വൈവിധ്യമാണ് രാഷ്ട്രത്തിന്റെ സൗന്ദര്യം: മന്ത്രി കെ.ടി ജലീല്‍
മലപ്പുറം: വിവിധ ജാതികളും മതങ്ങളും ഭാഷകളും സംസ്‌കാരങ്ങളും ഉള്‍ക്കൊള്ളുന്ന നാനാത്വത്തിലെ ഏകത്വമാണ് ഇന്ത്യ എക്കാലവും ഉയര്‍ത്തിപ്പിടിച്ച മുദ്രാവാക്യമെന്നും ഈ വൈവിധ്യമാണ് രാഷ്ട്രത്തിന്റെ സൗന്ദര്യമെന്നും തദ്ദേശ സ്വയംഭരണ മന്ത്രി കെ.ടി ജലീല്‍ സ്വാതന്ത്ര്യദിന സന്ദേശത്തില്‍ പറഞ്ഞു. 70-ാം സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് മലപ്പുറം എം.എസ്.പി. പരേഡ് ഗ്രൗണ്ടില്‍ ജില്ലാതല സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയില്‍ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു മന്ത്രി. പ്രപഞ്ച സൃഷ്ടിപ്പ് തന്നെ വൈവിധ്യങ്ങളില്‍ അധിഷ്ഠിതമാണ്. എല്ലാം ഒന്നാകണമെന്ന് പറയുന്നത് അനൈക്യങ്ങളുണ്ടാക്കുമെന്നും മന്ത്രി ജലീല്‍ പറഞ്ഞു.
എം.എസ്.പി പരേഡ് ഗ്രൗണ്ടില്‍ സ്ത്രീകളും കുട്ടികളും വൃദ്ധരുമരടക്കം വന്‍ ജനാവലിയെ സാക്ഷിയാക്കി മന്ത്രി ജലീല്‍ ദേശീയപതാക ഉയര്‍ത്തി. വിവിധ സേനാംഗങ്ങള്‍ അണിനിരന്ന സ്വാതന്ത്ര്യദിന പരേഡിന് മന്ത്രി അഭിവാദ്യം സ്വീകരിച്ചു. പരേഡിന് എം.എസ്.പി അസിസ്റ്റന്റ് കമാണ്ടന്റ് സി.വി ശശി നേതൃത്വം നല്‍കി. കെ. രാജേഷ് സെക്കന്‍ഡ് ഇന്‍ കമാണ്ടന്റായി. എം.എസ്.പി., പ്രാദേശിക പൊലീസ്, സായുധ റിസര്‍വ് പൊലിസ്, വനിതാ പൊലീസ്, വനം- എക്‌സൈസ് വകുപ്പുകള്‍, വിവിധ കോളെജുകളിലെയും സ്‌കൂളുകളിലെയും സീനിയര്‍- ജൂനിയര്‍ എന്‍.സി.സി, സ്‌കൗട്ട്‌സ്-ഗൈഡ്‌സ്, ജൂനിയര്‍ റെഡ് ക്രോസ്, സ്റ്റുഡന്റ് പൊലീസ് കെഡറ്റ്‌സ് എന്നിവരടങ്ങിയ 37 പ്ലാറ്റൂണുകള്‍ പരേഡില്‍ പങ്കെടുത്തു. 2016 ലെ റിപ്പബ്ലിക് ദിനത്തില്‍ പ്രഖ്യാപിച്ച മുഖ്യമന്ത്രിയുടെ പൊലീസ് മെഡലുകള്‍ മന്ത്രി വിതരണം ചെയ്തു.
പരിപാടിയില്‍ പി. ഉബൈദുല്ല എം.എല്‍.എ., ജില്ലാ കലക്ടര്‍ എസ്. വെങ്കടേശപതി, ജില്ലാ പൊലിസ് മേധാവി ദേബേഷ് കുമാര്‍ ബെഹ്‌റ, നഗരസഭാ ചെയര്‍പെഴ്‌സണ്‍ സി.എച്ച് ജമീല, വൈസ് ചെയര്‍മാന്‍ പെരുമ്പള്ളി സെയ്ത്, എ.ഡി.എം പി. സെയ്യിദ് അലി, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, ബഹുജനങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പരിപാടിക്കു ശേഷം മന്ത്രി കെ.ടി ജലീല്‍ സിവില്‍ സ്റ്റേഷനിലെ യുദ്ധ സ്മാരകത്തില്‍ പുഷ്പചക്രം അര്‍പ്പിച്ചു. രാവിലെ ഏഴിന് സിവില്‍ സ്റ്റേഷനില്‍ നിന്ന് പരിസരത്തെ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ പങ്കെടുത്ത പ്രഭാതഭേരി നടന്നു. നഗരത്തിലെ വിവിധ സ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍ പങ്കെടുത്ത പ്രഭാതഭേരി സിവില്‍ സ്റ്റേഷന്‍ മൈതാനത്ത് നിന്ന് തുടങ്ങി എം.എസ്.പി ഗ്രൗണ്ടില്‍ സമാപിച്ചു. പ്രഭാതഭേരിയിലും പരേഡിലും മികച്ച പ്രകടനം കാഴ്ചവെച്ചവര്‍ക്ക് മുഖ്യാതിഥി റോളിങ് ട്രോഫികള്‍ നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."