കെ.എസ്.ആർ.ടി.സിയെ രക്ഷപ്പെടുത്താനാവുമോ?
ഡോ.അബേഷ് രഘുവരന്‍
ജീവനക്കാർക്ക് ശമ്പളംപോലും കൊടുക്കാനാകാതെ കെ.എസ്.ആർ.ടി.സിയിൽ ഉണ്ടായ പ്രതിസന്ധികളും പ്രയാസങ്ങളും കഴിഞ്ഞ വർഷം ഏറെ ചർച്ച ചെയ്യപ്പെട്ട വിഷമായിരുന്നു. പുതുവർഷത്തിൽ ഗതാഗതമന്ത്രി തന്നെ മാറിയതോടെ കെ.എസ്.ആർ.ടി.സി വീണ്ടും വാർത്തകളിൽ നിറഞ്ഞു. അതിന് കാരണം മന്ത്രി മാറിയത് മാത്രമായിരുന്നില്ല; മുമ്പ് ഗതാഗത വകുപ്പ് മികച്ച രീതിയിൽ കൈകാര്യം ചെയ്യുകയും കെ.എസ്.ആർ.ടി.സിയെ കുറച്ചുനാളത്തേക്കെങ്കിലും ലാഭത്തിലാക്കാൻ കെ.ബി ഗണേഷ് കുമാറിന് കഴിഞ്ഞിരുന്നു എന്നതുകൊണ്ടു കൂടെയാണ്. വീണ്ടും ഗണേഷ് ആ കസേരയിലേക്ക് തിരികെ വരുമ്പോൾ പ്രതീക്ഷകൾ സ്വാഭാവികം. എന്നാൽ ഗണേഷ് അന്ന് ഭരിച്ച കെ.എസ്.ആർ.ടി.സി അല്ല ഇന്ന് എന്നത് പ്രസക്തമാണ്. ലാഭത്തിലേക്ക് തിരികെ ഉയർത്തിക്കൊണ്ടുവരുവാൻ കഴിയാത്തത്ര ആഴത്തിലേക്ക് ആ പൊതുമേഖലാസ്ഥാപനം വീണുപോയിരിക്കുന്നു. അപ്പോഴും പ്രതീക്ഷയുടെ തീരിനാളം ബാക്കിയുണ്ട്. അത് ഒരർഥത്തിൽ മലയാളിയുടെ മനസിലെ കെ.എസ്.ആർ.ടി.സിയുടെ സ്ഥാനത്തെക്കൂടി ആശ്രയിച്ചാണ് ഇരിക്കുന്നത്.
മലയാളിയുടെ ഗൃഹാതുരത്വത്തിന്റെ പ്രധാന ഏടാണ് ആനവണ്ടി എന്ന ഓമനപ്പേരിൽ നാം വിളിക്കുന്ന കെ.എസ്.ആർ.ടി.സി. എല്ലാവർക്കും സ്വന്തമായി വാഹനമില്ലാതിരുന്ന ഭൂതകാലത്ത് ബസ് സ്റ്റോപ്പിൽ കാത്തിരുന്ന് ബസ് വരുമ്പോൾ അതിൽ ഓടിക്കയറി സൈഡ് സീറ്റിൽ ഇരുന്ന് പുറംകാഴ്ചകൾ കണ്ട്, ഇളംകാറ്റിന്റെ കുളിര് ഏറ്റുവാങ്ങിയ ഒരു കാലമുണ്ട് മലയാളിക്ക്. ഇന്ന് കാറിലിരുന്നുകൊണ്ടും ബൈക്കുകളിൽ ചീറിപ്പാഞ്ഞും ആനവണ്ടിയെ ഓവർടേക് ചെയ്യുമ്പോൾ ആ ഗൃഹാതുരത്വം നാം ഉള്ളിന്റെയുള്ളിൽ തൊട്ടറിയുന്നുണ്ട്. എന്നാൽ ഗൃഹാതുരത്വത്തിനപ്പുറം അതിനോട് മലയാളിക്കില്ലാതെപോകുന്ന ഉത്തരവാദിത്വം എന്ന മനോഭാവം കെ.എസ്.ആർ.ടി.സിയെ തകർക്കുന്ന വാർത്തകളോട് ചേർത്തുവച്ചാണ് നമ്മൾ വായിക്കേണ്ടത്.
കുറച്ചുമാസങ്ങൾക്കു മുമ്പ് കെ.എസ്.ആർ.ടി.സിയുടെ ദുരിതാവസ്ഥ സംബന്ധിച്ച് എം.ഡി ബിജു പ്രഭാകർ ചില തുറന്നുപറച്ചിലുകൾ നടത്തിയിരുന്നു. ഓർമവച്ച കാലം മുതൽക്കേ കെ.എസ്.ആർ.ടി.സി കുത്തഴിഞ്ഞ പാഠപുസ്തകമാണ്. സ്വകാര്യവാഹനങ്ങളുടെ ആധിക്യം, ജീവനക്കാരുടെ ആത്മാർഥതയില്ലായ്മ, യൂനിയനുകളുടെ അനാവശ്യ ഇടപെടലുകൾ എന്നിങ്ങനെ എണ്ണിയാലൊടുങ്ങാത്ത കാരണങ്ങൾ അതിനു പിന്നിലുണ്ട്. എന്നിരുന്നാലും പരിഹാരമില്ലാതെ ഒരു പ്രശ്‌നവും പിറക്കുന്നില്ലെന്ന ആപ്തവാക്യം ഉൾക്കൊള്ളുമ്പോൾ ഇവിടെ ആനവണ്ടിയുടെ കാര്യത്തിൽ അതെങ്ങനെയെന്ന ചോദ്യം പ്രസക്തമാണ്.
തമിഴ്നാട്ടിൽ റോഡ് പൊതുഗതാഗതം ലാഭത്തിലാണ്. എന്നാൽ, അതിർത്തിക്കപ്പുറം നമ്മുടെ നാട്ടിൽ അത് വൻ നഷ്ടത്തിലും. പ്രധാന കാരണം കേരളത്തിലെ സ്വകാര്യവാഹനങ്ങളുടെ ബാഹുല്യം തന്നെയാണ്. ഇവിടെ സ്വന്തമായി വാഹനമില്ലാത്ത വീടുകളില്ലെന്ന് മാത്രമല്ല, ഒരു വീട്ടിൽതന്നെ ഒന്നിലേറെ വാഹനങ്ങളുണ്ടുതാനും. അതുകൊണ്ടുതന്നെ പൊതുഗതാഗതത്തെ ആശ്രയിക്കുന്നത് ദീർഘദൂര യാത്രകൾക്ക് മാത്രമാണ്. അതും കുടുംബത്തോടെയുള്ള യാത്രയാകുമ്പോൾ സ്വന്തം കാർ തന്നെയാകും ഉപയോഗിക്കുന്നത്. തമിഴ്നാട്ടിൽ അതല്ല സ്ഥിതി. അവിടെ സ്വന്തമായി വാഹനങ്ങൾ ഇല്ലാത്തവരാണ് അധികം, പ്രത്യേകിച്ചും ഗ്രാമങ്ങളിൽ. വാഹനമുള്ളവർ തന്നെ സ്വന്തം വണ്ടികൾ ആഡംബരമായാണ് ഇപ്പോഴും കാണുന്നത്. ഫലമോ, അവിടെ പൊതുഗതാഗതം ഒരു സംസ്കാരമായി നിലനിൽക്കുകയും ചെയ്യുന്നു. എന്നാൽ ഇവിടെ പൊതുഗതാഗതം ഉപയോഗിക്കുന്നത് അഭിമാനക്ഷതമായി കാണുന്നവരാണ് അധികവും.
ആത്മാർഥതയുള്ള ജീവനക്കാരുടെ സഹകരണമാണ് ഏതു സർക്കാർ, അർധസർക്കാർ, സ്വകാര്യ സ്ഥാപനങ്ങളുടെയും വിജയത്തിനാധാരം. എന്നാൽ ആ ആത്മാർഥത ഏറിയകൂറും ഉടലെടുക്കുന്നത് അവരുടെ പ്രയത്നങ്ങൾക്ക് അംഗീകാരവും തക്കതായ പ്രതിഫലവും ലഭിക്കുമ്പോൾ ആണ്. എന്നാൽ ജീവനക്കാരുടെ ശമ്പളം കാലത്തിനൊത്ത് പരിഷ്കരിക്കാത്തതിനാലും കൃത്യമായി ശമ്പളം നൽകാത്തതിനാലും അവർക്ക് സ്ഥാപനത്തോട് അകൽച്ച തോന്നുന്നത് സ്വാഭാവികം മാത്രം. എന്നാൽ നഷ്ടത്തിലോടുന്ന കമ്പനിയെ ലാഭത്തിലാക്കിയാൽ മാത്രമേ ശമ്പളപരിഷ്കരണത്തിനായുള്ള മുറവിളികൾക്ക് അനുകൂലമായ സമീപനം ലഭിക്കുകയുള്ളൂ എന്നുള്ള സാമാന്യബോധം ജീവനക്കാർക്ക് ഇല്ലാതെ പോകുകയാണ്. നല്ല ശമ്പളം കിട്ടിയിട്ട് ആത്മാർഥതയാകാം എന്ന തിയറി വിട്ട്, സ്വയം കഷ്ടപ്പെട്ട് സ്ഥാപനത്തെ ഉയർച്ചയിലേക്ക് എത്തിച്ചതിനുശേഷം തലയുയർത്തിനിന്നുകൊണ്ട് ശമ്പളപരിഷ്കരണം ആവശ്യപ്പെടേണ്ട അവസ്ഥ ഉണ്ടാക്കിയെടുക്കാൻ ജീവനക്കാർക്ക് കഴിയാതെപോകുന്നതാണ് കെ.എസ്.ആർ.ടി.സിയുടെ പതനത്തിന്റെ മറ്റൊരുകാരണം.
മാറിവന്ന ഉന്നത ഉദ്യോഗസ്ഥരുടെ ദീർഘവീക്ഷണത്തിന്റെ അഭാവവും സ്ഥാപനത്തിന്റെ തകർച്ചയ്ക്ക് കാരണമായിട്ടുണ്ട്. ജീവനക്കാരെ കൃത്യമായും കാര്യക്ഷമമായും ഉപയോഗിക്കേണ്ട സമയത്ത് രാഷ്ട്രീയം കളിക്കാനും ഈഗോ വർക്ക്ഔട്ട് ചെയ്യാനും പോവുന്നതാണ് അവിടെ പലപ്പോഴും സംഭവിക്കുന്നത്. അത് കെ.എസ്.ആർ.ടി.സിയുടെ ചരിത്രം പരിശോധിച്ചാൽ മനസിലാക്കാവുന്നതേയുള്ളൂ. അത്തരം ഉദ്യോഗസ്ഥരുടെ പ്രവൃത്തികൾ താഴേത്തട്ടിലുള്ള അധികാരകേന്ദ്രങ്ങളിലും അതേയളവിൽ പ്രതിഫലിക്കും. അങ്ങനെയുള്ള പ്രതിഫലനങ്ങൾ ആകമാനം പ്രകടമാകുമ്പോൾ സ്ഥാപനം ലാഭകരമാക്കേണ്ട ചിന്തകൾ അവരിൽനിന്ന് അന്യമാകുകയും നഷ്ടത്തിലേക്ക് കൂപ്പുകുത്തുകയും ചെയ്യുന്നു.
സേവനസന്നദ്ധരായ തൊഴിലാളികളെന്ന ചിന്ത മാറി, സർക്കാർ ശമ്പളം പറ്റുന്ന മേലാളന്മാർ എന്ന ചിന്തയാണ് ഒട്ടുമിക്ക തൊഴിലാളികൾക്കുമുള്ളത്. ഡ്യൂട്ടിയുള്ള സമയങ്ങളിൽ സർവിസ് നടത്തി, ശേഷം വണ്ടി ഡിപ്പോയിൽ കയറ്റി വീട്ടിൽ പോകുക എന്നതിൽക്കവിഞ്ഞു ഡ്രൈവറും കണ്ടക്ടറും തങ്ങൾ ജോലിയെടുക്കുന്ന, തങ്ങൾക്ക് അന്നം തരുന്ന വണ്ടിയുടെ സീറ്റിലുള്ള അൽപ്പം പൊടിപോലും തുടച്ചു വൃത്തിയാക്കാൻ മെനക്കെടാറില്ല എന്നതാണ് അവർക്ക് ജോലിയോടുള്ള ആത്മാർഥതയുടെ ആദ്യത്തെ അളവുകോൽ. സ്വന്തം കാറിന്റെ ഗിയറുകൾ രണ്ടുവിരലുകൾ കൊണ്ട് മാറ്റുന്നവർ, ബസിൽ കയറിയാൽ ഗിയറിനോടും ആക്സിലറേറ്ററിനോടും ആരോടോ പകതീർക്കുന്നപോലെയാണ് പെരുമാറുന്നത് എന്നത് മുമ്പിലെ സീറ്റിൽ ഇരുന്നാൽ ലൈവായി കാണാൻ സാധിക്കും. സ്ഥിരമായിവരുന്ന യാത്രക്കാരോട് കുശലം പറയുവാനും പുതിയ യാത്രക്കാരെ പരിചയപ്പെടാനും കുറച്ചു നല്ലവർത്തമാനം പറയുവാനും കണ്ടക്ടർമാർ മെനക്കെടാതെ മുതിർന്ന യാത്രക്കാരോടുപോലും മുഖം കറുത്ത ഭാഷയിൽ ഇടപെടുകയും ഫലമായി ഇനിയൊരിക്കലും ആ നശിച്ച ബസിൽ കയറാൻ ഇടവരുത്തരുതെന്ന ചിന്തയിൽ യാത്രക്കാരെ എത്തിക്കുകയാണ് ഏറെ ജീവനക്കാരും ചെയ്യുന്നത്. എന്നാൽ മറിച്ചു, താൻ ജോലിചെയ്യുന്ന ബസ് തന്റെ വീടുപോലെയാണെന്നും അവിടെ താൻ സ്നേഹസമ്പന്നനായ ആതിഥേയനാണെന്ന് സ്വയം കരുതുകയും ചെയ്താൽ പൊതുജനത്തിന്റെ മനോഭാവം മാറും.
ജീവനക്കാരിൽ 5% ആളുകൾക്കും ഇഞ്ചികൃഷിയാണെന്ന എം.ഡി ബിജു പ്രഭാകറിന്റെ പ്രസ്താവന കൂടി അന്ന് വിവാദമായിരുന്നു. എന്നാൽ ഇഞ്ചികൃഷിക്കാരെ കൃത്യമായി കണ്ടെത്തി പുറത്താക്കാൻ അന്നത്തെ എം.ഡിക്ക് പോലും കഴിഞ്ഞിരുന്നില്ല എന്നതാണ് ദുഃഖകരമായ സത്യം. കാരണം തങ്ങൾ ഒരിക്കലും പിടിക്കപ്പെടില്ലെന്നും നടപടിക്ക് വിധേയമാകില്ലെന്നും അറിഞ്ഞുകൊണ്ടുതന്നെയാണ് അവർ അതിന് പോകുന്നതും. അവരെ സംരക്ഷിക്കാൻ സ്ഥാപനത്തിന്റെ അകത്തുതന്നെ സംവിധാനങ്ങളുമുണ്ട്. എന്നാൽ, ഇഞ്ചികൃഷിയില്ലാതെ, കിട്ടുന്ന വരുമാനത്തിൽ കുടുംബത്തെയും തൊഴിലിനെയും കൈവെള്ളയിൽ കൊണ്ടുനടക്കുന്ന ആത്മാർഥതയുള്ള ജീവനക്കാരുടെ കഷ്ടപ്പാടിലാണ് ആനവണ്ടി ഉരുളുന്നതെന്ന സത്യം പൊതുജനമെങ്കിലും അറിഞ്ഞിരിക്കുന്നത് നല്ലതാണ്.
കെ.എസ്.ആർ.ടി.സി രക്ഷപ്പെടുമോ? രക്ഷപ്പെടുത്താനാവുമോ? കടലാസിൽ അതിനുള്ള നിർദേശങ്ങൾ കുറിക്കാൻ എളുപ്പമാണ്. ഒരു കംപ്യൂട്ടർ ഗെയിമിലെന്നപോലെ പരിഹരിക്കുകയുമാകാം. എന്നാൽ യാഥാർഥ്യത്തിലേക്ക് ഇറങ്ങുമ്പോൾ നാമറിയുന്നതും അറിയാത്തതുമായ ധാരാളം പ്രശ്നങ്ങൾ ബാക്കിയാകുമ്പോൾ പ്രായോഗികമായി എങ്ങനെ കാര്യങ്ങൾ പരിഹരിക്കാം എന്നോർത്ത് നെറ്റി ചുളിക്കേണ്ടിവരും. ചെറിയൊരു ശതമാനം ആൾക്കാർ തങ്ങളുടെ ഇംഗിതം നടത്തിയെടുക്കാൻ സ്ഥാപനത്തെ ഉപയോഗിക്കുന്നത് തടയാൻ സംവിധാനം ഏർപ്പെടുത്തണം. പക്ഷേ, അടിമുടി ബാധിച്ച അഴിമതി അത്രയെളുപ്പം തുടച്ചുമാറ്റാനാവില്ല. അതിന് സമയവും സാവകാശവും സർക്കാർ സംവിധാനത്തിന്റെ കൃത്യമായ ഇടപെടലും ആവശ്യമാണ്.
സ്വകാര്യവൽക്കരണമാണ് മറ്റൊരു പോംവഴി. ആ വാക്കുകേൾക്കുമ്പോൾ പൊതുജനത്തിന് ഹാലിളകുന്നത് സ്വാഭാവികം. എന്നാൽ ചില രംഗങ്ങളിൽ സ്വകാര്യവൽക്കരണം തന്നെയാണ് ഉത്തമം. വിജയകരമായി മുന്നോട്ടുകൊണ്ടുപോകാൻ കഴിയുമെങ്കിൽ, അത് എങ്ങനെയെന്ന് മനസിലാക്കാനെങ്കിലും കുറച്ചുകാലം സ്വകാര്യവൽക്കരണമാകാം. അങ്ങനെയൊരു ഉദാഹരണം ഉണ്ടാക്കുകവഴി പിന്നീട് കെ.എസ്.ആർ.ടി.സിക്ക് മാറാതെ തരമില്ലാതെവരും. മാത്രമല്ല, ലാഭകരമായി കൊണ്ടുനടക്കാൻ കഴിയുമെന്നുറപ്പുള്ള പൊന്മുട്ടയിടുന്ന താറാവിനെ കൊന്നവർക്ക് സ്ഥാപനം നല്ലരീതിയിൽ കൊണ്ടുനടക്കുന്നത് കാണിച്ചുകൊടുക്കുന്നതിനേക്കാൾ വലിയ ശിക്ഷയില്ലല്ലോ!
(കൊച്ചി സർവകലാശാല, സെന്റർ ഫോർ സയൻസ് ഇൻ സൊസൈറ്റിയിൽ അസിസ്റ്റന്റ് പ്രൊഫസറാണ് ലേഖകൻ)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."