HOME
DETAILS

ബൽക്കീസ് വിധി: നീതിയുടെ വെള്ളി വെളിച്ചം

  
backup
January 09 2024 | 01:01 AM

balkis-verdict-the-silver-of-justice

ബൽക്കീസ് ബാനു കേസിൽ 11 കുറ്റവാളികളുടെ ശിക്ഷായിളവ് റദ്ദാക്കി സുപ്രിംകോടതി ചരിത്രവിധി പുറപ്പെടുവിച്ചിരിക്കുന്നു. ജയിൽ മോചനം ലഭിച്ച കുറ്റവാളികൾ രണ്ടാഴ്ചയ്ക്കുള്ളിൽ ജയിലിൽ തിരിച്ചെത്തണമെന്നാണ് ജസ്റ്റിസുമാരായ ബി.വി നാഗരത്‌ന, ഉജ്വൽ ഭൂയാൻ എന്നിവരടങ്ങുന്ന ബെഞ്ചിന്റെ വിധി. 11 കുറ്റവാളികളെ മോചിപ്പിക്കാൻ ഗുജറാത്ത് സർക്കാർ നിയമവ്യവസ്ഥയെ അട്ടിമറിച്ചെന്നും കോടതിയെ തെറ്റിദ്ധരിപ്പിച്ചെന്നുമാണ് ബെഞ്ച് ചൂണ്ടിക്കാട്ടിയിരിക്കുന്നത്. പ്രതികളുമായി സർക്കാർ ഒത്തുകളിച്ചു. കേസിന്റെ വിചാരണ നടന്നത് മഹാരാഷ്ട്രയിലായതിനാൽ ഗുജറാത്തിന് ശിക്ഷായിളവിൽ തീരുമാനമെടുക്കാനുള്ള അധികാരമില്ല. കുറ്റവാളികളിലൊരാളുടെ ശിക്ഷായിളവ് സംബന്ധിച്ച അപേക്ഷയിൽ തീരുമാനമെടുക്കണമെന്ന സുപ്രിംകോടതി ഉത്തരവ് കള്ളത്തരത്തിലൂടെ നേടിയെടുത്തതാണ്. കേസിന്റെ വിചാരണ നടന്നത് മഹാരാഷ്ട്രയിലാണെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചില്ല. ഈ ഉത്തരവിന്റെ മറവിൽ ബാക്കിയുള്ള കുറ്റവാളികൾക്കും ശിക്ഷായിളവ് നൽകിയെന്നും സുപ്രിംകോടതി ചൂണ്ടിക്കാട്ടി.

മുംബൈയിലെ സി.ബി.ഐ പ്രത്യേക കോടതിയാണ് 2008 ജനുവരി 21ന് 11 പ്രതികളെയും ശിക്ഷിച്ചത്. 15 വർഷം തടവ് പൂർത്തിയാക്കിയെന്നും മോചിപ്പിക്കണമെന്നും ആവശ്യപ്പെട്ട് തടവുകാരിലൊരാൾ സുപ്രിംകോടതിയെ സമീപിച്ചു. വിഷയം പരിഗണിക്കാൻ ഗുജറാത്ത് സർക്കാരിനോട് കോടതി നിർദേശിച്ചു. ഈ ഘട്ടത്തിലാണ് കേസിലെ മറ്റൊരു അട്ടിമറി നടക്കുന്നത്. കേസ് നടന്നത് മഹാരാഷ്ട്രയിലാണെന്നും എതിർകക്ഷിയായി എത്തേണ്ടത് മഹാരാഷ്ട്ര സർക്കാരാണെന്നും ഗുജറാത്ത് സർക്കാർ കോടതിയെ അറിയിക്കേണ്ടതായിരുന്നു. അതുണ്ടായില്ല. മാത്രമല്ല, പുനപ്പരിശോധിക്കാൻ ആവശ്യപ്പെടുകയും ചെയ്തില്ല. ഈ കള്ളക്കളിയാണ് സുപ്രിംകോടതി ഇപ്പോൾ പുറത്തു കൊണ്ടുവന്നത്. തുടർന്ന് പഞ്ചമഹൽസ് കലക്ടർ സുജാൽ മായാത്രയുടെ നേതൃത്വത്തിൽ സമിതി രൂപീകരിക്കുകയും സമിതി 11 പേർക്കും ശിക്ഷായിളവ് നൽകാൻ ശുപാർശ ചെയ്യുകയുമായിരുന്നു.

കേസ് സുപ്രിംകോടതിയിൽ എത്തിയപ്പോഴും ഗുജറാത്ത് സർക്കാർ കള്ളക്കളി തുടർന്നു. കേസ് ജസ്റ്റിസ് കെ.എം ജോസഫ് അധ്യക്ഷനായ ബെഞ്ചായിരുന്നു ആദ്യം പരിഗണിച്ചിരുന്നത്. കെ.എം ജോസഫ് വിരമിക്കുന്നതുവരെ പല കാരണങ്ങൾ പറഞ്ഞ് ഗുജറാത്ത് സർക്കാർ കേസ് നീട്ടിക്കൊണ്ടുപോയി. തങ്ങൾക്ക് അനുകൂലമായി തീരുമാനമെടുക്കുമെന്ന് ഉറപ്പുള്ള ബെഞ്ച് മുമ്പാകെ കേസ് എത്തിക്കാനായിരുന്നു ഗുജറാത്ത് സർക്കാർ നീക്കം. കേസിന്റെ ആദ്യ ദിനത്തിൽ, ഇന്ന് ബൽക്കീസിന് സംഭവിച്ചത് നാളെ എനിക്കും നിങ്ങൾക്കും സംഭവിക്കാമെന്ന വാക്കുകളിലൂടെ വിധിയെഴുതിക്കഴിഞ്ഞിരുന്നു ജസ്റ്റിസ് കെ.എം ജോസഫ്. മോചനത്തിന് തീരുമാനമെടുത്ത ഫയലുകൾ ഹാജരാക്കണമെന്ന് കോടതി നിർദേശിച്ചെങ്കിലും അത് പാലിക്കാതെ രണ്ടു സിറ്റിങ് വരെ കേസ് നീട്ടിക്കൊണ്ടുപോവുകയായിരുന്നു സർക്കാർ. ഉത്തരവിനെതിരേ പുനപ്പരിശോധനാ ഹരജി നൽകുകയാണെന്ന് അറിയിച്ചു. പിന്നീട് ഈ നിലപാട് മാറ്റി.

ഈ ഘട്ടം പിന്നിട്ടപ്പോൾ, ഹരജിയിൽ തെറ്റായ കാര്യങ്ങളുണ്ടെന്ന് ആരോപിച്ച് വീണ്ടും നീട്ടിച്ചു. കേസ് വീണ്ടും പരിഗണനയ്ക്ക് വന്നപ്പോൾ കുറ്റവാളികളിലൊരാൾക്ക് നോട്ടിസ് ലഭിച്ചിട്ടില്ലെന്നും നോട്ടിസ് നൽകി മറുപടി ലഭിച്ചശേഷം മാത്രമേ വാദം നടത്താവു എന്നുമായി പ്രതിഭാഗം. സർക്കാരും ഇതിന് പിന്തുണ നൽകി. അടുത്ത തവണ കേസ് പരിഗണിച്ചപ്പോൾ കുറ്റവാളിയെ കാണാനായില്ലെന്നും നോട്ടിസ് നൽകാനായില്ലെന്നുമായി. കുറ്റവാളികളിലൊരാൾ നാടകീയമായി അപ്രത്യക്ഷമായിരുന്നു. അയാളുടെ അഭിഭാഷകൻ നോട്ടിസ് സ്വീകരിച്ചാൽ മതിയായിരുന്നു. എന്നാൽ അഭിഭാഷകൻ അതിന് തയാറായില്ല. ഒടുവിൽ കേസ് നീട്ടിവച്ചതായി പത്രത്തിൽ അറിയിപ്പ് കൊടുക്കാൻ കോടതി ഉത്തരവിട്ടു. അവധിക്കാലത്തും വാദം കേൾക്കാൻ താൻ തയാറാണെന്ന് ജസ്റ്റിസ് ജോസഫ് അറിയിച്ചെങ്കിലും ഗുജറാത്ത് സർക്കാരിനുവേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്തയും കുറ്റവാളികളുടെ അഭിഭാഷകനും സമ്മതിച്ചില്ല. മറ്റു വഴിയില്ലാതെ ബെഞ്ച് കേസ് നീട്ടുകയായിരുന്നു.

ഒടുവിൽ സർക്കാർ, പ്രതിഭാഗം അഭിഭാഷകരോട് കെ.എം ജോസഫ് പറഞ്ഞു: 'നിങ്ങൾ ഈ കേസ് തോൽക്കുകയോ ജയിക്കുകയോ ചെയ്യാം. എന്നാൽ, ജുഡീഷ്യൽ സംവിധാനത്തിലെ ഉദ്യോഗസ്ഥരെന്ന നിലയിൽ നിങ്ങൾ കടമകളെക്കുറിച്ചോർക്കണം. ഈ കേസിൽ ഞങ്ങളുടെ ബെഞ്ച് വിധി പറയാതിരിക്കാൻ ഞാൻ വിരമിക്കുംവരെ നീട്ടിക്കൊണ്ടുപോകാനാണ് ശ്രമമെന്ന് എനിക്കറിയാം. ഞാൻ ജൂൺ 16ന് വിരമിക്കുകയാണ്. ഈ മാസം 19 ആണ് എന്റെ അവസാന പ്രവൃത്തി ദിനം. നിങ്ങളുടെ ഉദ്ദേശ്യമെന്തെന്ന് എനിക്ക് മനസ്സിലാകും'. കെ.എം ജോസഫ് വിമരിച്ചെങ്കിലും അന്ന് ജോസഫിന്റെ ബെഞ്ചിൽ കൂടെയുണ്ടായിരുന്ന ജസ്റ്റിസ് നാഗരത്‌നയാണ് പിന്നീട് ബെഞ്ചിന് നേതൃത്വം നൽകിയത്.

21കാരി ബൽക്കീസിനെയും കുടുംബത്തെയും അയൽവാസികളായ ഹിന്ദുത്വർ വേട്ടയാടുകയായിരുന്നു. പേടിച്ച് കുടുംബത്തിലെ 17 പേർക്കൊപ്പം ഒരു ട്രക്കിൽ കയറി രണ്ടുദിവസം അഭയം തേടി അലഞ്ഞു. വഴിയിൽ രണ്ടു ജീപ്പുകളിലായി പിന്തുടർന്നെത്തിയ സംഘം അവരെ വളഞ്ഞു. കൂട്ടത്തിലെ പുരുഷൻമാരെ കൊന്നു. ബൽക്കീസിന്റെ മൂന്നു വയസുകാരി മകൾ സ്വാലിഹയെ കൈയിൽനിന്ന് പറിച്ചെടുത്ത് മുകളിലേക്കെറിഞ്ഞു താഴെ വീണ് തലച്ചോർ ചിതറിച്ചാണ് കൊന്നത്. അഞ്ചു മാസം ഗർഭിണിയായ ബൽക്കീസിനെ ഒരാൾ കഴുത്തിൽ ചവിട്ടിപ്പിടിക്കുകയും കൂട്ടത്തോടെ ബലാത്സംഗം ചെയ്യുകയുമുണ്ടായി. കുടുംബത്തിലെ സ്ത്രീകളെ ഓരോരുത്തരെയായി ബലാത്സംഗം ചെയ്തു കൊല്ലുന്നത് അവർ കണ്ടു. ബലാത്സംഗത്തിനിടെ ബോധരഹിതയായ ബൽക്കീസിനെ മരണമുറപ്പിക്കാൻ തലക്ക് കല്ലും വടിയുംകൊണ്ടടിച്ചു. ഒരുവിധം രക്ഷപ്പെട്ട് രണ്ടുദിവസം വസ്ത്രവും ഭക്ഷണവും വെള്ളവുമില്ലാതെ ഗുഹയിൽ കഴിഞ്ഞു. പൊലിസിലെത്തി വിവരിച്ചപ്പോൾ കള്ളം പറയുന്നുവെന്ന് ആക്ഷേപിച്ചു.

നീതിക്കുവേണ്ടിയുള്ള പോരാട്ടത്തിൽ ഒന്നിനോടും സന്ധി ചെയ്യാതെ നിന്നു ബൽക്കീസ്. ബൽക്കീസിനെപ്പോലൊരാൾക്ക് നീതിപുലരുകയും പുതുവെളിച്ചം പരക്കുകയും ചെയ്തുവെന്ന് ഉറപ്പാക്കേണ്ട ബാധ്യത പൊതുസമൂഹത്തിനുണ്ട്. ആരും നിയമത്തിന് അതീതരല്ലെന്നതാണ് പരിഷ്‌കൃത സമൂഹത്തിന്റെ ലക്ഷണം. സമ്പത്തും അധികാരവും ആഡംബരങ്ങളുമല്ല, നീതിയുടെ സാന്നിധ്യമാണ് ഈ അടിസ്ഥാനം നിർണയിക്കുന്നത്. സുപ്രിംകോടതി ഇപ്പോഴും പ്രതീക്ഷയുടെ വിളക്കുമാടമായി നിലകൊള്ളുന്നത് ഏതാനും നീതിമാൻമാരായ ജഡ്ജിമാരിലൂടെയാണ്. 20 വർഷത്തിലധികം ഒരു പെൺകുട്ടി അനുഭവിച്ച ദുരിതത്തെയും നീതിക്കുവേണ്ടിയുള്ള അവരുടെ പോരാട്ടത്തെയും കണ്ടില്ലെന്ന് നടിക്കാൻ ആർക്കുമാവില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിദ്വേഷപ്രസംഗം നടത്തിയ ജഡ്ജിയെ ഇംപീച്ച് ചെയ്യാന്‍ ഇന്‍ഡ്യാ സഖ്യം; എങ്ങിനെ നടപ്പാക്കും? ഇതുവരെ ആറുനീക്കങ്ങള്‍; മൂന്നെണ്ണം പരാജയം | in depth

National
  •  2 days ago
No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  3 days ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  3 days ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  3 days ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  3 days ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  3 days ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  3 days ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  3 days ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  3 days ago
No Image

മാടായി കോളജ് വിവാദം: പരസ്യമായി തമ്മിതല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala
  •  3 days ago