ജാമിഅ നൂരിയ്യയുടെ പാരമ്പര്യം
ജാമിഅ നൂരിയ്യ അറബിയ്യ എന്നാണ് കോളജിന്റെ പൂര്‍ണ നാമം. ഈ സ്ഥാപനത്തില്‍ നിന്ന് പഠിച്ച് ബിരുദം നേടിയവര്‍ക്ക് എങ്ങനെയാണ് പേരിന്റെ കൂടെ 'ഫൈസി' ഉണ്ടായത്? കോളജ് സ്ഥിതിചെയ്യുന്ന കാംപസിനു ഫൈസാബാദ് എന്ന് നാമകരണം ചെയ്തു. അതില്‍ നിന്നാണ് ഫൈസി എന്നതിന്റെ ഉത്ഭവം. 1963ല്‍ പ്രമുഖ സൂഫീവര്യന്‍ മൗലാന ഖുത്വുബി മുഹമ്മദ് മുസ്‌ലിയാരാണ് ജാമിഅയില്‍ പഠനോദ്ഘാടനം നിര്‍വഹിച്ചത്. കറാഹത്ത് പോലും ചെയ്യാത്ത സമസ്ത പ്രസിഡന്റ് കണ്ണിയത് അഹമ്മദ് മുസ്‌ലിയാരുടെ ഗുരുവര്യരും 1953ല്‍ പെരിന്തല്‍മണ്ണയില്‍ നവീന വാദികളുമായുള്ള നിസ്സഹകരണ പ്രഖ്യാപനത്തില്‍ ഒപ്പുവച്ച എട്ടു പ്രമുഖരില്‍ രണ്ടാമനുമായിരുന്നു ഖുത്വുബി.കറാച്ചി ബാപ്പു ഹാജി വലിയ ദീനീ തല്‍പരനും സമ്പന്നനും ഉദാരമതിയും ആയിരുന്നു. 6,000 തെങ്ങുകളുള്ള വലമ്പൂര്‍ തെങ്ങിന്‍ തോട്ടം, രണ്ടായിരത്തോളം തെങ്ങുകളുള്ള മറ്റൊരു തോട്ടം, നെല്ലിക്കുന്ന് കശുമാവിന്‍ തോട്ടം, അലനല്ലൂര്‍ റബര്‍ എസ്റ്റേറ്റ്, തന്റെ വീടും പള്ളിയും അവിടെയുള്ള മറ്റു സ്ഥലങ്ങളും എല്ലാം ജാമിഅക്കു വേണ്ടി ബാപ്പു ഹാജി വഖ്ഫ് ചെയ്തു. അതിനു മുമ്പ് ജമാഅത്തെ ഇസ്‌ലാമിക്കാരന്‍ ഇസ്സുദ്ദീന്‍ മൗലവി എന്ന വലിയ പ്രഭാഷകന്‍ ബാപ്പു ഹാജിയെ തെറ്റിദ്ധരിപ്പിച്ച് പട്ടിക്കാട്ട് അവര്‍ക്ക് ഒരു സ്ഥാപനം തുടങ്ങാന്‍ ശ്രമിച്ചിരുന്നു. 1950 കളിലാണത്. ഇക്കാര്യം മണത്തറിഞ്ഞ പ്രമുഖ സുന്നി പണ്ഡിതന്‍ പതി അബ്ദുല്‍ ഖാദര്‍ മുസ്‌ലിയാര്‍ സമസ്തയുടെ മുന്‍ ഉപാധ്യക്ഷന്‍ ആയിരുന്ന കോട്ടുമല അബൂബക്കര്‍ മുസ്‌ലിയാരെ സമീപിച്ച് വിഷയം ധരിപ്പിച്ചു. ഈ കാര്യം പാണക്കാട് പൂക്കോയ തങ്ങളെ ധരിപ്പിക്കാന്‍ ഇരുവരും പാണക്കാട്ടെത്തി. അപ്പോഴേക്ക് നിയുക്ത സ്ഥാപനത്തിന്റെ ശിലാസ്ഥാപനം പാണക്കാട് പൂക്കോയ തങ്ങളെക്കൊണ്ട് ഇസ്സുദ്ദീന്‍ മൗലവി നിര്‍വഹിപ്പിച്ചിരുന്നു. ഇന്നത്തെ അവരുടെ വളഞ്ഞ വഴികള്‍ അന്നും ഉണ്ടായിരുന്നുവെന്ന് വ്യക്തം. കാര്യങ്ങള്‍ വിശദമായി തങ്ങളെ ധരിപ്പിച്ച ശേഷം പതി അബ്ദുല്‍ ഖാദര്‍ മുസ്‌ലിയാര്‍ ഇപ്രകാരം പറഞ്ഞു: ' ഇങ്ങക്കും ഇങ്ങളെ വല്ലിപ്പാക്കുമൊന്നും ഒരു ബറകത്തും ഇല്ല എന്ന് പറയുന്ന മൗലവിക്ക് ബറകത്ത് കൊടുക്കാനാണോ ഇങ്ങള് പട്ടിക്കാട് വരെ പോയത് ?തന്നെയും നിഷ്‌കളങ്കനായ ബാപ്പു ഹാജിയെയും മൗലവി വഞ്ചിച്ചിരിക്കുന്നുവെന്ന് മനസ്സിലാക്കിയ പൂക്കോയ തങ്ങള്‍ തന്റെ 'അസറു'ള്ള നാവുകൊണ്ട് ഇപ്രകാരം പറഞ്ഞു. 'എന്നാല്‍ ഞാന്‍ ആ ബറകത്ത് തിരിച്ചെടുത്തിരിക്കുന്നു'. പിന്നീട് പലരും പലവിധം ശ്രമിച്ചിട്ടും ആ സ്ഥലം ജമാഅത്തെ ഇസ് ലാമിക്ക് ലഭിക്കുകയോ ജമാഅത്ത് സ്ഥാപനം അവിടെ ഉയരുകയോ ചെയ്തില്ല.ഇതിനിടയിലാണ് ചില ദുഷ്പ്രചാരണങ്ങള്‍ ശ്രദ്ധയില്‍പ്പട്ടത്. 'പിതാവിനെ മാറ്റിനിര്‍ത്തിക്കൊണ്ടുള്ള ജാരസന്തതികളുടെ ആഘോഷമാണ് സമസ്തക്കാര്‍ പട്ടിക്കാട് നടത്തിക്കൊണ്ടിരിക്കുന്നത്'. നൂരിഷാ തങ്ങള്‍ സമസ്തക്ക് നല്‍കിയതാണ് സ്ഥാപനം. ഇക്കാര്യം മറച്ചുവയ്ക്കുന്നു എന്നതാണ് പ്രധാന ആരോപണം. ഇതിന്റെ നിജസ്ഥിതി പറയാം. സയ്യിദ് നൂരിഷാ തങ്ങള്‍ സമസ്തയുടെ ഭാഗമായിരുന്നു. അതുകൊണ്ട് തന്നെ ബാപ്പു ഹാജി, തങ്ങളെ മാനേജരാക്കി കോളജ് തുടങ്ങാന്‍ ആവശ്യമായ സ്വത്ത് വഖ്ഫ് ആക്കി രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. 1974ല്‍ ആണ് സമസ്ത നൂരിഷാ ത്വരീഖത്തില്‍നിന്ന് വിട്ടുനില്‍ക്കാന്‍ തീരുമാനമെടുത്തത്. നൂരിഷാ തങ്ങളുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തുകൊടുത്തെങ്കിലും കോളജ് യാഥാര്‍ഥ്യമാകാതെ വര്‍ഷങ്ങള്‍ കടന്നുപോയപ്പോള്‍ ബാപ്പു ഹാജി സയ്യിദ് അബ്ദുര്‍റഹ്മാന്‍ ബാഫഖി തങ്ങളെയും മറ്റും സമീപിച്ച് പ്രശ്‌നപരിഹാരത്തിന് ശ്രമിച്ചു. അവസാനം സമസ്ത കേരള ജംഇയ്യതുല്‍ ഉമലയുടെ കീഴില്‍ കോളജ് സ്ഥാപിക്കാനും സമസ്തയുടെ അറബിക് കോളജ് കമ്മിറ്റിക്ക് സ്വത്ത് വിട്ടുകൊടുക്കാനും തീരുമാനിച്ചു. ജാമിഅ നൂരിയ്യക്കുവേണ്ടി നൂരിഷാ തങ്ങളുടെ പേരിലായിരുന്നു സ്വത്ത്. തുടര്‍ന്നായിരുന്നു സമസ്ത മുശാവറ ഇക്കാര്യം നേരിട്ട് കൈകാര്യം ചെയ്തത്. (അവലംബം: കെ.ടി മാനു മുസ്‌ലിയാര്‍ സുന്നി ടൈംസ് വാരിക 1974).1962 ഏപ്രില്‍ നാലിനു ചേര്‍ന്ന സമസ്ത മുശാവറയുടെ തീരുമാനങ്ങളില്‍ ഇപ്രകാരം കാണാം: 'സമസ്തയുടെ ആഭിമുഖ്യത്തില്‍ സനദ് കൊടുക്കത്തക്ക ഒരു ഉയര്‍ന്ന കോളജ് ഉണ്ടായിരിക്കേണ്ടതാണെന്ന് തീരുമാനിച്ചു'.തുടര്‍ന്ന് ദ്രുതഗതിയില്‍ ഇതേവര്‍ഷം ഏപ്രില്‍ 30ന് പ്രസിഡന്റ് മൗലാന അബ്ദുല്‍ ബാരിയുടെ അധ്യക്ഷതയില്‍ സയ്യിദ് അബ്ദുറഹിമാന്‍ ബാഫഖി തങ്ങളുടെ മാളിക മുകളില്‍ ചേര്‍ന്ന മുശാവറ, കോളജിന് ഒരു കമ്മിറ്റിയുണ്ടാക്കി. പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കായി 500ല്‍ കവിയാത്ത സംഖ്യ വിദ്യാഭ്യാസ ബോര്‍ഡില്‍ നിന്ന് കടമെടുക്കാന്‍ തീരുമാനിച്ചു. പ്രഥമ കമ്മിറ്റിയുടെ പ്രസിഡന്റ് സയ്യിദ് അബ്ദുറഹിമാന്‍ ബാഫഖി തങ്ങളും ജനറല്‍ സെക്രട്ടറി ശംസുല്‍ ഉലമ ഇ.കെ അബൂബക്കര്‍ മുസ്‌ലിയാരും ആയിരുന്നു. പി.എം.എസ്.എ പൂക്കോയ തങ്ങള്‍ വൈസ് പ്രസിഡന്റും ആയിരുന്നു. പിന്നീട് ശംസുല്‍ ഉലമ, കോളജ് പ്രിന്‍സിപ്പലായി നിയമിതനായപ്പോള്‍ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് പൂക്കോയ തങ്ങള്‍ തിരഞ്ഞെടുക്കപ്പെട്ടു. ശംസുല്‍ ഉലമക്കു ശേഷം കോട്ടുമല അബൂബക്കര്‍ മുസ്‌ലിയാര്‍, കെ.കെ അബൂബക്കര്‍ ഹസ്രത്ത് തുടങ്ങിയ പ്രമുഖ പണ്ഡിതന്മാരായിരുന്നു ജാമിയയുടെ പ്രിന്‍സിപ്പല്‍മാര്‍. 2003 മുതല്‍ പ്രൊഫസര്‍ കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ പ്രിന്‍സിപ്പലായി സേവനമനുഷ്ഠിച്ചു വരുന്നു. ജാമിഅ കമ്മിറ്റിക്ക് നേതൃത്വം നല്‍കിയിരുന്നവര്‍ സമസ്തയുടെ സമുന്നത സാദാത്തുക്കളും പണ്ഡിത നേതാക്കളുമായിരുന്നു. സയ്യിദ് അബ്ദുറഹ്മാന്‍ ബാഫഖി തങ്ങള്‍, ചാപ്പനങ്ങാടി ബാപ്പു മുസ്‌ലിയാര്‍, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ തുടങ്ങിയവരായിരുന്നു ജാമിഅയുടെ മുന്‍കാല പ്രസിഡന്റുമാര്‍. ശംസുല്‍ ഉലമ ഇ.കെ അബൂബക്കര്‍ മുസ് ലിയാര്‍, പി.എം.എസ്.എ പൂക്കോയ തങ്ങള്‍, പി.വി.എസ് മുസ്തഫ പൂക്കോയ തങ്ങള്‍, വാണിയമ്പലം അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍, കെ.വി മുഹമ്മദ് മുസ്‌ലിയാര്‍ കൂറ്റനാട് തുടങ്ങിയവരായിരുന്നു മുന്‍കാല ജനറല്‍ സെക്രട്ടറിമാര്‍. പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ പ്രസിഡന്റും സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ജനറല്‍ സെക്രട്ടറിയുമായ കമ്മിറ്റിയാണ് ഇപ്പോള്‍ കോളജിന് നേതൃത്വം നല്‍കുന്നത്. സമസ്ത സ്ഥാപിച്ച ഈ ഉന്നത കലാലയത്തിലെ സന്തതികള്‍ ആയ ഫൈസിമാര്‍ നവീനവാദികളെ പിടിച്ചുകെട്ടുന്നതിലും സുന്നി ആദര്‍ശ മേഖല പുഷ്‌കലമാക്കുന്നതിലും നിര്‍ണായക പങ്കാണ് കഴിഞ്ഞ കാലങ്ങളില്‍ നിര്‍വഹിച്ചത്. മഹല്ലുകളുടെയും സ്ഥാപനങ്ങളുടെയും നടത്തിപ്പിലും ഗണനീയമായ പങ്കാണ് അവര്‍ നിര്‍വഹിച്ചു പോരുന്നത്. അറുപതില്‍ പരം ജൂനിയര്‍ കോളജുകള്‍ അഫിലിയേറ്റ് ചെയ്ത ജാമിഅ, ഇന്ന് വാനോളം ഉയര്‍ന്നിരിക്കുന്നു. യൂനിവേഴ്‌സിറ്റി ഡിഗ്രിയും പി.ജിയും നേടിയ ആധുനിക ഫൈസിമാര്‍ ഇന്ത്യക്കകത്തും പുറത്തുമായി ആദര്‍ശ പ്രബോധന മേഖലയില്‍ നിറഞ്ഞുനില്‍ക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."