇൗ ചെറുപുസ്തകത്തെ എളുപ്പത്തില്‍ വിളിക്കാം. എന്നാല്‍ 'ട്രാവല്‍ ഫിക്ഷന്‍' എന്നു വിളിക്കേണ്ട കൃതിയാണിത്. അതായത്, യാത്രാ വിവരണമെന്നു നടിക്കുന്ന നോവല്‍, നോവല്‍ എന്നു നടിക്കുന്ന യാത്രാവിവരണം. 2023ന്റെ അവസാന ദിവസങ്ങളില്‍ വായിച്ച അതീവ ഹൃദ്യമായ പുസ്തകം. സൂഫിസം എഴുത്തില്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നതിന്റെ ഉത്തമോദാഹരണം. കേരളത്തിലെ 'സൂഫികള്‍' ഈ ചെറുപുസ്തകം വായിക്കുന്നത് നന്നായിരിക്കും. എന്തല്ല സൂഫിസം എന്നു മനസിലാക്കാന്‍ തീര്‍ച്ചയായും കാറ്റോശ അവരെയും ഒപ്പം മറ്റുള്ളവരെയും സഹായിക്കും.
പുസ്തകത്തിന്റെ പുറംചട്ടയില്‍ ഇങ്ങനെ വായിക്കാം: ചെറുപ്പകാലത്തെ ഓര്‍മകളിലെ പിഞ്ഞാണപ്പാത്രം തേടിയുള്ള അബ്ദുല്‍ റഷീദിന്റെ ലക്ഷദ്വീപിലൂടെയുള്ള സഞ്ചാരം. ചരിത്രവും ഫാന്റസിയും ആധ്യാത്മികതയും അസ്്്തിത്വ ചോദ്യങ്ങളും ഉത്തരങ്ങളും പ്രണയവും ഉന്‍മാദവും എന്നിങ്ങനെ വായനക്കാരനെ ഭ്രമാത്മകമായ ലോകത്തിലേക്ക്്് കൂട്ടിക്കൊണ്ടുപോകുന്ന മാസ്മരിക എഴുത്ത്: സത്യമാണ് മാസ്മരികമാണ് ഈ എഴുത്ത്.
കോരിച്ചൊരിയുന്ന മഴക്കാലത്താണ് അബ്ദുല്‍ റഷീദ് ലക്ഷദ്വീപിലേക്ക് വിമാനത്തില്‍ യാത്ര തിരിക്കുന്നത്്. ആ തീരുമാനത്തെക്കുറിച്ച് യാത്രികന്‍ എഴുതുന്നു: ഒരു നാട്ടിലേക്കു പോവുകയാണെങ്കില്‍ ആ നാട്ടിലെ കഷ്ടകാലത്തുതന്നെ ചെല്ലണമത്രെ! പക്ഷേ, ആകാശവീഥിയില്‍ അലസനായി ഇരിക്കാതെ അദ്ദേഹം താന്‍ കാണുന്ന കാഴ്ചയെക്കുറിച്ച് പറയുന്നു: ജാലകത്തിലൂടെ തലയൊന്ന് ചെരിച്ചുനോക്കിയാല്‍ താഴെ വെറുതെ മലര്‍ന്നുകിടക്കുന്ന അറബിക്കടല്‍, പായക്കപ്പലിനെപ്പോലെ ഒഴുകിനടക്കുന്ന വെള്ളിമേഘങ്ങള്‍, കടലിനു മുകളില്‍ പൊട്ടുപോലെ ഇടയ്ക്കിടെ പ്രത്യക്ഷപ്പെടുന്ന ചരക്കുകപ്പലുകള്‍, മീന്‍പിടിത്തക്കാരുടെ തോണികള്‍, മധ്യത്തിലായി ഒന്നുരണ്ട് ദ്വീപുകള്‍, കാലം തേഞ്ഞുമാഞ്ഞു പോയാലും അസ്തമിക്കാത്ത അഗാധ സാഗരം. ഈ ജീവിതം സത്യമോ, അല്ലയോ എന്നു തോന്നിപ്പിക്കുന്ന അഗോചരമായ നിശബ്ദത മനസില്‍ നിറഞ്ഞുകൊണ്ടിരിക്കുന്നു: മഴ പൊടുന്നനെ മാറി അന്തരീക്ഷം തെളിഞ്ഞാല്‍ മാത്രം കാണാവുന്ന കാഴ്ചകളാണിത്. മഴ മാറിയിട്ടില്ല, എന്നാല്‍ എഴുത്തുകാരന്റെ ഭാവനയില്‍ തല്‍ക്കാലം തനിക്കിങ്ങനെ എഴുതാന്‍ മഴ പിന്‍വാങ്ങുന്നു. ഇങ്ങനെ യാത്രയുടെ യാഥാര്‍ഥ്യങ്ങള്‍ ഭാവനയുടെ കടലില്‍ കുളിച്ചുകയറുന്ന അനുഭവമാണ് ഈ പുസ്തകം അതിന്റെ ആദ്യതാള്‍ മുതല്‍ അവസാനം വരെ വായനക്കാര്‍ക്കു നല്‍കുന്നത്. ഒറിജിനല്‍ എഴുത്ത് എന്നതിന്റെ നേരുദാഹരണം. ഭാവനയ്ക്കും യാഥാര്‍ഥ്യത്തിനും ഇവിടെ അമിതഭാരമില്ല. അതിനാല്‍ വായനക്കാരെ ഉറക്കത്തിലേക്കല്ല, ഉണര്‍വിലേക്കാണ് ഈ പുസ്തകം ക്ഷണിക്കുന്നത്.
കല്ലും നീരും അലിയും വിധം രോഗത്താല്‍ മരിച്ചുകൊണ്ടിരുന്ന ആത്മഗുരുവായ ഒരുവളുടെ മരണമാണ് തന്നെക്കൊണ്ട് ഈ യാത്ര നടത്തിച്ചതെന്ന് എഴുത്തുകാരന്‍ പറയുന്നുണ്ട്. പലവിധ രോഗങ്ങള്‍ മാറ്റാന്‍ കഴിയുമായിരുന്ന ഒരു മൊല്ലാക്കയുടെ ലക്ഷദ്വീപിലുള്ള പിഞ്ഞാണപ്പാത്രത്തെക്കുറിച്ച് രോഗിയുമായി സംസാരിക്കുകയും അത് കൊണ്ടുവന്ന് തന്നെ രക്ഷിക്കാമോ എന്ന അവളുടെ ചോദ്യത്തോട് പ്രതികരിക്കാതിരിക്കുകയും അവളുടെ മരണശേഷം മാത്രം സാധ്യമാവുകയും ചെയ്യുന്നതാണ് ഈ യാത്ര. ആ സന്ദര്‍ഭത്തില്‍ റഷീദ് എഴുതുന്നു: ഒന്നുകില്‍ ഞാന്‍ ജീവിക്കാന്‍ പാടില്ല. അല്ലെങ്കില്‍ അവളെ ജീവിപ്പിക്കാന്‍ കഴിയുമായിരുന്ന പിഞ്ഞാണപ്പാത്രവും തിരഞ്ഞ് ബാക്കിയുള്ള ജീവിതം ലക്ഷദ്വീപില്‍ ജീവിച്ചു തീര്‍ക്കണമെന്നു കരുതി പുറപ്പെട്ടതാണ് ഞാന്‍: പിഞ്ഞാണത്തിലെഴുത്തിന്റെ/വസിയിലെഴുത്തിന്റെ പ്രതലത്തില്‍ നിന്ന് ഭാവനയുടെ കടലില്‍ നിരന്തരമായി മുങ്ങിക്കുളിച്ചുകൊണ്ടേയിരിക്കുന്ന ഒരെഴുത്തുകാരന്‍ ഇവിടം മുതല്‍ വായനക്കാരനെ പുസ്തകം താഴെവയ്ക്കാന്‍ അനുവദിക്കാതെ മുന്നോട്ടു കൊണ്ടുപോകുന്നു. ചെറിയ പ്രായത്തില്‍ പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ 'സ്മാരക ശിലകള്‍' വായിക്കുമ്പോള്‍ അനുഭവിച്ച ഉറക്കംവിട്ട വായന കാറ്റോശയും ഗ്യാരണ്ടി തരുന്നു.
ദ്വീപിലെ യാത്രയെക്കുറിച്ച് ഇങ്ങനെ വായിക്കുന്നു: ഈ ദ്വീപിലെ വഴികളും ആള്‍ക്കാരും ചന്ദ്രനും സൂര്യനും കാരണമൊന്നുമില്ലാതെ എന്നെ കബളിപ്പിക്കുന്നവരാണല്ലോ എന്നോര്‍ത്ത് എനിക്കു ചിരിവരുന്നു: ഈ വഴിതെറ്റല്‍ ഭാവനയുടെ വിസ്തൃതമായ സഞ്ചാരത്തിലാണ് സംഭവിക്കുന്നത്. ആ വഴിതെറ്റലിലാണ് യാത്ര എന്ന ശീര്‍ഷകത്തിലുള്ള ഈ ഗംഭീര 'ഫിക്ഷന്‍' സംഭവിച്ചിരിക്കുന്നത്.
ലക്ഷദ്വീപില്‍ 300 വര്‍ഷം മുമ്പ് മരിച്ച ആ സിദ്ധന്റെ കൈയിലുണ്ടായിരുന്ന പിഞ്ഞാണപ്പാത്രം എങ്ങനെ കാണാന്‍ കഴിയും? എഴുത്തുകാരനോട് ഒരാള്‍ നല്‍കുന്ന വിശദീകരണം ഇങ്ങനെ: സൂഫി വര്യന്റെ വെളിച്ചം നിന്റെ ആത്മാവില്‍ തട്ടിയാല്‍ ആ പാത്രം നിനക്കു കാണാന്‍ സാധിക്കും. എന്നാല്‍ നീ കാത്തിരിക്കണം. നിന്നില്‍ ഇനിയും ഭക്തിയുടെ കിരണങ്ങള്‍ ഉയര്‍ന്നു പൊങ്ങണം. നിന്റെ ആത്മാവില്‍ അതു കാണുന്നില്ല: ഇവിടെ സഞ്ചാരിയായ എഴുത്തുകാരന്‍ പ്രതിസന്ധിയിലാകുന്നു. അയാള്‍ക്കു കാണേണ്ടത് പിഞ്ഞാണപ്പാത്രം. അതൊരു ഭൗതികവസ്തു മാത്രമായാണയാള്‍ കാണുന്നത്. അതിനുവേണ്ടി ഭക്തിയുടെ കിരണങ്ങള്‍ വ്യാജമായി പ്രസരിപ്പിക്കാന്‍ അയാള്‍ തയാറുമല്ല. യാഥാര്‍ഥ്യവും ഭാവനയും തമ്മില്‍ ഏറ്റവും രൂക്ഷമായി ഏറ്റുമുട്ടാന്‍ തുടങ്ങുന്ന ഈ കൃതിയിലെ സന്ദര്‍ഭം തുടങ്ങുന്നതും അവിടെ നിന്നാണ്. ആ ഭാഗം എഴുത്തുകാരന്‍ ഇങ്ങനെ വിശദമാക്കുന്നു:
പിഞ്ഞാണപ്പാത്രം നഷ്ടപ്പെട്ട് ഓര്‍മക്കേട് സംഭവിച്ച മൊല്ലാക്ക. പ്രാണസഖിയെപ്പോലുള്ള ചെറുപ്രായക്കാരിയായ ആത്മഗുരുവിനെ നഷ്ടപ്പെട്ട് പ്രാര്‍ഥനകളുടെ ഇടവേളകളില്‍ അശ്രദ്ധനായി കണ്ണീരൊലിപ്പിക്കുന്ന ഞാന്‍. ചുറ്റിലും ദൈവത്തിന്റെ കരുണപോലെ വ്യാപിച്ചിരിക്കുന്ന അഗാധമായ നീലക്കടല്‍. ആയിരം കോടി വര്‍ഷങ്ങളായി ഈ കടലിന്റെ നീലനിറം ഇങ്ങനെത്തന്നെയാണ്. അതിനുള്ളില്‍ വസിക്കുന്ന മാസ്മരികമായ വര്‍ണങ്ങളിലുള്ള മീനുകള്‍ ജനിച്ചും വളര്‍ന്നും മരിച്ചും മനുഷ്യന് ആഹാരമായും കോടിക്കണക്കിനു വര്‍ഷങ്ങളായി ജീവിച്ചുപോരുന്നു: അങ്ങേയറ്റം ഭൗതികമായി ജീവിക്കുമ്പോഴും ആത്മീയമായ തിരിച്ചറിവുകള്‍ ഒരെഴുത്തുകാരനില്‍ എങ്ങനെ സംഭവിക്കുന്നു, (എല്ലാ വലിയ എഴുത്തുകാരിലെല്ലാം നാമതു കാണുന്നുണ്ട്) പ്രവര്‍ത്തിക്കുന്നു എന്നതിന്റെ കൃത്യമായ ഉദാഹരണങ്ങളാണ് ഈ വരികള്‍.
സൂഫിവര്യന്റെ മഖ്ബറയുള്ള പള്ളിയില്‍ രാത്രി നിസ്‌കാരത്തിനു ശേഷം ആര്‍ക്കും പ്രവേശനമില്ല. ഒരിക്കല്‍ ഈ കാര്യം മറന്നുപോയ പള്ളികാവല്‍ക്കാരന്‍ അവിടെ കിടന്നുറങ്ങിപ്പോയി, പിന്നീടയാള്‍ കണ്ടത്: അര്‍ധരാത്രിയില്‍ എന്തോ ശബ്ദം കേട്ട് കണ്ണു തുറന്നുനോക്കിയപ്പോള്‍ കാലങ്ങളായി മണ്ണോടുമണ്ണായി കിടക്കുന്ന സൂഫിവര്യന്റെ മഖ്ബറയുടെ മുന്നിലുള്ള ഹുജറ പള്ളിയുടെ പൂമുഖത്ത് ദിവ്യമായ സമാഗമം നടക്കുന്നു. മരണം പൂകിയ സൂഫീവര്യനും അദ്ദേഹത്തിനു ശേഷം സമാധിയടഞ്ഞ മുരീദന്‍മാരായ ശിഷ്യന്‍മാരും ആകാശത്തുനിന്ന് ഇറങ്ങിവന്ന ജിന്നുകളും ചാരുകസേരയില്‍ കാലുകള്‍ നീട്ടിയിരുന്നുകൊണ്ട് സത്സംഗം നടത്തുന്നു: മാജിക്കല്‍ റിയലിസം എന്നു നിരൂപകര്‍ വിളിച്ചുപോരുന്ന സംഗതി ഒരിന്ത്യന്‍ 'നോവലി'ല്‍ എങ്ങനെ സംഭവിക്കുന്നു എന്നതിന്റെ ഏറ്റവും മൂര്‍ത്തമായ ഉദാഹരണമാണിത്. ലിബിയന്‍ നോവലിസ്റ്റ് ഇബ്രാഹിം അല്‍കൂനി സഹാറ മരുഭൂമി പശ്ചാത്തലമാക്കി എഴുതിയ നോവലുകളില്‍ മരുഭൂമിയുടെ അതിനിഗൂഢമായ ചില സ്ഥലികളില്‍ ഇത്തരം സത്സംഗങ്ങള്‍ നടക്കുന്നതായി ചിത്രീകരിച്ചിട്ടുണ്ട്. പ്രത്യേകിച്ചും 'ബ്ലീഡിങ് ഓഫ് ദ സ്റ്റോണ്‍' എന്ന അദ്ദേഹത്തിന്റെ മാസ്റ്റര്‍ പീസ് നോവലില്‍.
ദ്വീപിലേക്കുള്ള ഒരു കപ്പല്‍ യാത്രയില്‍ ഒരു നടിയെ സഹസഞ്ചാരിയായി ആഖ്യാതാവിനു കിട്ടുന്നുണ്ട്. അവര്‍ക്കിടയില്‍ നടക്കുന്ന സംഭാഷണങ്ങളെല്ലാം ഭൗതികമാണ്. എന്നാല്‍ ദ്വീപില്‍ എത്തിക്കഴിയുന്നതോടെ വലിയൊരു നിഗൂഢത, മരിച്ചവരുടെ സംസാരങ്ങള്‍ രാത്രിയിരുട്ടില്‍ ചൂട്ടുകെട്ടുകള്‍ പോലെ വായനക്കാരുടെ മുന്നിലൂടെ കടന്നുപോകുന്നു. അത്തരമൊരു അനുഭവം നല്‍കാന്‍ കഴിയുംവിധത്തില്‍ ഭാവനയുടെ ആകാശവും കടലും തന്നാലാവുംവി
ധം എഴുത്തുകാരന്‍ വിസ്തൃതവും ആഴത്തിലുള്ളതുമാക്കുന്നു, ഒപ്പം സൂക്ഷ്മവും.
തന്റെ പിഞ്ഞാണപ്പാത്രത്തെക്കുറിച്ചുള്ള അന്വേഷണങ്ങള്‍ പലതരം മനുഷ്യരിലേക്കും അതുകൊണ്ടുതന്നെ നിരവധി കഥകളിലേക്കും ആഖ്യാനങ്ങളിലേക്കും എഴുത്തുകാരനെ കൊണ്ടുപോകുന്നു. അവിടെ ഒരു യാത്രാ എഴുത്തുകാരനായി അബ്ദുല്‍ റഷീദ് നടിക്കുന്നു. അടുത്ത നിമിഷം തന്നെ തന്നിലെ കഥയെഴുത്തുകാരന്റെ ഭാവന കൊണ്ട് അതൊരു യാത്രാ നോവലാക്കി മാറ്റുകയും ചെയ്യുന്നു. പുസ്തകത്തിന്റെ ഒരേ താളില്‍ തന്നെ ഈ രണ്ടുരീതികളും പ്രയോഗിക്കുന്നതായി കാണാം. ചിത്രകാരന്‍ കാന്‍വാസിന്റെ പകുതിയില്‍ റിയലിസ്റ്റിക് ചിത്രവും മറുപകുതിയില്‍ സര്‍റിയലിസ്റ്റ് ചിത്രവും വരച്ചാല്‍ ഉണ്ടാകാനിടയുള്ള അനുഭവം, അനുഭൂതിയാണ് കാറ്റോശയുടെ വായന നല്‍കുന്നത്. വായിക്കുന്നതിലൂടെ മാത്രമേ ഈ അനുഭൂതിയിലെത്താന്‍ ഒരാള്‍ക്കു സാധിക്കൂ എന്നതും ഇവിടെ ഓര്‍ക്കേണ്ടതുണ്ട്. അത്രയേറെ വായനക്കാരന്റെ പുസ്തകമാണിത്. നിരൂപക മതത്തിന് ഒട്ടും വഴങ്ങുന്നതല്ല കാറ്റോശയുടെ സങ്കല്‍പ്പവും എഴുത്തുഘടനയും.
അന്വേഷിച്ചു നടന്ന പിഞ്ഞാണം സഞ്ചാരിയായ എഴുത്തുകാരനു ലഭിച്ചോ? അതറിയില്ല. എന്നാല്‍ ആ സഞ്ചാരത്തിന്റെ സമൃദ്ധമായ അനുഭവങ്ങള്‍ നാം ഈ ചെറുപുസ്തകത്തില്‍ അനുഭവിക്കുന്നു. കാറ്റോശയും പിഞ്ഞാണവും പ്രസാദാത്മകമായ വായനാനുഭവമായി മാറുന്നു. പുസ്തകം ഇങ്ങനെ അവസാനിക്കുന്നു:
മനുഷ്യരുടെ വേരുകള്‍ അന്വേഷിച്ചു പോകുന്നത് പൊടുന്നനെ എന്നില്‍ മടുപ്പുളവാക്കുന്നു. വേരുകളന്വേഷിക്കുന്ന രോഗവും തോളിലേറ്റി നടക്കുന്ന ഭൂമിയിലെ മനുഷ്യരുടെ ഭാവിയെക്കുറിച്ച് വളരെ ആസക്തികളൊന്നും ഇനി ബാക്കി കിടപ്പില്ല. കടലിനുള്ളിലെ മത്സ്യങ്ങളുടെ ചരിത്രം, നാഗരികത, അവയുടെ മനസ, മാനസിക പിരിമുറുക്കം എന്നിവയെക്കുറിച്ചെല്ലാം ആഴത്തില്‍ അറിയാന്‍ മാത്രം ആയുസും ഇനി അവശേഷിക്കുന്നില്ല. വളരെ ചെറിയ വയസില്‍ തന്നെ ഈയിടെ ഇഹലോകം വെടിഞ്ഞ എന്റെ ആത്മഗുരുവിനെ ഞാനിപ്പോള്‍ ഓര്‍ക്കുന്നു. മനസില്‍ തന്നെ അവളുടെ പാദങ്ങളെ നമസ്‌കരിച്ചുകൊണ്ട് ഞാനെന്റെ ഈ രചനയ്ക്ക് ഇവിടെ പരിസമാപ്തി കുറിക്കുകയാണ്: കോരിച്ചൊരിയുന്ന മഴയത്താരംഭിച്ച ലക്ഷദ്വീപ് യാത്രയും തന്റെ അന്വേഷണങ്ങളും മനുഷ്യരുടെ വേരുകളന്വേഷിച്ചു മടുത്തു എന്നു പറഞ്ഞ് തല്‍ക്കാലം നിര്‍ത്തുക മാത്രമാണ് റഷീദ് ഈ പുസ്തകത്തിലൂടെ ചെയ്തിട്ടുള്ളത്. മടുപ്പ് എഴുത്തൊന്ന് തല്‍ക്കാലം അവസാനിപ്പിക്കാന്‍ കണ്ട ഉപായംമാത്രം. പക്ഷേ, ആ മടുപ്പില്‍നിന്ന് എഴുത്തുകാരന്‍ ഒട്ടും വൈകാതെ പുറത്തുവരും. ലക്ഷദ്വീപിലെ കടല്‍ ഇനിയും മറ്റൊന്നായി അദ്ദേഹത്തിന്റെ രചനകളിലൂടെ ഒഴുകുക തന്നെ ചെയ്യുമെന്നും കരുതാം.
കന്നഡ, തമിഴ്, തുളു ഭാഷകളില്‍ നിന്ന് മലയാളത്തിലേക്ക് വിവര്‍ത്തനങ്ങള്‍ നടത്തി ശ്രദ്ധേയനായ എ.കെ റിയാസ് മുഹമ്മദിന്റെ പരിഭാഷ വായനാസുഖം നല്‍കുന്നതാണ്. വിവര്‍ത്തകന്റെ കുറിപ്പില്‍ ഇങ്ങനെ വായിക്കാം: അബ്ദുല്‍ റഷീദിന്റെ ഒട്ടുമിക്ക ഫിക്ഷനിലൂടെയും കടന്നുപോയ ഒരു വായനക്കാരനെന്ന നിലയ്ക്ക് അദ്ദേഹത്തിന്റെ സൃഷ്ടികളില്‍ കടന്നുവരുന്ന ജീവിതപരിസരം എന്റെ ചുറ്റുപാടുമായി ബന്ധപ്പെട്ട് കിടക്കുന്നതായി കാണാനായിട്ടുണ്ട്. ആ അനുഭവം ഈ പുസ്തകത്തിന്റെ വായനയിലൂടെ കടന്നു പോയവര്‍ക്കും അനുഭവിക്കാനായേക്കും: കന്നഡയില്‍ എഴുതപ്പെട്ടെങ്കിലും മലബാറിലും എഴുതപ്പെടാവുന്ന കൃതിയാണിത്. അതിനാല്‍ തീര്‍ച്ചയായും മലയാളി വായനക്കാര്‍ക്ക് കാറ്റോശ ആസ്വദിക്കാന്‍ കഴിയുമെന്നതില്‍ സംശയമില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."