ബില്‍ക്കീസ് ബാനു രണ്ട് പതിറ്റാണ്ട് പോരാടി നേടിയ നീതി
ബില്‍ക്കീസ് ബാനു രണ്ട് പതിറ്റാണ്ട് പോരാടി നേടിയ നീതി
ഫാസിസ്റ്റ് ഭരണകൂടം തിരിച്ചെടുത്ത, രണ്ട് പതിറ്റാണ്ട് പോരാടി നേടിയ നീതി ഒടുവില്‍ ബില്‍ക്കീസ് ബാനുവിന് രാജ്യത്തെ പരമോന്നത കോടതി തിരികെ ലഭ്യമാക്കിയിരിക്കുന്നു. അതിക്രൂരമായി ഗര്‍ഭിണിയെ ബലാത്സംഗം ചെയ്ത, അവരുടെ പിഞ്ചു കുഞ്ഞിനെ എറിഞ്ഞു കൊന്ന പ്രിയപ്പെട്ടവരെ അവരുടെ മുന്നിലിട്ട് കൊലപ്പെടുത്തി പ്രതികളെ 'നല്ലനടപ്പ്' പറഞ്ഞ് നിരപരാധികളാക്കിയ ഭരണകൂടത്തിനെതിരെ ശക്തമായ പരമര്‍ശങ്ങള്‍ നടത്തിയാണ് കോടതി വിധി പ്രസ്താവിച്ചത്. നീതി എന്ന വാക്ക് കോടതികള്‍ക്ക് വഴി കാട്ടണം എന്ന് ഉറക്കെ പ്രഖ്യാപിച്ചാണ് സുപ്രിം കോടതി ഈ വിധി. രാജ്യത്തെ ആയിരക്കണക്കിന് മനുഷ്യര്‍ക്ക് പരമോന്നത കോടതിയിലുള്ള വിശ്വാസം ഊട്ടിയുറപ്പിക്കുന്ന വിധി.
ബില്‍ക്കീസ് ബാനുവിനെ ബലാല്‍സംഗം ചെയ്യുകയും കുടുംബാംഗങ്ങളെ കൊലപ്പെടുത്തുകയും ചെയ്ത കേസിലെ 11 പ്രതികളുടെ ശിക്ഷ ഇളവ് ചെയ്ത നടപടി സുപ്രിംകോടതി റദ്ദാക്കിയിരിക്കുകയാണ്. പ്രതികളെ വിട്ടയക്കാന്‍ ഗുജറാത്ത് സര്‍ക്കാരിന് അര്‍ഹതയില്ലെന്നും സുപ്രിംകോടതി ഉത്തരവില്‍ വ്യക്തമാക്കി. കുറ്റവാളികള്‍ സര്‍ക്കാരിനെ തെറ്റിദ്ധരിപ്പിച്ചെന്നും ഇളവിനായി തെറ്റായ വിവരങ്ങള്‍ അപേക്ഷയില്‍ നല്‍കിയെന്നും കോടതി കണ്ടെത്തി. പ്രതികള്‍ നല്‍കിയ റിട്ടും സുപ്രിംകോടതി തള്ളുകയും ചെയ്തു.ജസ്റ്റിസ് ബി വി നാഗരത്‌ന അധ്യക്ഷയായ ബെഞ്ചാണ് വിധി പറഞ്ഞത്.
സംഘ്പരിവാര്‍ ഭരണകൂടത്തിനെതിരെ അവര്‍ നടത്തിയ വര്‍ഷങ്ങള്‍ നീണ്ട പോരാട്ടത്തിനൊടുവിലാണ് പ്രതികള്‍ അഴിക്കുള്ളിലാവുന്നത്. എന്നാല്‍ 11 പ്രതികളേയും പിന്നീട് ഗുജറാത്ത് ഭരണകൂടം കൂടു തുറന്നു വിട്ടു. സ്വാതന്ത്ര്യത്തിന്റെ 75 മത് വാര്‍ഷികം പ്രമാണിച്ച് ജയിലിലെ നല്ല നടപ്പിന്റെ പേരിലാണ് കുറ്റവാളികളെ ജയില്‍ മോചിതരാക്കിയത്. 15 വര്‍ഷം ജയില്‍ ശിക്ഷ അനുഭവിച്ചു എന്ന് ചൂണ്ടിക്കാട്ടി പ്രതികള്‍ നല്‍കിയ അപേക്ഷ പരിഗണിച്ചു ഉചിതമായ തീരുമാനമെടുക്കാന്‍ സുപ്രിംകോടതി ഗുജറാത്ത് സര്‍ക്കാരിനോട് നിര്‍ദേശിക്കുകയിരുന്നു.ജയിലില്‍ നിന്ന് പുറത്തിറങ്ങിയ പ്രതികളെ മാലയിട്ടും മധുരം നല്‍കിയും സ്വീകരിക്കുന്ന കാഴ്ചയും രാജ്യം കണ്ടു. ഗ്രാമത്തില്‍ നിന്ന് മുസ്‌ലിം കുടുംബങ്ങള്‍ പടിയിറങ്ങി. ബലാത്സംഗപ്രതികളെ ആഘോഷമാക്കുന്നവര്‍ക്കിടയില്‍ തങ്ങള്‍ക്ക് ജീവിക്കാന്‍ പേടിയാണെന്ന് അവര്‍ പറഞ്ഞു. എന്നാല്‍ തോറ്റ് പിന്മാറാന്‍ ഒരുക്കമല്ലാത്ത ബില്‍ക്കീസ് പ്രതികളെ മോചിപ്പിച്ച നടപടിക്കെതിരെ വീണ്ടും നിയമ പോരാട്ടത്തിനിറങ്ങി. ഒടുവില്‍ ആ പോരാട്ടത്തിന് നീതിയുടെ വാതില്‍ തുറന്നു.
ഗുജറാത്ത് കലാപം നടക്കുമ്പോള്‍ ബില്‍ക്കീസ് ബാനുവിന് വെറും 21 വയസായിരുന്നു പ്രായം. അഞ്ചുമാസം ഗര്‍ഭിണിയും. കലാപകാരികളില്‍ നിന്ന് രക്ഷതേടി വീടുവിട്ട് ഓടുന്നതിനിടെ അക്രമികളുടെ പിടിയിലാകുന്നു. തന്റെ മൂന്നുവയസുള്ള കുഞ്ഞിനെ പാറയില്‍ തലയിടിച്ച് കൊലപ്പെടുത്തുന്നതടക്കം കുടുംബത്തിലെ പതിനാലു പേരുടെ അരുംകൊല നോക്കിനില്‍ക്കേണ്ടി വന്നു അവര്‍ക്ക്.
'എന്റെ കുടുംബത്തില്‍ ആകെയുള്ള നാല് പുരുഷന്മാരെയും അവര്‍ അതിക്രൂരമായി കൊന്നുകഴിഞ്ഞു കഴിഞ്ഞിരുന്നു. പിന്നീട് സ്ത്രീകളെ വിവസ്ത്രരാക്കി., ആ അക്രമികളില്‍ നിരവധി പേര്‍ മാറി മാറി എന്റെ കുടുബത്തിലെ സ്ത്രീകളെ ബലാത്സംഗം ചെയ്തു. ഞാനും അവരുടെ പിടിയിലായി. എന്റെ മൂന്നുവയസ്സുള്ള മകള്‍ സലേഹ അപ്പോള്‍ എന്റെ കയ്യിലുണ്ടായിരുന്നു. അവര്‍ അവളെ പിടിച്ചു വാങ്ങി, മുകളിലേക്ക് എറിഞ്ഞു. താഴെ വീണ വീഴ്ചയില്‍ അവളുടെ കുഞ്ഞുതല പാറക്കല്ലില്‍ തട്ടി ചിന്നിച്ചിതറി. അതുകണ്ട് ഹൃദയം തകര്‍ന്ന് ഞാന്‍ നിലവിളിച്ചു. നാലുപേര്‍ ചേര്‍ന്ന് എന്റെ കൈയും കാലും പിടിച്ചുവെച്ചു. ബാക്കിയുള്ളവര്‍ മാറിമാറി എന്നെ ബലാത്സംഗം ചെയ്തു. അവരുടെ ആവശ്യം കഴിഞ്ഞപ്പോള്‍ ക്രൂരമായി ചവിട്ടുകയും അടിക്കുകയും ചെയ്തു.. മുട്ടന്‍ വടികൊണ്ട് എന്റെ തലയ്ക്കടിച്ചു. അവസാനം മരിച്ചെന്ന് കരുതി എന്നെ അവര്‍ ഒരു കുറ്റിക്കാട്ടിലേക്ക് വലിച്ചെറിഞ്ഞു' താനനുഭവിച്ച അതിക്രൂരതയെ അവര്‍ വാക്കുകളില്‍ വിവരിക്കുന്നു.
തന്റെ ശരീരത്ത് എത്രയാളുകള്‍ കയറിയിറങ്ങി എന്നതിന്റെ കണക്കുപോലും അറിയില്ലെന്ന് അവര്‍ കോടതിയില്‍ പറഞ്ഞിരുന്നു. മരിച്ചെന്ന് കരുതി ഉപേക്ഷിക്കപ്പെട്ട അവര്‍ പക്ഷേ ഉയിര്‍ത്തെഴുന്നേറ്റു. ജീവിതത്തിലേക്കും നിയമപോരാട്ടത്തിലേക്കും. ഭര്‍ത്താവ് യാക്കൂബ് റസൂല്‍ ഖാന്‍ അവള്‍ക്കൊപ്പം ഉറച്ചുനിന്നു. നിനക്ക് എന്താണ് സംഭവിച്ചത് എന്നൊരിക്കലും അയാള്‍ അവളോട് ചോദിച്ചില്ല. പത്രക്കാരോടും അഭിഭാഷകരോടും അവള്‍ താന്‍ ശരീരത്തിലേറ്റുവാങ്ങിയ വേദനകള്‍ പറയുമ്പോള്‍ മാത്രം അയാള്‍ അതെല്ലാം കേട്ടു.
പ്രതികള്‍ക്ക് ശിക്ഷ വാങ്ങിക്കൊടുക്കാനും ബില്‍ക്കീസ് ബാനു നടത്തിയത് സമാനതകളില്ലാത്ത പോരാട്ടമായിരുന്നു. സ്വന്തം ഗ്രാമത്തില്‍ നിന്നുള്ള ആളുകള്‍ ആയതിനാല്‍ അക്രമികളെ തിരിച്ചറിയുന്നതിന് ബില്‍ക്കീസ് ബാനുവിന് അധികം ചിന്തിക്കേണ്ട ആവശ്യമില്ലായിരുന്നു. 'വര്‍ഷങ്ങളായി എനിക്ക് പരിചയുള്ളവരാണ് എന്നെ ബലാത്സംഗം ചെയ്തത്. ഞങ്ങളുടെ അടുത്ത് നിന്നാണ് അവര്‍ പാല്‍ വാങ്ങിയിരുന്നത്. അവരെല്ലാവരും പാലിനായി ഞങ്ങളുടെ അടുത്ത് വരുമായിരുന്നു. അവര്‍ക്ക് അല്‍പ്പമെങ്കിലും നാണമുണ്ടായിരുന്നുവെങ്കില്‍ അവരെന്നോട് ഇങ്ങനെ ചെയ്യുമായിരുന്നോ. എനിക്ക് എങ്ങനെ അവരോട് ക്ഷമിക്കാന്‍ കഴിയും'- അവര്‍ ചോദിച്ചു.
അവരൊന്നും മറന്നില്ല. മുംബൈയിലെ സി.ബി.ഐ പ്രത്യേക കോടതിയാണ് 2008 ജനുവരി 21 ന് ഇവരെ ശിക്ഷിച്ചത്. 15 വര്‍ഷം തടവ് ശിക്ഷ അനുഭവിച്ചെന്നും മോചിപ്പിക്കണമെന്നും ആവശ്യപ്പെട്ട് പ്രതികളിലൊരാള്‍ സുപ്രിംകോടതിയെ സമീപിക്കുകയും ചെയ്തു. ഇതിലാണ് നിയമം പോലും പരിഗണിക്കാതെ പ്രതികളെ ഗുജറാത്ത് സര്‍ക്കാര്‍ മോചിപ്പിച്ചത്. ഗുജറാത്ത് സര്‍ക്കാര്‍ നടപടിയെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ടാണ് സുപ്രിംകോടതി ഇന്ന് വിധി പറഞ്ഞിരിക്കുന്നത്.
ഇന്ത്യയിലെ ജനാധിപത്യ മനുഷ്യര്‍ ഒന്നുമൊന്നും മറന്നിട്ടില്ലെന്ന്, മറക്കുകില്ലെന്ന് ഇടയ്ക്കിടെ പറഞ്ഞുകൊണ്ടിരിക്കുന്നതില്‍ പോലും കൃത്യമായ രാഷ്ട്രീയമുണ്ട്. അത് ജനാധിപത്യത്തിന്റെ പ്രമേയവും പ്രതിരോധവുമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."