HOME
DETAILS

ഫലസ്തീൻ: അന്താരാഷ്ട്ര ക്രിമിനൽ കോടതിയുടെ കാപട്യങ്ങൾ

  
backup
January 07 2024 | 18:01 PM

palestine-the-hypocrisy-of-the-international-criminal-court

ജമാല്‍ കെ.കഞ്ച്‌

ഇരുപത്തിനാലു മണിക്കൂറിനുള്ളിൽ തങ്ങളുടെ പതിനേഴു സൈനികർ കൊല്ലപ്പെട്ടെന്ന വാർത്ത ക്രിസ്മസിനു മുമ്പുള്ള ആഴ്ചയിലാണ് ഇസ്റാഈൽ പുറത്തുവിടുന്നത്. ഇതിനു പകരമായി മൂന്നു അഭയാർഥി ക്യാംപുകളുള്ള മേഖലയിലാണ് ഇസ്റാഈൽ ജെറ്റുകൾ ബോംബുകൾ വർഷിച്ചത്. ഈ ആക്രമണത്തിൽ 250ഓളം സാധാരണക്കാർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്തു. കഴിഞ്ഞ തൊണ്ണൂറു ദിവസമായി ഗസ്സയിൽ സാധാരണക്കാർ കൊല്ലപ്പെടുന്നത് ഒരു പതിവ് ദൃശ്യമായി മാറിയിരിക്കുകയാണ്. ഇസ്റാഈൽ സൈന്യത്തിന് ഏതെങ്കിലും തരത്തിലുള്ള നഷ്ടമുണ്ടായാൽ ഇവർ നേരെ തിരിയുന്നത് ഗസ്സയിലെ സാധാരണക്കാർക്കു നേരെയാണ്. ഇത്തരത്തിൽ ആക്രമണം അഴിച്ചുവിടുന്നത് പ്രധാനമായും രണ്ടു ലക്ഷ്യങ്ങളോടെയാണെന്നാണ് മനസിലാക്കേണ്ടത്. സാധാരണക്കാരെ അക്രമിച്ചുകൊണ്ടുള്ള വിജയം ഇസ്റാഈൽ ജനതയ്ക്കു മുമ്പിൽ പ്രചരിപ്പിച്ച് അവർക്കുള്ളിൽ സഹജമായ ഫലസ്തീൻ വിരോധം തീവ്രമാക്കുക. രണ്ടാമതായി, ഒരു കുറ്റവും ചെയ്യാത്ത ഫലസ്തീനികളുടെ ജീവിതം ദുസ്സഹമാക്കുക എന്നിവയാണത്. അല്ലാതെ ഇസ്റാഈൽ അവകാശപ്പെടുന്നതു പോലെ സാധാരണക്കാർക്കിടയിലേക്ക് സൈനിക നടപടികൾ വ്യാപിപ്പിക്കുന്നത് അവിടെ സായുധ സംഘാംഗങ്ങൾ ഒളിഞ്ഞിരിക്കുന്നതിനാലല്ല.


കഴിഞ്ഞ മൂന്നുമാസമായി 22,000ത്തോളം സാധാരണക്കാരാണ് ഫലസ്തീനിൽ കൊല്ലപ്പെട്ടത്. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ പെട്ട ഏഴായിരത്തോളം പേർ ഈ കണക്കിൽ ഉൾപ്പെടില്ലെന്നോർക്കണം. ഇതിൽ അയ്യായിരത്തോളം പേർ സ്ത്രീകളും കുട്ടികളുമാണ്. രണ്ട് ദശലക്ഷം അല്ലെങ്കിൽ മൊത്തം ജനസംഖ്യയുടെ 85 ശതമാനത്തോളം പേരുടെ കിടപ്പാടം ഇസ്റാഈൽ ആക്രമണങ്ങളിൽ നഷ്ടമായിട്ടുണ്ട്. വാൾസ്ട്രീറ്റ് ജേണലിന്റെ റിപ്പോർട്ടു പ്രകാരം ഗസ്സയിലെ 300000ത്തോളം, അഥവാ എഴുപതു ശതമാനത്തോളം വീടുകളും അൻപതു ശതമാനത്തോളം കെട്ടിടങ്ങളും തകർക്കപ്പെടുകയോ അല്ലെങ്കിൽ അപകടനിലയിലാവുകയോ ചെയ്തിട്ടുണ്ട്. ഇനി ഇസ്റാഈൽ തങ്ങളുടെ വംശഹത്യാ യുദ്ധം നിർത്തലാക്കിയാൽപോലും ഒന്നര ദശലക്ഷത്തോളം പേർക്ക് മടങ്ങിപ്പോകാൻ വീടോ കിടപ്പാടമോ ഇല്ലാത്ത ദയനീയ സാഹചര്യമാണ് ഗസ്സയിലുള്ളത്. ആശുപത്രികളിലെ സാഹചര്യവും ഏറെ പരിതാപകരമായാണ് തുടരുന്നത്.
ഗസ്സയിലെ ഗുരുതരമായ മനുഷ്യാവകാശപ്രശ്നം കണക്കിലെടുത്തുകൊണ്ട് ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ് 2023, ഡിസംബർ ആറിന് ഐക്യരാഷ്ട്രസഭാ കരാറിലെ ആർട്ടിക്ക്ൾ 99 പ്രഖ്യാപിക്കുകയുണ്ടായി. ഗസ്സയിൽ അതിരുകൾ ലംഘിക്കപ്പെട്ടതായും യാതൊരു കാരണവശാലും ന്യായീകരിക്കാനാവാത്തതുമാണ് അവിടെ നടന്നുകൊണ്ടിരിക്കുന്നതെന്നുമാണ് ഗുട്ടറസ് അഭിപ്രായപ്പെട്ടത്. ഗസ്സയിലെ മാനുഷിക പിന്തുണാസംവിധാനം പൂർണമായും ഇല്ലാതാക്കപ്പെടുന്നതിനു മുമ്പായി വിഷയത്തിൽ ഇടപെടുന്നതിനുവേണ്ടി ഇദ്ദേഹം സെക്യൂരിറ്റി കൗൺസിൽ വിളിച്ചുചേർക്കുകയും ചെയ്തു. ഇസ്റാഈൽ ആക്രമണത്തിൽ ഐക്യരാഷ്ട്രസഭയുടെ 130 ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടതായും ഗുട്ടറസ് ചൂണ്ടിക്കാട്ടി. എന്നാൽ ഗുട്ടറസിന്റെ മുന്നറിയിപ്പുണ്ടായിട്ടുപോലും ഗസ്സയിലേക്ക് അന്താരാഷ്ട്ര പങ്കാളിത്തത്തോടെ സഹായമെത്തിക്കുന്നതിനെതിരേ വീറ്റോ അധികാരം പ്രയോഗിച്ചിരിക്കുകയാണ് അമേരിക്ക. അമേരിക്കയുടെ ആഗോളസാമ്രാജ്യത്വ അധീശത്വത്തെ മുന്നിൽ നിർത്തി സയണിസ്റ്റുകൾ തങ്ങളുടെ യുദ്ധക്കുറ്റങ്ങളിൽനിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതാണ് നിലവിൽ കാണുന്നത്.


അന്താരാഷ്ട്ര ക്രിമിനൽ കോടതിയിൽ ഇസ്റാഈലിനെതിരേ ഫലസ്തീൻ യുദ്ധക്കുറ്റങ്ങളുടെ അന്വേഷണം നടക്കുന്നുണ്ട്. ഇതിനെതിരേ അമേരിക്കയെ മുൻനിർത്തി തന്ത്രപരമായി മുന്നോട്ടു നീങ്ങുകയാണ് ഇസ്റാഈൽ. 2015 ജനുവരിയോടെ ഫലസ്തീൻ അന്താരാഷ്ട്ര ക്രിമിനൽ കോടതിയിൽ ഒൗദ്യോഗിക അംഗമായതോടെ 2014ൽ ഇസ്റാഈൽ ഫലസ്തീനിൽ നടത്തിയ യുദ്ധക്കുറ്റങ്ങളെ സംബന്ധിച്ച് അന്വേഷണം നടത്താൻ ആവശ്യപ്പെട്ടിരിന്നു. അന്നത്തെ ഐ.സി.സി പ്രോസിക്യൂട്ടറായിരുന്ന ഫത്തൗ ബെൻസൂദ നിശ്ചിതസമയത്തിനകം അന്വേഷണം പൂർത്തിയാക്കുമെന്ന ഉറപ്പോടെ നടപടികൾ ആരംഭിച്ചു. എന്നാൽ മതിയായ സ്രോതസുകളില്ലായ്മ, അധിക ജോലിഭാരം, കൊറോണ മഹാമാരി എന്നിവ ചൂണ്ടിക്കാട്ടിയതോടെ അന്വേഷണം എങ്ങുമെത്തിയില്ല. എന്നാൽ മഹാമാരിക്ക് നാലു വർഷം മുമ്പുതന്നെ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നതായിരുന്നു വസ്തുത. അഞ്ച് വർഷത്തെ അന്വേഷണത്തിനുശേഷം മുൻ പ്രോസിക്യൂട്ടർ എഴുതിയത് വെസ്റ്റ് ബാങ്ക്, കിഴക്കൻ ജറൂസലം, ഗസ്സ മുനമ്പ് എന്നിവിടങ്ങളിൽ യുദ്ധക്കുറ്റങ്ങൾ നടന്നിട്ടുണ്ടെന്നും ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്നുണ്ട് എന്നുമാണ്. എന്നാൽ ഇതിനുത്തരവാദികൾക്കെതിരേ അറസ്റ്റ് വാറണ്ടോ അനുബന്ധ നടപടികളോ ആരംഭിക്കാതെ ബെൻസൂദ കാലാവധി പൂർത്തിയാക്കി മടങ്ങുകയായിരുന്നു.
അതേസമയം, നവംബർ 17ന് കെയ്‌റോയിൽ നടന്ന വാർത്താ സമ്മേളനത്തിൽ, നിലവിലെ ഐ.സി.സി പ്രോസിക്യൂട്ടർ കരിം എ.എ ഖാൻ പറഞ്ഞത് 2021 ജൂണിൽ താൻ അധികാരമേറ്റതുമുതൽ മുൻഗാമി ആരംഭിച്ച അന്വേഷണങ്ങൾ ശുഷ്കാന്തിയോടെ പിന്തുടരുമെന്നാണ്. എന്നാൽ മുൻ പ്രോസിക്യൂട്ടറുടെ നിലപാട് ഏറ്റുപിടിച്ച നിലവിലെ പ്രോസിക്യൂട്ടർ, കഴിഞ്ഞ രണ്ട് വർഷമായി "അധിക സ്രോതസുകൾക്കുവേണ്ടി അഭ്യർഥിക്കുകയും അപേക്ഷിക്കുകയും ചെയ്യുകയാണെന്നും' വിശദീകരിച്ചു. എന്നാൽ ഇതേ പ്രോസിക്യൂട്ടർക്ക് റഷ്യ- _ഉക്രൈൻ യുദ്ധം ആരംഭിച്ച് ഒരു ദിവസത്തിനകം, അഥവാ 2022 ഫെബ്രുവരി 22ന് അന്വേഷണത്തിന് ഉത്തരവിടാൻ മറ്റും ‘സ്രോതസുകളാവശ്യമാവുകയോ അപേക്ഷിക്കുകയോ’ ചെയ്യേണ്ടിവന്നില്ല എന്നതും അത്ഭുതകരമാണ്. ഉക്രൈനിലെ മരണസംഖ്യ 379 ആയപ്പോഴാണ് ഐ.സി.സി പ്രോസിക്യൂട്ടർ അന്വേഷണത്തിന് മുന്നോട്ടുവരുന്നത്. കൂടാതെ ഒരു വർഷത്തിനകം യുദ്ധത്തിനുത്തരവാദികളായ റഷ്യൻ ഉദ്യോഗസ്ഥർക്കെതിരേ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കാനും ഇദ്ദേഹത്തിനു സാധിച്ചു. എന്നാൽ, ഖാനും അദ്ദേഹത്തിനു മുമ്പുള്ള പ്രോസിക്യൂട്ടറും പത്തു വർഷത്തോളം ആ പദവിയിലിരുന്നിട്ടും ഇസ്റാഈലിനെതിരായ ഫലസ്തീൻ യുദ്ധക്കുറ്റങ്ങളിൽ തീർപ്പുകൽപ്പിക്കാൻ സാധിച്ചില്ലെന്നത് എന്തൊരു വിരോധാഭാസമാണ്!


ഇസ്റാഈലിന്റെ യുദ്ധക്കുറ്റങ്ങൾ വിശദമായി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ദക്ഷിണാഫ്രിക്ക, ബംഗ്ലാദേശ്, ബൊളീവിയ, കൊമറോസ്, ജിബൂത്തി എന്നീ രാജ്യങ്ങൾ അപേക്ഷ സമർപ്പിച്ചതായി ഐ.സി.സി പ്രോസിക്യൂട്ടർ ഖാൻ കെയ്റോ സമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു. നവംബർ 17ന് ഗസ്സയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 11500 ആയിരുന്നു. റഷ്യ-_ഉക്രൈൻ യുദ്ധത്തിൽ ഖാൻ അന്വേഷണത്തിന് ഉത്തരവിടുമ്പോൾ ഉക്രൈനിൽ കൊല്ലപ്പെട്ടവരുടെ എണ്ണത്തേക്കാൾ മുപ്പതിരട്ടി പേർ ഗസ്സയിൽ കൊല്ലപ്പെട്ടിരുന്നു. ജനസംഖ്യാനുപാതത്തിൽ പരിശോധിക്കുകയാണെങ്കിൽ പോലും ഗസ്സയിലെ മരണസംഖ്യ ഉക്രൈനിലേക്കാൾ 482 ഇരട്ടിയാണ്. അഞ്ച് രാജ്യങ്ങൾ സമർപ്പിച്ച അപേക്ഷയെക്കുറിച്ച് ആരാഞ്ഞപ്പോൾ ഒഴുക്കൻ മട്ടിൽ മറുപടി പറഞ്ഞ ഖാൻ 2014 മുതലുള്ള യുദ്ധക്കുറ്റങ്ങൾ അന്വേഷിക്കുകയാണെന്നും കൂട്ടിച്ചേർത്തു. കെയ്‌റോയിലെ പത്രസമ്മേളനത്തിന് മുമ്പ് ഖാൻ ഫലസ്തീൻ-_ഈജിപ്ത് അതിർത്തിയായ റഫ സന്ദർശിച്ചിരുന്നു എന്നത് ഇവിടെ സ്മരണീയമാണ്. ആയിരക്കണക്കിന് ഭക്ഷണ ട്രക്കുകൾ, മെഡിക്കൽ സപ്ലൈസ്, വെള്ളം, ഇന്ധനം എന്നിവ ഗസ്സയിലേക്ക് പ്രവേശിപ്പിക്കാതെ തടഞ്ഞിരിക്കുന്നത് അദ്ദേഹത്തിന് നേരിട്ട് കാണാനായിട്ടുണ്ടാകും. ഇസ്റാഈൽ യുദ്ധകാര്യ മന്ത്രി യോവ് ഗാലന്റ് ഒരു ജനതയെ മുഴുവൻ പട്ടിണിക്കിട്ട് ഉന്മൂലനം ചെയ്യാൻ തയാറായിരിക്കുന്നത് നേരിൽ കണ്ടയാളാണ് ഈ പ്രോസിക്യൂട്ടർ. അന്ന് ഏകദേശം അഞ്ചാഴ്ചക്കാലത്തെ പട്ടിണിയെ താണ്ടിയിരുന്നു ഗസ്സ. ഇസ്റാഈൽ പ്രസിഡന്റ് ഐസക് ഹെർസോഗ് പറഞ്ഞത് ഗസ്സക്കാർ ഇസ്റാഈൽ സൈന്യത്തിന്റെ ലക്ഷ്യമാണെന്നാണ്. കാരണം, അവിടെയുള്ള ജനത മുഴുവൻ നിലവിലെ പ്രശ്നങ്ങൾക്ക് ഉത്തരവാദികളാണെന്നാണ് ഹെർസോഗിന്റെ വാദം. ഇസ്റാഈൽ ധനകാര്യ മന്ത്രി ബെസലേൽ സ്മോത്രിച്ച് പറഞ്ഞത് ഗസ്സയിൽ സ്വമേധയാലുള്ള ജനസംഖ്യാ നിയന്ത്രണം വേണമെന്നാണ്. അവിടെയുള്ള ജനതയെ അവരുടെ സ്വദേശത്തുനിന്ന് കുടിയിറക്കുമെന്ന വ്യക്തമായ പ്രസ്താവനയായി തന്നെ ഇതിനെ മനസിലാക്കാം. ഇത്രയേറെ വ്യക്തമായ പ്രസ്താവനകളും തെളിവുകളും നേരിട്ടു കാണാനുള്ള അവസരവും ഐ.സി.സി പ്രോസിക്യൂട്ടർ ഖാന് ലഭിച്ചിട്ടുപോലും ഇതെല്ലാം ഊഹാപോഹങ്ങളാണെന്ന നാട്യമാണ് അദ്ദേഹവും അന്താരാഷ്ട്ര കോടതിയും പ്രകടിപ്പിക്കുന്നത്.


അതേസമയം, ലോകകോടതി എന്നറിയപ്പെടുന്ന ഇന്റർനാഷണൽ കോർട്ട് ഓഫ് ജസ്റ്റിസിനെ(ഐ.സി.ജെ) സമീപിച്ചിരിക്കുകയാണ് ദക്ഷിണാഫ്രിക്ക. ഗസ്സയിലെ സൈനിക നടപടികളിൽ അന്വേഷണം വേണമെന്നാണ് ദക്ഷിണാഫ്രിക്കയുടെ ആവശ്യം. ഐ.സി.സി യുദ്ധക്കുറ്റങ്ങളിലെ വ്യക്തിഗത പങ്കിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെങ്കിൽ, ഐ.സി.ജെ അന്താരാഷ്ട്ര നിയമലംഘനത്തിലേർപ്പെടുന്ന രാഷ്ട്രസംബന്ധിയായ കാര്യങ്ങൾ തീർപ്പാക്കുന്നതിൽ പ്രൊഫഷനൽ സമഗ്രത ഉയർത്തിപ്പിടിക്കുന്ന സംവിധാനമാണ്. 2022 മാർച്ചിലെ ഉക്രൈനിന്റെ കേസിലെ അതിവേഗ വിധിക്ക് സമാനമായി, ഗസ്സയിലെ ഇസ്റാഇൗൽ കുറ്റകൃത്യങ്ങളിൽ കോടതി ഉടനടി തീരുമാനമെടുക്കണമെന്നാണ് ദക്ഷിണാഫ്രിക്കയുടെ ആവശ്യം. ഐ.സി.സിയുടെ ഇരട്ടത്താപ്പും കെടുകാര്യസ്ഥതയും സെക്യൂരിറ്റി കൗൺസിലിനുള്ള പരിമിതിയും പരിഗണിക്കുമ്പോൾ ഐ.സി.ജെയെ കളത്തിലിറക്കാനുള്ള ദക്ഷിണാഫ്രിക്കയുടെ നീക്കം ശുഭപ്രതീക്ഷ നൽകുന്നതാണ്. ഇസ്റാഈലിനെ ചുറ്റിപ്പറ്റി നീങ്ങുന്ന, അമേരിക്കൻ ആധിപത്യത്തിന് കുഴലൂതുന്ന, ഐക്യരാഷ്ട്രസഭയെ കൊഞ്ഞനം കുത്തുന്ന സംവിധാനങ്ങളും ഉദ്യോഗസ്ഥരും അന്താരാഷ്ട്ര തലത്തിലുള്ള നീതിന്യായ സംവിധാനത്തെ പോലും വിലകൽപ്പിക്കുന്നില്ലെന്നത് പരിതാപകരമാണ്. പാശ്ചാത്യ പ്രതിനായകർക്കെതിരേയും ദരിദ്രരാഷ്ട്രങ്ങളിലെ വ്യക്തികൾക്കെതിരേയും കേസുകൾ നടത്തുന്നത് ഐ.സി.സിയുടെ ചരിത്രത്തിലെ നിത്യസംഭവമാണ്. ഈ സാഹചര്യത്തിൽ ലോകകോടതി ഇടപെടുന്നതിലൂടെ ഗസ്സവിഷയത്തിൽ പ്രസക്തമായ മാറ്റം പ്രതീക്ഷിക്കാവുന്നതാണ്.
(മനുഷ്യാവകാശ പ്രവർത്തകനും എഴുത്തുകാരനുമായ ലേഖകൻ മിഡിൽ ഇൗസ്റ്റ് മോണിറ്ററിൽ എഴുതിയതിന്റെ സംക്ഷിപ്തം)



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സര്‍ക്കാര്‍ ഇടപാടുകളില്‍ 'ഹിംയാന്‍' കാര്‍ഡ് 2025 ഫെബ്രുവരി മുതല്‍; ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് 

Kuwait
  •  a month ago
No Image

തലസ്ഥാനത്ത് വീണ്ടും മയക്കുമരുന്ന് വേട്ട; എംഡിഎംഎയും കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

Kerala
  •  a month ago
No Image

എരുമേലിയിൽ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച മിനി ബസ് മറിഞ്ഞ് അഞ്ചുപേർക്ക് പരിക്ക്

Kerala
  •  a month ago
No Image

ഗസ്സയിലേക്ക് വീണ്ടും സഹായമെത്തിച്ച് യുഎഇ; 5112 ടണ്‍ അവശ്യവസ്തുക്കളുമായി കപ്പല്‍ ഈജിപ്തിലെത്തി.

uae
  •  a month ago
No Image

എറണാകുളം ദേശീയപാതയിൽ ബസ് നിയന്ത്രണം വിട്ട് അപകടം; രണ്ടുപേർക്ക് പരിക്ക്

Kerala
  •  a month ago
No Image

വര്‍ക്ക്‌ഷോപ്പിനുള്ളിൽ ലോറി ഡ്രൈവർ കുത്തേറ്റ് മരിച്ചു; സുഹൃത്ത് കസ്റ്റഡിയിൽ

National
  •  a month ago
No Image

മറ്റു രാഷ്ട്രങ്ങളുടെ ഔദ്യോഗിക ചിഹ്നങ്ങള്‍ വാണിജ്യ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി സഊദി അറേബ്യ

Saudi-arabia
  •  a month ago
No Image

തൃശൂർ എടക്കഴിയൂർ പഞ്ചവടി ബീച്ചിൽ മത്തിക്കൂട്ടം കരയ്ക്കടിഞ്ഞു

Kerala
  •  a month ago
No Image

മാതാവിനെ കുത്തിക്കൊലപ്പെടുത്തി, സഹോദരനെ ഗുരുതരമായി പരുക്കേല്‍പ്പിച്ചു; യുവാവ് അറസ്റ്റില്‍ 

Kuwait
  •  a month ago
No Image

മണിപ്പൂരിൽ ബിജെപിക്ക് തിരിച്ചടി; സർക്കാർ സമ്പൂർണ പരാജയമാണെന്ന് എൻപിപി

National
  •  a month ago