ബാലാവകാശത്തിനും പൊതുജനാരോഗ്യത്തിനും മുന്‍ഗണന: ബാലാവകാശ സംരക്ഷണ കമ്മിഷന്‍
മലപ്പുറം: പ്രതിരോധ കുത്തിവെപ്പുമായി ബന്ധപ്പെട്ടുള്ള പ്രവര്‍ത്തനങ്ങളില്‍ ബാലാവകാശ സംരക്ഷണത്തിനും പൊതുജനാരോഗ്യത്തിനുമാണ് മുന്‍ഗണന നല്‍കേണ്ടതെന്നും മറ്റുഘടകങ്ങളെല്ലാം അപ്രസക്തമാണെന്നും സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷന്‍ ചെയര്‍പേഴ്‌സന്‍ ശോഭാകോശി പറഞ്ഞു. കലക്ടറേറ്റ് സമ്മേളന ഹാളില്‍ ഡിഫ്തീരിയാ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയായിരുന്നു ചെയര്‍പേഴ്‌സണ്‍. ഒരു വയസിനകം തന്നെ എല്ലാ കുട്ടികള്‍ക്കും ആവശ്യമായ കുത്തിവെപ്പ് നല്‍കുകയെന്നത് സര്‍ക്കാരിന്റെ കടമയാണ്. അത് നിഷേധിക്കാന്‍ മാതാപിതാക്കള്‍ക്ക് പോലും അവകാശമില്ല. ഏതെങ്കിലും ഭാഗത്തുനിന്നു എതിര്‍പ്പുണ്ടായാല്‍ നിയമപരമായി നേരിടുന്നതിലുപരി സാമൂഹിക സമര്‍ദ്ദത്തിലൂടെ ശരിയായ സന്ദേശമെത്തിക്കണമെന്നും ചെയര്‍പേഴ്‌സണ്‍ പറഞ്ഞു. ദേശീയ രോഗപ്രതിരോധ നയം നടപ്പാക്കുന്നതിനായി ധാരാളം മനുഷ്യ വിഭവശേഷിയും ധനവും സര്‍ക്കാര്‍ വിനിയോഗിക്കുന്നുണ്ട്. കൃത്യമായ, തുടര്‍ച്ചയായ, ലളിതമായ സന്ദേശങ്ങളിലൂടെ ബോധവത്ക്കരണം നടത്താന്‍ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും പൊതുജനാരോഗ്യ പ്രവര്‍ത്തകരും ശ്രദ്ധിക്കണം. ശാസ്ത്രീയമായി അടിത്തറയില്ലാത്ത എതിര്‍ പ്രചാരണങ്ങള്‍ നടത്തുന്നവരെ പേടിക്കേണ്ടതില്ലെന്നും ചെയര്‍പേഴ്‌സണ്‍ പറഞ്ഞു.
തദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യുന്ന ജന വിവരങ്ങളും സ്വകാര്യ ആശുപത്രികളിലെ വിവരങ്ങളും കൂടി സമാഹരിച്ച് കുത്തിവെപ്പ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കണം. ഓര്‍ഫനേജുകള്‍ക്ക് പ്രതിവര്‍ഷ ഗ്രാന്‍ഡ് ലഭിക്കണമെങ്കില്‍ എല്ലാ അന്തേവാസികള്‍ക്കും കുത്തിവെപ്പ് എടുത്തിട്ടുണ്ടെന്ന സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കണമെന്നും കമ്മിഷന്‍ സര്‍ക്കാറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ വാക്‌സിന്‍ ക്ഷാമമുണ്ടായാല്‍ അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും ലഭ്യമാക്കാമെന്നും കമ്മിഷന്‍ നിര്‍ദേശിച്ചു. യോഗത്തില്‍ കമ്മിഷന്‍ അംഗം ഗ്ലോറി ജോര്‍ജ്, ജില്ലാ കലക്ടറുടെ ചുമതലയുള്ള എ.ഡി.എം പി സയ്യിദ് അലി, ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. വി ഉമ്മര്‍ ഫാറൂഖ്, ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫിസര്‍ ഷമീര്‍ മച്ചിങ്ങള്‍, ഡോക്ടര്‍മാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, ഹെല്‍ത്ത് സപ്പോര്‍ട്ട് ഗ്രൂപ്പ് അംഗങ്ങള്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."