സൂര്യതേജസിനേക്കാള്‍ ജ്വലിക്കട്ടെ ദൗത്യഫലങ്ങള്‍
ബഹിരാകാശ ഗവേഷണരംഗത്ത് എക്കാലത്തും ലോകത്തിന്റെ നെറുകയില്‍ ഇന്ത്യക്ക് സ്ഥാനം നല്‍കിയ ഗവേഷണ ഏജന്‍സിയാണ് ഐ.എസ്.ആര്‍.ഒ. ചന്ദ്രയാന്‍ 3ന്റെ അഭിമാനാര്‍ഹ നേട്ടത്തിനു പിന്നാലെ മറ്റൊരു ചരിത്രദൗത്യമായ ആദിത്യ എല്‍ 1നും ഐ.എസ്.ആര്‍.ഒ പൂര്‍ണ സജ്ജമായിരുന്നു. ആദിത്യ എല്‍1 ഏറെ താമസിയാതെ വിക്ഷേപിച്ചെങ്കിലും സൂര്യന് ചുറ്റുമുള്ള ഹാലോ ഓര്‍ബിറ്റില്‍ വിജയകരമായി എത്തിച്ചേര്‍ന്നത് കഴിഞ്ഞ ദിവസമാണ്. ഈ നേട്ടം നമ്മുടെ ഓരോരുത്തരുടേയും അഭിമാനം ഉയര്‍ത്തുന്നതാണ്. ലോകത്തിനാകമാനം പുതിയ വെളിച്ചം നല്‍കുന്നതാകും ആദിത്യ നല്‍കാനിരിക്കുന്ന വിവരങ്ങള്‍. സൗരദൗത്യത്തിന് അത്രയേറെ കാര്യങ്ങള്‍ നിര്‍വഹിക്കാനുണ്ട്. ഒരു കാലത്ത് ജി.പി.എസ് ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ചപ്പോള്‍ എന്തിനിത്ര പണം ദുര്‍വ്യയം ചെയ്യുന്നു, സാധാരണക്കാര്‍ക്ക് എന്തുനേട്ടം എന്നു ചോദിച്ചവരുണ്ടായിരുന്നു. അവരെല്ലാം ഇന്ന് പലപ്പോഴായി ജി.പി.എസ് ഉപയോഗിക്കുന്നവരാണ്. അതുപോലെയാണ് ഓരോ ഗവേഷണവും. സ്വകാര്യമേഖലയില്‍ സ്റ്റാര്‍ലിങ്ക് ഉപഗ്രഹങ്ങളുടെ വിക്ഷേപണവും നടക്കുന്നുണ്ട്. അവയുടെ നേട്ടങ്ങള്‍ വൈകാതെ ലോകം അനുഭവിച്ചുതുടങ്ങും.
2023 സെപ്റ്റംബര്‍ രണ്ടിന് ഇന്ത്യയുടെ ആദ്യ സോളാര്‍ ഒബ്സര്‍വേറ്ററി ദൗത്യമായ ആദിത്യ എല്‍1 സൂര്യന്റെയും ഭൂമിയുടെയും ഇടയിലുള്ള ലഗ്രാഞ്ച് 1 പോയിന്റ് ലക്ഷ്യമാക്കി കുതിച്ചതോടെ ബഹിരാകാശത്ത് പുതിയ ഗവേഷണമേഖലയുടെ നാന്ദി കുറിക്കുകയായിരുന്നു. പി.എസ്.എല്‍.വി സി57 ആദിത്യ എല്‍1നെ ഭ്രമണപഥത്തിലെത്തിച്ചു. ഏറെ സൂക്ഷ്മതയോടെ ചടുലമായ പ്രവര്‍ത്തനങ്ങളാണ് ആദിത്യ എല്‍ 1നെ വിജയത്തിലെത്തിക്കാന്‍ ഐ.എസ്.ആര്‍.ഒ ടീം ആസൂത്രണം ചെയ്തത്. മുന്‍പരിചയമില്ലാത്ത ദൗത്യമായിരുന്നതിനാല്‍ ശാസ്ത്രജ്ഞര്‍ക്ക് ആശങ്കകളും ഏറെയുണ്ടായിരുന്നു.
നാലുതവണ ഭ്രമണപഥം ഉയര്‍ത്തിയ ശേഷം സെപ്റ്റംബര്‍ 18ന് ആദിത്യ എല്‍ 1 ശാസ്ത്രീയ വിവരങ്ങളുടെ ശേഖരണം ആരംഭിച്ചിരുന്നു. അവിടെ നിന്ന് സൂര്യ-_ഭൂമി ലഗ്രാഞ്ച് പോയിന്റിലേക്കുള്ള യാത്ര സെപ്റ്റംബര്‍ 19നാണ് തുടങ്ങുന്നത്. സെപ്റ്റംബര്‍ 25ന് ലഗ്രാഞ്ച് പോയിന്റിന് ചുറ്റുമുള്ള ബഹിരാകാശ സ്ഥിതി വിലയിരുത്തിയ ശേഷം സെപ്റ്റംബര്‍ 30ന് പേടകം ഭൂമിയുടെ സ്വാധീനവലയത്തില്‍ നിന്ന് പൂര്‍ണമായും മോചിതമായി. നവംബര്‍ ഏഴിന് സൗരജ്വാലകളുടെ ആദ്യ ഹൈ എനര്‍ജി എക്സ്റേ ദൃശ്യം പകര്‍ത്തി ശാസ്ത്ര പരീക്ഷണങ്ങള്‍ക്ക് തുടക്കമിട്ടു.
സൂര്യനില്‍ നിന്നുള്ള അള്‍ട്രാവയലറ്റ് (യു.വി) വികിരണങ്ങളുടെ തോത് ഈയിടെ വര്‍ധിച്ചിട്ടുണ്ട്. അതോടെയാണ് നാം യു.വി റേഡിയേഷനെക്കുറിച്ച് ആശങ്കപ്പെട്ടു തുടങ്ങിയത്. അര്‍ബുദത്തിനുവരെ കാരണമാകുന്ന വേനലിലെ യു.വി വികിരണതോത് പുതിയ വെല്ലുവിളിയാണ്. സൗരവികിരണങ്ങളുടെ കൂടുതല്‍ വിവരങ്ങള്‍ നമുക്ക് അറിയേണ്ടതുണ്ട്. അതിനും ഉത്തരം നല്‍കാന്‍ ആദിത്യ എല്‍1 ദൗത്യത്തിന് കഴിയുമെന്നാണ് പ്രത്യാശ.
ആദിത്യ എല്‍ 1ലെ സോളാര്‍ അള്‍ട്രാവയലറ്റ് ഇമേജിങ് ടെലസ്‌കോപ് (എസ്.യു.ഐ.ടി) പേലോഡ് സൂര്യനില്‍ നിന്നുള്ള അള്‍ട്രാവയലറ്റ് തരംഗങ്ങളെക്കുറിച്ച് പഠിക്കും. സൗരക്കാറ്റുകളെക്കുറിച്ചുള്ള ഗവേഷണവും ആദിത്യ നിർവഹിക്കും. ഡിസംബര്‍ എട്ടിന് അള്‍ട്രാവയലറ്റ് തരംഗ ദൈര്‍ഘ്യത്തിന് സമീപത്തുനിന്ന് സൂര്യന്റെ ഫുള്‍ ഡിസ്‌ക് ചിത്രം ആദിത്യ പകര്‍ത്തി ഈ ദൗത്യത്തിന് തുടക്കമിട്ടു. സൂര്യനിലെ പ്ലാസ്മയെക്കുറിച്ച് പഠിക്കുന്ന പ്ലാസ്മ അനലൈസറും അന്നുതന്നെ പ്രവര്‍ത്തനക്ഷമമാക്കിയിരുന്നു. ജനുവരി ആറിന് എല്ലാ കടമ്പകളും കടന്ന് ആദിത്യ എല്‍ 1ഹാലോ ഓര്‍ബിറ്റില്‍ വിജയകരമായി എത്തിച്ചേര്‍ന്നു.
ഭൂമിയില്‍നിന്ന് 15 ലക്ഷം കി.മീ അകലെയുള്ള ലഗ്രാഞ്ച് പോയിന്റ് 1നു ചുറ്റുമുള്ള ഹാലോ ഭ്രമണപഥത്തില്‍ പേടകത്തെ എത്തിക്കുകയായിരുന്നു ദൗത്യത്തിലെ പ്രധാന വെല്ലുവിളി. ഈ നേട്ടം ഇതിനകം ഐ.എസ്.ആര്‍.ഒ നേടിക്കഴിഞ്ഞു. എല്‍ 1ല്‍ സ്ഥാപിക്കുന്ന ഒരു പേടകത്തിന് സൂര്യനെ തുടര്‍ച്ചയായി നിരീക്ഷിക്കാനാകും. സൗരോര്‍ജ പ്രവര്‍ത്തനങ്ങള്‍ എങ്ങനെ, ബഹിരാകാശ കാലാവസ്ഥയില്‍ അതിന്റെ സ്വാധീനം എത്രത്തോളം തുടങ്ങി നിരവധി വിവരങ്ങള്‍ ലോകത്തിന് വ്യക്തമല്ല. അത്തരം വിവരങ്ങളാകും വരുംദിവസങ്ങളില്‍ ആദിത്യ നല്‍കുക.
വൈദ്യുതകാന്തിക, കണികാ, കാന്തികക്ഷേത്ര ഡിറ്റക്ടറുകള്‍ ഉപയോഗിച്ച് ഫോട്ടോസ്ഫിയര്‍, ക്രോമോസ്ഫിയര്‍, സൂര്യന്റെ ഏറ്റവും പുറംപാളിയായ കൊറോണ എന്നിവ നിരീക്ഷിക്കാന്‍ ആദിത്യയില്‍ ഏഴ് ഉപകരണങ്ങളുണ്ട്. ഇവയെല്ലാം ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചതാണെന്ന ഖ്യാതികൂടി നമ്മുടെ നേട്ടത്തിന് തിളക്കം കൂട്ടുന്നു. അഞ്ചുവര്‍ഷത്തെ പേടകത്തിന്റെ പ്രവര്‍ത്തനം, സൂര്യനെക്കുറിച്ചുള്ള അറിവുകളുടെ കലവറയാണ് ലോകത്തിന് മുന്നില്‍ തുറക്കുക.
കഴിഞ്ഞ 20 വര്‍ഷത്തിനിടെ ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ രംഗത്ത് വലിയ കുതിപ്പാണുണ്ടായത്. ഭൂമിക്കു പുറത്തുള്ള ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കലില്‍ മാത്രം നാം ഒതുങ്ങി നിന്നില്ല. ബഹിരാകാശത്തിനുമപ്പുറത്തെ രഹസ്യം തേടാനും നമ്മുടെ ശാസ്ത്രജ്ഞര്‍ സന്നദ്ധരായി. അതിന് വിവിധ സര്‍ക്കാരുകള്‍ പിന്തുണ നല്‍കുകയും ചെയ്തു. ചാന്ദ്രദൗത്യമായ ചന്ദ്രയാനുശേഷം സൗരദൗത്യമായ ആദിത്യയും കടന്ന് ബഹിരാകാശത്തേക്ക് മനുഷ്യരെ അയക്കുന്നതാണ് പുതിയ ദൗത്യം. ഇതിനിടെ ഒരിക്കല്‍ ചൊവ്വാദൗത്യവും ഐ.എസ്.ആര്‍.ഒ നടത്തി. രണ്ടാം ചൊവ്വാദൗത്യവും ഐ.എസ്.ആര്‍.ഒ പ്രഖ്യാപിച്ചിട്ടുണ്ട്.
ചന്ദ്രയാനുശേഷം ആദിത്യയിലും വിജയം കണ്ട ഐ.എസ്.ആര്‍.ഒ സംഘം വരുന്ന ജൂണില്‍ മനുഷ്യനെ ബഹിരാകാശത്തെത്തിക്കുന്ന ഗഗന്‍യാന്റെ റോക്കറ്റ് പരീക്ഷണം നടത്തുകയാണ്. അടുത്തവര്‍ഷം ഗഗന്‍യാന്‍ സാധ്യമാകും. ഓരോ വര്‍ഷവും ഓരോ നേട്ടങ്ങളാണ് ഐ.എസ്.ആര്‍.ഒ സാധ്യമാക്കുന്നത്. 2024ല്‍ ഓരോ മാസവും ഓരോ റോക്കറ്റ് വീതം വിക്ഷേപിക്കാനും ഐ.എസ്.ആര്‍.ഒ പദ്ധതിയിട്ടിട്ടുണ്ട്. ഏറ്റവും കുറഞ്ഞ ചെലവില്‍ ഉപഗ്രഹ വിക്ഷേപണം നടത്താന്‍ ഇന്ത്യക്ക് കഴിയുമെന്നത് ഈ രംഗത്തെ നേട്ടമാണ്. സ്പേസ് എക്സിന്റെ ഫാല്‍ക്കണ്‍ 9 റോക്കറ്റ് ഉപയോഗിക്കാന്‍ ഐ.എസ്.ആര്‍.ഒ ധാരണയുണ്ടാക്കുന്നുണ്ട്. ജി സാറ്റ് 20 ഉപഗ്രഹം വിക്ഷേപിക്കാനാണിത്. ഇന്ത്യയുടെ ശാസ്ത്രക്കുതിപ്പിന് ആക്കം കൂട്ടുന്നതാകും വരുംനാളുകളിലെ ബഹിരാകാശ ദൗത്യങ്ങള്‍. ലോകത്തിനാകമാനവും കൂടുതല്‍ ശാസ്ത്രവെളിച്ചം വിതറാന്‍ നമ്മുടെ ശാസ്ത്രരംഗത്തിന് കഴിയട്ടെ എന്ന് ആശംസിക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."