മോദിയുടെ ഗ്യാരൻ്റി കിട്ടാത്ത ബൽക്കീസ് ബാനു
റജിമോൻ കുട്ടപ്പൻ
ജനുവരി മൂന്നിന് തൃശൂരിൽ ഇന്ത്യൻ പ്രധാനമന്ത്രി "സ്ത്രീശക്തി മോദിക്കൊപ്പം' എന്ന പരിപാടിയിൽ പങ്കെടുത്തുകൊണ്ട് 11 കോടി സ്ത്രീകൾക്ക് കുടിവെള്ള പദ്ധതി നൽകിയതിനെക്കുറിച്ചും 10 കോടി സ്ത്രീകൾക്ക് പാചകവാതക കണക്ഷൻ കൊടുത്തതിനെക്കുറിച്ചും ‘മോദിയുടെ ഗ്യാരന്റി (മോദിയുടെ ഉറപ്പ്), മോദിയുടെ ഗ്യാരന്റി’ എന്ന് ആവേശഭരിതനായ രാഷ്ട്രീയക്കാരനെപ്പോലെ പ്രസംഗിക്കുന്നത് ടി.വിയിൽ കണ്ടപ്പോൾ ഓർമവന്നത് ഇതേ മോദി 2002ൽ ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ, ആയിരക്കണക്കിന് മനുഷ്യരെ കശാപ്പ് ചെയ്ത ഗുജറാത്ത് കലാപവും അതിന്റെ ഭാഗമായി 2002 മാർച്ച് മൂന്നാം തീയതി കൂട്ടബലാത്സംഗത്തിനിരയായ ബൽക്കീസ് ബാനുവുമായിരുന്നു.
ഗുജറാത്തിൽ ഹിന്ദുവർഗീയവാദികൾ അഴിഞ്ഞാടിയപ്പോൾ അവരിൽനിന്ന് രക്ഷപ്പെടാൻ ബന്ധുക്കളോടൊപ്പം ഒളിച്ചോടവെയാണ് അഞ്ചു മാസം ഗർഭിണിയായ ബൽക്കീസ് ക്രൂരമായി പീഡിപ്പിക്കപ്പെട്ടത്. ഒപ്പമുണ്ടായിരുന്ന തന്റെ പിഞ്ചുകുഞ്ഞിന്റെ കൊലപാതകത്തിനും അവൾ സാക്ഷിയായി. മരിച്ചെന്നു കരുതി ഉപേക്ഷിക്കപ്പെട്ട ബാനുവിനെ ദിവസങ്ങൾക്കുശേഷമാണ് കണ്ടെത്തിയത്.
ബി.ജെ.പി ഭരിക്കുന്ന കേന്ദ്രസർക്കാരിന്റെ ആസാദി കാ അമൃത് മഹോത്സവം (സ്വാതന്ത്ര്യത്തിന്റെ അമൃതോത്സവം) പ്രമാണിച്ച് ഗുജറാത്തിലെ ബി.ജെ.പി സർക്കാർ ബാനുവിനെ പിച്ചിച്ചീന്തിയവരെ നല്ലനടപ്പുകാരായി കണ്ടു 2022 ഒാഗസ്റ്റ് 11ന് ശിക്ഷാകാലാവധി വെട്ടിക്കുറച്ചു ജയിൽ മോചിതരാക്കിയിരുന്നു.
ആ തീരുമാനത്തെ കേന്ദ്രസർക്കാരിന്റെ ആഭ്യന്തരമന്ത്രാലയവും ശരിവച്ചിരുന്നു. ബാനു പിച്ചിച്ചീന്തപ്പെട്ടപ്പോൾ മോദി ഗുജറാത്ത് മുഖ്യമന്ത്രി. അവളെ പിച്ചിച്ചീന്തിയവരെ വെറുതെ വിട്ടപ്പോൾ മോദി ഇന്ത്യയുടെ പ്രധാനമന്ത്രി. അതുകൊണ്ടുതന്നെ, മോദി സ്ത്രീ ശാക്തീകരണം എന്നൊക്കെ പറയുമ്പോൾ പെട്ടെന്ന് ബാനുവിനെ ഓർമവരും. അവളെ പിച്ചിച്ചീന്തിയവരെ വെറുതെ വിട്ടപ്പോൾ അവരെ മാലയിട്ടു സ്വീകരിച്ചവരെ ഓർമവരും.
എന്നാൽ തിങ്കളാഴ്ച ബാനുവിന് നീതി ഉറപ്പാക്കിക്കൊണ്ട് ഗുജറാത്ത് സർക്കാർ വെറുതെ വിട്ട 11 പ്രതികളും രണ്ടാഴ്ചയ്ക്കകം കീഴടങ്ങാൻ സുപ്രിംകോടതി വിധിച്ചപ്പോൾ ഒരു ഫലിതംപോലെ ഓർമവന്നത് ‘സ്ത്രീ ശാക്തീകരണത്തിന് മോദിയുടെ ഗ്യാരന്റി’ എന്ന് പ്രസംഗിച്ച മോദിയെയാണ്. ശിക്ഷായിളവ് നൽകിയ ഗുജറാത്ത് സർക്കാർ തീരുമാനം അധികാര ദുർവിനിയോഗമാണെന്നും ജസ്റ്റിസ് ബി.വി നാഗരത്ന അധ്യക്ഷയായ സുപ്രിംകോടതി ബെഞ്ച് വ്യക്തമാക്കിയപ്പോൾ തൃശൂരിൽ കേട്ട മോദിയുടെ ഗ്യാരന്റി വീണ്ടും ചെവിയിൽ മുഴങ്ങി. ജനാധിപത്യത്തിൽ നിയമവാഴ്ച നടന്നേ മതിയാകൂ എന്നും അതിജീവിതയുടെ അവകാശങ്ങളും പ്രധാനമാണെന്നും കൂടെ സ്ത്രീകൾക്കെതിരായ ഹീനമായ കുറ്റകൃത്യങ്ങൾക്ക് ഇളവ് അനുവദിക്കാനാകുമോയെന്നും ജസ്റ്റിസ് നാഗരത്ന ചോദിച്ചപ്പോൾ മോദിയുടെ മുഖമാണ് ഓർമയിലെത്തിയത്.
പരമോന്നത നീതിപീഠത്തിൽ നിന്നാണ് ബാനുവിന് നീതി കിട്ടിയത്. അതിൽ, ആശ്വാസത്തോടൊപ്പം ആശങ്കയുമുണ്ടെന്നതാണ് വാസ്തവം. കാരണം ജനാധിപത്യ വ്യവസ്ഥയിൽ നീതിക്കുവേണ്ടി ഇര കോടതിയിൽ പോകേണ്ടിവരുന്നു എന്നത് നീതി ഗ്യാരന്റി ചെയ്യാത്ത ജനാധിപത്യവ്യവസ്ഥയുടെ പരാജയമല്ലേ?
നീതി തേടുന്ന സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം അവന്റെ അവസാന ആശ്രയമായി ഇന്ത്യൻ നീതിന്യായവ്യവസ്ഥ മാറുന്നത് ശരിയല്ല.
എന്നാൽ, ഉദ്യോഗസ്ഥവൃന്ദത്തിന്റെ കാര്യക്ഷമതയില്ലായ്മ, പൊലിസ് നിസംഗത, സാമൂഹിക അസമത്വങ്ങൾ എന്നിവയാൽ നശിപ്പിക്കപ്പെടുന്ന സാമൂഹിക സംവിധാനത്തിൽ പ്രതീക്ഷയുടെ അവസാന തുരുത്തായി അവശേഷിക്കുന്നത് ഈ നീതിന്യായ സംവിധാനമാണ്. അതും ഇല്ലാതെവന്നെങ്കിൽ ബാനുമാർക്ക് നീതി ലഭിക്കുമായിരുന്നോ. പാർശ്വവൽക്കരിക്കപ്പെട്ടവർക്കും ശബ്ദമില്ലാത്തവർക്കും അനീതികളെ വെല്ലുവിളിക്കുന്നതിനും ഉന്നതസ്ഥാനീയരുടെ ഉത്തരവാദിത്വത്തെ ബോധ്യപ്പെടുത്തുന്നതിനും മൗലികാവകാശങ്ങളുടെ സുരക്ഷിതമായ സംരക്ഷണത്തിനും ഇപ്പോഴത്തെ ഇന്ത്യയിൽ, കേരളത്തിൽ കോടതികൾ വേണ്ടി വരുന്നത് ശരിയാണോ? ജനാധിപത്യവ്യവസ്ഥയിൽ ശരിയല്ല. പക്ഷേ അതും ഇല്ലെങ്കിൽ….
പാരിസ്ഥിതിക പ്രശ്‌നങ്ങൾ, ഭൂ അവകാശങ്ങൾ, മനുഷ്യാവകാശ ലംഘനങ്ങൾ എന്നീ വിഷയങ്ങളിൽ സുപ്രധാന വിധിന്യായങ്ങൾ ഇന്ത്യൻ നീതിന്യായവ്യവസ്ഥയിൽ നിന്നുണ്ടായിട്ടുണ്ട്. ഇത്, സാമൂഹികജീവിതത്തെ ഗണനീയമായി മെച്ചപ്പെടുത്തുകയും നീതിയുക്ത സമൂഹത്തിന് നിദാനമാവുകയും ചെയ്തിട്ടുണ്ട് എന്നത് അനിഷേധ്യ വസ്തുതയാണ്. കൂടാതെ, രാഷ്ട്രീയ-, ഉദ്യോഗസ്ഥ ഇടപെടലുകളിൽനിന്നു സ്വതന്ത്രമായിരിക്കുന്ന നീതിന്യായവ്യവസ്ഥ പൊതുജനവിശ്വാസം വളർത്തുകയും നിയമവാഴ്ചയെ ശക്തമാക്കുകയും ചെയ്യുന്നു. ജനാധിപത്യ പിന്നോക്കാവസ്ഥയുടെയോ ഭൂരിപക്ഷ പ്രേരണകളുടെയോ കാലഘട്ടത്തിൽ, ഭരണഘടനാ തത്ത്വങ്ങൾ ഉയർത്തിപ്പിടിക്കുകയും വ്യക്തിസ്വാതന്ത്ര്യം സംരക്ഷിക്കുകയും ചെയ്യുന്ന സംവിധാനമായും അതുവഴി സാമൂഹികസന്തുലിതാവസ്ഥ ഉറപ്പാക്കുന്നവിധത്തിൽ പ്രവർത്തിക്കാനും നീതിപീഠങ്ങൾക്ക് സാധിക്കുന്നു എന്ന് ആശ്വാസകരമാണ്.
അവസാന ആശ്രയമെന്ന നിലയിൽ ഇന്ത്യൻ നീതിന്യായവ്യവസ്ഥക്കു മേലുള്ള ഉത്തരവാദ ഭാരത്തിന് പ്രസക്തമായ ചില ദോഷവശങ്ങൾ കൂടിയുണ്ടെന്നത് മറന്നുകൂടാ. അപര്യാപ്തവും കാര്യക്ഷമമല്ലാത്തതുമായ പൊലിസ് അന്വേഷണങ്ങൾ, സങ്കീർണമായ പൊലിസ് സംവിധാനങ്ങൾ, പ്രവർത്തനരഹിതമായ സർക്കാർ സംവിധാനങ്ങൾ എന്നിവയിൽ നിന്നായുണ്ടാകുന്ന കേസുകളുടെ കുത്തൊഴുക്ക് ഇവിടുത്തെ ഭരണസംവിധാനത്തെ പിന്നോട്ടടിക്കുന്നതാണ്. നീതി നേടിയെടുക്കുന്നതിന് നിരന്തരമായി കോടതിയെ ആശ്രയിക്കുന്നതുമൂലം ജനാധിപത്യവ്യവസ്ഥയിൽ ഇതിനുവേണ്ടി രൂപപ്പെടുത്തിയിട്ടുള്ള മറ്റു തർക്കപരിഹാര സംവിധാനങ്ങൾ, സ്ഥാപനങ്ങൾ എന്നിവ തീർത്തും അപ്രസക്തമായിത്തീരും.
സാധാരണക്കാരൻ പൂർണമായും സകല വിഷയങ്ങളിലും കോടതിയെ ആശ്രയിക്കുക എന്നത് അതിസങ്കീർണ സാഹചര്യമാണ് സൃഷ്ടിക്കുക. പൊതുസമൂഹത്തിന്റെ പ്രതീക്ഷയും പാർശ്വവത്കരിക്കപ്പെട്ടവന്റെ ശബ്ദവുമായിരിക്കെത്തന്നെ സംവിധാനപരമായ പോരായ്മകൾ നീതിന്യായവ്യവസ്ഥയ്ക്കുണ്ടെന്ന ബോധ്യത്തോടെയാവണം ഈ സ്ഥാപനത്തെ പൂർണമായി ആശ്രയിക്കുന്നത്. അവസാന ആശ്രയമെന്ന നിലയിലേക്ക് കോടതി എത്തിപ്പെട്ടാൽ അത് ജനാധിപത്യത്തിന്റെ പരാജയമാണ്.
സാമൂഹിക വളർച്ചയുടെ പാതയിൽ നീതിന്യായവ്യവസ്ഥയോടൊപ്പം മറ്റു സമാന്തര സംവിധാനങ്ങളെയും ഉപയോഗപ്പെടുത്തിക്കൊണ്ടാവണം മുന്നോട്ടു നീങ്ങേണ്ടത്. അനീതിയുടെ മൂലകാരണത്തെ കണ്ടെത്തി പരിഹരിച്ചാൽ മാത്രമേ സാമൂഹികശാക്തീകരണം ഇന്ത്യയിൽ സാധ്യമാവൂ. എങ്കിൽ മാത്രമേ സമത്വപൂർണ ഇന്ത്യ സാക്ഷാത്ക്കരിക്കപ്പെടൂ. ഇതിനെ ബൽക്കീസ് ബാനു വിഷയത്തിലേക്കു ചേർത്തുവായിച്ചാൽ, ഇത്തരമൊരു സാമൂഹിക ശാക്തീകരണത്തിന് കോടതിയുടെ നീതിയുക്ത ഇടപെടലാണ് നാമിപ്പോൾ കണ്ടത്.
അതിൽ സന്തോഷമുണ്ട്. ആശ്വാസമുണ്ട്. പക്ഷേ മോദിയുടെ ഗ്യാരന്റി പൊള്ളയാണെന്നും ഗുജറാത്ത് സർക്കാരിനും അവരുടെ തീരുമാനത്തെ ശരിവച്ച കേന്ദ്ര ആഭ്യന്തര വകുപ്പിനും ചെകിടത്തു കിട്ടിയ അടിയാണ് സുപ്രിംകോടതി നൽകിയ നീതിയെന്നും ഇതിനാൽ വ്യക്തമാവുകയാണ്.
അനുകൂല വിധിക്കുശേഷം ബാനു അഭിഭാഷക ശോഭ ഗുപ്ത വഴി നൽകിയ പ്രസ്താവനയിൽ പറഞ്ഞത് ഇങ്ങനെ: ‘ഇന്നാണ് യഥാർഥത്തിൽ എന്റെ പുതുവർഷപ്പുലരി. ഞാൻ ആശ്വാസത്താൽ കരഞ്ഞുപോയി. ഒന്നരവർഷത്തിനുശേഷം ആദ്യമായി ചിരിച്ചു. പർവതത്തോളമുള്ള ഒരു കല്ല് നെഞ്ചിൽനിന്നിറക്കിയപോലുണ്ട്. എനിക്ക് ഇനി ശ്വാസംവിടാം. നീതി ലഭിക്കുമ്പോഴൊക്കെ അങ്ങനെയാണ്.
എനിക്കും കുട്ടികൾക്കും എല്ലാ സ്ത്രീകൾക്കും പ്രതീക്ഷ നൽകിയതിന് സുപ്രിംകോടതിക്ക് നന്ദി’.
ഒപ്പംനിന്ന അറിയുന്നവരും അറിയാത്തവരുമായ എല്ലാവർക്കും ബൽക്കീസ് നന്ദിപറയുന്നു. ‘ഇത് ഒറ്റയ്ക്ക് നേടാവുന്നതല്ല. കൈപിടിച്ച അനേകരുണ്ട്. എന്റെ കുടുംബം തകർത്തവർ പുറത്തിറങ്ങിയ ആ ദിവസം ഞാൻ ശരിക്കും തകർന്നുപോയിരുന്നു. ധൈര്യം ചോർന്നതാണ്. പക്ഷേ, അനേകം പേർ ഒപ്പം ചേർന്നു.
പൊതുതാത്‌പര്യ ഹരജികൾ നൽകി. കത്തുകളെഴുതി. ഇന്ത്യയിലെ ഓരോ സ്ത്രീയിലും നീതിയുടെ ആശയം സജീവമാക്കിയതിന് ഞാൻ അവരോടെല്ലാം നന്ദിപറയുന്നു’.ബാനുവിനൊപ്പം സുപ്രിംകോടതിക്ക് നന്ദി പറയുന്നു. പക്ഷേ ജനാധിപത്യത്തിന്റെ പരാജയത്തിലും മോദിയുടെ പൊള്ളയായ ഗ്യാരന്റിയിലും തലകുനിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."